വിമാനത്തിലെ ഇടനാഴി ബ്ലോക്ക് ചെയ്ത് ചീട്ടുകളി; വിവാദമായി ഒരു ‘വൈറൽ’ വിഡിയോ

Mail This Article
ചില സമയങ്ങളിൽ നമ്മൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാറേ ഇല്ല. അത്തരം പെരുമാറ്റത്തിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ. വിമാനത്തിലെ ഇടനാഴി കുറച്ചു പേർ ചീട്ടു കളിക്കാനുള്ള സ്ഥലമാക്കി മാറ്റി. ഇടനാഴിക്ക് ഇരുവശത്തുമുള്ള സീറ്റുകളിലായി ഒരു ഷാൾ കെട്ടി അതിലാണ് ചീട്ടു കളി തകൃതിയായി നടന്നത്. ഏതായാലും വിഡിയോ വൈറലായതോടെ ഇവർക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും അണപൊട്ടി.
സഹയാത്രികരോട് യാതൊരു പരിഗണനയും ഇല്ലാതെയാണ് ഇവർ ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രധാന വിമർശനം. ഇടനാഴിക്ക് ഇരുവശത്തുമായുള്ള നാലു സീറ്റുകളിലായി ഒരു ഷാൾ കെട്ടിയാണ് ചീട്ട് കളിക്കാനുള്ള പ്രതലം തയാറാക്കിയത്. സഹയാത്രികരിൽ ചിലർ ചീട്ട് കളിയുടെ വിഡിയോ മൊബൈലിൽ പകർത്തുന്നുണ്ട്. ഇടനാഴിയിലൂടെയുള്ള യാത്ര തടസ്സപ്പെടുത്തി കൊണ്ടുള്ള ഇവരുടെ ചീട്ടുകളി പൗരബോധം തീരെ ഇല്ലാത്തതിനാലാണെന്ന് നിരവധി പേർ കമൻ്റ് ചെയ്തു.
മറ്റുള്ള യാത്രക്കാരോട് എത്ര പരിഗണനയില്ലാതെയാണ് ഇവർ പെരുമാറുന്നതെന്നാണ് ഒരാൾ ചോദിച്ചത്. ഏതെങ്കിലും യാത്രക്കാർക്ക് ശുചിമുറി ഉപയോഗിക്കേണ്ടി വന്നാൽ എന്തു ചെയ്യുമെന്നും നെറ്റിസൺസ് ചോദിക്കുന്നു. അതേസമയം, ഇടനാഴിയിലൂടെയുള്ള സഞ്ചാരത്തെ ഇത് തടസ്സപ്പെടുത്തുന്നത് മാത്രമല്ല വിമാന യാത്രയുടെ സുരക്ഷയെയും വിമാനയാത്രയ്ക്കിടയിൽ പാലിക്കേണ്ട മര്യാദയെക്കുറിച്ചുമെല്ലാം ഈ വിഡിയോ ചോദ്യം ഉയർത്തുന്നു. ഇത്തരം സംഭവങ്ങളിൽ കർശന നടപടി എടുക്കണമെന്നാണ് മിക്കവരുടെയും ആവശ്യം.
വിമാനയാത്രയിൽ വിരസത അകറ്റാൻ നിരവധി മാർഗങ്ങളുണ്ട്. ഒരിക്കലും മറ്റ് യാത്രക്കാരുടെ സുഗമമായ യാത്രയെ തടസ്സപ്പെടുത്തി കൊണ്ടായിരിക്കരുത് ആ വിരസത അകറ്റൽ. എന്തൊക്കെയാണ് വിമാനത്തിൽ വിരസത അകറ്റാൻ ചെയ്യാവുന്ന കാര്യങ്ങളെന്ന് നോക്കാം.
വിനോദത്തിനായി സമയം
വിമാനത്തിലേക്ക് കയറുന്നതിന് മുമ്പ് തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇഷ്ടമുള്ള സിനിമയോ ടിവി ഷോയോ ഡൗൺലോഡ് ചെയ്യുക. ഇൻ - ഫ്ലൈറ്റ് എൻ്റർടയിൻമെൻ്റ് ലഭ്യമാണെങ്കിൽ അത് ഉപയോഗിക്കാവുന്നതാണ്. സിനിമ കാണാൻ ഇഷ്ടമില്ലെങ്കിൽ പാട്ട് കേൾക്കുകയോ പോഡ് കാസ്റ്റ് കേൾക്കുകയോ ചെയ്യാം. കഥ കേൾക്കാൻ ഇഷ്ടമുള്ളവരാണെങ്കിൽ സ്റ്റോറിടെൽ പോലുള്ള ഓഡിയോ ബുക്കുകൾ ഉപയോഗിക്കാവുന്നതാണ്.
ഡിജിറ്റലായി സമയം കളയാം
ഓഫ് ലൈൻ ഗെയിമുകൾ കളിക്കുന്നത് മികച്ച രീതിയിൽ സമയം ഉപയോഗപ്പെടുത്താൻ സഹായിക്കും. വൈഫൈ ഉപയോഗിക്കാതെ ഓഫ് ലൈനായി കളിക്കാൻ കഴിയുന്ന സുഡോകു, ചെസ്സ്, പസിൽസ്, സ്റ്റോറി ബേസ്ഡ് ഗെയിംസ് എന്നിവ പരീക്ഷിക്കാവുന്നതാണ്. ഇൻസ്റ്റഗ്രാമിൽ സേവ് ചെയ്തു വച്ചിരിക്കുന്ന റീലുകളും മീമുകളും ഫോട്ടോകളും ഒക്കെ വെറുതെ ഒന്ന് പരിശോധിക്കാവുന്നതാണ്. ഫോട്ടോ ഗാലറിയിലെ അനാവശ്യ ഫോട്ടോകൾ നീക്കം ചെയ്യാനും ഈ സമയം ഉപയോഗിക്കാം.
അറിവ് വളരാൻ
വായന ഇഷ്ടമുള്ളവരാണെങ്കിൽ ഇഷ്ടമുള്ള ബുക്ക് യാത്രയ്ക്ക് തയ്യാറാകുമ്പോൾ തന്നെ കരുതി വയ്ക്കുക. ഇ- ബുക്ക് ഇഷ്ടമുള്ളവർക്ക് അത് വായിക്കാവുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും യാത്രാസമയം വിനിയോഗിക്കാം. പുതിയ ഭാഷ പഠിക്കാൻ ഡുലിങ്കോ, ഫിക്ഷൻ ഇതര പുസ്തകങ്ങളുടെ ചെറിയ സംഗ്രഹങ്ങൾ കേൾക്കാൻ ബ്ലിൻകിസ്റ്റ്, നോൺഫിക്ഷൻ പ്രിയർക്ക് കിൻഡിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. യുഡെമി, കോഴ്സെറ പോലുള്ള ആപ്പുകളിൽ നിന്ന് ഇഷ്ടമുള്ള പാഠങ്ങൾ പഠിക്കാനും ഈ സമയം വിനിയോഗിക്കാം.
സമയം ക്രിയേറ്റീവ് ആക്കാം
എഴുത്ത് പ്രിയമുള്ളവരും എഴുതാൻ ഇഷ്ടമുള്ളവരും ആണെങ്കിൽ ഈ സമയം അതിനായി വിനിയോഗിക്കാം. മനസ്സിൽ തോന്നുന്ന ചിന്തകൾ അതേപടി പകർത്തിയെഴുതാം. സ്കെച്ച് ചെയ്യാൻ ഇഷ്ടമുള്ളവർ ആണെങ്കിൽ അതിനുള്ള സ്കെച്ച് പാഡ്, കളറിങ് ബുക്ക് എന്നിവ കൈയിൽ കരുതാം. അടുത്ത യാത്രയെക്കുറിച്ച് ആസൂത്രണം ചെയ്യാൻ പറ്റിയ സമയം കൂടിയാണ് ഇത്.
റിലാക്സ് ചെയ്യാം
ധ്യാനം ചെയ്യാൻ പ്രിയമുള്ളവരാണെങ്കിൽ അതിനു വേണ്ടി ഈ സമയം ചെലവഴിക്കാം. മനസ്സിനെ ശാന്തമാക്കാൻ ചെറിയ ധ്യാനമോ ശ്വസനനിയന്ത്രണമോ പരീക്ഷിക്കാം. നന്നായി ഒന്ന് ഉറങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനും അവസരമുണ്ട്. നെക് പില്ലോ, ഐ മാസ്ക്, നോയിസ് കാൻസലിങ് ഹെഡ്ഫോൺ എന്നിവ കരുതാവുന്നതാണ്.