ഇന്ദ്രജിത്തിന്റയും പൂർണിമയുടെയും സുന്ദരയാത്രകൾ

Indrajith family
SHARE

മൂന്നു വ്യത്യസ്ത തരം യാത്രകൾ പോവുന്നതിന്റെ രസങ്ങൾ പങ്കിടുന്നു ഇന്ദ്രജിത്. അവധിക്കാലത്ത് നിങ്ങൾക്കും പരീക്ഷിച്ചു നോക്കാം ഇൗ ട്രാവൽ ട്രിക്ക്...

വീടിനകത്ത് ഒതുങ്ങിക്കൂടുന്ന ഒരു കുട്ടിയായിരുന്നില്ല ഞാൻ. വീടിന്റെ മുറ്റത്തിറങ്ങിക്കളിക്കാനായിരുന്നു എനിക്കു കൂടൂതൽ ഇഷ്ടം. അവധിക്കാലങ്ങളിൽ അച്ഛന്റെയൊപ്പം ഒരു യാത്ര പതിവാണ്. അതു മിക്കപ്പോഴും ചെന്നൈയിലേക്കോ മൂന്നാറിലേക്കോ ആവും. ചുട്ടു പൊള്ളുന്ന ചെന്നൈ നഗരവും മഞ്ഞു പൊഴിയുന്ന മൂന്നാറും. എത്ര വ്യത്യസ്തമായ രണ്ടു ലാൻഡ്സ്കേപ്പുകൾ. സഹയാത്രക്കാർ എന്നും ഒരേ ആളുകൾ തന്നെയാവും. അച്ഛനും അമ്മയും അനുജനും... വർഷങ്ങൾക്കു ശേഷം ഞാനും രാജുവും ആൻഡമാനിൽ ഒരു സിനിമാ ഷൂട്ടിങ്ങിന്റ ഇടവേളയിൽ നീൽ എലെൻഡ് ചുറ്റിനടന്നു. ആ യാത്രയിൽ ഞങ്ങൾ രണ്ടുപേർക്കും അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. അമ്മയെ ഞങ്ങൾ ഇടയ്ക്കു വിളിച്ചുകൊണ്ടേയിരുന്നു. സഹയാത്രക്കാർ മാറുമ്പോൾ യാത്രയുടെ സ്വഭാവം തന്നെ മാറിപ്പോവുന്നതെങ്ങനെയാണെന്ന് അന്നു തിരിച്ചറിഞ്ഞതാണ്.

നമ്മൾ ഒരേ സ്ഥലത്തേക്ക് വ്യത്യസ്തരായ രണ്ടു സംഘത്തിനൊപ്പം പോയാൽ കാണുന്ന കാഴ്ച ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. ഞാൻ ഓരോ വർഷവും ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഒരു നീണ്ട യാത്ര പോവാറുണ്ട്. പൂർണിമയും ഞാനും മാത്രമുള്ള യാത്ര പോവും. കുടുംബത്തിനോട് യാത്ര പറഞ്ഞ് സുഹൃത്തുക്കൾ മാത്രമുള്ള ഒരു സംഘത്തിനൊപ്പം സഞ്ചരിക്കാറുണ്ട്. ഓരോ ഭൂഖണ്ഡവും പോലെ വ്യത്യസ്തമാണ് ഈ യാത്രകളോരോന്നും.

ഒന്നാമത്തെ യാത്ര

പാത്തു റെഡിയാവ്, നാച്ചൂ വേഗം കഴിക്ക്, നമുക്ക് പോവണ്ടേ.... കഴിഞ്ഞ അവധിക്കാലത്ത് ഞങ്ങൾ ബാലിയിലായിരുന്നു. അവിടെ ഞങ്ങൾ താമസിച്വിരുന്ന റിസോർട്ടിലെ മുറിയിൽ പ്രാർതഥനയും നക്ഷത്രയും ആഹ്ളാദത്തോടെ കളിച്ചു തിമിർക്കുമ്പോൾ തൊട്ടടുത്തുള്ള മുറിയിൽ ഒരു പെൺകുട്ടി ജീവിതത്തെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഇരിപ്പുണ്ടായിരുന്നു. അവൾക്കും പ്രാർഥനയുടെ പ്രായമായിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രാർഥനയും ആ പെൺകുട്ടിയും കൂട്ടുകാരികളാവുന്നതു കണ്ടു. ഷെൽസി എന്ന ആ ഓസ്ട്രേലിയൻ പെൺകുട്ടി നക്ഷത്രയെ എടുത്തു നടന്നു. എറണാകുളത്തെ മരടിലെ വീട്ടിൽ വളർന്ന രണ്ടു പെൺകുട്ടികളും കങ്കാരു നാട്ടിലെ ഒരു പെൺകുട്ടിയും ബാലിയിൽ വെച്ചു സുഹൃത്തുക്കളാകുന്നു. ഷെൽസി അവളുടെ കഥ പറഞ്ഞു. ഷെൽസി അവളുടെ അച്ഛന്റെ ഒപ്പമാണ് ബാലിയിലെത്തിയിരിക്കുന്നത്. രണ്ടു വർഷം മുമ്പ് അവളുടെ അച്ഛനും അമ്മയും വിവാഹബന്ധം വേർപ്പെടുത്തി. ബാലിയിൽ നിന്നു മടങ്ങും വരെ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമായി മാറി ഷെൽസി.

