ADVERTISEMENT

നല്ല മഴയത്ത് കാടിന്‍റെ ഹൃദയത്തിലൂടെ കുതിരപ്പുറത്തേറി ഒരു സവാരി. മരങ്ങള്‍ മഞ്ഞു നിശ്വസിക്കുകയാണെന്ന് തോന്നുംപോലെ അവയ്ക്ക് ചുറ്റും തണുപ്പുള്ള പുകവലയങ്ങള്‍... മേഘങ്ങളെ ഗര്‍ഭം ധരിച്ച കടുംപച്ച താഴ്വരകള്‍... കാറ്റടിക്കുമ്പോള്‍ മുകളിലേക്കു തിരിച്ചു കയറുന്ന മാന്ത്രിക വെള്ളച്ചാട്ടങ്ങള്‍...കാട്ടിനുള്ളിലൂടെ ചൂളംവിളിയുമായി പാഞ്ഞുപോകുന്ന ഒരു ഒറ്റ ട്രെയിന്‍... എത്ര നടന്നാലും കാലടികള്‍ക്ക് ക്ഷീണം തോന്നാത്തത്ര മനോഹരമായ കാഴ്ചകള്‍ കണ്ണില്‍ നിറയുന്നു. ഇതാണ് മതേരന്‍. മഹാരാഷ്ട്രയുടെ മണ്‍സൂണ്‍ രത്നം. തിരക്കുകളില്‍ നിന്നും ഒളിച്ചോടി ആത്മാവിനെ വീണ്ടെടുക്കാന്‍ സ്വര്‍ഗം പോലൊരിടം.  

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ, പശ്ചിമഘട്ട മലനിരകളുടെ മടിത്തട്ടിൽ, മരതകപ്പച്ച പുതച്ചുറങ്ങുന്ന ഒരു സ്വപ്നഭൂമിയാണ് മതേരന്‍. പൊടിപടലങ്ങളില്ലാത്ത ശുദ്ധമായ വായുവും പക്ഷികളുടെ മധുര സംഗീതവും മഴത്തുള്ളികളുടെ തണുത്ത കിലുക്കവും നിറയുന്ന അന്തരീക്ഷം. ഇന്ത്യയിലെ 'പരിസ്ഥിതി സെൻസിറ്റീവ് മേഖല'കളിൽ ഒന്നായതിനാല്‍, വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഏക ഹിൽ സ്റ്റേഷനാണ് ഇവിടം. കാടു മുഴുവന്‍ കാല്‍നടയായി കണ്ടുതീര്‍ക്കാം. പക്ഷികളെയും വന്യജീവികളെയുമെല്ലാം കണ്ടു ട്രെക്കിങ് നടത്താം. അല്ലെങ്കില്‍ കുതിരസവാരിയോ റിക്ഷകളോ എടുക്കാം.

മുംബൈയിൽ നിന്ന് ഏകദേശം 90-100 കിലോമീറ്ററും പൂനെയിൽ നിന്ന് 120 കിലോമീറ്ററും മാത്രം ദൂരമുള്ളതിനാൽ, വാരാന്ത്യങ്ങളിൽ ഒട്ടേറെ ആളുകള്‍ ഇവിടേക്ക് എത്തുന്നു. 

മതേരനിലെ വ്യൂപോയിന്‍റുകള്‍

മതേരനിൽ 38 ൽ അധികം വ്യൂപോയിൻ്റുകളുണ്ട്, ഓരോന്നും സഹ്യാദ്രി മലനിരകളുടെയും താഴ്വരകളുടെയും വ്യത്യസ്തമായ കാഴ്ചകൾ നൽകുന്നു.

പനോരമ പോയിൻ്റ്: സൂര്യോദയ കാഴ്ചകൾക്ക് പേരുകേട്ട ഈ സ്ഥലം, സഹ്യാദ്രി മലനിരകളുടെയും ചുറ്റുമുള്ള താഴ്വരകളുടെയും വിദൂര നഗരങ്ങളുടെയും 360 ഡിഗ്രി കാഴ്ചകൾ നൽകുന്നു. ഇവിടുത്തെ തണുത്ത കാറ്റും ഉന്മേഷദായകമായ അന്തരീക്ഷവും ധ്യാനത്തിനും ഫൊട്ടോഗ്രാഫിക്കും ട്രെക്കിങ്ങിനും അനുയോജ്യമായ ഒരിടമാക്കി മാറ്റുന്നു.

