ഉയരത്തിൽ ഇന്ത്യ; ചെനാബ് - ആൻജി പാലത്തിലൂടെ പ്രധാനമന്ത്രിയുടെ യാത്ര

Mail This Article
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ തങ്കലിപികളാൽ എഴുതപ്പെടേണ്ട ദിവസമാണ് 2025 ജൂൺ ആറ്. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പാലമായ ചെനാബ് റെയിൽ ബ്രിജ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദിനം. ചെനാബ് നദിയുടെ മുകളിലൂടെയുള്ള ഈ പാലത്തിന് 359 മീറ്ററാണ് ഉയരം. ഉയരത്തിന്റെ കാര്യത്തിൽ ഈഫൽ ടവറിനേക്കാൾ മുകളിലാണ് ചെനാബ് പാലം. ജമ്മു കശ്മീരിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ് ഈ പാലം. പാലത്തിന്റെ ഉദ്ഘാടനത്തിനൊപ്പം കട്ര - ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
എൻജിനിയറിങ് അദ്ഭുതമായി ചെനാബ് റെയിൽ ബ്രിജ്
രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഒരു എൻജിനിയറിങ് അദ്ഭുതമാണ് ചെനാബ് റയിൽ ബ്രിജ്. 359 മീറ്റർ അഥവാ 1178 അടി ഉയരത്തിലാണ് ചെനാബ് റെയിൽ ബ്രിജ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ എൻജിനിയറിങ് മഹത്വത്തിന്റെ അടയാളമായിട്ട് ആയിരിക്കും ഈ പാലം നിലകൊള്ളുക. ജമ്മു ആൻഡ് കശ്മീരിലെ രെയാസി ജില്ലയിലെ ബാക്കൽ, കൗരി ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ആയിരിക്കും ഈ സ്റ്റീൽ ആർക്ക് പാലം.
ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽ ലിങ്കിന്റെ ഒരു പ്രധാനഭാഗം കൂടിയായിരിക്കും ഇത്. 120 വർഷത്തെ കാലാവധി കണക്കാക്കി ഭൂചലനത്തെയും അതിശക്തമായ കാറ്റിനെയും പ്രതിരോധിക്കാൻ ശേഷിയുള്ള വിധത്തിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. ഏകദേശം, 28,000 ടൺ സ്റ്റീലാണ് ഈ പാലം നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
∙ വന്ദേ ഭാരത് ജമ്മു കശ്മീരിലേക്ക്
ഇന്ത്യയുടെ മികച്ച നേട്ടങ്ങളിൽ അടുത്തത് വന്ദേ ഭാരത് എക്സ്പ്രസ് ജമ്മു കശ്മീരിലേക്ക് എത്തുന്നു എന്നതാണ്. ജമ്മുവിലെയും കശ്മീരിലെയും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ വന്ദേഭാരത് എക്സ്പ്രസ് കടന്നു പോകും. ജമ്മു കശ്മീർ എല്ലാ കാലത്തും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായിരുന്നു. എന്നാൽ, പലപ്പോഴും ഗതാഗത സംവിധാനങ്ങളുടെ സഞ്ചാരികളെ വലച്ചിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് എത്തുന്നതോടെ മണിക്കൂറുകൾ നീണ്ടിരുന്ന യാത്രകൾ ഇനി വളരെ വേഗത്തിലാകും.