indrajith-family
പ്രാർത്ഥന, നക്ഷത്ര, പൂർണിമ, ഇന്ദ്രജിത്

ഷെൽസിയുടെ അച്ഛൻ എന്നും പുലർച്ചെ ഞങ്ങളുടെ കോട്ടേജിൽ വന്നു പറയും,‘ ഷെൽസിയെ ഒന്നു നോക്കിയേക്കണേ’. മകളെ ഞങ്ങളെ ഏൽപ്പിച്ച് അയാൾ കാമുകിക്കൊപ്പം ബാലി ചുറ്റിക്കാണും . ചില രാത്രികളിൽ ഷെൽസി അച്ഛനെ കാത്തിരുന്നു മടുത്ത് ഒടുവിൽ ഞങ്ങളുടെ മുറിയിൽ രണ്ട് ഇന്ത്യൻ കൂട്ടുകാരികൾക്കൊപ്പം ഉറങ്ങിപ്പോയി. ലോകത്തിലെ പല ഭാഗങ്ങളിലുള്ള എത്രയോ കുട്ടികൾക്ക് , അവർ അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലെന്ന യാഥാർഥ്യം പ്രാർഥനയും നക്ഷത്രയും ഷെൽസിയിലൂടെ തിരിച്ചറിഞ്ഞി‌ട്ടുണ്ടാവും. ആ അറിവ് അവരെ കൂടുതൽ നല്ല കുട്ടികളാക്കി മാറ്റും. മറ്റു കുട്ടികളോട് കൂടുതൽ നന്നായി പെരുമാറാൻ അതവരെ ചിലപ്പോൾ പ്രേരിപ്പിക്കും.

കാഴ്ചകൾക്കപ്പുറം കാഴ്ചപ്പാടുകൾ കൂടിയാണ് ഓരോ യാത്രയുടെയും സമ്മാനം. പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും ഞാൻ പതിവായി നൽകാറുള്ള ഒരുപദേശം വീട്ടിലൊതുങ്ങിക്കൂടാതെ ഒൗട്ട്ഡോർ ആക്ടിവിറ്റികളെ സ്നേഹിക്കണമെന്നാണ്. കൊച്ചിയിലുള്ളപ്പോൾ അവർ ഇടയ്ക്ക് സുഭാഷ് പാർക്കിൽ പോവും. ഷോപ്പിങ് മാളുകളിൽ കറങ്ങും. മക്കൾക്കൊപ്പം കേരളത്തിലെ പാർക്കുകളിലും മറ്റും പോവാൻ ഒരു നടന് ചില തടസങ്ങളുണ്ട്. പ്രാണ എന്ന ബൊട്ടീക്കിന്റെ തിരക്കുകളിലാണ് പൂർണിമ. മക്കളോടൊപ്പം മുമ്പത്തെയത്ര സമയം ചെലവിടാനാവുന്നില്ല. അതുകൊണ്ടു തന്നെ വർഷത്തിലൊരിക്കൽ മക്കൾക്കൊപ്പം ഒരു യാത്ര ഉറപ്പാണ്. അവരുടെ റോളർ കോസ്റ്ററിൽ കയറി കൂകിവിളിച്ച് അവർക്ക് ഭക്ഷണം വാരിക്കൊടുത്ത് , എല്ലാ കളികളിലും അവരിലൊരാളായി ചേർന്ന്......

