ADVERTISEMENT

പറന്നു പറന്നു പറന്നു പോകാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. വിമാനത്തിൽ കയറി, ആകാശത്തിന്റെ മാന്ത്രികത കണ്ട്, മേഘങ്ങൾ കണ്ട്, സമുദ്രങ്ങളു കടലുകളും കടന്നു പറന്നു പോകാൻ എന്ത് രസമാണല്ലേ. എന്നാൽ, ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വിമാനയാത്ര അത്ര വലിയ രസമൊന്നും ഉണ്ടായിരിക്കില്ല.  ചെക്ക് ഇൻ ചെയ്യുമ്പോൾ മുതൽ വിമാനയാത്രയിലെ രസമില്ലായ്മ ആരംഭിക്കും. സുരക്ഷാ പരിശോധന, ബോർഡിങ് ഗേറ്റിന് മുന്നിലെ കാത്തിരിപ്പ്, ക്യൂ നിൽക്കുക എന്നു തുടങ്ങി നിരവധി കാര്യങ്ങളാണ് രസമില്ലായ്മ വർധിപ്പിക്കുന്നത്. നിരവധി തവണ വിമാനയാത്ര നടത്തിയിട്ടുള്ളവർക്ക് വിമാനയാത്ര ബോറടി ഇല്ലാതെ മുന്നോട്ട് പോകാൻ അത്യാവശ്യം കാര്യങ്ങൾ ഒക്കെ അറിയാമായിരിക്കും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കന്നി വിമാനാത്രക്കാരനും സുഖമായി യാത്ര ചെയ്യാം.

∙വിശദാംശങ്ങൾ പരിശോധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം

വിലകുറഞ്ഞ വിമാനടിക്കറ്റുകൾ പലപ്പോഴും നമ്മളെ വലുതായി ആകർഷിക്കുന്നതാണ്. എന്നാൽ, അത്തരത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനു മുമ്പ് ആ ടിക്കറ്റിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. ഭക്ഷണം, ബാഗേജ് ഫീസ്, എത്രത്തോളം ലഗേജ് കൊണ്ടു പോകാം, കണക്ടിങ് ഫ്ലൈറ്റ് ആണെങ്കിൽ ലഗേജ് ട്രാൻസ്ഫർ എങ്ങനെയാണ് എന്നീ കാര്യങ്ങൾ വിശദമായി വായിച്ചിരിക്കണം.

∙യാത്രാ ഇൻഷുറൻസ് ഉറപ്പു വരുത്തുക

പണം ലാഭിക്കുന്നതിനായി നമ്മൾ പലപ്പോഴും യാത്രാ ഇൻഷുറൻസുകൾ എടുക്കാൻ മടിച്ചു നിൽക്കാറുണ്ട്. യാത്രയ്ക്കിടയിൽ നമ്മുടെ ലഗേജ് നഷ്ടമാകുന്നതു വരെയോ അല്ലെങ്കിൽ എന്തെങ്കിലും കാരണത്താൽ ഫ്ലൈറ്റ് റദ്ദാക്കപ്പെടുന്നതു വരെയോ മാത്രമായിരിക്കും ഇൻഷുറൻസ് എടുക്കാതിരിക്കുന്നത് നല്ലതായി തോന്നുക. അടിയന്തിര സാഹചര്യങ്ങളെ മാത്രമല്ല യാത്രയ്ക്കിടയിൽ പല കാര്യങ്ങളെയും യാത്രാ ഇൻഷുറൻസ് കവർ ചെയ്യുന്നു. യാത്ര ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രാ ഇൻഷുറൻസ് നിർബന്ധമായും ഉറപ്പു വരുത്തുക.

∙വീസ സംബന്ധമായ കാര്യങ്ങൾ ശ്രദ്ധിക്കുക

മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ ആ രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻകൂട്ടി വീസ എടുക്കണമോ അല്ലെങ്കിൽ ഓൺ അറൈവൽ വീസയാണോ എന്ന കാര്യം വിശദമായി പരിശോധിക്കുക. പാസ്പോർട്ട് മാത്രം കൈവശം വച്ച് മറ്റൊരു രാജ്യത്തേക്കു പ്രവേശിക്കുന്നത് പ്രയാസകരമാണ്. മുൻകൂർ വീസ, തുടർയാത്രയുടെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന രേഖകൾ, മടക്കയാത്രയുടെ ടിക്കറ്റ്, എന്തെങ്കിലും പ്രത്യേക വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് എന്നിങ്ങനെ പല രാജ്യങ്ങളിലേക്കും പല രീതിയാണ് പ്രവേശനത്തിന്. യു എസ്, ഓസ്ട്രേലിയ, ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിന് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻസ് നല്ലതാണ്. ഏത് രാജ്യത്തേക്കാണോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് അവിടേക്കുള്ള പ്രവേശന നിയമങ്ങൾ നേരത്തെ തന്നെ പരിശോധിച്ച് മനസ്സിലാക്കുക.

