ലോകത്താകെ 195 രാജ്യങ്ങൾ, പക്ഷേ ഈ അക്ഷരത്തില്‍ പേര് തുടങ്ങുന്ന ഒരേയൊരു രാജ്യം മാത്രം!

Mail This Article
ലോകത്താകെ 195 രാജ്യങ്ങളുണ്ട് എന്നാല്‍ 'Y' എന്ന അക്ഷരത്തില്‍ ആരംഭിക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ. അത് യെമന്‍ ആണ്. പേരില്‍ മാത്രമല്ല വേറെയും പല കാര്യങ്ങളിലും നിരവധി സവിശേഷതകളുള്ള രാജ്യമാണ് യെമന്‍. പ്രാചീന സംസ്ക്കാരവും അതിമനോഹരമായ നിര്‍മിതികളും ആഴത്തില്‍ വേരോടിയ തനതു സംസ്ക്കാരവും പരമ്പരാഗത രീതികളുമെല്ലാം യെമന്‍ സ്വന്തമാണ്. വര്‍ത്തമാന കാലത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി വെല്ലുവിളികള്‍ നേരിടുമ്പോഴും ലോകചരിത്രത്തില്‍ നിര്‍ണായക പങ്കുണ്ട് യെമന്‍.
ലോകത്ത് തന്നെ ഏറ്റവും പഴക്കമുള്ള നഗരങ്ങളിലൊന്ന് യെമനിലാണ്. യെമന്റെ തലസ്ഥാനമായ സനാ ലോകത്തെ തന്നെ ഏറ്റവും പഴക്കമുള്ള ഇന്നും ജനവാസമുള്ള പട്ടണങ്ങളിലൊന്നാണ്. യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രമാണ് സനാ. 2,500 വര്‍ഷത്തിലേറെയായി സനായില്‍ മനുഷ്യവാസമുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വമായ നിര്‍മിതികളാലും ഈ പൗരാണിക നഗരം സമ്പന്നമാണ്. പഴക്കം ഏറെയുള്ള വെള്ള ചുണ്ണാമ്പുകല്ലുകൊണ്ട് നിര്‍മിച്ച ഒന്നിലേറെ നിലകളുള്ള കെട്ടിടങ്ങള്‍ സനായില്‍ നിരവധിയാണ്. നോഹയുടെ പുത്രനായ ഷെം ആണ് സനാ നഗരത്തിന്റെ പിതാവെന്ന മിത്തും സജീവമാണ്.
അധികം സഞ്ചാരികള്‍ക്ക് അറിയാത്തതാണ് യെമനും കാപ്പിയുമായുള്ള ബന്ധം. കാപ്പിയുടെ ചരിത്രത്തില്‍ തന്നെ പ്രധാന വേഷം യെമനുണ്ട്. ചെങ്കടലിലെ മോച്ച(അല്‍ മക്ക) തുറമുഖം 15 നൂറ്റാണ്ടില്‍ കാപ്പി വ്യാപാരത്തിന്റെ പ്രധാന കണ്ണിയായിരുന്നു. മോച്ച എന്ന പേര് കാപ്പി പ്രേമികള്‍ക്കിടയില്‍ സുപരിചിതമാണ്. പ്രസിദ്ധമായ ചോക്ലേറ്റ് രുചിയുള്ള കാപ്പിയാണ് ഇന്ന് മോച്ച എന്നറിയപ്പെടുന്നത്. യെമനികളുടെ കാപ്പി സംസ്ക്കരണ രീതിയും ലോകപ്രസിദ്ധമാണ്.
യെമനില്‍ മരുഭൂമി മാത്രമല്ല. പശ്ചിമേഷ്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള രാജ്യങ്ങളിലൊന്നാണ് യെമന്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ കൃഷിയും വ്യാപകമാണ്. യെമന്റെ ഭാഗമായ സൊകോട്ര ദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഗാലപ്പഗോസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വിചിത്രമായ ഡ്രാഗണ്‍ ബ്ലഡ് ട്രീ അടക്കം നൂറുകണക്കിന് സസ്യജാലങ്ങള്‍ ഈ ദ്വീപിലുണ്ട്.
സഹസ്രാബ്ദങ്ങളായി സ്വരൂപിച്ചിരിക്കുന്ന പ്രാദേശിക സംസ്ക്കാരം യെമനിലെത്തുന്ന സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. പരമ്പരാഗത വസ്ത്രങ്ങളിലുള്ള യെമനി പൗരന്മാരേയും കാണാനാവും. ജാംബിയ എന്നാണ് ഈ വസ്ത്രത്തിന്റെ പേര്. ജാംബിയ യെമനികളുടെ സാംസ്ക്കാരിക മുഖമുദ്ര മാത്രമല്ല അഭിമാനപ്രതീകവും കൂടിയാണ്.
മനോഹരമായ സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള രാജ്യമെന്നു വിശേഷിപ്പിക്കുമ്പോഴും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി യെമന്‍ അശാന്തമാണെന്ന കാര്യവും മറക്കരുത്. 2014ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധം യെമന്‍ എന്ന രാജ്യത്തെ ടൂറിസം അടക്കം എല്ലാ മേഖലയിലും ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തിന്റെ സംസ്ക്കാരവും ആചാരങ്ങളും നിര്‍മിതികളും പരമ്പരാഗത ഭക്ഷണവും രീതികളുമെല്ലാം സംരക്ഷിക്കാന്‍ വലിയ വിഭാഗം യെമനികള് ശ്രമിക്കുന്നുണ്ട്. സനായും മറ്റൊരു യുനെസ്കോ ലോക പൈതൃക കേന്ദ്രമായ ശിബാമും സംരക്ഷിക്കാന്‍ രാജ്യാന്തര തലത്തിലുള്ള ശ്രമങ്ങളും സജീവമാണ്.