കുട്ടികൾക്കൊപ്പമുള്ള യാത്രയുടെ ഡെസ്റ്റിനേഷൻ തിരഞ്ഞെടുക്കുന്നതു വളരെ പ്രധാനമാണ്. തണുത്തു വിറയ്ക്കുന്ന ആൽപ്സോ , ചരിത്രമുറങ്ങുന്ന ചൈനയോ , പാരീസിലെ പ്രശസ്തമായ മ്യൂസിയങ്ങളോ ആവില്ല അവരെ രസിപ്പിക്കുന്നത്. തായ്ലൻഡും സിങ്കപ്പൂരും ഞങ്ങൾ കുടുംബസമേതം പോവാറുള്ള സ്ഥലങ്ങളാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആഹ്ളാദം സമ്മാനിക്കുന്ന രണ്ടു രാജ്യങ്ങൾ ... തായ്ലാൻഡിലേക്കു കുടുംബസമേതം പോവുന്നുവെന്നു പറഞ്ഞപ്പോൾ പല സുഹൃത്തുക്കളും ചോദിച്വു. അതു ബþാച്ലേഴ്സിന് അടിച്ചു പൊളിക്കാനുള്ള സ്ഥലമല്ലേ. തായ്ലാൻഡിനു പല മുഖങ്ങളുണ്ട്. പട്ടായ ബാച്ലേഴ്സ് ഹബാണെങ്കിൽ ബാങ്കോങ്ക് ലക്ഷണമൊത്ത ഒരു ഫാമിലി ഡെസ്റ്റിനേഷനാണ്.

ഒരു തികഞ്ഞ ഫാമിലി ഡസ്റ്റിനേഷനാണ് സിങ്കപ്പൂരും. തായ്ലാൻഡിനെ അപേക്ഷിച്ച് ചെലവേറിയ നഗരമാണത്. സിങ്കപ്പൂരിലെ യൂണിവേഴ്സൽ സ്റ്റുഡിയോയും ബാലിയിലെ വാട്ടർ ബോംബുമെല്ലാം മുതിർന്നവരെപ്പോലും കുട്ടികളാക്കി മാറ്റും. ബാലിയിൽ വച്ച് ഞാനും പൂർണ്ണിമയും ആദ്യമായി സ്കൂബാ ഡൈവിങ് നടത്തി. ആ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പുകാരി ഒരു അമേരിക്കൻ വനിതയായിരുന്നു. ജോലിയുടെ സമ്മർദമാണ് അവരെ ബാലിയിലെത്തിച്ചത്. അമേരിക്കയിലെ ഒരു മൾട്ടിനാഷനൽ കമ്പനിയിൽ ഉയർന്ന ശമ്പളം വാങ്ങിയ മിഷേൽ. ഉയർന്ന ജോലിയുടെ സമ്മർദം താങ്ങാനാവാതെ അവരൊരു നാൾ തീരുമാനിച്ചു, ജോലി മതിയാക്കി മനസ്സമാധാനം കിട്ടുന്ന ഒരു സ്ഥലത്തേക്കു പോവാൻ. അവർ എത്തിപ്പെട്ടത് ബാലിയിലാണ്. ഇപ്പോൾ ജീവിതത്തിലാദ്യമായി സ്കൂബാഡൈവിങ് ചെയ്ത് വിജയശ്രീലാളിതരായി തിരിച്ചുവരുന്നവരെക്കണ്ട് ഓരോ നിമിഷവും മിഷേൽ ആഹ്ളാദിക്കുന്നു.

ബാലിയും തായ്ലാൻഡും ആഹ്ളാദിക്കാൻ പഠിപ്പിക്കുന്ന നഗരങ്ങളാണ്. ബാലിയിൽ നിന്നു മടങ്ങുമ്പോൾ ഞാൻ പ്രാർഥനയോടു പറഞ്ഞു , ‘ജീവിതം ഒന്നേയുള്ളൂ. അത് ഏറ്റവും ആഹ്ലാദകരമാക്കി മാറ്റണം.’

രണ്ടാമത്തെ യാത്ര

പ്രണയം ,പ്രണയം മാത്രം... മക്കൾ ഒപ്പമുള്ള യാത്രയിൽ എല്ലാക്കാര്യങ്ങളും നമ്മൾ പ്ലാൻ ചെയ്തതു പോലെ നടക്കണമെന്നില്ല. നമ്മൾ വെളുപ്പിനുണർന്ന് സൂര്യോദയം കാണാൻ പോവണമെന്ന് കണക്കുകൂട്ടും. അപ്പോൾ കുട്ടികളുണരണമെന്നില്ല. ഉൗണും ഉറക്കവുമില്ലാതെ കാഴ്ചകൾ കണ്ടുനടക്കാനാവില്ല കുട്ടികൾക്കൊപ്പം. അവർക്കിടയ്ക്കു വിശക്കും. നടന്നുക്ഷീണിക്കും.നേരത്തേ ഉറക്കം തൂങ്ങും. പൂർണിമയും ഞാനും മാത്രമുള്ള യാത്രകളിൽ ഇൗ തടസ്സങ്ങളൊന്നുമില്ല. മക്കൾക്കൊപ്പം യാത്ര പോവാറുള്ളതു കൊണ്ട് ഇടയ്ക്ക് അച്ഛനും അമ്മയും മാത്രം പോവുന്നുവെന്നു കേട്ടാൽ ആർക്കും പരാതിയില്ല.

