ADVERTISEMENT

ട്രെയിന്‍ യാത്രകളെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ഉള്ള നാടാണ് ഇന്ത്യ. ട്രെയിന്‍ യാത്രാ പ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വിവരമാണ് റെയില്‍വേ ബോര്‍ഡ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ ഐടി തലസ്ഥാനം എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍(യശ്വന്ത്പൂര്‍) നിന്നും ലോകത്തിന്റെ യോഗ തലസ്ഥാനമായ ഋഷികേശിലേക്കു നേരിട്ട് സര്‍വീസ് നടത്തുന്ന സ്‌പെഷന്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഋഷികേശിലേക്ക് യാത്രകള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് പുതിയ പ്രഖ്യാപനം.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ(എസ്ഡബ്ല്യുആര്‍) ആണ് പുതിയ സ്‌പെഷല്‍ ട്രെയിന്‍ വരുന്ന പ്രഖ്യാപനം നടത്തിയത്. 06597 എന്ന ട്രെയിന്‍ നമ്പറിലാണ് പുതിയ ട്രെയിന്‍ എത്തുന്നത്. ജൂണ്‍ 19, ജൂണ്‍ 26, ജൂലൈ 3 ദിവസങ്ങളില്‍ രാവിലെ ഏഴിനാണ് യശ്വന്ത്പൂരില്‍ നിന്നും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഋഷികേശില്‍ ഈ ട്രെയിന്‍ തുടര്‍ന്നുള്ള ശനിയാഴ്ച രാവിലെ 10:20ന് എത്തിച്ചേരും. വാരാന്ത്യം ഋഷികേശില്‍ ചെലവഴിക്കുന്നതിന് സഹായിക്കും വിധമാണ് ട്രെയിനിന്റെ സമയക്രമം.

ഋഷികേശില്‍ നിന്നും തിരിച്ചുവരുന്ന സ്‌പെഷല്‍ ട്രെയിനിന്റെ നമ്പര്‍ 06598 ആണ്. ഈ ട്രെയിന്‍ ജൂണ്‍ 21, ജൂണ്‍ 28, ജൂലൈ 5 ദിവസങ്ങളിലാണ് മടക്കയാത്ര ആരംഭിക്കുക. ഈ ദിവസങ്ങളിലെല്ലാം വൈകിട്ട് 05:55ന് പുറപ്പെടുന്ന ട്രെയിന്‍ തുടര്‍ന്നുള്ള തിങ്കളാഴ്ച രാത്രി 07:45ന് യശ്വന്ത്പൂരിലേക്ക് എത്തിച്ചേരുകയും ചെയ്യും. തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും ഒരേ പോലെ ഉപകാരപ്പെടും വിധമാണ് ഈ ട്രെയിനിന്റെ സമയക്രം നിശ്ചയിച്ചിരിക്കുന്നത്.

യശ്വന്ത്പൂരും ഋഷികേശും മാത്രമല്ല ഇടയ്ക്ക് പ്രധാന സ്റ്റേഷനുകളിലും ട്രെയിന്‍ നിര്‍ത്തും. ഇവിടെ നിന്നുള്ള യാത്രികര്‍ക്കും ഈ സ്‌പെഷല്‍ ട്രെയിന്‍ അനുഗ്രഹമാണവും. യെലേഹങ്ക, ഹിന്ദുപൂര്‍, ധര്‍മവാരം, അനന്തപൂര്‍, ധോണ്‍, കുര്‍ണൂല്‍ സിറ്റി, കച്ചെഗുഡ, കാസിപേട്ട്, ബല്‍ഹര്‍ഷാ, നാഗ്പൂര്‍, ഭോപാല്‍, ബിനാ, ഝാന്‍സി, ഗ്വാളിയോര്‍, ആഗ്ര കാന്റ്, മഥുര, ഹസ്രത് നിസാമുദീന്‍(ഡല്‍ഹി), ഗാസിയാബാദ്, മീററ്റ് സിറ്റി, മുസാഫര്‍നഗര്‍, തപ്‌രി, റൂര്‍ക്കി, ഹരിദ്വാര്‍ ജങ്ഷന്‍ എന്നീ സ്റ്റേഷനുകള്‍ക്കു ശേഷമാണ് ഋഷികേശിലേക്കു ട്രെയിന്‍ എത്തിച്ചേരുക.

ഋഷികേശ്

ആത്മീയതയുടേയും ഹിമാലയന്‍ പ്രകൃതി ഭംഗിയുടേയും മാത്രമല്ല നിരവധി സാഹസിക വിനോദങ്ങളുടേയും കേന്ദ്രം കൂടിയാണ് ഋഷികേശ്. പുണ്യ നദിയായ ഗംഗയെ ആരാധിക്കുന്ന ഗംഗാ ആരതി ചടങ്ങ് പ്രസിദ്ധമാണ്. പരമാര്‍ഥ നികേതന്‍, ത്രിവേണിഘട്ട് എന്നിവിടങ്ങളിലാണ് ഗംഗാ ആരതി നടക്കാറ്. യോഗ പഠിപ്പിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. 16 കിലോമീറ്റര്‍ വരെ നീളുന്ന റിവര്‍ റാഫ്റ്റിങും പ്രസിദ്ധമാണ്. ശിവപുരിയില്‍ നിന്നാണ് റാഫ്റ്റിങിന്റെ തുടക്കം. വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്, ബംഗീ ജംപിങ്, ക്ലിഫ് ജംപിങ്, കയാക്കിങ്, ഹൈക്കിങ്, റാപ്പലിങ്, ക്യാംപിങ് എന്നിങ്ങനെ നിരവധി സാഹസിക വിനോദ സാധ്യതകളും ഋഷികേശിലുണ്ട്. ഗംഗാ നദിയുടെ കിഴക്കേ തീരത്തുള്ള ബീറ്റില്‍സ് ആശ്രമം സന്ദര്‍ശിക്കുന്നതും വ്യത്യസ്ഥ അനുഭവമായിരിക്കും.

English Summary:

Bengaluru to Rishikesh: New Direct Train Connects Two Spiritual Hubs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com