ആധാർ ഇല്ലെങ്കിൽ തൽക്കാൽ ടിക്കറ്റ് ഇല്ല; ജൂലൈ ഒന്നുമുതൽ ട്രെയിൻ യാത്രയിൽ ഇക്കാര്യം ശ്രദ്ധിക്കാം

Mail This Article
തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാക്കി. ഇതു സംബന്ധിച്ച് റെയിൽവേ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. തൽക്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ആധാർ നിർബന്ധമാക്കുന്നതെന്ന് ജൂൺ പത്തിന് പുറപ്പെടുവിച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കുന്നു. ഇക്കാര്യം എല്ലാ സോണുകളെയും അറിയിക്കുകയും ചെയ്തു.
മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ ജൂലൈ ഒന്നുമുതൽ തൽക്കാൽ സ്കീമിന് കീഴിലുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേയുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാണ്. ആധാർ ഉള്ളവർക്ക് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ജൂലൈ 15 മുതലുള്ള ബുക്കിങ്ങുകൾക്ക് ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി സ്ഥിരീകരണവും നിർബന്ധമാക്കും.
അതേസമയം, ടിക്കറ്റ് ബുക്കിങ് പ്രക്രിയ ലളിതമാക്കുന്നതിന് ആധാർ കാർഡ് ഐആർസിടിസി അക്കൗണ്ടുമായി ലിങ്ക് ചെയ്യാനും ആധികാരികമാക്കാനും പ്രോത്സാഹിപ്പിക്കുന്നു. ഇത് ടിക്കറ്റ് ബുക്കിങ് പ്രക്രിയ വളരെ ലളിതമാക്കും. യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാനും സൗകര്യം വർധിപ്പിക്കാനുമാണ് ആധാർ നിർബന്ധമാക്കുന്നത്.
ഐ ആർ സി ടി സി അക്കൗണ്ടിൽ ആധാർ സ്ഥിരീകരിക്കൽ
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിച്ച് ലോഗിൻ ചെയ്യുക. അതിനു ശേഷം 'മൈ അക്കൗണ്ട്' എന്നതിലേക്കു പോയി 'ഓതൻ്റിക്കേറ്റ് യൂസർ' എന്നതു തിരഞ്ഞെടുക്കുക. അതിനു ശേഷം പാൻകാർഡ് നമ്പർ, ആധാർ നമ്പർ എന്നിവ നൽകുക. 'വേരിഫൈ ഡീറ്റയിൽസ്' എന്നതിൽ ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകുക. അതിനുശേഷം 'സബ്മിറ്റ്' എന്നതിൽ ക്ലിക്ക് ചെയ്യുക.
ഐആർസിടിസി അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യൽ
ഐആർസിടിയുടെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക. ലോഗിൻ ചെയ്യുക. 'പ്രൊഫൈൽ ടാബ്' എന്നതിന് താഴെയുള്ള 'ലിങ്ക് ആധാർ' ക്ലിക്ക് ചെയ്യുക. ആധാർ കാർഡിൽ ഉള്ളതു പോലെ പേര് നൽകുക, ഒപ്പം ആധാർ നമ്പരും നൽകുക. ബോക്സ് പരിശോധിച്ച് 'സെൻഡ് ഒടിപി' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ലഭിച്ച ഒടിപി നൽകി 'വേരിഫൈ ഒടിപി' എന്നതിൽ ക്ലിക്ക് ചെയ്യുക. കെവൈസി വിശദാംശങ്ങൾ ആധാറിൽ നിന്ന് എടുക്കും. വേരിഫിക്കേഷൻ പൂർത്തിയാക്കാൻ അപ്ഡേറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക. ആധാർ പരിശോധനയും കെ വൈ സി വിശദാംശങ്ങളുടെ അപ്ഡേറ്റും വിജയകരമായി സ്ഥിരീകരിച്ചതായി ഒരു പോപ് അപ് സന്ദേശം ലഭിക്കും.
ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
ഐആർസിടിസി അക്കൗണ്ടിൽ ആധാർ സ്ഥിരീകരണം പൂർത്തിയാക്കിയിട്ടില്ലെങ്കിൽ അത് പൂർത്തിയാക്കുക. നിങ്ങളുടെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. കാരണം, ഈ നമ്പറിലേക്കാണ് ഒ ടി പികൾ അയയ്ക്കുന്നത്. ആവശ്യമെങ്കിൽ UIDAI ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യുക.