സാൻറയുടെ നാട്ടിലെ ക്രിസ്മസ് ആഘോഷം

ടാനിയ, ലിസ, റോഷൻ, ജോൺ, റയാൻ
SHARE

നവംബർ മാസത്തിന്റെ അവസാന ദിവസം ഇവിടെ വീടുകളിൽ പുതിയ കലണ്ടർ തൂക്കും. ക്രിസ്മസ് കലണ്ടർ എന്നാണതിന്റെ പേര്. തണുപ്പും ചുവപ്പും നിറച്ച് ഫിൻലൻഡിൽ ക്രിസ്മസ് എത്തുന്നത് ഈ കലണ്ടറിന്റെ താളുകൾ മറിയുന്ന വേഗത്തിലാണ്. ഓരോ തീയതിയും ഓരോ രഹസ്യമാണ്. അത് തുറക്കേണ്ടത് വീട്ടിലെ കുട്ടികളുടെ ജോലിയും. പകരമായി കുഞ്ഞുസമ്മാനങ്ങൾ ഓരോന്നിലുമുണ്ടാകും...’’

എട്ടുവർഷമായി ഫിൻലൻഡിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ലിസ കോശിയും ഭർത്താവ് കണ്ണൂരുകാരൻ ജോൺ പി. മാത്യൂസും ക്രിസ്മസ് വിശേഷങ്ങൾ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. ‘‘സമ്മാനങ്ങൾക്കായി ഓരോ ദിവസവും കാത്തിരിക്കാൻ ഇളയ മകൻ റയാന് വലിയ മടിയാണ്. ക്രിസ്മസ് എത്തും മുമ്പേ അവൻ സമ്മാനങ്ങള്‍ െെകക്കലാക്കും. പിന്നെ, കാത്തിരിപ്പാണ്, ക്രിസ്മസ് ദിവസത്തിന്റെ വലിയ മധുരവും സന്തോഷവും നുണയാൻ... അതാണ് ഓരോ ക്രിസ്മസും ഇത്രമാത്രം പുതുമയുള്ളതാകാൻ കാരണം. 2007 നവംബറിലാണ് നോക്കിയയിലെ ജോലിയുമായി ബന്ധപ്പെട്ട് ജോൺ ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിലെത്തിയത്.’’ ലിസ ഒാര്‍ക്കുന്നു.

സമ്മാനങ്ങളുടെ ക്രിസ്മസ് കലണ്ടർ
സമ്മാനങ്ങളുടെ ക്രിസ്മസ് കലണ്ടർ

‘‘അന്നു മുതൽ എന്നെ പറഞ്ഞു മോഹിപ്പിക്കാൻ തുടങ്ങിയിരുന്നു, ഈ നാടിന്റെ ഭംഗിയെക്കുറിച്ച്. മഞ്ഞിനെ കുറിച്ചാണ് ഏറ്റവുമധികം പറഞ്ഞിരുന്നത്, ഫോട്ടോകൾ കണ്ടിരുന്നെങ്കിലും ഇവിടെ വന്നപ്പോഴാണ് മഞ്ഞുകാലത്തിന്റെ തീവ്രത മനസ്സിലായത്. നവംബറെത്തുന്നതു വെളുത്ത് പാറിവരുന്ന മഞ്ഞിനൊപ്പമാണ്. ആദ്യം ക്രിസ്ത്യൻ വധുവിന്റെ വെളുത്തു നേർത്ത ശിരോവസ്ത്രം പോലെ. ഓരോ ദിവസം കഴിയും തോറും അതിനു കനം കൂടിക്കൂടി വരും. മഞ്ഞുകാലം ശക്തി പ്രാപിച്ചാൽ പിന്നെ രക്ഷയില്ല.

Santa
Santa

ഡിസംബറിൽ ചില ദിവസങ്ങളിൽ സൂര്യൻ ഉദിച്ചോ എന്നു തന്നെ സംശയം തോന്നും. രാവിലെ ഒമ്പതെങ്കിലുമാകണം അൽപം വെളിച്ചം വരാൻ. വൈകിട്ട് മൂന്നാകുമ്പോഴേക്കും ഇരുട്ടുവീഴും. വടക്കൻ ഫിൻല ൻഡിൽ സൂര്യൻ ഉദിക്കാത്ത ദിവസം പോലും ഡിസംബർ മാസത്തിലുണ്ടത്രേ. വീടിനകത്ത് ഇന്റേണൽ ഹീറ്റിങ് സിസ്റ്റമുണ്ട്. പക്ഷേ, പുറത്തിറങ്ങുമ്പോൾ നാലഞ്ച് സ്വറ്ററും ജാക്കറ്റും ഗ്ലൗസും ഇടണം. 2010ൽ ആയിരുന്നു ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ തണുപ്പ്. അന്ന് മൈനസ് 16 ഡിഗ്രി വരെ താപനില താഴ്ന്നു.‍ ഇവിടെ മഞ്ഞില്ലാത്തത് ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ്. അപ്പോൾ 22 ഡിഗ്രി വരെ താപനില ഉയരും. ഹെൽസിങ്കിക്ക് അടുത്തുള്ള എസ്പായിലാണ് ഞങ്ങൾ താമസിക്കുന്നത്. ഹെൽസിങ്കിയിലേക്ക് 13 മിനിറ്റുകൊണ്ട് ലോക്കൽ ട്രെയിനിലെത്താം.’’ ലിസ പറയുന്നു.

