ആയുധങ്ങൾ നിറച്ച അമേരിക്കൻ സൈന്യത്തിന്റെ വിചിത്ര നിർമിതി; പടക്കപ്പൽ പോലെ, പക്ഷേ ചലിക്കില്ല!

Mail This Article
ഇന്നും ഫിലിപ്പീന്‍സിലെ മനില ഉള്‍ക്കടലിനോടു ചേര്‍ന്ന കടലിലുണ്ട് അമേരിക്കന്‍ സൈന്യം നിര്‍മിച്ച ഏറ്റവും മികച്ച പടക്കപ്പലുകളിലൊന്ന്. ഫോര്‍ട്ട് ഡ്രം എന്നു പേരുള്ള ഈ പടക്കപ്പലിന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ചലിക്കില്ലെന്നതാണ്. ഒരുകാലത്ത് കടലിനു നടുവിലെ പാറകള്‍ നിറഞ്ഞ ചെറുദ്വീപിനെയാണ് അമേരിക്കന്‍ നാവികസേന കോണ്‍ക്രീറ്റുകളും ആയുധങ്ങളും നിറച്ച് പടക്കപ്പലിന്റെ രൂപത്തില്‍ നിര്‍മിച്ചെടുത്തത്. കടലിലെ ആധിപത്യം ലോകത്തിന്റെ ആധിപത്യമായിരുന്ന കാലത്ത് രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം വരെ അമേരിക്കന്‍ സേനയുടെ നിര്‍ണായക താവളങ്ങളിലൊന്നായിരുന്നു ഇത്.
സ്പെയിന്-അമേരിക്ക യുദ്ധത്തിനു ശേഷം 1898ല്‍ ഫിലിപ്പീന്‍സിനെ അമേരിക്ക കീഴടക്കിയതോടെയാണ് മനില ഉള്‍ക്കടല്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിക്കുന്നത്. 1909ലാണ് അമേരിക്കന്‍ സൈന്യം ഫോര്‍ട്ട് ഡ്രമ്മിന്റെ പണി ആരംഭിക്കുന്നത്. 1914ല്‍ സര്‍വസന്നാഹങ്ങളുള്ള ചലിക്കാത്ത പടക്കപ്പലും കോട്ടയുമായി ഫോര്‍ട്ട് ഡ്രം മാറി. രണ്ട് ഇരട്ട 14 ഇഞ്ച് തോക്കുകളും 6 ഇഞ്ച് തോക്കുകളും വിമാനവേധ ആയുധങ്ങളും സെര്‍ച്ച് ലൈറ്റുകളുമെല്ലാമായിട്ടാണ് ഫോര്‍ട്ട് ഡ്രം മനില ഉള്‍ക്കടലിലേക്കുള്ള ശത്രുക്കളുടെ വരവിനെ തടഞ്ഞത്. 350 അടി നീളവും 144 അടി വീതിയുമുണ്ടായിരുന്നു നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ഫോര്‍ട്ട് ഡ്രമ്മിന്.
1941ലെ പേള്‍ ഹാര്‍ബര്‍ ആക്രമണത്തിനു ശേഷം ശക്തമായ ആക്രമണങ്ങള്‍ ഫോര്‍ട്ട് ഡ്രമ്മിനും നേരിടേണ്ടി വന്നു. 1942ല്‍ ജാപ്പനീസ് സൈന്യത്തിന്റെ ശക്തമായ ആക്രമണത്തിനൊടുവില്‍ ഫോര്‍ട്ട് ഡ്രമ്മും അവരുടെ നിയന്ത്രണത്തിലായി. 1945 വരെ ജപ്പാനായിരുന്നു ഇതിന്റെ നിയന്ത്രണം. ജാപ്പനീസ് സൈന്യത്തെ തകര്‍ത്ത് 1945ല്‍ അമേരിക്കന്‍-ഫിലിപ്പിനോ സേനകള്‍ ഫോര്‍ട്ട് ഡ്രം തിരിച്ചു പിടിച്ചു.
ഫോര്‍ട്ട് ഡ്രം കാണാം
ഇന്ന് സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാനാവുന്ന സ്ഥലം കൂടിയായി ഫോര്‍ട്ട് ഡ്രം മാറിയിട്ടുണ്ട്. സൈനികവും ചരിത്രപരവുമായ പ്രാധാന്യം ഏറെയുള്ള ഫോര്‍ട്ട് ഡ്രമ്മിലേക്ക് എത്തിപ്പെടുക അത്ര എളുപ്പമല്ല. അതേസമയം സാഹസികയാത്ര ഇഷ്ടപ്പെടുന്ന ചരിത്രാന്വേഷികള്‍ക്ക് മുന്നില്‍ പുതിയൊരു അനുഭവമായും ഫോര്‍ട്ട് ഡ്രമ്മിലേക്കുള്ള യാത്ര മാറും. അസാധാരണ വലിപ്പത്തിലുള്ള കോണ്‍ക്രീറ്റ് നിര്മിതിയാവും ഇവിടെയെത്തുന്നവരെ സ്വീകരിക്കുക. നൂറ്റാണ്ടു പഴക്കമുള്ള നിര്‍മാണ - പ്രതിരോധ മികവും നേരിട്ടറിയാം.
മനിലയിലെ ഫോര്‍ട്ട് ഡ്രമ്മിലേക്ക്(എല്‍ ഫ്രെലേ ഐലന്‍ഡ്) വൈകുന്നേരത്ത് പോവുന്നതാണ് ഉചിതം. ഇത് കൂടുതല്‍ സമയം ഇവിടെ സുന്ദരമായ കാലാവസ്ഥയിലും കാഴ്ച്ചകളിലും ചിലവിടാന്‍ സഹായിക്കും. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ യുദ്ധങ്ങളിലൊന്നിന്റെ ഭാഗമായ സ്ഥലത്ത് സായാഹ്നം ചിലവിടാന്‍ സഞ്ചാരികള്‍ക്കാവും. സാധാരണ ടൂറിസ്റ്റ് ഗൈഡ് ബുക്കുകളിലൊന്നും കാണാത്ത സ്ഥലമാണെങ്കിലും മനിലയിലെ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണിത്. നാട്ടുകാരായ മത്സ്യതൊഴിലാളികളെ സമീപിച്ചാല്‍ സ്വകാര്യ ബോട്ടില്‍ വൈകുന്നേരം ഫോര്‍ട്ട് ഡ്രം ചുറ്റിയുള്ള ഒരു യാത്രയും സാധ്യമാവും.