ADVERTISEMENT

ട്രെയിൻ യാത്രകൾക്കായി തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി മുതൽ ആധാർ നിർബന്ധം. തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഇ-ആധാർ സ്ഥിരീകരണം നിർബന്ധമാക്കി. തൽക്കാൽ ടിക്കറ്റ് ബുക്കിങ് കൂടുതൽ ശക്തമാക്കുന്നതിനും ദുരുപയോഗങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് റെയിൽവേ ഇത്തരമൊരു വലിയ മാറ്റം പ്രാബല്യത്തിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് കഴിഞ്ഞദിവസം ഇക്കാര്യം വ്യക്തമാക്കിയത്. തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് റെയിൽവേ ഉടൻ തന്നെ ഇ-ആധാർ സ്ഥിരീകരണം അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. ആവശ്യമുള്ള സമയത്ത് യഥാർഥ ഉപയോക്താക്കൾക്ക് സ്ഥിരീകരിച്ച ടിക്കറ്റുകൾ ലഭിക്കാൻ ഇത്തരത്തിലുള്ള മാറ്റം സഹായകമാകുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.

തൽക്കാൽ ടിക്കറ്റ് വിൽപനയുടെ ആദ്യ 10 മിനിറ്റിനുള്ളിൽ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് ബുക്കിങ്ങിന് മുൻഗണന ലഭിക്കും. അംഗീകൃത ഐ ആർസിടിസി ഏജന്റുമാർക്കു പോലും ആദ്യം പത്തു മിനിറ്റിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവാദമില്ലെന്ന് റെയിൽവേയുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം, വ്യാജമെന്ന് സംശയിക്കുന്ന ഏകദേശം 2.5 കോടി സംശയകരമായ ഉപയോക്താക്കളുടെ ഐഡികൾ ഇന്ത്യൻ റെയിൽവേയുടെ എഐ പവേർഡ് സിസ്റ്റം ഡി ആക്ടിവേറ്റ് ചെയ്തു. ഇതിനിടയിൽ ടിക്കറ്റ് ബുക്കിങ്ങിൽ ഐആർസിടിസി റെക്കോർഡ് ഇടുകയും ചെയ്തു. മേയ് 22ന് ഒരു മിനിറ്റിൽ ബുക്ക് ചെയ്തത് 31, 814 ടിക്കറ്റുകളാണ്. ഒരു മിനിറ്റിൽ ഏറ്റവും അധികം ടിക്കറ്റ് ബുക്കിങ് നടന്ന റെക്കോർഡ് നേട്ടത്തിലാണ് ഐആർസിടിസി. 

നിലവിൽ 130 മില്യണിൽ അധികം ആക്ടിവ് സബ്സ്ക്രൈബേഴ്സ് ആണ് ഐആർസിടിസി വെബ്സൈറ്റ് ഉപയോഗിക്കുന്നത്. ഇതിൽ 12 മില്യൺ പേർ മാത്രമാണ് ആധാർ വേരിഫൈ ചെയ്തിരിക്കുന്നത്. സംശയകരമായ നിലയിൽ തോന്നുന്ന എല്ലാ അക്കൗണ്ടുകളും പൂട്ടാനാണ് റെയിൽവേയുടെ തീരുമാനം. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി വേരിഫിക്കേഷനിലൂടെ ആയിരിക്കും ടിക്കറ്റ് ബുക്കിങ് സാധ്യമാകുക.

റെയിൽവേ ടിക്കറ്റ് കൗണ്ടറുകളിലും തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ആധാർ വേരിഫിക്കേഷന് ശേഷം മാത്രമായിരിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

English Summary:

E-Aadhaar Now Mandatory for Tatkal Ticket Bookings: IRCTC Implements New Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com