താരവൃന്ദം നിരന്നൂ...

ക്രിസ്മസ് പപ്പായുടെ നാടായതു കൊണ്ടാകും ഫിൻലൻഡുകാരുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് അൽപം തിളക്കം കൂടുതലാണ്. വൈദ്യുത ദീപങ്ങളോട് ഇവർക്ക് അത്ര പ്രിയമില്ല. നവംബർ അവസാനം മുതൽ തന്നെ ദീപങ്ങളും ചെരാതുകളും കത്തിച്ചു വച്ച് വീടുകൾ അലങ്കരിക്കും. ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങിയാൽ ഫിൻലൻഡുകാരന്റെ വീട് കൃത്യമായി തി രിച്ചറിയാം. ജനാലയ്ക്കൽ അഞ്ച് മെഴുകുതിരികൾ കത്തിച്ചു വച്ചിട്ടുണ്ടാകും. വീടിന്റെ ആകൃതിയെ ഓർമിപ്പിച്ച് ഏറ്റവും ഉയരമുള്ള മെഴുകുതിരി നടുക്ക്. ഉയരം കുറഞ്ഞു വരുന്ന തരത്തിൽ ഇരുവശത്തും രണ്ടെണ്ണം വീതം.

ഡിസംബറിലെ മഞ്ഞുപുതച്ച ഹെൽസങ്കി നഗരം
ഡിസംബറിലെ മഞ്ഞുപുതച്ച ഹെൽസങ്കി നഗരം

ഈ രീതി പിന്തുടരുന്നതിനു പിന്നിൽ ഒരു കഥയുണ്ട്. സ്വീഡന്റെ ഭാഗമായിരുന്ന ഫിൻലൻഡിനെ പണ്ട് റഷ്യ ആക്രമിച്ചു കീഴടക്കി. നായാട്ടിലും കൃഷിയിലും താൽപര്യമുണ്ടായിരുന്ന ഫിൻലൻഡുകാർക്ക് യുദ്ധപാരമ്പര്യമില്ലായിരുന്നു. റഷ്യയുടെ അധീനതയിലായിരുന്ന സമയത്ത് തങ്ങളുടെ വീട് തിരിച്ചറിയാനായി ഫിൻലൻഡുകാർ ചെയ്ത ബുദ്ധിയാണ് ജനാലപ്പടിയിൽ മെഴുകുതിരികൾ കത്തിച്ചുവയ്ക്കുക എന്നത്. ഇത് ആചാരം പോലെ ഇപ്പോഴും തുടരുന്നു. കൃത്രിമമായ അലങ്കാരങ്ങളോട് ഫിൻലൻഡുകാർക്ക് അത്ര പ്രിയം പോരാ. സ്വന്തമായി തയാറാക്കുന്ന തോരണങ്ങളും പ്രത്യേകതരം തൊങ്ങലുകളുമാണ് വീട് അലങ്കരിക്കാൻ അവർ ഉപയോഗിക്കുന്നത്. സ്വന്തം പറമ്പിൽ വളർത്തുന്ന ക്രിസ്മസ് ട്രീ വെട്ടിയെടുത്ത് അലങ്കരിച്ച് വീടിനു മുന്നിൽ വയ്ക്കും. ചെറിയ വീടുകളിലും ഫ്ലാറ്റുകളിലും മാത്രമേ കൃത്രിമമരങ്ങള്‍ അലങ്കരിച്ചു വയ്ക്കാറുള്ളൂ.

തിരുസുതൻ ജാതനായ്...


