പ്ലാനിങ് ഇല്ലാതെ യാത്ര? ഭയമല്ല, ആത്മവിശ്വാസമാണ് വേണ്ടത്

Mail This Article
അപ്രതീക്ഷിതമായുണ്ടാവുന്ന സംഭവങ്ങളാണ് യാത്രകളുടെ ജീവന്‍ എന്നു പറയുമ്പോഴും യാതൊരു പ്ലാനുമില്ലാതെ യാത്രക്കിറങ്ങുന്നത് ഒരേസമയം അപകടകരവും ഉത്തരവാദിത്വ കുറവുമാണെന്നു കരുതുന്നവരാണ് വലിയ വിഭാഗം. അതേസമയം ആസൂത്രണങ്ങളൊന്നുമില്ലാതെ അവിചാരികതകളെ പുല്‍കിക്കൊണ്ടുള്ള യാത്രകള്‍ ഇഷ്ടപ്പെടുന്നവരുമുണ്ട്. അതുമാത്രമാണ് യഥാര്‍ഥ യാത്രകളുടെ അനുഭവം പകരുകയെന്ന് ഉറച്ചു വിശ്വസിക്കുന്നവരാവും ഇക്കൂട്ടര്‍. കയ്യില്‍ കിട്ടുന്ന വസ്ത്രങ്ങളും ബാഗും പേഴ്‌സുമായി യാത്രക്കിറങ്ങുന്നവര്‍ നേരിടാനിടയുള്ള ചില കാര്യങ്ങള്‍ നോക്കിയാലോ.
ഇത്തരം യാത്രകളില്‍ എവിടേക്കാണോ പോവുന്നത് അവിടുത്തെ നാട്ടുകാരുമായുള്ള നല്ല ബന്ധം ലഭിക്കാന്‍ സാധ്യതകള്‍ ഏറെയാണ്. കയ്യുംവീശി എത്തിച്ചേരുന്ന സഞ്ചാരിക്ക് വഴികാട്ടിയാവാന്‍ ലോക്കല്‍ ഗൈഡുമാരെ ലഭിച്ചേക്കാം. സാധാരണ യാത്രികര്‍ അറിയാന്‍ യാതൊരു സാധ്യതയുമില്ലാത്ത തദ്ദേശീയരുടെ ഇഷ്ട ഭക്ഷണ കേന്ദ്രങ്ങളും പ്രസിദ്ധമല്ലാത്ത ട്രാവല്‍ സ്‌പോട്ടുകളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ഒരു വ്‌ളോഗിലും കാണാത്ത അനുഭവങ്ങളാവും യാത്രയ്ക്കൊടുവില്‍ നിങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടാവുക.
ഇത്തരം യാത്രകളില്‍ അപകടങ്ങളില്‍ ചെന്നു പെടാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം സാഹചര്യങ്ങളില്‍ അവരവരുടെ അനുഭവത്തേയും സഹജവാസനയേയും ആശ്രയിക്കുകയെന്നതാണ്. അപരിചിതര്‍ അടുത്ത സുഹൃത്തിനെ പോലെ പെട്ടെന്ന് അടുത്തുകൂടാന്‍ ശ്രമിക്കുന്ന സമയത്ത് ഇയാള്‍ ശരിയല്ലല്ലോ എന്നു തോന്നിയാല്‍ പിന്നെ അവിടെ നിന്നേക്കരുത്.
അപ്രതീക്ഷിത യാത്രകളില്‍ സ്വാഭാവികമായും സംഭവിക്കുന്നതെല്ലാം അപ്രതീക്ഷിതമാവും. മുന്‍കൂട്ടി ബുക്കു ചെയ്യാത്ത ഹോട്ടല്‍മുറികളും ട്രെയിന്‍ ടിക്കറ്റുകളുമെല്ലാം ഓരോ ദിവസവും അപ്രതീക്ഷിത വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കും. ആദ്യമൊക്കെ പ്രയാസം തോന്നുമെങ്കിലും പിന്നീട് ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായി നേരിടാനുള്ള ഉള്‍ക്കരുത്ത് നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.