∙പ്രധാനപ്പെട്ട ആപ്പുകൾ ഡൗൺലോഡ് ചെയ്തു വയ്ക്കുക

യാത്രയ്ക്കിടയിൽ ഇന്റർനെറ്റ് ലഭിക്കാതെയിരിക്കാം. അതുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആവശ്യമായ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്തു വയ്ക്കുക. എയർലൈൻ ആപ്പുകൾ, ബോർഡിങ് പാസുകൾ, മാപ്പുകൾ എന്നിവ ഡൗൺലോഡ് ചെയ്ത് ഫോണിൽ സൂക്ഷിക്കുക. പ്രധാനപ്പെട്ട രേഖകളുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് സൂക്ഷിക്കുക. സിഗ്നൽ നഷ്ടപ്പെട്ടാലും ടെൻഷൻ വേണ്ട.

∙യാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ വസ്ത്രം ധരിക്കുക

മണിക്കൂറുകൾ നീണ്ട വിമാനയാത്ര അങ്ങേയറ്റം സൗകര്യപ്രദമായിരിക്കാൻ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. നമ്മൾ എവിടേക്കാണോ പോകുന്നത് ആ സ്ഥലത്തിനു വേണ്ടി ആയിരിക്കരുത് വസ്ത്രം ധരിക്കേണ്ടത്. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന യാത്രയിൽ വിമാനത്തിലെ താപനിലയിൽ വ്യത്യാസം വരും. കൈവശം ഒരു ഹൂഡി കരുതുക. ലെഗ് റൂം പരിമിതമാണ്. സോക്സ് ധരിക്കുന്നതു മികച്ച തീരുമാനം ആയിരിക്കും.

∙ജെറ്റ് ലാഗിനെ നേരിടാൻ തയ്യാറെടുക്കുക

ദീർഘദൂര യാത്രയാണെങ്കിൽ നിങ്ങൾ തീർച്ചയായും ജെറ്റ് ലാഗിനെ നേരിടാൻ തയ്യാറെടുക്കണം. യാത്ര പുറപ്പെടുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ഉറക്ക ഷെഡ്യൂൾ ക്രമീകരിക്കുക. ജലാംശം നിലനിർത്തുകയും വിമാനത്തിൽ മദ്യം ഒഴിവാക്കുകയും ചെയ്യുക. വിമാനത്തിൽ നിന്ന് ഇറങ്ങിയാൽ സാഹചര്യമുണ്ടെങ്കിൽ  കുറച്ച് സൂര്യപ്രകാശം കൊള്ളുക. നിങ്ങൾക്കുണ്ടാകുന്ന ജെറ്റ് ലാഗിനെ ഈ വിധത്തിൽ ഒഴിവാക്കാൻ സാധിക്കും.

∙കൈയിൽ സ്നാക്സ് കരുതാം

ചില എയർലൈനുകൾ ചെറിയ യാത്രകളിൽ പോലും സ്നാക്സുകൾ നൽകാറുണ്ട്. എന്നാൽ പലപ്പോഴും വിമാനത്താവളത്തിലെ ഭക്ഷണം വില കൂടുതൽ ആയി തോന്നാം. അത്തരം സാഹചര്യങ്ങളിൽ കൈയിൽ പ്രോട്ടീൻ ബാറുകൾ കരുതാവുന്നതാണ്. പ്രോട്ടീൻ ബാറുകൾ, പഴങ്ങൾ എന്നിങ്ങനെ എന്തെങ്കിലും കരുതുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന ആളുകൾക്ക് ഭക്ഷണത്തിന്റെ മണം അസ്വസ്ഥത ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം.

∙ഹാൻഡ് ലഗേജ് 

ഹാൻഡ് ലഗേജിൽ സാധനങ്ങൾ കുത്തിനിറച്ച് യാത്ര ചെയ്യുന്നവരാണ് അധികവും. എന്നാൽ, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന വിധത്തിൽ ഹാൻഡ് ബാഗേജിൽ സാധനങ്ങൾ വയ്ക്കുക. വിമാനത്തിൽ എന്തെങ്കിലും ഉപയോഗിക്കേണ്ടതുണ്ടെങ്കിൽ അതുമാത്രം ഹാൻഡ് ബാഗേജിൽ കരുതുന്നത് ആയിരിക്കും നല്ലത്. അതുപോലെ തന്നെയാണ് സീറ്റ് തിരഞ്ഞെടുക്കുന്നതും. വിൻഡോ സീറ്റ് ആണ് വേണ്ടതെങ്കിൽ ബോർഡിങ് പാസ് ലഭിക്കുന്നതിനു മുൻപായി അക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഡിവൈസുകൾ യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പായി ചാർജ് ചെയ്തു വയ്ക്കുക. ദീർഘദൂര യാത്രയിൽ ഒരു സിനിമ കാണണമെന്ന് തോന്നിയാൽ ഫോണിൽ ചാർജ് ഇല്ലെങ്കിൽ ബുദ്ധിമുട്ടാകും. പവർ ബാങ്ക് യാത്രയിൽ ഒപ്പം കരുതുന്നതും നല്ലതായിരിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിമാനയാത്ര വളരെ രസകരമായി ആസ്വദിക്കാവുന്നതാണ്.

English Summary:

Stress-Free Flying: Essential Tips for Every Traveler

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com