ADVERTISEMENT

മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലെ യാത്രാസമയം കുറയ്ക്കുന്ന ലോക നിലവാരത്തിലുള്ള എക്‌സ്പ്രസ് വേ യാത്രികര്‍ക്കായി തുറന്നുകൊടുത്തു. 701 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സമൃദ്ധി മഹാമാര്‍ഗ് മഹാരാഷ്ട്രയുടെ തന്നെ ഏറ്റവും അഭിമാനകരമായ അടിസ്ഥാന സൗകര്യ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. നാസിക്കിലെ ഇഗത്പുരി മുതല്‍ താനെയിലെ അമാനെ വരെയുള്ള 76 കിലോമീറ്റര്‍ വരുന്ന അവസാനഘട്ടം പൂര്‍ത്തിയായതോടെയാണ് ജൂണ്‍ അഞ്ചിന് ഈ എക്‌സ്പ്രസ് വേ തുറന്നുകൊടുത്തത്. 

എക്‌സ്പ്രസ് വേ വന്ന വഴി പറഞ്ഞ് ഡ്രോണ്‍മാന്‍

ഡ്രോണ്‍ മാന്‍ എന്ന വ്‌ളോഗര്‍ മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേയുടെ മൂന്നാംഘട്ടത്തിന്റെ നിര്‍മാണത്തിന്റെ വിശദമായ വിഡിയോ പങ്കുവച്ചിരുന്നു. 2021 ഓഗസ്റ്റ് 10 മുതല്‍ തുടര്‍ച്ചയായി ഈ ഭാഗത്തെ എക്‌സ്പ്രസ് വേയുടെ നിര്‍മാണത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍മാന്‍ തന്റെ യുട്യൂബ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ അതിനും മുൻപ് 2018ല്‍ തന്നെ ഈ എക്‌സ്പ്രസ് വേയുടെ ഈ ഭാഗത്തിന്റെ പണി ആരംഭിച്ചിരുന്നെന്നും ഒരു സിവില്‍ എന്‍ജിനീയറായ ഡ്രോണ്‍മാന്‍ അന്നു മുതല്‍ തന്നെ ഈ എക്‌സ്പ്രസ് വേയുടെ നിര്‍മാണത്തിന്റെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം അറിയിക്കുന്നു.

ഒന്നുമില്ലായ്മയില്‍ നിന്നും എങ്ങനെയാണ് ഒരു എക്‌സ്പ്രസ് വേ ഒരുങ്ങുന്നതെന്നത് ഘട്ടം ഘട്ടമായി ഡ്രോണ്‍മാന്റെ വിഡിയോയില്‍ കാണാനാവും. പ്രധാന സവിശേഷതയായ ഡ്രോണ്‍ ഷോട്ടുകളും ഡ്രോണ്‍ മാന്റെ വിഡിയോയെ വ്യത്യസ്തവും വിശാലവുമാക്കുന്നുണ്ട്. മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേയുടെ നിര്‍മാണ പുരോഗതിയുടെ വിശദാംശങ്ങള്‍ ഡ്രോണ്‍മാന്റെ വിഡിയോകള്‍ വഴിയാണ് അറിഞ്ഞതെന്നാണ് ഒരു കമന്റ്. മറ്റൊരാള്‍ ഡ്രോണ്‍മാനെ ഈ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് സര്‍ക്കാര്‍ ക്ഷണിക്കുകയാണ് വേണ്ടതെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ചെലവ് 55,335 കോടി രൂപ 

ഹിന്ദു ഹൃദയസമ്രാട്ട് ബലാസാഹെബ് താക്കറേ മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ് എന്നാണ് മുംബൈ- നാഗ്പൂര്‍ എക്‌സ്പ്രസ് വേയുടെ ഔദ്യോഗിക പേര്. 2016ല്‍ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഈ പദ്ധതിക്ക് തുടക്കമാവുന്നത്. പത്തു ജില്ലകളിലെ 24,000ത്തോളം കര്‍ഷകരുടെ 8,800 ഹെക്ടറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വന്നു. ഇതിനായി 55,335 കോടി രൂപയാണ് ചെലവായത്. 2022 ഡിസംബറിലാണ് ഈ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്.

പ്രധാന നേട്ടങ്ങൾ

∙ മുംബൈ– നാഗ്പുർ യാത്ര 18 മണിക്കൂറിൽനിന്ന് 8 മണിക്കൂറായി.

∙ മുംബൈയിൽനിന്ന് ഛത്രപതി സംഭാജി നഗറിലേക്കുള്ള യാത്ര 8 മണിക്കൂറിൽനിന്ന് 4 മണിക്കൂറായി.

