ADVERTISEMENT

അമേരിക്കയിലെ ഡെനാലി പർവതത്തിൽ  മലയാളി പർവതാരോഹകൻ ഷെയ്ക്ക് ഹസൻ ഖാൻ കുടുങ്ങിയതായി റിപ്പോർട്ട് . ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഇദ്ദേഹം കൊടുങ്കാറ്റിൽപ്പെട്ടതെന്നാണ് വിവരം, 17, 000 അടി മുകളിലെ ക്യാംപിലാണ് കുടുങ്ങിക്കിടക്കുന്നത്. കൊടുംങ്കാറ്റും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായാണ് അറിയുവാൻ കഴിയുന്നത്. എഴ് ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളിയാകുക എന്ന സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷം  ഷെയ്ക്ക് ഹസൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഡെനാലി പർവതം കയറുന്നതിന് മികച്ച ശാരീരികക്ഷമതയും പരിചയവും ആവശ്യമാണ്. ഓരോ വർഷവും നൂറുകണക്കിന് ആളുകൾ കൊടുമുടി കീഴടക്കാൻ ശ്രമിക്കാറുണ്ടെങ്കിലും പകുതിയിൽ താഴെ മാത്രം ആളുകൾക്ക് മാത്രമേ അത് പൂർത്തിയാക്കാൻ കഴിയാറുള്ളൂ. അതിനാൽ, ഡെനാലി ഒരു സാഹസിക പർവതാരോഹണമാണെങ്കിലും അതിന്റെ അപകടസാധ്യതകൾ വളരെ വലുതാണ്.

ഡെനാലിയിലെ ബേസ് ക്യാംപിൽ ഷെയ്ക്ക് ഹസൻ, 15 ദിവസത്തേ യാത്രയ്ക്ക് തൊട്ടു മുൻപ് ഷെയ്ക്ക് ഹസൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.
ഡെനാലിയിലെ ബേസ് ക്യാംപിൽ ഷെയ്ക്ക് ഹസൻ, 15 ദിവസത്തേ യാത്രയ്ക്ക് തൊട്ടു മുൻപ് ഷെയ്ക്ക് ഹസൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.

 17,000 അടി ഉയരത്തിലുള്ള പർവതമുകളിൽ ഇന്ത്യൻ പതാക ഉയർത്തിയെന്നും അതിനു ശേഷം അപ്രതീക്ഷിതമായുണ്ടായ കൊടുങ്കാറ്റിനെത്തുടർന്ന് കുടുങ്ങിയെന്നുമാണ് ലഭിച്ച സൂചന. 3 ദിവസമായി ഭക്ഷണമില്ലാതെയാണ് കഴിയുന്നതെന്നു ഷേഖിന്റെ സുഹൃത്തുക്കൾ വഴി അറിഞ്ഞതായി മാതാപിതാക്കളായ പൂഴിക്കാട് കുട്ടംവെട്ടിയിൽ ദാറുൽ സലാമിൽ അലി അഹമ്മദ് ഖാനും ഷാഹിദയും പറഞ്ഞു.

ഡെനാലിയിലെ ബേസ് ക്യാംപിൽ ഷെയ്ക്ക് ഹസൻ, 15 ദിവസത്തേ യാത്രയ്ക്ക് തൊട്ടു മുൻപ് ഷെയ്ക്ക് ഹസൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.
ഡെനാലിയിലെ ബേസ് ക്യാംപിൽ ഷെയ്ക്ക് ഹസൻ, 15 ദിവസത്തേ യാത്രയ്ക്ക് തൊട്ടു മുൻപ് ഷെയ്ക്ക് ഹസൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം.

ഡെനാലിയിലേക്കുള്ള ഹസന്റെ രണ്ടാമത്തെ യാത്രയാണിത്. 7 ഭൂഖണ്ഡങ്ങളിലെ ഏറ്റവുമുയർന്ന പർവതങ്ങൾ കീഴടക്കിയ മലയാളിയെന്ന നേട്ടത്തിനുടമ കൂടിയാണ് ഷേഖ്. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ അസി. സെക്‌ഷൻ ഓഫിസറായ ഷേഖ് അവധിയെടുത്താണ് പർവതാരോഹണത്തിനു സമയം കണ്ടെത്തിയിരുന്നത്.

