'നവാബുമാരുടെ നഗരം'; 'ക്രിയേറ്റിവ് സിറ്റി ഓഫ് ഗാസ്ട്രോണമി' പട്ടികയിൽ ഇടം നേടുമോ ?

Mail This Article
സഞ്ചാര പ്രിയരിൽ മിക്കവരും ഭക്ഷണപ്രിയർ കൂടി ആയിരിക്കും. ഒരു നല്ല ചായ കിട്ടുന്ന സ്ഥലം തേടി മണിക്കൂറുകൾ വണ്ടി ഓടിച്ച് പോകാൻ ഒരു മടിയുമില്ലാത്തവർ ആയിരിക്കും. അത്തരക്കാർക്ക് ഇതാ ഒരു പുതിയ സ്ഥലം എത്തിയിരിക്കുന്നു. ഉത്തർപ്രദേശിലെ ലക്നൗ ആണ് ആ സ്ഥലം. യുനെസ്കോയുടെ ക്രിയേറ്റീവ് സിറ്റി നെറ്റ് വർക്കിൽ 'സിറ്റി ഓഫ് ഗാസ്ട്രോണമി' വിഭാഗത്തിലേക്കാണ് ലക്നൗ നഗരത്തിന്റെ പേര് ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയം ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തത്.
സമ്പന്നമായ അവാധി പൈതൃകം
'നവാബുമാരുടെ നഗരം' എന്നാണ് ലക്നൗ നഗരം അറിയപ്പെടുന്നത്. 18, 19 നൂറ്റാണ്ടുകളിൽ അവാദ് നവാബുകൾ ആയിരുന്നു അവാദ് രാജ്യം ഭരിച്ചിരുന്നത്. അവാദ് രാജ്യത്തിന്റെ തലസ്ഥാനം ആയിരുന്നു ലക്നൗ. ഭരണാധികാരികൾ എന്നതിലുപരി കല, സംസ്കാരം, പാചകരീതി, കവിത എന്നിവയുടെയെല്ലാം സംരക്ഷകർ കൂടിയായിരുന്നു നവാബുകൾ. ലക്നൗവിന്റെ പാചകരീതി വളരെ സാവധാനം പാചകം ചെയ്യുന്ന രീതിയാണ്. മുഗൾ കാലഘട്ടത്തിലെ രാജകീയ പാചക രീതികളും ഇതിൽ ഉൾപ്പെടുന്നു.
ജനപ്രീതിയാർജിച്ച വിഭവങ്ങൾ
സസ്യേതര ആഹാരങ്ങളിൽ പ്രധാനപ്പെട്ടത് ടണ്ടേ - കകോരി കബാബുകൾ, ഗലൗട്ടി, നിഹാരി, അവാദി ബിരിയാണി എന്നിങ്ങനെ നിരവധി വിഭവങ്ങളുണ്ട്. സസ്യാഹാര പ്രിയർക്കും മധുരപ്രിയർക്കുമായി ബാജ്പെ കെ പൂരി, മോത്തിച്ചുർ ലഡ്ഡു, ജിലേബി, ഇമാർത്തി, ഷീർമൽ, വാർഖി പറാത്ത എന്നിങ്ങനെ നിരവധി വിഭവങ്ങളുണ്ട്.
അതേസമയം, നഗരത്തെ 'സിറ്റി ഓഫ് ഗാസ്ട്രോണമി' വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത് വരേണ്യ അല്ലെങ്കിൽ രാജകീയ പാചകരീതിയെ മാത്രം ചൂണ്ടിക്കാണിച്ചല്ല. ബ്രാഹ്മണർ, ബനിയകൾ, കയാസ്തകൾ, ഖത്രിമാർ, തൊഴിലാളിവർഗം എന്നീ വിവിധ സമൂഹങ്ങളിൽ നിന്നുള്ള ഭക്ഷണ പാരമ്പര്യങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഇതിലൂടെ ഊർജ്ജസ്വലവും വൈവിധ്യപൂർണവുമായ ഒരു ഭക്ഷണസംസ്കാരത്തെ എടുത്തുകാട്ടുകയാണ്.
ജൂൺ അവസാനത്തോടെ വിവരങ്ങൾ സമർപ്പിച്ച് കഴിഞ്ഞാൽ യുനെസ്കോയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഔദ്യോഗിക പരിശോധനയ്ക്കായി എത്തും. നാമനിർദ്ദേശത്തിൽ ലക്നൗ വിജയിക്കുകയാണെങ്കിൽ ഹൈദരാബാദിന് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ 'സിറ്റി ഓഫ് ഗാസ്ട്രോണമി' നഗരമായിരിക്കും ഇത്. ആഗോളതലത്തിൽ ആൽബ (ഇറ്റലി), അരെക്വിപ (പെറു), ബെർഗൻ (നോർവേ) എന്നീ നഗരങ്ങൾക്കൊപ്പം ലക്നൗവും ഇടം പിടിക്കും. വിനോദസഞ്ചാര മേഖലയിലും ഇതൊരു പുത്തൻ വഴിത്തിരിവ് ആയി മാറും