ലൂയിസ പോയിൻ്റ്: പ്രബൽഗഡ് കോട്ടയുടെയും വിശാൽഗഡ് കോട്ടയുടെയും ചുറ്റുമുള്ള  താഴ്വരകളുടെയും മനോഹരമായ കാഴ്ചകൾ നൽകുന്ന മതേരനിലെ ഏറ്റവും പ്രശസ്തമായ വ്യൂപോയിൻ്റുകളിലൊന്നാണിത്. സൂര്യോദയത്തിലോ സൂര്യാസ്തമയത്തിലോ സ്വർണ നിറത്തിലുള്ള ആകാശത്തിൻ്റെ മാന്ത്രിക കാഴ്ചകൾ ഇവിടെ നിന്ന് ആസ്വദിക്കാം.

എക്കോ പോയിൻ്റ്: പേര് സൂചിപ്പിക്കുന്നത് പോലെ, ചുറ്റുമുള്ള കുന്നുകളിൽ നിന്നു സ്വന്തം ശബ്ദം പ്രതിധ്വനിക്കുന്നത് കേൾക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്തമായ ശബ്ദവിസ്മയമാണിത്, ഇത് കുട്ടികൾക്ക് പ്രത്യേകിച്ചും രസകരമായ ഒരിടമാണ്. ഇവിടുത്തെ പാറക്കെട്ടുകളുടെയും താഴ്വരകളുടെയും ഇടതൂർന്ന വനങ്ങളുടെയും മനോഹരമായ കാഴ്ചകളും എടുത്തുപറയേണ്ടതാണ്.

വൺ ട്രീ ഹിൽ പോയിൻ്റ്: കുന്നിൻ്റെ മുകളിൽ ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മരത്തിൻ്റെ പേരിൽ അറിയപ്പെടുന്ന  സവിശേഷമായ പ്രകൃതിദത്ത കാഴ്ചയാണിത്. ഇവിടെ നിന്നു മുഴുവൻ പട്ടണത്തിൻ്റെയും ആഴത്തിലുള്ള താഴ്വരകളുടെയും അതിമനോഹരമായ കാഴ്ച കാണാം, ഇത് പ്രകൃതി സ്നേഹികൾക്കും ഫൊട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട ഒരിടമാക്കി മാറ്റുന്നു. ഈ വ്യൂപോയിൻ്റിലേക്കുള്ള ട്രെക്കിങ് സാഹസികർക്ക് പ്രിയപ്പെട്ടതാണ്.

അലക്സാണ്ടർ പോയിൻ്റ് & മങ്കി പോയിൻ്റ്: അലക്സാണ്ടർ പോയിൻ്റ് മനോഹരമായ താഴ്വരയുടെയും പലസ്ദാരി തടാകത്തിൻ്റെയും കർജത്ത്, ബോർഗാവ് ഗ്രാമങ്ങളുടെയും കാഴ്ചകൾ നൽകുന്ന ശാന്തമായ ഒരിടമാണ്, ഇത് വിശ്രമത്തിനും ചെറിയ ഹൈക്കിങ്ങിനും അനുയോജ്യമാണ്. കുസൃതിക്കാരായ കുരങ്ങൻമാരുടെ സാന്നിധ്യം കൊണ്ട് പ്രശസ്തമാണ് മങ്കി പോയിൻ്റ്, ഇവിടെ നിന്ന് ആഴത്തിലുള്ള മലയിടുക്കുകളുടെയും പച്ചപ്പ് നിറഞ്ഞ പർവതങ്ങളുടെയും അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാം.

ഷാർലറ്റ് തടാകം: മതേരൻ്റെ പ്രധാന ജലസ്രോതസ്സായി വർത്തിക്കുന്ന ശാന്തവും മനോഹരവുമായ ഒരു തടാകമാണിത്. പിക്നിക്കുകൾക്കും വിശ്രമത്തിനും പക്ഷി നിരീക്ഷണത്തിനും ഇത് അനുയോജ്യമായ ഒരിടമാണ്. മൺസൂൺ കാലത്ത്, ഒരു ചെറിയ വെള്ളച്ചാട്ടം കൂടി ചേരുമ്പോൾ ഈ തടാകം കൂടുതൽ മനോഹരമാകുന്നു. ശിവന് സമർപ്പിച്ചിട്ടുള്ള പുരാതന പിസർനാഥ് ക്ഷേത്രം തടാകത്തിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

ദോധാനി വെള്ളച്ചാട്ടങ്ങൾ: ഈ വെള്ളച്ചാട്ടങ്ങളിൽ ഒരു സാഹസികത കാത്തിരിക്കുന്നു, പ്രത്യേകിച്ച് മൺസൂൺ കാലത്ത് അവ പൂർണ ശക്തിയോടെ ഒഴുകുമ്പോൾ. റാപ്പല്ലിങ് പോലുള്ള സാഹസിക പ്രവർത്തനങ്ങൾക്കും ഇവിടെ അവസരങ്ങളുണ്ട്.