Poornima Indrajith
പൂർണിമ, ഇന്ദ്രജിത്

പൂർണ്ണിമ എന്നെപ്പോലെ തന്നെ ഒരു ട്രാവൽഫ്രീക്കാണ്.കഴിഞ്ഞ വർഷം ഞാനും പൂർണിമയും പോയത് രണ്ടു യൂറോപ്യൻ നഗരങ്ങിലേക്കാണ്. ആംസ്റ്റർഡാമിലേക്കും സ്വിറ്റ്സർലൻഡിലെ ഏറ്റവും ഉയരത്തിലുള്ള വിസ്മയമായ യുങ് ഫ്രാഒൗവിലേക്കും. പോവേണ്ട സ്ഥലം തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ ചിന്തിക്കുക ഇൗ യാത്ര എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ്. ഞങ്ങൾ തീരുമാനിച്ചു, ഇത് ലക്ഷ്വറിയൊട്ടുമില്ലാത്ത ബജറ്റ് യാത്രയാക്കി മാറ്റാം. ടൂർ ഓപ്പറേറ്റേഴ്സിന്റെ സഹായം തേടുന്നില്ല. ടാക്സി പോലും വേണ്ട. യൂറോപ്പിലെ വിഖ്യാതമായ പബ്ലിക് ട്രാൻസ്പേർട്ട് സിസ്റ്റത്തെ മാത്രം ആശ്രയിച്ചൊരു യാത്ര. ഗൂഗിൾ ഓരോ തീവണ്ടിയുടെയും വിവരങ്ങൾ അപ്പപ്പോൾ നൽകുന്ന ഇക്കാലത്ത് അതൊരു ബുദ്ധിമുട്ടുള്ള കാര്യമേയല്ല.

ആംസ്റ്റർഡാമിൽ ഞങ്ങൾ താമസിച്ചത് ഒരു ഇസ്രയേലിദമ്പതികളുടെ അപാർട്ട്മെന്റിലാണ്. ടൂറിസ്റ്റുകളുടെ ബുക്കിങ് ഉള്ള ദിവസം അവർ ഒഴിഞ്ഞുതരും. ആംസ്റ്റർഡാം എയർപോർട്ടിൽ വിമാനമിറങ്ങിയതും ഞങ്ങൾ മെട്രോയിൽ ഫ്ളാറ്റിനടുത്തുള്ള സ്റ്റേഷനിലിറങ്ങി. അവിടുന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഫ്ളാറ്റ് കണ്ടെത്തി. ഒരു നഗരം നടന്നു കാണുന്നതാണ് ഏറ്റവും ഉചിതം എന്ന് എപ്പോഴും തോന്നാറുണ്ട്. ആംസ്റ്റർഡാമിലേക്ക് എന്നു പോയാലും എനിക്കിനി ഇൗ അപ്പാർട്ട്മെന്റും ആ പ്രദേശവും കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.