ഡെനാലി പർവതം. Image Credit: 1111IESPDJ/istockphoto
ഡെനാലി പർവതം. Image Credit: 1111IESPDJ/istockphoto

ചെന്നൈയിലെ സുഹൃത്തിനൊപ്പമായിരുന്നു രണ്ടാമത്തെ ഡെനാലി യാത്ര. ഈ മാസം നാലിനാണ് വീട്ടിൽ നിന്നു പുറപ്പെട്ടത്. 5ന് ചെന്നൈയിലെത്തിയ ശേഷം ദുബായ് വഴി അമേരിക്കയിലേക്ക് പോവുകയായിരുന്നു. 10ന് അമേരിക്കയിൽ നിന്നു വിഡിയോ കോൾ വഴി സംസാരിച്ചിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. അന്നാണു ചിത്രങ്ങൾ അവസാനം പങ്കുവച്ചതും. പർവതാരോഹണം തുടങ്ങുകയാണെന്നും അറിയിച്ചിരുന്നു. സാധാരണ മുൻപുള്ള യാത്രകളിൽ ഇടവേളകളിൽ സാറ്റലൈറ്റ് കോൾ വഴി കുടുംബാംഗങ്ങളെ ബന്ധപ്പെടുന്നതായിരുന്നു രീതി. ഇത്തവണ അമേരിക്കയിൽ നിന്നു വിളിച്ച ശേഷം പിന്നീട് ബന്ധപ്പെട്ടിട്ടില്ലെന്ന് മാതാവ് ഷാഹിദ പറഞ്ഞു. രക്ഷാദൗത്യത്തിൽ ഉടൻ ഇടപെടണമെന്ന് വാഷിങ്ടണിലെ ഇന്ത്യൻ എംബസിയോടു കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർദേശിച്ചു. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Image Credit: shaikh_hassan_khan/instagram
ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് കോസിയാസ്കോ കീഴടക്കിയ ഷെയ്റ് ഹസൻ. Image Credit: shaikh_hassan_khan/instagram

അമേരിക്കയിലെ അലാസ്ക സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു പർവതമാണ് ഡെനാലി. ഇത് വടക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 6,190 മീറ്റർ (20,310 അടി) ഉയരമുണ്ട് ഡെനാലിക്ക്. മുൻപ് ഇത് മൗണ്ട് മക്കിൻലി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്, പിന്നീട് തദ്ദേശീയരായ കൊയൂക്കോൺ ജനതയുടെ ആവശ്യപ്രകാരം "ഡെനാലി" എന്ന പേര് പുനഃസ്ഥാപിച്ചു. ഡെനാലി ദേശീയോദ്യാനത്തിന്റെയും സംരക്ഷിത പ്രദേശത്തിന്റെയും കേന്ദ്രഭാഗമാണിത്.

എത്രത്തോളം അപകടകരമാണ് ഡെനാലി?

 ഡെനാലി പർവതാരോഹകർക്ക് ഏറ്റവും അപകടകരമായ കൊടുമുടികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1932 മുതൽ ഏകദേശം 120-ലധികം ആളുകൾ ഡെനാലിയിൽ മരിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന അപകടസാധ്യതകൾ താഴെ പറയുന്നവയാണ്:

Image Credit : shaikh_hassan_khan/Instagram
Image Credit : shaikh_hassan_khan/Instagram

കാലാവസ്ഥ: ഡെനാലിയിൽ താപനില -50°F (-45°C) വരെ താഴാനും കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മൈൽ (160 കി.മീ) വരെ എത്താനും സാധ്യതയുണ്ട്. പെട്ടെന്നുണ്ടാകുന്ന കൊടുങ്കാറ്റുകളും മഞ്ഞുവീഴ്ചയും അപകടകരമാണ്.

ഉയർന്ന പ്രദേശം : സമുദ്രനിരപ്പിൽ നിന്നുള്ള വലിയ ഉയരം കാരണം ഓക്സിജന്റെ അളവ് കുറവായിരിക്കും. ഇത് അക്യൂട്ട് മൗണ്ടൻ സിക്നെസ്സ് (AMS), ഹൈ ആൾട്ടിറ്റ്യൂഡ് സെറിബ്രൽ എഡിമ (HACE), ഹൈ ആൾട്ടിറ്റ്യൂഡ് പൾമണറി എഡിമ (HAPE) തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

വീഴ്ചകൾ : ഡെനാലിയിൽ സംഭവിക്കുന്ന മരണങ്ങളിൽ ഏകദേശം 45% വീഴ്ചകൾ മൂലമാണ്. ചില സ്ഥലങ്ങളിൽ 45° വരെ ചരിവുള്ള ഐസും മഞ്ഞുമൂടിയ പാതകളുമുണ്ട്.

ഗ്ലേഷ്യർ അപകടങ്ങൾ (Glacier Hazards): ഡെനാലിയിൽ വലിയ ഹിമാനികളുണ്ട്. വിള്ളലുകൾ, മഞ്ഞിടിച്ചിലുകൾ  എന്നിവ ഇവിടെ സാധാരണമാണ്.

കാർബൺ മോണോക്സൈഡ് വിഷബാധ: ടെന്റുകളിൽ പാചകം ചെയ്യുമ്പോൾ ശരിയായ വായുസഞ്ചാരം ഇല്ലെങ്കിൽ കാർബൺ മോണോക്സൈഡ് വിഷബാധ ഏൽക്കാൻ സാധ്യതയുണ്ട്.

വന്യജീവികൾ: കരടികൾ പോലുള്ള വന്യജീവികളിൽ നിന്ന് സുരക്ഷിതമായിരിക്കേണ്ടതും പ്രധാനമാണ്.

English Summary:

Rescue Mission Underway for Indian Climber on Denali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com