വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം കുറച്ചു; ഇനി ബെർത്ത് എണ്ണത്തിന്റെ 25% മാത്രം

Mail This Article
ന്യൂഡൽഹി ∙ ജനറൽ ക്വോട്ടയിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം റെയിൽവേ പരിമിതപ്പെടുത്തി. ഓരോ ക്ലാസിലും ജനറൽ ക്വോട്ടയിലുള്ള മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 25% ടിക്കറ്റുകളേ വെയ്റ്റ് ലിസ്റ്റിൽ അനുവദിക്കാവു എന്ന നിർദേശം സോണുകൾ നടപ്പാക്കിത്തുടങ്ങി. ബെർത്ത് ലഭിക്കുമോ എന്ന് ഉറപ്പില്ലാതെ ചാർട്ട് വരുന്നതുവരെ കാത്തിരിക്കുന്നത് ഒഴിവാക്കാനാണ് പരിഷ്കാരമെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുമായി യാത്രക്കാർ റിസർവ്ഡ് കോച്ചുകളിൽ പ്രവേശിക്കുന്നതും പ്രയാസം സൃഷ്ടിച്ചിരുന്നു. ജനറൽ ക്വോട്ടയിൽ നൽകുന്ന വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകളിൽ 20–25 ശതമാനത്തിന് ചാർട്ട് വരുമ്പോൾ ബെർത്ത് ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ, ഇനിമുതൽ ജനറൽ ക്വോട്ടയിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റു ലഭിച്ചാൽ ബെർത്ത് ഏതാണ്ട് ഉറപ്പിക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ജനറൽ ഒഴികെ മറ്റു ക്വോട്ടകളിൽ നിലവിലെ രീതിയിൽ ടിക്കറ്റ് നൽകുന്നതു തുടരും. ഹ്രസ്വദൂര യാത്രയ്ക്ക് വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകൾ സീറ്റ് എണ്ണത്തിന്റെ 25 ശതമാനത്തിലേറെ നൽകിയാലും ബെർത്ത് ലഭിക്കാറുണ്ട്. എന്നാൽ, പരിധി കുറച്ചതോടെ കൂടുതൽ ടിക്കറ്റുകൾ നൽകാൻ കഴിയില്ല. 2013 ജനുവരിയിലെ സർക്കുലർ പ്രകാരം ഫസ്റ്റ് എസി കോച്ചുകളിൽ പരമാവധി 30 ബെർത്തുകൾ വരെയും സെക്കൻഡ് എസിയിൽ 100 വരെയും തേഡ് എസിയിൽ 300 വരെയും സ്ലീപ്പറുകളിൽ 400 വരെയും ബെർത്തുകൾ വെയ്റ്റ് ലിസ്റ്റിൽ അനുവദിച്ചിരുന്നു. ഇതാണു ജനറൽ ക്വോട്ടയിൽ ലഭ്യമായ സീറ്റുകളുടെ 25 ശതമാനമായി കുറച്ചത്.