∙ നാഗ്പുരിൽനിന്ന് ഷിർഡിയിലേക്കുള്ള യാത്ര 13 മണിക്കൂറിൽനിന്ന് 4 മണിക്കൂറായി.

തീരുന്നില്ല മുംബൈക്കാരുടെ തലവേദന

മുംബൈ- നാഗ്പൂര്‍ എക്‌സ്പ്രസ്‌വേ എന്നാണ് പേരെങ്കിലും മുംബൈക്കാര്‍ക്ക് ഈ എക്‌സ്പ്രസ് വേയിലേക്ക് കയറുക എളുപ്പമാവില്ല. ഈ എക്‌സ്പ്രസ്‌വേ ആരംഭിക്കുന്നതും മുംബൈയില്‍ നിന്നല്ല. താനെയിലെ അമാനെയില്‍ നിന്നാണ് ഈ എക്‌സ്പ്രസ്‌വേയുടെ തുടക്കം. മുംബൈയുടെ ഭരണസിരാകേന്ദ്രമായ മന്ത്രാലയയില്‍ നിന്നും 63 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഈ ദൂരം താണ്ടാന്‍ ഗതാഗത തിരക്ക് കുറഞ്ഞ സമയത്താണെങ്കില്‍ പോലും രണ്ട് മണിക്കൂറിലേറെ സമയം വരും. ബഹുഭൂരിപക്ഷം മുംബൈ നിവാസികള്‍ക്കും കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും യാത്ര ചെയ്താല്‍ മാത്രമേ മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേയിലേക്കെത്താന്‍ സാധിക്കൂ എന്നു ചുരുക്കം. എങ്കില്‍ പോലും നാഗ്പൂരിലേക്കുള്ള റോഡ് മാര്‍ഗമുള്ള യാത്രകള്‍ ഈ പാതയിലെത്തി ചേര്‍ന്നാല്‍ ലോക നിലവാരത്തില്‍ ആസ്വദിക്കാനാവും.

മുംബൈയില്‍ നിന്നും നവി മുംബൈയില്‍ നിന്നും ഈ എക്‌സ്പ്രസ് വേയിലേക്കെത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ആദ്യത്തെ പോയിന്റ് ഭിവാന്‍ഡിയിലെ ഷന്‍ഗ്രില്ല വാട്ടര്‍പാര്‍ക്കിനോടു ചേര്‍ന്നാണ്. നിലവിലെ മുംബൈ നാസിക് ദേശീയ പാത വഴി ഇവിടേക്കെത്താനാവും. മുംബൈ നിവാസികളുടെ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലേക്കെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍ തന്നെ പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. താനെ മുതല്‍ വഡാപെ വരെ 23 കിലോമീറ്റര്‍ എട്ടുവരിപ്പാതയാണ് പുതിയ പദ്ധതി. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ മുംബൈ-നാഗ്പൂര്‍ റൂട്ടിലെ യാത്രികര്‍ക്ക് വലിയ ആശ്വാസമാവുകയും ചെയ്യും. മുംബൈ നാസിക് ദേശീയ പാതയുടെ ഭാഗമായിരിക്കും ഈ 23 കിലോമീറ്റര്‍ പദ്ധതി.

വടക്കന്‍ മഹാരാഷ്ട്രയിലേക്കും സംസ്ഥാനത്തിനു പുറത്തേക്ക് ഡല്‍ഹി വരെ നീളുന്ന പാതയിലെ നിര്‍ണായക ഭാഗമാണിത്. എങ്കിലും ഗതാഗതതിരക്ക് കൂടുതലാവുമ്പോള്‍ പലയിടത്തും ട്രാഫിക്ക് തടസങ്ങള്‍ ഈ പാതയില്‍ സ്വാഭാവികമാവാറുമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരുഭാഗം തകര്‍ന്ന കാഷെലി പാലം ഇത്തരം ഗതാഗത തിരക്ക് കൂടിയ പ്രദേശങ്ങളിലൊന്നാണ്. 2019ല്‍ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് 1252 കോടി രൂപയുടെ ഒരു പദ്ധതി മഹാരാഷ്ട്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. റോഡിന്റെ വീതി കൂട്ടുന്നതിനൊപ്പം പുതിയ പാലങ്ങള്‍ കൂടി പണിയുന്നതും പദ്ധതിയുടെ ഭാഗമായിരുന്നു. 2021ല്‍ അവസാനിക്കും വിധമായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ പല കാരണങ്ങളെകൊണ്ട് നീണ്ടു പോയ ഈ പദ്ധതി 2025 അവസാനത്തോടെ യാഥാര്‍ഥ്യമാവുമെന്നാണ് കരുതപ്പെടുന്നത്.

English Summary:

Drone Man's Epic Journey: Documenting the Samruddhi Expressway's Construction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com