സിംഗിൾ ആണോ റൗണ്ട് ട്രിപ്പ് ആണോ? ; ഫ്ലൈറ്റ് യാത്രയിൽ ഈ ചോദ്യങ്ങൾ നിങ്ങളെ കുഴയ്ക്കാറുണ്ടോ ?

Mail This Article
വിമാനയാത്രയുമായി ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓൺലൈനിലെ ചില ചോദ്യങ്ങൾ കുഴയ്ക്കുന്നതാണ്. ചില ചോദ്യങ്ങൾ ചിലപ്പോഴൊക്കെ തമാശയ്ക്കു തിരി കൊളുത്തുകയും ചെയ്യും. ആദ്യം ഉന്നയിക്കുന്ന ചോദ്യമായിരിക്കും സിംഗിൾ(വൺ വേ) ആണോ റൗണ്ട് ആണോ എന്നത്. സിംഗിൾ പസങ്കെ എല്ലാം ഇടംവലം നോക്കാതെ 'സിംഗിൾ ആണ് ചേച്ചിയേ' എന്ന മറുപടിയും കൊടുക്കും...!
വിമാനയാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യാൻ ചെല്ലുമ്പോൾ കേൾക്കുന്ന ആദ്യത്തെ ചോദ്യം സിംഗിൾ ആണോ റൗണ്ട് ആണോ എന്നതാണ്. സിംഗിൾ എന്നു പറഞ്ഞാൽ ഒരു സ്ഥലത്ത് നിന്നു മറ്റൊരു സ്ഥലത്തേക്കു പോകുന്നതിനും മടങ്ങി വരാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാതിരിക്കുന്നതിനുമാണ്. റൗണ്ട് എന്നു പറഞ്ഞാൽ, ഒരു സ്ഥലത്തു നിന്ന് അടുത്ത സ്ഥലത്തേക്ക് പോയി അവിടെ നിന്നു മടങ്ങി വരാനുള്ള ടിക്കറ്റ് കൂടി ബുക്ക് ചെയ്യുന്നതിനാണ്. ആള് സിംഗിൾ ആണോ എന്നല്ല ചോദ്യമെന്നു മനസ്സിലായില്ലേ?
വിമാനത്താവളത്തിൽ കേൾക്കേണ്ടി വരുന്ന അടുത്ത ചോദ്യമാണ് വിൻഡോ സീറ്റ് ആണോ അല്ലെങ്കിൽ ഐൽ (Aisle) ആണോ എന്നത്. വിൻഡോ സീറ്റ് കേൾക്കുന്നവർക്ക് കാര്യം പെട്ടെന്ന് മനസ്സിലാകും. പക്ഷേ, എന്താണ് ഈ ഐൽ. ഇടനാഴി അഥവാ നടന്നു പോകുന്ന സ്ഥലത്തിന് അടുത്തുള്ള സീറ്റാണ് ഐൽ എന്നറിയപ്പെടുന്നത്. ചിലർക്ക് വിൻഡോ സീറ്റിനേക്കാൾ പ്രിയം ഈ സീറ്റിനോടാണ്.
'വേർ ആർ യു ഫ്ലൈയിങ് ടു' എന്ന ചോദ്യത്തിന് ആകാശത്ത് കൂടിയല്ലേ എന്നൊന്നും ചോദിച്ചു കളയരുത്. എവിടേക്കാണ് പോകേണ്ടത് എന്നാണ് ആ ചോദ്യം കൊണ്ട് അർഥമാക്കുന്നത്. അതുകൊണ്ടു തന്നെ, എവിടേക്കാണ് പോകാൻ ഉദ്ദേശിക്കുന്നത്, ആ സ്ഥലത്തിന്റെ പേര് വേണം പറയാൻ.
വിദേശത്തേക്കാണ് യാത്രയെങ്കിൽ പോകുന്നതിന്റെ ഉദ്ദേശം എന്താണെന്നും താമസം എവിടെയാണെന്നും തിരിച്ച് എന്നാണ് വരുന്നത് എന്നുമെല്ലാം ഇമ്മിഗ്രേഷനിൽ നിന്ന് ചോദിക്കും. ക്ഷമയോടെ എല്ലാത്തിനും കൃത്യമായി ഉത്തരം നൽകാൻ ശ്രദ്ധിക്കുക. തഗ് അടിച്ച് മാസ് ആകാൻ നോക്കിയാൽ ഫ്ലൈറ്റ് പൊങ്ങിയാലും ചിലപ്പോൾ ബോർഡിങ് ഗേറ്റ് കടക്കാൻ പറ്റിയെന്നു വരില്ല. അതുകൊണ്ട് യാത്രയ്ക്കായി വിമാനത്താവളത്തിൽ എത്തുമ്പോൾ അൽപം കരുതലോടെ പെരുമാറുന്നത് നല്ലതായിരിക്കും.