‘‘ക്രിസ്മസ് പിറന്നാൽ ഫിന്നിഷുകാരായ കുട്ടികളും മുത്തശ്ശിമാരും ജിഞ്ചർബ്രഡ് വീടൊരുക്കാനുള്ള തിരക്കിലാകും. കേക്ക് തയാറാക്കി വീടിന്റെ വിവിധ ഭാഗങ്ങളുടെ ഷേപ്പിൽ മുറിച്ചെടുത്ത് സെറ്റ് ചെയ്താണ് ജിഞ്ചർബ്രഡ് വീടൊരുക്കുന്നത്. ആഘോഷങ്ങൾ അവസാനിക്കുമ്പോഴേക്കും ഇത് കുട്ടിക്കുറുമ്പുകളുടെ വയറ്റിലെത്തിയിരിക്കും. കൺനിറയെ വിഭവങ്ങൾ നിറച്ചാണ് ഫിന്നിഷുകാർ ക്രിസ്മസിന് തീൻമേശയൊരുക്കുന്നത്. വൈകിയാകും മിക്കവാറും പ്രാതൽ കഴിക്കുക.

ക്രിസ്മസ് ട്രീ ഫാം
ക്രിസ്മസ് ട്രീ ഫാം

പഞ്ചസാരയും പാലും ചേർത്ത് വേവിച്ചെടുത്ത് നാട്ടിലെ അരിപ്പായസം പോലുള്ള ചൂടൻ ഐറ്റമാണ് ഫിന്നി ഷുകാരുടെ പ്രധാന പ്രാതൽ വിഭവം. ബദാമും മുന്തിരിയും ചേർത്ത് രുചികൂട്ടിയെടുത്ത ഇത് കഴിക്കാൻ കുട്ടികൾ മത്സരിക്കും. ആർക്കാണ് ഏറ്റവും കൂടുതൽ ബദാം കിട്ടിയതെന്നാകും അവരുടെ മത്സരം. പരമ്പരാഗതമായ ക്രിസ്മസ് അപ്പവും (റൈ ബ്രഡും) ജ്യൂസും ടർക്കിയുമെല്ലാം ഒരുക്കും.

Stamp

ക്രിസ്മസ് രാത്രിയിലെ അത്താഴമാണ് ഇവിടുത്തുകാർക്ക് പ്രധാനം. പ്രാർഥനയോടെയാണ് ഇത് ആരംഭിക്കുക. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗം വീട്ടിലെ ഏറ്റവും മുതിർന്ന അംഗം വായിക്കും. പ്രത്യേകമായി തയാറാക്കിയ ഹാം (പരമ്പരാഗത വിഭവം) മുറിച്ച് എല്ലാവരും കഴിക്കും. വീടുകളിൽ തന്നെ തയാറാക്കിയ ഉണങ്ങിയ സാൽമൺ മത്സ്യം കൊണ്ടുണ്ടാക്കിയ പ്രത്യേക വിഭവങ്ങളും വീര്യമില്ലാത്ത ബിയറും ഗ്രോഗി എന്നു പേരുള്ള സ്പൈസി പാനീയവും കഴിക്കും. ഗ്രോഗിയും ബിയറുമെല്ലാം നേരത്തേ തന്നെ തയാറാക്കി വച്ചിരിക്കും.

റോക്ക് ചർച്ചിൻറെ ഉൾഭാഗം
റോക്ക് ചർച്ചിൻറെ ഉൾഭാഗം

രാത്രി പുറത്തേക്കിറങ്ങുമ്പോൾ വാതിൽപ്പടിയിലും ക്രിസ്മസ്ട്രീയുടെ ചുവട്ടിലുമെല്ലാം വിസ്മയം പൊതിഞ്ഞുവ ച്ച സമ്മാനങ്ങൾ കുട്ടികളെ കാത്തിരിക്കുന്നുണ്ടാകും.അത്താഴം കഴിഞ്ഞാണ് പള്ളിയിലേക്കുള്ള യാത്ര. ആദ്യവർഷം ക്രിസ്മസിന് ഹെൽസിങ്കിയിലെ ലൂഥരിയൻ ചർച്ചിലാണ് ഞങ്ങ‌ൾ പോയത്. ക്രിസ്മസ് രാവിൽ മഞ്ഞുപുതച്ച് നിൽക്കുന്ന പള്ളിമുറ്റത്ത് നിന്ന് ആഹ്ലാദത്തോടെ ഫിന്നിഷുകാർ ‘ഹിവ യോൾവ’ എന്നുപറഞ്ഞ് ആശംസകൾ കൈമാറും. ‘ഹാപ്പി ക്രിസ്മസ്’ എന്നാണ് ഇതിനർഥം. ഇപ്പോൾ ഞങ്ങൾ പോകുന്നത് സെന്റ് ഹെൻറിക് കത്തീഡ്രലിലാണ്.