സമുദ്രനിരപ്പിനെക്കാളും താഴ്ന്ന പ്രദേശമാണ് ആംസ്റ്റർഡാം. മനോഹരമായ കനാലുകൾ ഉള്ള വളരെ സജീവമായ രാത്രി ജീവിതമുള്ള ഒരു യൂറോപ്യൻ നഗരം. വാൻഗോഗിന്റെ വിഖ്യാതമായ മ്യൂസിയത്തിലായിരുന്നു ഒരു ദിവസം മുഴുവൻ. ആംസ്റ്റർഡാം മുഴുവൻ ഞങ്ങൾ മൊട്രോ ട്രെയിനുകളിലും ബസുകളിലും ചുറ്റിനടന്നു കണ്ടു. അവിടെ ട്രെയിനുകൾ കൃത്യ സമയത്തെത്തും. ആ ട്രെയിൻ മിസ്സായാൽ അടുത്ത പ്ലാറ്റ്ഫോമിൽ നിന്ന് മൂന്നോ നാലോ മിനിറ്റിനുള്ളിൽ അടുത്ത ട്രെയിനുണ്ടാവും. ഒരു പ്ലാറ്റ്ഫോമിൽ നിന്ന് അടുത്ത പ്ലാറ്റ്ഫോമിലേക്ക് ഓടിയെത്തേണ്ടി വരും. അധികം ആർഭാടങ്ങളില്ലാത്ത ഒരു യൂറോപ്യൻ യാത്ര എന്ന് പറഞ്ഞപ്പോൾ ഞങ്ങളുടെ മനസ്സിലെത്തിയത് ദിൽവാലേ ദുൽഹനിയാ ലേ ജായേംഗിയിലെ ഷാറൂഖ് ഖാന്റെയും കാജലിന്റെയും മുഖമായിരുന്നു. ട്രെയിൻ പിടിക്കാനുള്ള ഓട്ടത്തിനിടയിൽ പലപ്പോഴും എനിക്ക് പൂർണിമയെ ആ സിമനിമയിലെപ്പോലെ കൈ പിടിച്ച് ട്രെയിനിലേക്കു കയറാൻ സഹായിക്കേണ്ടി വന്നു. തീവണ്ടി താമസിച്ചേയെത്തു എന്ന മുൻവിധിയോടെ ജീവിക്കുന്ന നമ്മൾ ഇന്ത്യക്കാർക്ക് യൂറോപ്പിലെ ട്രെയിനുകളിലേക്ക് അങ്ങനെയേ കയറാനാവൂ.

ആംസ്റ്റർഡാമിൽ നിന്ന് സ്വിറ്റ്സർലാൻഡിലെ പ്രധാന നഗരങ്ങളിലൊന്നായ സൂറിക്കിലിലേക്കു പോവേണ്ട ദിവസം. എയർപോർട്ടിലേക്ക് പോവാൻ മെട്രോ സ്റ്റേഷനിലെത്തി. അവിടുത്തെ മെഷീനുകളിലൊന്നിലും വീസാ കാർഡും മാസ്റ്റർ കാർഡും പ്രവർത്തിക്കുന്നില്ല. എന്റെ കയ്യിൽ മറ്റു കാർഡുകളില്ല. യൂറോയും അധികമില്ല. ഞങ്ങൾക്കു പോവേണ്ടിയിരുന്ന ട്രെയിൻ വന്നു പോയി. സ്റ്റേഷനിൽ തിരക്കു കുറവാണ്. അതുകൊണ്ട് തന്നെ അധികം ടാക്സികളുമില്ല. അവസാന നിമിഷം മാറ്റിവയ്ക്കേണ്ടി വന്ന ഒരുപാട് യാത്രകളുടെ കൂട്ടത്തിൽ ഇതാ മറ്റൊന്നു കൂടി , ആൽപ്സ് ഇനിയൊരിക്കൽ വരാം എന്നു മനസിൽ പറഞ്ഞു. അപ്പോൾ ഒരു കാർ വന്നു നിന്നു. മെട്രോസ്റ്റേഷനിൽ ബന്ധുവിനെ ഇറക്കി മടങ്ങാൻ തുടങ്ങുന്ന ഒരാളോടു ചോദിച്ചു, ഒന്ന് എയർപോർട്ടിൽ വിടാമോ? അയാളും എയർപ്പോർട്ടിലേക്കായിരുന്നു. ആൽപ്സ് എന്ന സ്വപ്നത്തിന് അങ്ങനെ വീണ്ടും ജീവൻ വെച്ചു.

സൂറിക്കിലെത്തിയപ്പോൾ എന്നിലെ ബൈക്ക് റൈഡർ ഉണർന്നു. യൂറോപ്പിന്റെ ഏറ്റവും ഉയരത്തിലുള്ള യുങ്ങ് ഫ്രാഒൗവിലേക്ക് പോവേണ്ടത് ഇൻറർലാക്കർ വഴിയാണ്. ഈ യാത്ര ബുള്ളറ്റിലാക്കിയാലോ? ഹാർലി ഡേവിഡ്സൺ അംഗമായതുകൊണ്ട് എനിക്ക് സൂറിക്കിൽ നിന്ന് ഹാർലിഡേ വിഡ്സൺ വാടകയ്ക്കു കിട്ടും. മനസ്സിനെ നിയന്ത്രിച്ചു നിറുത്തി, ഇല്ല ഇൗ യാത്ര പബ്ലിക്ക് ട്രാൻസ്പോർട്ട് സിസ്റ്റം ഉപയോഗിച്ചു തന്നെ പൂർത്തിയാക്കാം. സൂറിക്കിൽ നിന്ന് ലൂസേണിലേക്കും അവിടെ നിന്ന് ഇൻർലാക്കനിലേക്കും ട്രെയിനുണ്ട്. ആ യാത്രയിൽ ഞങ്ങളുടെ സഹയാത്രക്കാർ ഇംഗ്ലണ്ടിൽ നിന്നു വന്ന ഒരു റസ്റ്റൊറന്റ് ഉടമയും പിന്നെ ഭൂട്ടാനിലെ ഒരു ചെറുപ്പക്കാരനുമായിരുന്നു.

