മലരിക്കലിലെ ആമ്പൽപ്പൂക്കൾ വിരിഞ്ഞോ? സീസൺ എപ്പോൾ? സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്

Mail This Article
കോട്ടയം ജില്ലയിലെ മലരിക്കൽ ഇപ്പോൾ ആമ്പൽപൂക്കളുണ്ടോ? അവിടെത്തിയാൽ പൂക്കൾ കാണാൻ പറ്റുമോ? മലരിക്കലിൽ നിന്നുള്ള ആമ്പൽപൂക്കളുടെ റീലുകൾ സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടല്ലോ?
ആമ്പൽ വസന്തത്തിലേക്കു മലരിക്കൽ ചുവടുവച്ചു കഴിഞ്ഞു. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞു തുടങ്ങി. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും. 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ വിരിയുന്നത്. ഇപ്പോൾ തിരുവായ്ക്കരി ഭാഗത്താണു കൂടുതൽ ആമ്പൽക്കാഴ്ചയുള്ളത്. വള്ളത്തിൽ അരമണിക്കൂർ പോയാലാണ് ഇപ്പോൾ കൂടുതൽ ആമ്പൽ കാണാൻ സാധിക്കുന്നത്.

‘‘ഈ പൂക്കൾ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിന് ഒരു കുളിർമയുണ്ടാകും. പക്ഷേ അതിപ്പോൾ ഇല്ല. ആദ്യം ഉണ്ടായ പൂക്കൾ മഴ വന്ന് വെള്ളം കേറി പോയി. രണ്ടാമത് ഉണ്ടായി വരുന്നതാണിത്. രണ്ടാമത്തെ മഴ കൂടി കഴിഞ്ഞാൽ ജൂലൈ പതിനഞ്ചൊക്കെ ആകുമ്പോൾ ഓക്കെയാണ്. ഫോട്ടോ ഷൂട്ടിനൊക്കെ ആണെങ്കിൽ ഇപ്പോൾ വരുന്നതിന് കുഴപ്പമില്ല. എല്ലാവരെയും അറിയിച്ച് ആളുകൾ കൂടുതൽ വരുമ്പോൾ അതിനുള്ള ഒരു സാഹചര്യം ഇപ്പോൾ ഇല്ല. അവിടം വരെ പോയി തിരികെ വരുന്നതിന് വള്ളത്തിന് ഏകദേശം ആയിരം രൂപ വരെയാകും. അഒരു വളളത്തിൽ 5–6 പേർക്ക് യാത്ര ചെയ്യാം. ഫോട്ടോഷൂട്ടിന് ഇതിലും റേറ്റ് കൂടും...’’ മലരിക്കൽ ടൂറിസം സൊസൈറ്റി സെക്രട്ടറി ഷാജിമോൻ വട്ടപ്പള്ളി മനോരമ ഓൺലൈനോട് പറഞ്ഞു.
ഒന്നര കിലോമീറ്റർ റോഡ് സൈഡിലാണ് ഈ പാടം. അവിടം മുഴുവൻ പൂവിട്ടു കിടക്കുന്നതാണ് സീസൺ സമയത്ത് സഞ്ചാരികൾ കണ്ടുകൊണ്ടിരുന്നത്. അത് ജെ ബ്ലോക്ക് ഒൻപതിനായിരം പാടമാണ്. അവിടെ ഇപ്പോൾ ആമ്പൽ പൂക്കൾ ആയിട്ടില്ല. അതിന്റെ എതിർവശത്ത് പൂക്കളുണ്ട്, ആ പാടത്തിന്റെ പടിഞ്ഞാറേ അറ്റത്താണ്, കുറേ ദൂരം വള്ളത്തിൽ പോയാലേ കാണാൻ പറ്റൂ. ഇപ്പോൾ ഉള്ളത് ഈ റോഡ് തീരുന്നിടത്ത് ചെന്നു കഴിഞ്ഞാൽ അവിടെയുളള 650 ഏക്കറാണ് തിരുവായ്ക്കരി പാടശേഖരം എന്നു പറയുന്നത്. തിരുവായ്ക്കരി പാടശേഖരത്തിൽ ഇപ്പോൾ പൂക്കളുണ്ട്. വളളത്തിൽ അരമുക്കാൽ മണിക്കൂർ യാത്ര ചെയ്താലേ അവിടെ എത്താൻ പറ്റുകയുള്ളു.
ശ്രദ്ധിക്കുക
∙ മഴക്കാലത്തിനു ശേഷം ജൂലൈ – ഓഗസ്റ്റോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ കൃഷി സീസൺ ആരംഭിക്കുന്നതോടെ പാടത്തെ വെള്ളം വറ്റിച്ച് നെല്ല് വിതയ്ക്കും.
∙ നിലവിൽ കാഴ്ചക്കാർ എത്തുന്നതിന് അനുസരിച്ച് വള്ളക്കാർ എത്തുന്നുണ്ട്. വള്ളത്തിന്റെ നിരക്ക് അടക്കമുള്ളവ സീസൺ സമയമാകുമ്പോഴേക്കും പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു.
∙ മഴക്കാലമായതിനാൽ പാടശേഖരത്തിൽ വെള്ളം ഉയർന്നു. മഴ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രം പാടശേഖരത്തിലേക്ക് ഇറങ്ങുക.
എത്താനുള്ള മാർഗം
കുമരകം, കോട്ടയം ഭാഗത്തുനിന്നുള്ളവർ ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ പ്രവേശിച്ച് കാഞ്ഞിരം ജംക്‌ഷനിൽ എത്തി അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ മലരിക്കൽ എത്താം. അവിടെനിന്നു മുന്നോട്ടുപോയാൽ തിരുവായ്ക്കരി പാടത്തും എത്താം.