ADVERTISEMENT

വിമാനത്താവളങ്ങളിലെ പ്രവേശന കവാടങ്ങളിലും ചെക്ക് - ഇൻ കൗണ്ടറുകളിലും നീണ്ട വരിയിൽ കാത്തു നിൽക്കുന്നത് മടുപ്പായി തോന്നിയിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഡിജി യാത്ര ആപ്പ്. ഇന്ത്യൻ വിമാനത്താവളങ്ങളിലെ യാത്ര ലളിതമാക്കാനും വേഗത്തിലാക്കാനും വേണ്ടി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഡിജി യാത്ര. വിമാനത്താവളത്തിലേക്ക് എത്തുന്ന ഓരോരുത്തർക്കും യാത്ര കൂടുതൽ സുഗമമാക്കാൻ ഡിജി യാത്ര സഹായിക്കുന്നു. അടുത്ത തവണ ഏതെങ്കിലും ആഭ്യന്തര വിമാനം ബുക്ക് ചെയ്യുമ്പോൾ ഡിജി യാത്ര പരീക്ഷിച്ചു നോക്കാവുന്നതാണ്. ഓരോ യാത്രയും വളരെ എളുപ്പമുള്ളതും വേഗതയുള്ളതും ആക്കി തീർക്കാർ ഡിജി യാത്ര ആപ്പ് ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു.

എന്താണ് ഡിജി യാത്ര ?

2022 ഡിസംബർ ഒന്നിന് ബെംഗളൂരു, വരണാസി വിമാനത്താവളങ്ങളിൽ  ഇന്ത്യൻ വ്യോമയാന മന്ത്രാലയം ആണ് ഡിജിയാത്ര ആരംഭിച്ചത്. ബയോമെട്രിക് പ്രാപ്തമാക്കിയ ഡിജിറ്റൽ പ്രൊസസിങ് സംവിധാനമാണ് ഇത്. തിരിച്ചറിയൽ കാർഡുകൾക്കും ബോർഡിങ് പാസുകൾക്കും പകരമായി മുഖം തിരിച്ചറിയൽ ഉപയോഗിച്ച് വിമാനത്താവളങ്ങളിലെ നിരവധി ചെക്ക് പോയിന്റുകൾ കടന്നു പോകാൻ ഡിജി യാത്ര സഹായിക്കുന്നു. വിമാനത്താവളങ്ങൾ സ്മാർട്ട് ആക്കുക എന്ന വീക്ഷണത്തിന്റെ ഭാഗമായാണ് ഇത്. നിലവിൽ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഈ ആപ്പ് ലഭ്യമാണ്. അതേസമയം, താൽപര്യമുണ്ടെങ്കിൽ മാത്രം ഡിജിയാത്ര ഉപയോഗിച്ചാൽ മതി. അല്ലാത്തപക്ഷം  പരമ്പരാഗത രീതിയിൽ തന്നെ യാത്ര ചെയ്യാവുന്നതാണ്.

എങ്ങനെയാണ് ഡിജി യാത്ര ആപ്പ് പ്രവർത്തിക്കുന്നത് ?

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യുക. മൊബൈൽ നമ്പറും ആധാർ വിശദാംശങ്ങളും നൽകി റജിസ്റ്റർ ചെയ്യുക. അതിനു ശേഷം യാത്രാ വിശദാംശങ്ങൾ നൽകണം. വിമാന ടിക്കറ്റ് അപ്​ലോഡ് ചെയ്യുകയോ  അല്ലെങ്കിൽ ബോർഡിങ് പാസ് സ്കാൻ ചെയ്യുകയോ ചെയ്യുക. ഡിജി യാത്ര ഐഡി ജനറേറ്റ് ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എയർലൈനുമായോ അല്ലെങ്കിൽ വിമാനത്താവള ചെക്ക് - ഇൻ കൗണ്ടറിൽ സ്കാൻ ചെയ്യുകയോ ചെയ്യുക.

വിമാനത്താവളത്തിൽ എത്തിയാൽ പ്രവേശന കവാടത്തിലെ നിയുക്ത ഡിജി യാത്ര പാതകളിലൂടെ നടക്കുകയും സുരക്ഷ പരിശോധന നടത്തുകയും ചെയ്യുക. ക്യാമറകൾ നിങ്ങളുടെ മുഖം ഡിജി യാത്ര ഐഡിയുമായി ഒത്തുനോക്കും.  യാതൊരുതരത്തിലുള്ള രേഖകളും കാണിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ മുഖം നിങ്ങളുടെ ട്രാവൽ ടോക്കൺ ആയി മാറും. സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന ഈ സിസ്റ്റം എൻക്രിപ്റ്റഡ് ഡാറ്റയാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ഫ്ലൈറ്റ് കഴിഞ്ഞ് 24 മണിക്കൂറിന് ശേഷം ഈ വിവരങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. 

ഡിജി യാത്രയുടെ നേട്ടങ്ങൾ

വേഗത്തിലുള്ള പ്രവേശനവും ബോർഡിങ്ങുമാണ് ഡിജിയാത്രയുടെ പ്രധാനനേട്ടം. ഒന്നിലധികം ചെക്ക് പോയിന്റുകളിൽ നിൽക്കേണ്ടി വരുന്ന സമയം ഡിജി യാത്ര കുറയ്ക്കുന്നു. ഡിജി യാത്ര ഒരു ടച്ച്  - ഫ്രീ എയർപോർട്ട് അനുഭവം ഉറപ്പാക്കുന്നു. പതിവായി യാത്ര ചെയ്യുന്നവർക്കും ബിസിനസ് യാത്രക്കാർക്കും ഇത് വളരെ ഉപയോഗപ്രദമാണ്. കാരണം, ഗേറ്റുകളിലൂടെ വേഗത്തിൽ പോകാം എന്നതിനാൽ സമ്മർദരഹിതമായ യാത്രകൾ ഇതു പ്രദാനം ചെയ്യുന്നു. പേപ്പർലെസ് യാത്രയെ ആപ്പ് പ്രോത്സാഹിപ്പിക്കുന്നതിനാൽ അച്ചടിച്ച ടിക്കറ്റുകളുടെയും ഐഡി പകർപ്പുകളുടെയും ആവശ്യകത കുറയ്ക്കുന്നു. 

ചുരുക്കത്തിൽ, ഡിജിറ്റൽ വ്യോമയാന ഇൻഫ്രാസ്ട്രക്ചറിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ തുടക്കമാണ് ഡിജി യാത്ര.

English Summary:

Digiyatra is an app designed to simplify and expedite travel at Indian airports.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com