ഭൂമിയിൽ നിന്ന് മാത്രമല്ല, ആകാശത്തു നിന്നും സഞ്ചാരികളെ ആകർഷിച്ച് ചെനാബ് പാലം

Mail This Article
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം ജൂൺ ആറിന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചത്. ഇപ്പോൾ ഭൂമിയിൽ നിന്ന് മാത്രമല്ല ആകാശത്ത് നിന്നും സഞ്ചാരികളെ ആകർഷിക്കുകയാണ് ചെനാബ് പാലം. ശ്രീനഗറിലെ മനോഹരമായ താഴ്വരകൾക്ക് മുകളിലൂടെ വിമാനത്തിൽ പറക്കുമ്പോൾ യാത്രക്കാരെ കാത്തിരിക്കുകയാണ് ഈ ലോകാദ്ഭുതം. ചെനാബ് പാലത്തിനു മുകളിലൂടെ പറക്കുമ്പോൾ പൈലറ്റുമാർ പ്രത്യേകം അറിയിപ്പുകൾ നൽകാറുണ്ടെന്ന് റെയിൽവേ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
എല്ലാ തരത്തിലുമുള്ള ഉയരങ്ങളിലും നിന്ന് ചെനാബ് പാലം പ്രശംസ ഏറ്റുവാങ്ങുന്നു. ഭൂമിയിൽ നിന്ന് ഉയർന്ന അഭിമാനം മേഘങ്ങളിലൂടെ പ്രതിധ്വനിക്കുകയാണെന്നും റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി എക്സിക്യുട്ടിവ് ഡയറക്ടർ ദിലിപ് കുമാർ പറഞ്ഞു.
ജമ്മു കശ്മീരിലെ മനോഹരമായ താഴ്വരകളിലൂടെ കടന്നു പോകുന്ന ഓരോ വിമാനവും സവിശേഷമായ നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ചെനാബ് താഴ്വരയ്ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോൾ, - നിങ്ങൾക്ക് താഴെ ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ആർച്ച് പാലമാണ്, ചെനാബ് പാലം - എന്ന് പൈലറ്റുമാർ അറിയിപ്പ് കൊടുക്കുന്നുണ്ട്. അറിയിപ്പ് ലഭിക്കുന്ന യാത്രക്കാർ ജനാലയ്ക്ക് അരികിലേക്ക് എത്തി മനോഹരമായ ചെനാബ് പാലത്തിന്റെ ഫോട്ടോകളും വിഡിയോകളും ചിത്രീകരിക്കുന്നു.
അതേസമയം, ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ആർച്ച് പാലമായ ചെനാബ് പാലം ഇതിനകം സഞ്ചാരികളുട ഹൃദയം കീഴടക്കി കഴിഞ്ഞു. ദൂരസ്ഥലങ്ങളിൽ നിന്നു പോലും നിരവധി സഞ്ചാരികളാണ് ചെനാബ് പാലം കാണാനായി എത്തുന്നത്.
ചരിത്രം സൃഷ്ടിച്ച ചെനാബ് പാലം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് പാലം ഉധംപൂർ - ശ്രീനഗർ - ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമാണ്. ചെനാബ് നദിക്ക് മുകളിലായി 359 മീറ്റർ ഉയരത്തിലാണ് ഈ പാലം. 1,315 മീറ്റർ നീളമാണ് ഈ പാലത്തിനുള്ളത്. കുത്തബ് മിനാറിനേക്കാൾ അഞ്ചിരട്ടി ഉയരവും ഈഫർ ടവറിനേക്കാൾ 35 മീറ്റർ ഉയരവുമുണ്ട് ചെനാബ് പാലത്തിന്.