ഫോട്ടോയിലെ മുഖമല്ല പാസ്പോര്ട്ടില്; യുവതിയോട് മേയ്ക്കപ്പ് മായ്ച്ചുകളയാന്‍ ആവശ്യപ്പെട്ട് എയര്‍പോര്‍ട്ട് അധികൃതര്‍

Mail This Article
ഷാങ്ഹായ് വിമാനത്താവളത്തിൽ ഈയടുത്തു സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. പാസ്‌പോർട്ട് ഫോട്ടോയിലുള്ള രൂപവുമായി, ശരിക്കുള്ള മുഖത്തിന് സാമ്യമില്ലാത്തതുകൊണ്ട് ഫേഷ്യൽ റെക്കഗ്നിഷൻ മെഷീൻ വഴി കടന്നുപോകാൻ ഒരു യാത്രക്കാരിക്കു കഴിഞ്ഞില്ല. ഇതേത്തുടർന്ന് അധികൃതര്‍ അവരോട് മേക്കപ്പ് മുഴുവൻ മായ്ച്ചുകളയാൻ ആവശ്യപ്പെട്ടു. ചൈനീസ് മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോ വഴിയാണ് ലോകം അറിഞ്ഞത്. ന്യൂയോർക്ക് പോസ്റ്റ് അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഇത് റിപ്പോർട്ട് ചെയ്തു.

വിഡിയോയിൽ, മുഖത്തെ മേക്കപ്പ് തുടച്ചുമാറ്റുന്ന യുവതിയുടെ ജാള്യത വ്യക്തമായി കാണാം. അതേസമയം, വിമാനത്താവളത്തിലെ ജീവനക്കാരനെന്നു തോന്നിക്കുന്ന ഒരാൾ കാമറയ്ക്ക് പിന്നിൽ നിന്ന് യുവതിയെ ശകാരിക്കുന്നതും കേൾക്കാം. "നിങ്ങളുടെ പാസ്‌പോർട്ട് ഫോട്ടോയിലുള്ള പോലെയാകുന്നത് വരെ എല്ലാം തുടച്ചുമാറ്റൂ..." എന്ന് ജീവനക്കാരൻ കർശനമായി പറയുന്നു. ‘‘എന്തിനാണ് ഇങ്ങനെ മേക്കപ്പ് ഒക്കെ ഇട്ട് നടക്കുന്നത്? വെറുതെ ഓരോ പ്രശ്നങ്ങളുണ്ടാക്കുകയല്ലേ?..." എന്നും ആരോ ചോദിക്കുന്നുണ്ട്.
പലരും 'കല്യാണത്തിന് വധു ചെയ്യുന്നപോലെയുള്ള' കനത്ത മേക്കപ്പ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഈ അമിതമായ മേക്കപ്പ് കാരണം മെഷീന് ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. ഇമിഗ്രേഷൻ കടന്നുപോകാൻ അതെല്ലാം തുടച്ചുമാറ്റേണ്ടി വന്നെങ്കിലും ഒടുവിൽ യുവതിക്ക് വിമാനത്തിൽ കയറാൻ കഴിഞ്ഞോ എന്നു വ്യക്തമല്ല.
ഈ സംഭവത്തോട് വളരെ വേഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നത്. ചിലർ ഇതിനെ കളിയാക്കിയപ്പോൾ, മറ്റുചിലർ യുവതിയോട് സഹതാപം പ്രകടിപ്പിച്ചു. "യഥാർഥ ജീവിതത്തിൽ ഫിൽട്ടർ ഇട്ട് നടക്കാൻ പറ്റില്ലല്ലോ," എന്ന് ചിലര്‍ ചോദിക്കുന്നു. ഗാര്‍ഡ് യുവതിയോട് ഇത്ര മോശമായി പെരുമാറേണ്ടതില്ലായിരുന്നു എന്നു ചിലര്‍ പറഞ്ഞു. വിഡിയോ എടുത്തയാളെയും ആളുകള്‍ വെറുതെ വിട്ടില്ല, ഇതൊരുതരം "ബുളളിയിങ്" ആണെന്ന് അവർ കുറ്റപ്പെടുത്തി.
എന്നാല്‍, ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. 'പ്ലേബോയ് നോർവേ'യുടെ "പെർഫെക്റ്റ് വുമൺ" എന്നറിയപ്പെടുന്ന ബ്രസീലിയൻ മോഡലും ഇൻഫ്ലുവൻസറുമായ ജനൈന പ്രസെരെസിനും സമാനമായ അനുഭവം അടുത്തിടെയുണ്ടായി. നിരവധി കോസ്മെറ്റിക് സർജറികൾ ചെയ്തതുകൊണ്ട് അവരെ തിരിച്ചറിയാൻ കഴിയാതെ വന്നതിനാൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ 40 മിനിറ്റോളം തടഞ്ഞുവച്ചത്രേ. മൂക്കിലെ ശസ്ത്രക്രിയകൾ, ബോഡി ലിഫ്റ്റ്, മുഖം പൂർണമായി മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെ 20 ലധികം ശസ്ത്രക്രിയകൾക്കായി ഏകദേശം 1 മില്യൺ ഡോളറാണ് (ഏകദേശം 8.3 കോടി രൂപ) ജനൈന ചെലവഴിച്ചത്. "വർഷങ്ങളായി എന്‍റെ രൂപത്തിന് ഒരുപാട് മാറ്റങ്ങൾ വന്നതുകൊണ്ട് ഇത് എപ്പോഴെങ്കിലും സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു," സംഭവത്തിനു ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.
പക്ഷേ, അനുഭവത്തിന് ശേഷം, അവർ ഉടൻ തന്നെ പാസ്‌പോർട്ട് ഫോട്ടോ മാറ്റി. സൗന്ദര്യത്തിന് അതിന്റേതായ വിലയുണ്ടെന്നും ഇത്തരം നാണക്കേടിലൂടെ വീണ്ടും കടന്നുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു.
ചൈനയിലെ ഏറ്റവും തിരക്കേറിയതും ആധുനിക സൗകര്യങ്ങളുള്ളതുമായ വിമാനത്താവളങ്ങളിലൊന്നാണ് ഷാങ്ഹായ് പുഡോങ് രാജ്യാന്തര വിമാനത്താവളം (PVG). ഷാങ്ഹായ് നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇത്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ചൈനയിലേക്കുള്ള ഒരു പ്രധാന കവാടം കൂടിയാണ്. വലിയ റൺവേകളും അത്യാധുനിക ടെർമിനലുകളും ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഈ വിമാനത്താവളത്തെ വേറിട്ടു നിർത്തുന്നു. ഓരോ വർഷവും ദശലക്ഷക്കണക്കിന് യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നുമാണിത്. വിപുലമായ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, വിവിധതരം റസ്റ്ററന്റുകൾ, യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്. സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഏറെ മുന്നിട്ടുനിൽക്കുന്നതുകൊണ്ടു തന്നെ, ഫേഷ്യൽ റെക്കഗ്നിഷൻ പോലുള്ള സംവിധാനങ്ങൾ ഇവിടെ സാധാരണമാണ്.