‘വെയർ ഈസ് മൈ ട്രെയിൻ’; സമയം നോക്കാൻ തേർഡ് പാർട്ടി ആപ്പുകൾ വേണ്ട: ഇന്ത്യൻ റെയിൽവേ

Mail This Article
ട്രെയിൻ യാത്രയ്ക്ക് തയ്യാറായി റെയിൽവേ സ്റ്റേഷനിൽ എത്തിയാൽ അടുത്ത ഘട്ടം ട്രെയിൻ എവിടെ എത്തിയെന്നുള്ള അന്വേഷണമാണ്. ഇതിനായി നിരവധി ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. അതിൽ തന്നെ എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് 'വെയർ ഈസ് മൈ ട്രെയിൻ'. എന്നാൽ, ഈ ആപ്പ് മാത്രമല്ല റെയിൽ യാത്രി, ഇക്സിഗോ, എന്നീ ആപ്പുകളും ട്രെയിൻ വിവരങ്ങൾ അറിയാൻ യാത്രക്കാർ ഉപയോഗിക്കാറുണ്ട്.
എന്നാൽ, ട്രെയിൻ സംബന്ധമായ വിവരങ്ങളും റെയിൽവേ സംബന്ധമായ വിവരങ്ങളും അറിയാൻ ഇത്തരം തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുതെന്നാണ് റെയിൽവേ പറയുന്നത്. റെയിൽവേയുടെ തന്നെ എൻടിഇഎസ് ആപ്പ് വേണം തീവണ്ടി സമയം അറിയാനും റെയിൽവേയിൽ നിന്നുള്ള പ്രധാനപ്പെട്ട അറിയിപ്പുകൾ അറിയാനും ഉപയോഗിക്കേണ്ടതെന്നാണ് ഇന്ത്യൻ റെയിൽവേ പറയുന്നത്.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം അഥവാ ക്രിസ് നിയന്ത്രിക്കുന്ന ആപ്പ് ആണ് എൻ ടി ഇ എസ് ഇതിലൂടെ മാത്രമാണ് റെയിൽവേയുടെ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകുക എന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. യാത്രക്കാർ ഇതിലെ വിവരങ്ങൾ നോക്കിയതിനു ശേഷം ആ വിവരങ്ങൾ തെറ്റായി പോയാൽ റെയിൽവേയ്ക്ക് എതിരെ പരാതി കൊടുക്കാനും നഷ്ടപരിഹാര സാധ്യത ഉണ്ടെങ്കിൽ അത് നേടിയെടുക്കാൻ കേസിന് പോകാനും സാധിക്കും.
എന്നാൽ, തേർഡ് പാർട്ടി ആപ്ലിക്കേഷനുകളുടെ കാര്യത്തിൽ അത്തരം സാഹചര്യമില്ല. അതിൽ റെയിൽവേയ്ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല. റിയൽടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ചാണ് റെയിൽവേ കൃത്യമായ സമയം പുറത്തു വിടുന്നത്. അതേസമയം, സ്വകാര്യ ആപ്പുകൾ ജി പി എസ് വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും സ്വകാര്യ ആപ്പുകളിൽ കൃത്യമായ അപ്ഡേഷൻ നടക്കണമെന്നില്ല.
നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം അഥവാ എൻ ടി ഇ എസ് ആപ്പ് മുഖേന ആളുകൾക്ക് ട്രെയിൻ സ്റ്റാറ്റസ് സംബന്ധിച്ച് വിവരങ്ങൾ, വഴി തിരിച്ചു വിടലുകൾ, റദ്ദാക്കലുകൾ, നിർത്തി വയ്ക്കലുകൾ തുടങ്ങി എല്ലാ വിവരങ്ങളും കൃത്യമായി അറിയാൻ സാധിക്കും. പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈനിൽ ബ്രൗസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എൻടിഇഎസിന്റെ വെബ്സൈറ്റും ഉണ്ട്.
എൻ ടി ഇ എസ് ( NTES ) ആപ്പ് എങ്ങനെ ഉപയോഗിക്കാം
ഈ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഹോം പേജിൽ സ്പോട്ട് യുവർ ട്രെയിൻ, ലൈവ് സ്റ്റേഷൻ, ട്രെയിൻ ഷെഡ്യൂൾ, സ്റ്റേഷനുകൾക്കിടയിലെ ട്രെയിനുകൾ തുടങ്ങി ട്രയിനുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭിക്കുന്നത് ആയിരിക്കും. ട്രെയിനിന്റെ പേരോ നമ്പറോ നൽകിയാൽ ട്രെയിനുമായി ബന്ധപ്പെട്ട തൽസമയ വിവരങ്ങൾ കൃത്യമായി ഉപയോക്താവിന് ലഭിക്കും.