ADVERTISEMENT

വിദേശത്തേക്ക് യാത്ര ചെയ്യാൻ എത്ര ആഗ്രഹിച്ചാലും പാസ്പോർട്ട് ഇല്ലെങ്കിൽ ഒന്നും നടപടി ആകില്ല. അതുകൊണ്ടു തന്നെ വിദേശയാത്രയുടെ ആദ്യപടിയാണ് പാസ്പോർട്ട് എടുക്കുക എന്നത്. പണ്ടു കാലത്തെ അപേക്ഷിച്ച് ഇപ്പോൾ പാസ്പോർട്ട് എടുക്കുക എന്നത് അത്ര വലിയ ആനകേറാ മലയല്ല. ഓൺലൈൻ വഴിയാണ് പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കേണ്ടത്. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതുമെല്ലാം ഇപ്പോൾ വളരെ എളുപ്പമാണ്. വീട്ടിൽ തന്നെയിരുന്ന് ഇക്കാര്യങ്ങൾ ചെയ്യാമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ആദ്യമായി പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ എന്തെല്ലാം ചെയ്യണം? ഇതാ അതിനുള്ള കൃത്യമായ ഉത്തരം.

passport-rule-relaxed-ministry-of-external-affairs-india-1

പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യുക

പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനായി ഏറ്റവുമാദ്യം പാസ്പോർട്ട് സേവ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. പാസ്പോർട്ട് സേവ ഓൺലൈൻ പോർട്ടൽ തുറന്ന് അവിടെ 'ന്യൂ യൂസർ റജിസ്ട്രേഷൻ' ക്ലിക്ക് ചെയ്യുക. പേര്, ജനനത്തീയതി, ഇ-മെയിൽ ഐഡി എന്നിവ നൽകി വേണം റജിസ്റ്റർ ചെയ്യാൻ. passportindia.gov.in ഈ വെബ്സൈറ്റിലാണ് റജിസ്റ്റർ ചേയ്യേണ്ടത്. അതിനു ശേഷം നിങ്ങൾ താമസിക്കുന്ന സ്ഥലത്തിന് അടുത്തുള്ള പാസ്പോർട്ട് ഓഫീസ് തിരഞ്ഞെടുക്കുക. റജിസ്ട്രേഷൻ പൂർത്തിയായതിനു ശേഷം നിങ്ങളുടെ ഇ-മെയിലിലേക്ക് അയയ്ക്കുന്ന ലിങ്ക് ഉപയോഗിച്ച് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുക.

ഫോം പൂരിപ്പിക്കുക

ലോഗിൻ ചെയ്തതിനു ശേഷം 'അപ്ലൈ ഫോർ ഫ്രഷ് പാസ്പോർട്ട് /  റി-ഇഷ്യൂ പാസ്പോർട്ട്' എന്നതിൽ ക്ലിക്ക് ചെയ്യുക.  വ്യക്തിപരമായ കാര്യങ്ങൾ, കുടുംബപരമായ കാര്യങ്ങൾ, മേൽവിലാസം സംബന്ധിച്ച വിശദാംശം എന്നിവ നൽകി ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുക. സബ്മിറ്റ് ചെയ്യുന്നതിനു മുമ്പ് നൽകിയിരിക്കുന്ന വിവരങ്ങളെല്ലാം ശരിയാണെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പു വരുത്തുക.

അപേക്ഷഫീസ് അടയ്ക്കുക

ഫോം സബ്മിറ്റ് ചെയ്തതിനു ശേഷം 'പേ & ഷെഡ്യൂൾ പേയ്മെൻ്റ്' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പാസ്പോർട്ട് സേവാകേന്ദ്രം അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കുക. ഇന്റർനെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, യുപിഐ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണം അടയ്ക്കുക. പണം അടയ്ക്കുന്നത് വിജയകരമായി പൂർത്തിയാക്കിയാൽ നിങ്ങളുടെ അപ്പോയിന്റ്മെന്റിന് അനുയോജ്യമായ ഒരു തീയതി തിരഞ്ഞെടുക്കാവുന്നതാണ്. അപ്പോയിൻമെന്റ് ഉറപ്പായി കഴിഞ്ഞാൽ ആപ്ലിക്കേഷൻ രസീത് ഡൗൺലോഡ് ചെയ്ത് എടുക്കുക.