അവസാന നിമിഷത്തെ ബുക്കിങ്ങുകളും പൊതുഗതാഗത സംവിധാനങ്ങളെയും നാട്ടുകാര്‍ ഉപയോഗിക്കുന്ന ഗതാഗത മാര്‍ഗങ്ങളേയും ഉപയോഗിക്കുന്നതും പരിമിതികള്‍ക്കൊപ്പം വലിയ സാധ്യതകള്‍ കൂടിയാണ് തുറക്കുക. സാമ്പ്രദായിക വിനോദ സഞ്ചാരികളില്‍ നിന്നും വ്യത്യസ്തമായി സഞ്ചരിക്കുമ്പോള്‍ അത് പുതിയ അനുഭവങ്ങളും സമ്മാനിക്കുമെന്ന് ഉറപ്പ്. യാത്രകളില്‍ സ്വയം നഷ്ടപ്പെടാനും പുതിയൊരു നിങ്ങളെ തന്നെ കണ്ടെത്താനുമെല്ലാം ഇത്തരം യാത്രകള്‍ സഹായിക്കും.
മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്ന യാത്രകളുടെ പ്രധാന ദോഷം ശ്വാസം വിടാന്‍ പോലും സമയം കിട്ടില്ലെന്നതായിരിക്കും. രാവിലെ എഴുന്നേറ്റയുടന്‍ ഭക്ഷണം കഴിച്ച് മ്യൂസിയം കാണാന്‍ പോവുന്നതും ഉച്ചഭക്ഷണം കഴിക്കാന്‍ പ്രത്യേക റസ്റ്ററന്റിലേക്കു പായുന്നതും വൈകുന്നേരം ബീച്ചിലെ തിരക്കുകളിലേക്ക് എത്തിപ്പെടുന്നതും പാതിരാത്രി വരെ നീളുന്ന നൈറ്റ് പാര്‍ട്ടിയും പോലുള്ള കാര്യങ്ങളെല്ലാം ചേര്‍ന്നു യാത്രയിലെ ഓരോ നിമിഷവും തിരക്കേറിയതാക്കാറുണ്ട്. ഇതില്‍ എവിടെയെങ്കിലും എന്തെങ്കിലും തടസങ്ങളുണ്ടായാല്‍ ആകെ യാത്രയെ തന്നെ ബാധിക്കുകയും ചെയ്യും. യാതൊരു പ്ലാനിങ്ങുമില്ലാതെ യാത്രയ്ക്കിറങ്ങുമ്പോള്‍ കിട്ടുന്നതെല്ലാം ലാഭമായിരിക്കും. അതിന് യോജിച്ച മാനസ്സികാവസ്ഥയിലേക്കു നമുക്ക് എത്താന്‍ കൂടി സാധിച്ചാല്‍ സമാധാനത്തോടെയുള്ള ശുഭയാത്രയായി ഇത്തരം യാത്രകള്‍ മാറും.
യാത്രകള്‍ കുടുംബവുമൊത്താവുമ്പോള്‍ ഭൂരിഭാഗവും പ്ലാന്‍ ചെയ്ത യാത്രകളെയാവും തിരഞ്ഞെടുക്കുക. സംഭവിച്ചേക്കാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചുള്ള അമിത ആശങ്കയാവാം കാരണം. എന്തായി തീരുമെന്നു യാതൊരു ഉറപ്പുമില്ലാതെ പൊടുന്നനെ പുറപ്പെടുന്ന ഒരു യാത്രകളില്‍ നിന്നും നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വലിയൊരു പാഠം കൂടി പകര്‍ന്നു കൊടുക്കാന്‍ നമുക്ക് സാധിക്കും. ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത പ്രശ്‌നങ്ങള്‍ എങ്ങനെ നേരിടാനാവുമെന്ന അനുഭവ പാഠം. സ്ഥിരമായി പ്ലാന്‍ ചെയ്ത് യാത്ര ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍ അടുത്ത യാത്ര യാതൊരു ആസൂത്രണവുമില്ലാത്തതാവട്ടെ.