ഗാർബെറ്റ് പോയിൻ്റ് ട്രെക്ക്: ഇടതൂർന്ന വനങ്ങളിലൂടെയും കുത്തനെയുള്ള താഴ്വരകളിലൂടെയും കടന്നുപോകുന്ന ഈ പ്രശസ്തമായ ട്രെക്ക്, മനോഹരമായ കാഴ്ചകളോടെ അവസാനിക്കുന്നു.

എങ്ങനെ എത്താം?

കേരളത്തില്‍ നിന്നും മുംബൈ സി എസ് ടി റെയില്‍വേ സ്റ്റേഷനിലേക്കാണ് പോകേണ്ടത്. അവിടെ നിന്നും മതേരന് ഏറ്റവും അടുത്തുള്ള നെരാൽ സ്റ്റേഷനിലേക്കു ലോക്കല്‍ ട്രെയിന്‍ പിടിക്കണം. നെരാൽ സ്റ്റേഷനില്‍ നിന്നും ടാക്സി പിടിച്ച് മതേരന്‍റെ പ്രവേശനകവാടം വരെ പോകാം. പിന്നീട് അങ്ങോട്ട്‌ വാഹനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വനപ്രദേശമാണ്. ഈ ഭാഗമാണ് സഞ്ചാരികള്‍ക്കുള്ള മതേരന്‍.

മുംബൈ സിഎസ്ടിയിൽ നിന്ന്, നെരാൽ സ്റ്റേഷനിലേക്കു സെൻട്രൽ ലൈൻ ലോക്കൽ ട്രെയിൻ എടുക്കണം. ഈ യാത്രയ്ക്ക് സാധാരണയായി 2.5 മുതൽ 3 മണിക്കൂർ വരെ എടുക്കും.

നെരാല്‍ സ്റ്റേഷനില്‍ നിന്നും മതേരനില്‍ വാഹനങ്ങള്‍ അനുവദിക്കുന്ന അവസാന പോയിന്‍റ്   ദസ്തൂരി നക്ക വരെ വളഞ്ഞുപുളഞ്ഞ മലമ്പാതയാണ്. നെരാല്‍ സ്റ്റേഷനു പുറത്ത് ഷെയർ ടാക്സികൾ ലഭ്യമാണ്, ഒരു സീറ്റിന് ഏകദേശം ₹100 ആണ് നിരക്ക്, ദസ്തൂരിയിൽ എത്താൻ 30-40 മിനിറ്റ് എടുക്കും.

ദസ്തൂരി നക്കയിൽ എത്തിക്കഴിഞ്ഞാൽ, പ്രവേശന ഫീസ് (മുതിർന്നവർക്ക് ₹25, 3 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ₹10) അടയ്ക്കണം. ഈ പോയിൻ്റിൽ നിന്ന്, പട്ടണത്തിലേക്ക് പ്രവേശിക്കാൻ, ടോയ് ട്രെയിൻ, ഷട്ടിൽ ട്രെയിൻ, ഇ-റിക്ഷ, കുതിരസവാരി എന്നിങ്ങനെ മതേരന്‍റെ തനതായ ഗതാഗത മാർഗങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാം. 

അതല്ലെങ്കില്‍ മതേരനെ അറിഞ്ഞുകൊണ്ട് നടന്നുകയറാം. ദസ്തൂരി നക്കയിൽ നിന്ന് മതേരന്‍ പട്ടണത്തിലേക്ക് റെയിൽവേ ലൈനിലൂടെയുള്ള മനോഹരമായ 2.5 കിലോമീറ്റർ ട്രെക്കിങ്ങിന് ഏകദേശം 45 മിനിറ്റ് എടുക്കും. ഈ പാത പലപ്പോഴും ചെളി നിറഞ്ഞ പ്രധാന റോഡിനേക്കാൾ സുഖകരവും മനോഹരവുമാണ്. എന്നാല്‍ ഷൂസിനിടയിലൂടെ നുഴഞ്ഞുകയറുന്ന ‘അട്ടക്കുട്ടന്‍മാരെ’ സൂക്ഷിക്കണം. 

കാട്ടിനുള്ളിലൂടെ ഒരു ടോയ് ട്രെയിന്‍ യാത്ര

എല്ലാ സഞ്ചാരികളും ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ട ഒന്നാണ് മതേരന്‍ കാട്ടിനുള്ളിലൂടെയുള്ള ട്രെയിന്‍ യാത്ര. 1907 ൽ സ്ഥാപിച്ച ഈ നാരോ ഗേജ് റെയിൽവേ ലൈൻ, നെരാല്‍ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് മതേരൻ ബസാറിന് സമീപം അവസാനിക്കുന്നു. ഏകദേശം 21 കിലോമീറ്റർ ദൂരമുള്ള ഈ പാത, വളഞ്ഞുപുളഞ്ഞ മലമ്പാതകളിലൂടെയും ഇരുണ്ട തുരങ്കങ്ങളിലൂടെയും നിബിഢ വനങ്ങളിലൂടെയും യാത്രക്കാരെ കൊണ്ടുപോകുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ എൻജിനീയറിങ് വൈദഗ്ധ്യത്തിന്‍റെ ഉത്തമോദാഹരണമായ ഈ റെയിൽപാത യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ പട്ടികയിലേക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുമുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 2,600 അടി ഉയരത്തിലൂടെയുള്ള ഈ യാത്ര പൂര്‍ണമാകാന്‍ ഏകദേശം രണ്ടുമണിക്കൂര്‍ സമയമെടുക്കും. പുല്‍മേടുകളും മരങ്ങള്‍ നിറഞ്ഞ മലനിരകളും കണ്ടുകൊണ്ട് അതിസുന്ദരമായ യാത്രയാണിത്.

ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ ഇടയ്ക്ക് ട്രെയിനില്‍ കയറും. മതേരന്‍ എത്തും മുൻപ് ജുമ്മപട്ടി, വാട്ടര്‍പൈപ്പ്, അമന്‍ ലോഡ്ജ് മുതലായ സ്ഥലങ്ങളിലും സ്റ്റോപ്പുണ്ട്. എല്ലാ സ്റ്റേഷനുകളിലും സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയുമാണ്‌ ഉപയോഗിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത.

ട്രെയിനില്‍ ഒരു സമയത്ത് നൂറു പേര്‍ക്ക് വരെ ഒരുമിച്ച് യാത്ര ചെയ്യാം. ഒരു ഫസ്റ്റ് ക്ലാസ് കമ്പാര്‍ട്ട്മെന്റും മൂന്നു സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്മെന്റുകളുമാണ് ഇതിനുള്ളത്. ഇതു കൂടാതെ അമന്‍ ലോഡ്ജ് മുതല്‍ മതേരന്‍ വരെ ഷട്ടില്‍ സര്‍വീസുകളും ലഭ്യമാണ്.

ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാനാവില്ല. നെരാല്‍, അമന്‍ ലോഡ്ജ് മുതലായ സ്ഥലങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ട്രെയിന്‍ പുറപ്പെടുന്നതിന് 45 മിനിറ്റ് മുന്‍പേ നേരിട്ട് മാത്രമേ ടിക്കറ്റ് വാങ്ങാനാവൂ. സീസണുകളിലും വാരാന്ത്യങ്ങളിലും ടിക്കറ്റുകൾക്ക് വലിയ ഡിമാൻഡ് ഉള്ളതിനാൽ നേരത്തെ എത്തി ടിക്കറ്റ് ഉറപ്പാക്കുന്നത് നല്ലതാണ്.

ട്രെയിന്‍ സമയവും നിരക്കുകളും മാറാന്‍ സാധ്യതയുള്ളതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുൻപ് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റോ അല്ലെങ്കിൽ റെയിൽവേ എൻക്വയറി നമ്പറുകളോ വിളിച്ച് ഏറ്റവും പുതിയ സമയക്രമം, ടിക്കറ്റ് ലഭ്യത, സർവീസുകൾ റദ്ദാക്കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ഉറപ്പാക്കുന്നത് വളരെ പ്രധാനമാണ്.

English Summary:

Matheran Monsoon Magic: A Hill Station Adventure Awaits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com