പാസ്പോർട്ട് സേവാ കേന്ദ്രത്തിലേക്ക്

അപ്പോയിൻമെന്റ് ലഭിച്ചിരിക്കുന്ന ദിവസം കൃത്യമായി ഉറപ്പു വരുത്തി പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തുക. ആവശ്യമായി ഒറിജിനൽ രേഖകളും സ്വയം അറ്റസ്റ്റ് ചെയ്ത ഫോട്ടോ കോപ്പികളും കൈയിൽ കരുതണം. പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിങ്ങളുടെ രേഖകൾ പരിശോധിക്കും. ബയോമെട്രിക് രേഖ ശേഖരിക്കും. ഒരു പാസ്പോർട്ട് ഓഫീസർ നിങ്ങളുമായി അഭിമുഖം നടത്തും. മേൽവിലാസം തെളിയിക്കുന്ന രേഖ, ജനനത്തീയതി തെളിയിക്കുന്ന രേഖ തുടങ്ങിയവയാണ് സമർപ്പിക്കേണ്ടത്. ആധാർ കാർഡ്, വോട്ടർ ഐഡി, ജനന സർട്ടിഫിക്കറ്റ്, പത്താം ക്ലാസിലെ സർട്ടിഫിക്കറ്റ് എന്നിവയൊക്കെ മേൽപറഞ്ഞതിനുള്ള രേഖകളായി സമർപ്പിക്കാവുന്നതാണ്. കൂടാതെ അപേക്ഷകൻ മൈനർ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സർക്കാർ ഉദ്യോഗസ്ഥൻ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖയും സമർപ്പിക്കണം.

പൊലീസ് വേരിഫിക്കേഷൻ

പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ എത്തി അവിടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ അടുത്തത് പൊലീസ് വേരിഫിക്കേഷൻ ആണ്. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് പൊലീസ് നിങ്ങളുടെ മേൽവിലാസത്തിൽ അന്വേഷണം നടത്തും. ഈ സമയത്ത് വീട്ടിൽ ഉണ്ടായിരിക്കുമെന്ന് ഉറപ്പു വരുത്തുക. പൊലീസ് എന്തെങ്കിലും രേഖകൾ കൂടുതലായി ആവശ്യപ്പെട്ടാൽ അത് നൽകുക.

അപേക്ഷ ട്രാക്ക് ചെയ്യുക

പാസ്പോർട്ട് സേവാ പോർട്ടലിൽ ട്രാക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്നതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഫോൺ നമ്പറും ജനനത്തീയതിയും നൽകുക. പാസ്പോർട്ട് അയയ്ക്കുന്നതു വരെ ഇത് സ്ഥിരമായി പരിശോധിക്കുക. നടപടി ക്രമങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ പാസ്പോർട്ട് നിങ്ങളുടെ മേൽവിലാസത്തിൽ അയച്ചു തരും. 

അടിയന്തിര സാഹചര്യങ്ങളിൽ തൽകാൽ പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാണ്. മൈനർ ആയിട്ടുള്ള അപേക്ഷകർക്കും മുതിർന്ന പൗരൻമാർ ആയിട്ടുള്ള അപേക്ഷകർക്കും പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നതാണ്. 18 വയസ് കഴിഞ്ഞവർക്ക് പത്തു വർഷവും 18 വയസ് പൂർത്തിയാകാത്തവർക്ക് അഞ്ചു വർഷവുമാണ് പാസ്പോർട്ടിന്റെ കാലാവധി. പാസ്പോർട്ട് ലഭിക്കാനായി നൽകിയ അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച രേഖകളുടെ സ്കാൻ ചെയ്ത കോപ്പികൾ കൈവശം സൂക്ഷിക്കുക.

എത്ര രൂപ ചെലവാകും

18 വയസും അതിന് മുകളിലേക്കുമുള്ള മുതിർന്നവർക്ക് 36 പേജുള്ള പാസ്പോർട്ട് ബുക്ക് ലെറ്റിന് 1500 രൂപയാണ് ചെലവ്. തൽകാൽ ആയി അപേക്ഷിക്കുമ്പോൾ 3500 രൂപ. അതേസമയം, 60 പേജുള്ള ബുക്ക് ലെറ്റിനാണ് അപേക്ഷിക്കുന്നതെങ്കിൽ 2000 രൂപയും അത് തൽകാൽ ആയിട്ടാണ് അപേക്ഷിക്കുന്നതെങ്കിൽ 4000 രൂപയുമാണ് ചെലവ്. മൈനർ ആയിട്ടുള്ളവർക്ക് 36 പേജുള്ള ബുക്ക് ലെറ്റിന് സാധാരണഗതിയിൽ 1000 രൂപയും തൽകാൽ നിരക്കിൽ 3000 രൂപയുമാണ് ചെലവ് വരിക.

സാധാരണ ഗതിയിൽ 25 മുതൽ 30 ദിവസം വരെയാണ് പാസ്പോർട്ട് ലഭിക്കാൻ എടുക്കുന്ന സമയം. റി-ഇഷ്യൂ ആണെങ്കിൽ മേൽവിലാസം മാറാത്ത സാഹചര്യത്തിൽ ഏഴ് ദിവസം വരെ സമയമെടുക്കും.

English Summary:

Simplify Your Passport Application: The Easy Online Process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com