ഇംഗ്ലീഷുകാരൻ റസ്റ്റൊറന്റ് ഉടമ വർഷത്തിലൊരിക്കാൽ ഇന്ത്യയിൽ വരും . മൂന്നാർ അയാളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്. ഭൂട്ടാനീസ് യുവാവും ഇന്ത്യയുടെ ആരാധകനാണ്. പ്രത്യേകിച്ചും ഇന്ത്യൻ സിനിമകളുടെ. ഇന്ത്യയിൽ പലതവണ വന്നിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും സമ്പദ് വ്യവസ്ഥയെക്കുറിച്ചുമെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്റർലാക്കനിൽ ഇറങ്ങുമ്പോൾ അയാൾ വിസിറ്റിങ് കാർഡ് നൽകി. ഭൂട്ടാനിലെ അടുത്ത രാജാവ് ഞങ്ങൾക്കെതിർവശം ഇത്ര നേരവും ഇരുന്നത്.

ഇന്റർലാക്കനിൽ നിന്ന് യുങ്ങ് ഫ്രാ ഒൗവിലേക്ക് കുത്തനെയുള്ള കയറ്റമാണ്. ഇരുവശവും മഞ്ഞ്. യൂറോപ്പിന്റെ ഏറ്റവും ഉയരത്തിലേക്കാണ് യാത്ര. കനാലുകളായിരുന്നു ആംസ്റ്റർഡാമിന്റെ ഭംഗിയെങ്കിൽ സ്വിറ്റ്സർലൻഡിൽ കണ്ണ് എവിടേക്കു ക്ലിക്ക് ചെയ്താലും മനോഹരമായ ഫ്രെയിമുകളാണ്. പോസ്റ്റ് കാർഡുകളിൽ കാണുന്ന മിഴിവുള്ള ചിത്രങ്ങൾ ഒട്ടിച്ചുവച്ചൊരു രാജ്യം.

സ്വിറ്റ്സർലൻഡിൽ നിന്നു മടങ്ങുമ്പോൾ പൂർണിമ പറഞ്ഞു , കണ്ണടച്ചു തുറക്കുമ്പോൾ നമുക്കൊരു അഞ്ചു വയസു കുറഞ്ഞതു പോലെ... ഇന്ത്യയിലേക്കു മടങ്ങിയെത്തുമ്പോൾ വീണ്ടും ജീവിതം പഴയതുപോലെയാവും. പൂർണിമ പ്രാണയുടെ തിരക്കുകളിലേക്ക്. ഞാൻ കാത്തിരിക്കുന്ന സിനിമകളുടെ പിറകേ. അതിനിടയിൽ കുട്ടികളെ ഒരുക്കണം. പഠിപ്പിക്കണം. എല്ലാ വഴികളും പഴയതുതന്നെ . പൂർണിമ ചോദിച്ചു, ‘അടുത്ത യാത്ര എങ്ങോട്ടാണ് ?’ പല രാജ്യങ്ങൾ മനസ്സിൽ വന്നു പോയിയ എങ്കിലും പലവട്ടം മാറ്റിവയ്ക്കപ്പെട്ട ഒരു നഗരമാണ് മനസ്സിൽ ആദ്യം വന്നത്. ഇസ്താംബുൾ... പൂർണിമ പറഞ്ഞു, ‘എന്റെ മനസ്സിലും ഇസ്താംബുൾ തന്നെയായിരുന്നു.’

മൂന്നാമത്തെ യാത്ര

കുറെ ബുള്ളറ്റ് യാത്രകൾ... യാത്രപോലെ എന്റെ ബലഹീനതയാണ് സൗഹൃദങ്ങളും. അപ്പോൾ സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുടെ രസം പറയേണ്ടല്ലോ? കൂട്ടുകാർക്കൊപ്പമുള്ള യാത്രയ്ക്ക് തയാറെടുപ്പുകളുടെ ആവശ്യമില്ല. കുറച്ചു ഫോൺകോളുകൾ. എല്ലാവരും ഫ്രീയാണെന്നുറപ്പാക്കിയാൽ ബൈക്കെമെടുത്തു പുറപ്പെടാം.ഏതു പാതിരാത്രിയും യാത്ര തുടങ്ങാം. ഏതു കാട്ടിലേക്കും കടന്നുചെല്ലാം. എവിടെ വേണമെങ്കിലും അന്തിയുറങ്ങാം. അത്രയും സ്വാതന്ത്യ്രമില്ല മറ്റൊരു യാത്രയിലും.

