മലരിക്കലിലെ ആമ്പൽപ്പൂക്കൾ കാണാൻ സമയമായോ? സീസൺ തുടങ്ങിയോ?

Mail This Article
കോട്ടയം ജില്ലയിലെ മലരിക്കൽ ഇപ്പോൾ ആമ്പൽപൂക്കളുണ്ടോ? അവിടെത്തിയാൽ പൂക്കൾ കാണാൻ പറ്റുമോ? മലരിക്കലിൽ നിന്നുള്ള ആമ്പൽപൂക്കളുടെ റീലുകൾ സമൂഹമാധ്യമങ്ങളിൽ കാണുന്നുണ്ടല്ലോ? ആമ്പൽ വസന്തത്തിലേക്കു മലരിക്കൽ ചുവടുവച്ചു കഴിഞ്ഞു. കൊയ്ത്ത് കഴിഞ്ഞ് വെള്ളം കയറ്റിയതോടെ മലരിക്കലിൽ ആമ്പൽ വിരിഞ്ഞു തുടങ്ങി. 1800 ഏക്കറുള്ള ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തിന്റെ മലരിക്കൽ ഭാഗത്തും. 820 ഏക്കറുള്ള തിരുവായിക്കരി പാടത്തുമാണ് ആമ്പൽ വിരിയുന്നത്. ഇപ്പോൾ തിരുവായ്ക്കരി ഭാഗത്താണു കൂടുതൽ ആമ്പൽക്കാഴ്ചയുള്ളത്. വളളത്തിൽ അരമുക്കാൽ മണിക്കൂർ യാത്ര ചെയ്താലേ അവിടെ എത്താൻ പറ്റുകയുള്ളു, ഒരു മണിക്കൂർ യാത്രയ്ക്ക് 1000 രൂപയാണ്. തിരക്കില്ലാതെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് പോകാം. അതിരാവിലെ തന്നെ ഇവിടെ എത്താൻ ശ്രദ്ധിക്കണം. മഴക്കാലമായതുകൊണ്ട് കുട/റെയിൻ കോട്ട് എന്നിവ കരുതണം.
മലരിക്കലേക്ക് പ്രവേശിക്കുമ്പോൾ റോഡ് സൈഡിൽ വലതു വശത്തുള്ള പാടത്തിൽ പൂക്കൾ വിരിഞ്ഞിട്ടില്ല, ഇവിടെ എത്തുന്നുവർ പലരും പറിച്ചു വച്ചിരിക്കുന്ന പൂക്കൾ കണ്ട് വള്ളത്തിൽ കയറി നിരാശരാകാറുണ്ട്. (റോഡ് സൈഡിലാണ് ഈ പാടം. അവിടം മുഴുവൻ പൂവിട്ടു കിടക്കുന്നതാണ് സീസൺ സമയത്ത് സഞ്ചാരികൾ കണ്ടുകൊണ്ടിരുന്നത്. അത് ജെ ബ്ലോക്ക് ഒൻപതിനായിരം പാടമാണ്. അവിടെ ഇപ്പോൾ ആമ്പൽ പൂക്കൾ ആയിട്ടില്ല). പൂക്കൾ കാണാൻ റോഡ് അവസാനിക്കുന്നിടത്താണ് എത്തേണ്ടത്.
അതിന്റെ എതിർവശത്ത് പൂക്കളുണ്ട്, ആ പാടത്തിന്റെ പടിഞ്ഞാറേ അറ്റത്താണ്, കുറേ ദൂരം വള്ളത്തിൽ പോയാലേ കാണാൻ പറ്റൂ. ഇപ്പോൾ ഉള്ളത് ഈ റോഡ് തീരുന്നിടത്ത് ചെന്നു കഴിഞ്ഞാൽ അവിടെയുളള 650 ഏക്കറാണ് തിരുവായ്ക്കരി പാടശേഖരം എന്നു പറയുന്നത്. തിരുവായ്ക്കരി പാടശേഖരത്തിൽ ഇപ്പോൾ പൂക്കളുണ്ട്.

ശ്രദ്ധിക്കുക
∙ മഴക്കാലത്തിനു ശേഷം ജൂലൈ – ഓഗസ്റ്റോടെയാണ് മലരിക്കലിൽ ആമ്പൽ സീസൺ ആരംഭിക്കുന്നത്. ഒക്ടോബറിൽ കൃഷി സീസൺ ആരംഭിക്കുന്നതോടെ പാടത്തെ വെള്ളം വറ്റിച്ച് നെല്ല് വിതയ്ക്കും.
∙ നിലവിൽ കാഴ്ചക്കാർ എത്തുന്നതിന് അനുസരിച്ച് വള്ളക്കാർ എത്തുന്നുണ്ട്. വള്ളത്തിന്റെ നിരക്ക് അടക്കമുള്ളവ സീസൺ സമയമാകുമ്പോഴേക്കും പ്രഖ്യാപിക്കുമെന്ന് അധികൃതർ പറഞ്ഞു.
∙ മഴക്കാലമായതിനാൽ പാടശേഖരത്തിൽ വെള്ളം ഉയർന്നു. മഴ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രം പാടശേഖരത്തിലേക്ക് ഇറങ്ങുക.എത്താനുള്ള മാർഗംകുമരകം, കോട്ടയം ഭാഗത്തുനിന്നുള്ളവർ ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ പ്രവേശിച്ച് കാഞ്ഞിരം ജംക്‌ഷനിൽ എത്തി അവിടെനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ മലരിക്കൽ എത്താം. അവിടെനിന്നു മുന്നോട്ടുപോയാൽ തിരുവായ്ക്കരി പാടത്തും എത്താം.