ADVERTISEMENT

ബെംഗളൂരുവിനും കാഠ്മണ്ഡുവിനും ഇടയില്‍ വിമാന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നേപ്പാള്‍ യാത്ര സ്വപ്‌നം കാണുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ അത് സാധ്യമാക്കാനുള്ള സാധ്യത കൂടിയാണ് ഇതുവഴി തെളിഞ്ഞിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച പുതിയ സര്‍വീസിന് തുടക്കകാല പ്രത്യേക നിരക്ക് ഇളവുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കാഠ്മണ്ഡുവില്‍ നിന്നും ബെംഗളൂരു വഴി 20 നഗരങ്ങളിലേക്കും രണ്ട് രാജ്യാന്തര വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാനുള്ള അവസരവും പുതിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസ് നല്‍കുന്നുണ്ട്. 

ബെംഗളൂരു- കാഠ്മണ്ഡു വിമാന സര്‍വീസിന്റെ ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴി ബുക്കു ചെയ്യാനാവും. തുടക്കകാല ഓഫറായി എക്‌സ്പ്രസ് ലൈറ്റിന് 8,000 രൂപയും എക്‌സ്പ്രസ് വാല്യുവിന് 8,500 രൂപയുമാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 'നേപ്പാളിലേക്കു കൂടി ഞങ്ങള്‍ സര്‍വീസ് വ്യാപിപ്പിച്ചിരിക്കുകയാണ്. സാമ്പത്തികവും സാംസ്‌ക്കാരികവുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധം അയല്‍രാജ്യവുമായി പുലര്‍ത്താന്‍ ഇതുവഴി സാധിക്കും. ബാങ്കോക്ക്, ഫുകെറ്റ് പോലെ പുതിയൊരു ഹ്രസ്വദൂര രാജ്യാന്തര റൂട്ടിലേക്കു കൂടി ഇതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് വ്യാപിപ്പിച്ചിരിക്കുന്നത്' എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി അലോക് സിങ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചുകൊണ്ട് പ്രതികരിച്ചത്. 

ഇന്ത്യയിലെ 20 നഗരങ്ങളിലേക്ക് ബെംഗളൂരു വഴി കാഠ്മണ്ഡുവിലേക്ക് പറക്കാന്‍ പുതിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസ് വഴി സാധിക്കും. അമൃത്‌സര്‍, ഭുവനേശ്വര്‍, ഡല്‍ഹി, ഗോവ, ഗ്വാളിയോര്‍, ഹിന്‍ഡന്‍, ഹൈദരാബാദ്, ഇന്‍ഡോര്‍, ജമ്മു, ജയ്പൂര്‍, കോഴിക്കോട്, കൊച്ചി, മംഗളൂരു, പൂനെ, ശ്രീനഗര്‍, സൂറത്ത്, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളില്‍ നിന്നാണ് വണ്‍ സ്റ്റോപ് വിമാന സര്‍വീസുകള്‍ ഇതോടെ ലഭിക്കുക. ഇക്കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് നഗരങ്ങളുമുണ്ടെന്നതും ശ്രദ്ധേയമാണ്. അബൂദാബി, ദമാം തുടങ്ങിയ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നും ബെംഗളൂരു വഴി കാഠ്മണ്ഡുവിലേക്ക് പറക്കാന്‍ പുതിയ സര്‍വീസ് വഴി സാധിക്കും. 

സാധാരണക്കാരുടെ എയര്‍ലൈനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 2005 എപ്രില്‍ 29നാണ് ആദ്യ സര്‍വീസ് ആരംഭിച്ചത്. തിരുവനന്തപുരത്തു നിന്നും അബൂദാബിയിലേക്കായിരുന്നു ആദ്യ വിമാനം. താരതമ്യേന ചിലവു കുറഞ്ഞ ഹ്രസ്വദൂര യാത്രകളായിരുന്നു ലക്ഷ്യം. പരിമിതികളിലും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ വിമാന യാത്രകളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് വലിയ സ്ഥാനമുണ്ട്. ഇന്ന് ആഴ്ച്ചയില്‍ 45 കേന്ദ്രങ്ങളിലേക്ക് 2,000 വിമാന യാത്രകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നു. മാതൃ കമ്പനിയായ എയര്‍ ഇന്ത്യ നഷ്ടത്തിലേക്കു പോവുമ്പോഴും എയര്‍ഇന്ത്യ എക്‌സ്പ്രസ് അങ്ങനെയല്ലെന്ന സവിശേഷതയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com