മാസങ്ങൾക്കു മുമ്പ് ഞങ്ങൾ സൈനിക് സ്കൂളിലെ പഴയ വിദ്യാർഥികൾ ഉൗട്ടിയിൽ ഒത്തുകൂടി. ഞാൻ ഹാർലി ഡേവിഡ്സൺ സ്വന്തമാക്കിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. കൊച്ചിയിലെ ഏഴു സുഹൃത്തുക്കളെ വിളിച്ചു. അവരും റെഡിയാണ് ബൈക്കിൽ നീലഗിരി കീഴടക്കാൻ . കോഴിക്കോട്ടെ പഴയ ക്ലാസ്മേറ്റ്സ് പറഞ്ഞു, അവരും വരുന്നത് ബുള്ളറ്റിലാണ്. ചുട്ടു പൊള്ളുന്ന ചൂടത്താണ് യാത്ര തുടങ്ങുന്നത്. ക്ഷീണിച്ചാൽ എവിടെയെങ്കിലും മുറിയെടുത്തു വിശ്രമിച്ച് അടുത്ത ദിവസം പുറപ്പെടാം. മേട്ടുപ്പാളയം പിന്നിട്ട് ചുരം കയറിത്തുങ്ങിയതും പെട്ടെന്ന് തണുത്ത കാറ്റ് വീശിത്തുടങ്ങി. ഹിൽസ്റ്റേഷന്റെ സുഗന്ധം ...വല്ലാത്തൊരു ഫീലായിരുന്നു അത്. നമ്മൾ പുതിയൊരു ലാൻഡ്സ്കേപ്പിലേക്കു കയറുന്നു. ഒരു എസി കാർ യാത്രയിൽ ഒരിക്കലും ലഭിക്കാത്ത അനുഭവം.

വാഗമണ്ണിൽ കസിൻസ് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് ഞാൻ ഹാർലി ഡേവിഡ്സണിൽ കൊച്ചിയിലേക്കു മടങ്ങുമ്പോൾ എന്റെ സന്തതസഹചാരിയായ സുരേഷിന്റെ ബുള്ളറ്റുമെടുത്ത് ഒപ്പം വന്നു കുഞ്ചാക്കോ ബോബൻ. അതിരാവിലെ ഞങ്ങൾ പുറപ്പെടുമ്പോൾ നല്ല മഞ്ഞുണ്ട്. പാലാ പിന്നിട്ടപ്പോഴേക്കും പെട്ടെന്നെരു മഴ. പിറകേ വരുന്നുണ്ട്് ഞങ്ങളുടെ കാറുകൾ. പക്ഷേ, ആ യാത്രയിൽ രസം പിടിച്ച് ഞങ്ങൾ മഴയിൽ നനഞ്ഞുകുളിച്ച് കൊച്ചി വരെ ബൈക്ക് ഓടിച്ചു. ഏതു സ്ഥലത്തേക്കു പോവുന്നു എന്നതിലല്ല രസം. പോവുന്ന വഴിയിൽ നമ്മൾ കാണുന്ന ആളുകൾ, കഴിക്കുന്ന ഭക്ഷണം, കാത്തിരിക്കുന്ന അനുഭവങ്ങൾ ഇതൊക്കെയാണ് എന്നെ ഹരം പിടിപ്പിക്കുന്നത്. ഓർമയിൽ കൂടുതൽ തങ്ങിനിൽക്കുന്നതും അതാണ്. ജേണി തന്നെയാണ് എന്റെ ഡെസ്റ്റിനേഷൻ.