ഹെൽസിങ്കി നഗരം മൂന്നു പ്രധാന പള്ളികൾ കൂടിച്ചേർന്നതാണ്. വൈറ്റ് ചർച്ച് എന്ന് അറിയപ്പെടുന്ന വെളുപ്പുനിറമുള്ള ഭിത്തികളുള്ള ലൂഥരിയൻ ചർച്ച് ആണ് ഒന്ന്, റഷ്യൻ ഓർത്തഡോക്സ് പള്ളിക്കാണ് റെഡ് ചർച്ച് എന്ന് വിളിപ്പേരുള്ളത്. ഇഷ്ടിക കൊണ്ടുണ്ടാക്കിയതു പോലെ ചുവപ്പുനിറമാണ് ഇതിന്റെ ചുവരുകൾക്ക്. വിദേശ സഞ്ചാരികൾ പോലും തേടിയെത്തുന്ന റോക്ക് ചർച്ചാണ് മൂന്നാമത്തേത്. പാറ തുരന്നുണ്ടാക്കി യ ഈ പള്ളിക്കുള്ളിൽ ദൈവം വന്നുതൊടുന്നതു പോലെ ഒരു ഇളം ചൂടുമുണ്ട്. എസ്പാ ഇന്റർനാഷനൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന മകൻ റോഷനും നാലാം ക്ലാസുകാരിയായ മകൾ ടാനിയയ്ക്കും റോക്ക് ചർച്ചിൽ പോകാൻ വലിയ ഇഷ്ടമാണ്.’’ ലിസ.

അങ്ങകലെ ബെത്‌ലഹേമിൽ...

‘‘2008 മുതൽ എല്ലാ ക്രിസ്മസും ഞങ്ങൾ ഇവിടെയാണ് ആഘോഷിക്കുന്നത്. പള്ളിയിൽ കുർബാന കൂടി സുഹൃത്തുക്കളുടെ വീട്ടിൽ ഒത്തുചേർന്ന് ഭക്ഷണവും സമ്മാനങ്ങളും ആശംസയും കൈമാറി പിരിയും. നാട്ടിലെ വിഭവങ്ങൾ തന്നെയാണ് മിക്കവാറും ഉണ്ടാക്കുന്നത്– വെള്ളയപ്പവും സ്റ്റൂവും ബീഫ് ഉലർത്തിയതും കേക്കും. ടർക്കിയും ചിലപ്പോൾ പരീക്ഷിക്കും. ഹെൽസിങ്കിയിൽ ക്രിസ്മസ് മാർക്കറ്റിൽ നിന്ന് ഇവിടുത്തുകാർ തന്നെ ഉണ്ടാക്കുന്ന കേക്കും ബ്രഡും തൊപ്പിയും ഗ്ലൗസും ഒക്കെ വാങ്ങും.

സാൻറാക്ലോസ് പോസ്റ്റ് ഓഫിസ്
സാൻറാക്ലോസ് പോസ്റ്റ് ഓഫിസ്

പലയിടങ്ങളിലായി അമ്പതോളം മലയാളി കുടുംബങ്ങളുണ്ട് ഇവിടെ. എല്ലാവരും ഒത്തുചേരുന്നത് മലയാളി അസോസിയേഷന്റെ പരിപാടിക്കാണ്. നോക്കിയ കമ്പനിയിൽ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് വിഭാഗത്തിലെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിലാണ് ലിസ ഇപ്പോൾ ജോലി ചെയ്യുന്നത്. ഞാൻ മൈക്രോസോഫ്റ്റിലേക്ക് മാറി. ഈ വർഷം നാട്ടിലാണ് ക്രിസ്മസ് ആഘോഷം. ഇളയമോൻ റയാൻ ഉണ്ടായ ശേഷം നാട്ടിലേക്കുള്ള ആദ്യയാത്ര.’’ ജോണിന്റെ വാക്കുകളിൽ ആഹ്ലാദത്തിളക്കം.

ക്രിസ്മസ് വിളക്കുകളും കാരളും ആഘോഷമൊരുക്കുമ്പോൾ, തിരുപ്പിറവിയുടെ സന്ദേശമറിയിച്ച് പള്ളിമേടയുടെ ആകാശങ്ങളിൽ മണിമുഴങ്ങുമ്പോൾ, മഞ്ഞുതിരുന്ന ആ ക്രിസ്മസ് രാവിന്റെ തണുപ്പുണ്ടാകും മനസ്സിൽ. അന്നേരം അകലെ ആകാശത്ത് പ്രകാശം ചൊരിയുന്ന ഒരു നക്ഷത്രം ചിരിക്കുന്നുണ്ടാകും.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA