വൈൽഡ് ലൈഫ് സഫാരിയിൽ ഇഷ്ടംപോലെ കടുവയെ കാണണോ? ഇന്ത്യയാണ് മികച്ചയിടം, ഒന്നാം സ്ഥാനം

Mail This Article
ഇന്ത്യയിൽ കടുവയുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പലപ്പോഴും ജനവാസമേഖലകളിൽ കടുവയെ കാണാറുമുണ്ട്. ഭൂമിയിൽ തന്നെ ഏറ്റവും കരുത്തുള്ളതും ആധിപത്യ മനോഭാവമുള്ളതുമായ മൃഗങ്ങളിൽ ഒന്നാണ് കടുവ. എന്നാൽ പലയിടങ്ങളിലും കാട് കുറയുന്നതു മൂലവും ആവാസവ്യവസ്ഥയ്ക്ക് മേൽ ഉയരുന്ന മറ്റു ഭീഷണികൾ കൊണ്ടും കടുവയുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
എന്നിരുന്നാലും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കടുവകൾ ഉള്ളത് ഇന്ത്യയിലാണ്. ഏകദേശം 3000ത്തിന് മുകളിൽ കടുവകളാണ് ഇന്ത്യയിൽ ഉള്ളത്. തൊട്ടു പിന്നിലുള്ള റഷ്യയിൽ 750 കടുവകളാണ് ഉള്ളത്.
ഇന്ത്യയിൽ 3000ത്തിന് മുകളിൽ
ലോകത്തിൽ ഏറ്റവും കൂടുതൽ കടുവകൾ കാണപ്പെടുന്ന സ്ഥലം ഇന്ത്യയാണ്. ലോകത്ത് ആകെയുള്ള കടുവകളുടെ 70ശതമാനവും ഇന്ത്യയിലാണ്. 3000ത്തിനു മുകളിൽ കടുവകളാണ് ഇന്ത്യയിൽ ഉള്ളത്. 2006ൽ 1411 കടുവകൾ മാത്രമായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. എന്നാൽ, ശക്തമായ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഫലമായി ആ സംഖ്യയുടെ ഇരട്ടി ആയിരിക്കുകയാണ് കടുവകളുടെ എണ്ണം. കടുവാ പ്രേമികൾക്ക് വൈൽഡ് ലൈഫ് സഫാരിയിൽ കടുവയെ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് പറ്റിയ ഇടമാണ് ഇന്ത്യ.
രണ്ടാം സ്ഥാനത്ത് റഷ്യ
റഷ്യയുടെ അങ്ങേയറ്റത്തുള്ള കിഴക്കൻ മേഖലയിലാണ് സൈബീരിയൻ കടുവകളുടെ ആവാസകേന്ദ്രം. അമുർ കടുവ എന്നും ഇത് അറിയപ്പെടുന്നു. ഏകദേശം 750 കടുവകളാണ് റഷ്യയിലുള്ളത്. ചൈനീസ് അതിർത്തിയോടു ചേർന്ന വനങ്ങളിലാണ് ഇത് വിഹരിക്കുന്നത്. ഇടതൂർന്നതും തണുത്തുറഞ്ഞതുമായ വനങ്ങളിലാണ് ഇവ വസിക്കുന്നത്. ഇവിടെ വൈൽഡ് ലൈഫ് സഫാരിക്ക് എത്തുന്നവരെ കാത്തിരിക്കുന്നത് മഞ്ഞുമൂടിയ മേഖലകളിലൂടെ എത്തി സൈബീരിയൻ കടുവകളെ കാണാമെന്ന അപൂർവ കാഴ്ചയാണ്.
400 കടുവകളുള്ള ഇന്തൊനീഷ്യ
ഇന്തൊനീഷ്യയിൽ ഏകദേശം 400 സുമാത്രൻ കടുവകളാണ് ഉള്ളത്. വലുപ്പത്തിൽ ചെറുതായ ഈ കടുവകൾ അപൂർവവുമാണ്. സുമാത്രയിലെ മഴക്കാടുകൾ, കണ്ടൽക്കാടുകൾ, മൂടൽമഞ്ഞുള്ള മലനിരകൾ എന്നിവിടങ്ങളിലാണ് സുമാത്രൻ കടുവകൾ ജീവിക്കുന്നത്. ഗുനുങ്ങ് ല്യൂസർ, ബുക്കിറ്റ് ബാരിസാൻ സെലാറ്റൻ തുടങ്ങിയ ദേശീയോദ്യാനങ്ങളിൽ എത്തിയാൽ ഇവയെ കാണാനുള്ള അവസരമുണ്ട്. 1978ൽ 1000 ആയിരുന്നു കടുവകളുടെ എണ്ണം. അതാണ് ഇപ്പോൾ 400 ആയി കുറഞ്ഞിരിക്കുന്നത്.
നേപ്പാളിലുള്ളത് 355 കടുവകൾ
കടുവകളുടെ എണ്ണം നേപ്പാളിൽ വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിത്വാൻ, ബാർഡിയ ദേശീയോദ്യാനങ്ങളിലാണ് കടുവകളെ പ്രധാനമായും കാണാൻ കഴിയുന്നത്. ഇവിടെ കാൽനടയായോ ജീപ്പിലോ ബോട്ടിലോ ഒക്കെ യാത്ര ചെയ്യാവുന്നതാണ്. കടുവകളെ കാണുക എന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ഇനി അതിന് സാധിച്ചില്ലെങ്കിൽ പോലും മനോഹരമായ പ്രകൃതിയാണ് ഇവിടേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.
തായ്ലൻഡ് - 189 കടുവകൾ
വിനോദസഞ്ചാരത്തിന് വളരെ പ്രശസ്തിയാർജിച്ച തായ്ലൻഡിൽ ഏകദേശം 189 കടുവകളാണ് ഉള്ളത്. അവയിൽ ഭൂരിഭാഗവും ഇന്തൊ - ചൈനീസ് വിഭാഗങ്ങളിൽ ഉൾപ്പെട്ടവയാണ്. ഹുവായ് ഖാ ഖേങ്, മേ വോങ് എന്നീ വനങ്ങളിലാണ് അവയെ സംരക്ഷിക്കുന്നത്.
ഭൂട്ടാൻ - 151 കടുവകൾ
റോയൽ മാനസ്, ജിഗ്മെ സിംഗി വാങ്ചുക്ക് തുടങ്ങിയ വന്യജീവി സങ്കേതങ്ങൾ ആണ് കടുവകളെ സംരക്ഷിക്കാൻ ഇവിടെ ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ഭൂട്ടാനിലേക്ക് പ്രവേശിക്കുന്നത് തന്നെ ഒരു കാൽപ്പനിക ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത് പോലെയാണ്.
മലേഷ്യ - 150 കടുവകൾ
മലേഷ്യയിലെ മഴക്കാടുകളിൽ ഏകദേശം 150 ഓളം മലയൻ കടുവകളാണ് ഉള്ളത്. നിലവിൽ വംശനാശ ഭീഷണി നേരിടുന്ന കടുവകളാണ് ഇത്. തമൻ നെഗാര, ബെലം ടെമെൻഗോർ എന്നിവിടങ്ങൾ വളരെ വ്യത്യസ്തമായ അനുഭവം ആയിരിക്കും ഒരു വൈൽഡ് ലൈഫ് പ്രേമിക്ക് നൽകുന്നത്.