Indrajith
ഇന്ദ്രജിത് കെനിയൻ നർത്തകർക്കൊപ്പം

ഹാങ് ഹായ് എന്ന നഗരത്തിൽ ഞാൻ ചെല്ലുന്നത് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനാണ്. ഒരുപാട് യാത്രകളിൽ എന്റെ സഹയാത്രികനായ സജി എന്ന കോഴിക്കോട്ടുകാരൻ യുവാവ് ഫെസ്റ്റിവലിൽ അവസാനിച്ചപ്പോഴേക്കും ഷാങ് ഹായിലെത്തി. വേഷം എന്ന സിനിമയിൽ അഭിനയിക്കാൻ കോഴിക്കോട്ടെത്തിയപ്പോഴാണ് യാത്രകളിൽ താൽപര്യമുള്ള സജിയെ പരിചയപ്പെടുന്നത്. ഇപ്പോഴിതാ ആ സുഹൃത്തിനൊപ്പം ചൈനയിലെ ഒരു പ്രധാന നഗരങ്ങളിലൊന്നിൽ കറങ്ങിനടക്കുന്നു. ന്യൂയോർക്ക് പോലെ സുന്ദരമായ നഗരമാണ് ഷാങ് ഹായ്. ഷോപ്പിങ്ങിന്റെ പറുദീസാ. പക്ഷേ, ഭാഷയാണ് പ്രധാന തടസ്സം.

സിനിമ ഒരു നടനു നൽകുന്ന വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഇത്തരം യാത്രകൾ .അവിടെ നാക്കു പെന്റാ നാക്കുടാക്കാ എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയാണ് കെനിയിലെ മാസായ് മാറയിൽ പോയത്. ഒരു വലിയ സിനിമാ സംഘം എനിക്കൊപ്പമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും കരുത്തരായ ആദിവാസി സമൂഹം ഉള്ളത് മാസായ് മാറയിലേതാണത്രേ. ജീവനോടെ സിംഹത്തിനെ പിടച്ചുകൊണ്ട് വന്നാലേ ഒരു യുവാവിന് വിവാഹം പോലുമുള്ളൂ എന്നു വിശ്വസിക്കുന്ന സമൂഹം. ഒരോ യാത്രയും നമ്മളെ എന്തെല്ലാം പഠിപ്പിക്കുന്നു.

പലരും ചോദിക്കാറുണ്ട് മൂന്നു യാത്രകളിൽ പ്രിയപ്പെട്ടതേതാണ് എന്ന്. നക്ഷത്രയുടെയും പ്രാർഥനയുടെയും ചിരിക്കുന്ന മുഖം കാണുന്നത് ആഹ്ളാദകരമാണ്. ഏറ്റവും പ്രിയപ്പട്ടവർക്കൊപ്പമുള്ള യാത്രയ്ക്ക് മറ്റൊരു ഭാവമാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുടെ സ്വാതന്ത്യ്രം, അതു മറ്റൊന്നാണ്. അല്ലെങ്കിലും യാത്രകളെല്ലാം പ്രിയപ്പെട്ടതാണല്ലോ?ഒരിടത്തു തന്നെ നിൽക്കുമ്പോഴല്ലേ ജീവിതം വിരസമാവുന്നത്.

ബെസ്റ്റ് ഫാമിലി ഡസ്റ്റിനേഷൻ

സംശയമില്ല തായ്ലൻഡ് തന്നെ .ഒരു ഇന്ത്യൻ ഫാമിലിക്ക് ഡൽഹിയിൽ പോയി വരുന്നതിലും ചീപ്പായി തായ്ലൻഡ് കണ്ടുവരാം.ഓൺ അറൈവൽ വീസയാണെന്നതാണ് മറ്റൊരു പ്ലസ്. നല്ല അമ്യൂസ്മെന്റ് പാർക്കുകൾ, ആരെയും മോഹിപ്പിക്കുന്ന ബീച്ചുകൾ, നല്ല ഷോപ്പിങ് സാധ്യത, തായ്ഫുഡിന്റെ രുചി.... ഒരു ഫാമിലി ട്രിപ്പിന് ഇതിൽ കൂടുതൽ എന്തു വേണം.

റൈഡേഴ്സ് പാരൈഡസ്

സുഹൃത്തുക്കൾക്കൊപ്പം പോവാൻ കൊതിക്കുന്ന രണ്ടു യാത്രകളുണ്ട്. ഒന്ന് യൂറോപ്പിലൂടെ ഒരു ബെക്ക് യാത്ര. പിന്നെ ലേ ലഡാക്ക് യാത്ര. ഏതൊരു റൈഡറുടെയും സ്വപ്ന പാതയാണത്. ചില സ്ഥലങ്ങളിൽ റോഡ് പോലുമുണ്ടാവില്ല. ഡൽഹിയിൽ നിന്നും അമൃതസർ , ശ്രീനഗർ ,ദ്രാസ് വഴി ലേ ലഡാക്കിലെത്തി തിരിച്ച് കുളു മനാലി സിംല വഴി മടങ്ങുന്ന യാത്ര. അടുത്ത സെപ്റ്റംബറിൽ അങ്ങനെയൊരു യാത്രയ്ക്കൊരുങ്ങുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA