അഹാനയുടെ യാത്രകൾ

SHARE

പുതുതലമുറ നായിക അഹാന കൃഷ്ണ തന്റെ യാത്ര ഇഷ്ടങ്ങൾ പങ്കുവയ്ക്കുന്നു.

യാത്രകൾ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയാണ്. എന്തെങ്കിലും ആവശ്യത്തിനായി യാത്ര പോകുന്നതിനേക്കാൾ പുതിയ സ്ഥലങ്ങൾ കാണാനായുള്ള യാത്രകളാണ് ഞാൻ ആസ്വദിക്കാറുള്ളത്.

യാത്രകൾ നമ്മുടെ വ്യക്തിത്വവും ആത്മവിശ്വാസവും മെച്ചപ്പെടുത്തും. ചെന്നൈയിൽ പഠിക്കാൻ പോയപ്പോൾ മുതലാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തുടങ്ങിയത്. ആദ്യമൊക്കെ പേടിയായിരുന്നു. പതിയെ എല്ലാം പഠിച്ചെടുത്തു. ചെന്നൈയിൽ നിന്ന് ഒറ്റയ്ക്ക് ബസിലുള്ള യാത്ര, കൂട്ടുകാരോടൊപ്പം ട്രെയിനിലുള്ള യാത്ര, ഒറ്റയ്ക്ക് ഫ്ളൈറ്റിൽ തിരുവനന്തപുരത്തേക്കുള്ള യാത്ര... ഇതിലൂടെയൊക്കെ ലഭിച്ച പരിചയം ആത്മവിശ്വാസം നന്നായി വർധിപ്പിച്ചു.

ahana4

ഇന്ത്യയ്ക്ക് പുറത്തേക്ക് രണ്ടു സ്ഥലങ്ങൾ മാത്രമാണ് ഇതുവരെ പോയത് . ദുബായും സിംഗപ്പൂരും. കൊതി തീരാത്ത ട്രിപ്പായിരുന്നു സിംഗപ്പൂർ. അവിടെ യൂണിവേഴ്സൽ സ്‌റ്റുഡിയോയിൽ എത്തിയപ്പോൾ ഏതോ സ്വപ്നലോകത്ത് എത്തിയ പോലെ തോന്നി. ദുബായിൽ പോയ സമയത്താണ് 'ഞാൻ സ്റ്റീവ് ലോപസ്' എന്ന സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. അങ്ങനെ ആ യാത്രയും പ്രിയപ്പെട്ടതായി.

ഞണ്ടുകളുടെ യാത്ര...

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കൊടൈക്കനാൽ ട്രിപ്പ് സൂപ്പറായിരുന്നു. എറണാകുളം, തൃശൂർ ഒക്കെയായിരുന്നു ബാക്കി ലൊക്കേഷനുകൾ. സിനിമയിലും കുടുംബം ട്രിപ്പ് പോകുന്നതാണ് സന്ദർഭം. അവിടെയുള്ള ബോട്ടിങ് പോയിന്റിലാണ് ക്ളൈമാക്സിലെ ബോട്ടിങ് സീനുകൾ എടുത്തത്. ആദ്യം നിവിൻ കുറച്ചു നേരം പെഡൽ ചവിട്ടി. അതുകഴിഞ്ഞു സൂത്രത്തിൽ എനിക്ക് കൈമാറി. ഞാൻ ചവിട്ടി ചവിട്ടി വശം കെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ!

ahana8

നവംബറിൽ കൊടൈക്കനാലിൽ നല്ലതണുപ്പുളള സീസണായിരുന്നു. എങ്ങും പച്ചപ്പും സുന്ദര കാഴ്ചകളും...ഷൂട്ടിങ് ക്രൂ മുഴുവൻ ബസിലാണ് യാത്ര പോയത്. നിവിനും ശ്രിന്ദയും സിജുവും ഒക്കെ ഉള്ളതുകൊണ്ട് ഒരു കോളജ് ടൂറിന്റെ മൂഡ് ആയിരുന്നു.

ട്രാവൽ പ്ലാൻസ്...

പോകേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് എഴുതി സൂക്ഷിക്കാറുണ്ട്. ഇന്ത്യയിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ പോകാൻ പ്ലാനുണ്ട്. 

ahana1

സുഹൃത്തുക്കൾ കുളു, മനാലി ട്രിപ്പടിച്ച ശേഷം ഫോട്ടോയിടുമ്പോൾ നമുക്ക് അസൂയ തോന്നും. ഇന്ത്യയ്ക്ക് പുറത്ത് സ്വിറ്റ്‌സർലാൻഡ് ഒരു ഡ്രീം പ്ലേസ് ആണ്. മാൽദ്വീപ്സ് പോകാൻ വളരെ ഇഷ്ടമുള്ള സ്ഥലമാണ്. നീല നിറമുള്ള കടലിനു നടുക്കുള്ള റിസോർട്ടുകൾ...ഫഹദും നസ്രിയയും അടുത്തിടെ അവിടെ പോയ ഫോട്ടോ ഫെയ്‌സ്ബുക്കിൽ ഇട്ടിരുന്നു. അതോടെ ഭയങ്കര അസൂയയായി. കുറച്ചു സേവിങ്സ് ഒക്കെ ആയിട്ടുവേണം നേരെ അങ്ങോട്ട് ട്രിപ്പടിക്കാൻ. വല്ല തെലുഗു സിനിമയിലും ചാൻസ് കിട്ടിയിരുന്നെങ്കിൽ കുറെ ലോകം കാണാമായിരുന്നു. കാരണം അഞ്ചു പാട്ട് ഉണ്ടെങ്കിൽ അഞ്ചും ഓരോ ലൊക്കേഷനിലായിരിക്കും.

എന്റെ തിരുവനന്തപുരം...

ahana3

ഞാൻ ജനിച്ചു വളർന്നത് തിരുവനന്തപുരത്താണ്. ആർക്കും ഇഷ്ടം തോന്നുന്ന സ്ഥലമാണ്. കാരണം ഇവിടെ എല്ലാം അടുത്താണ്. ബീച്ചും ഹിൽ സ്‌റ്റേഷനും പത്തറുപത് കിലോമീറ്ററിനുള്ളിൽ ഇവിടെയുണ്ട്. റെയിൽവേ സ്‌റ്റേഷനും എയർപോർട്ടും ബസ് സ്‌റ്റേഷനും അടുത്തടുത്തുണ്ട്. ഇപ്പോൾ തിരുവനന്തപുരത്ത് കുറെ നല്ല ഈറ്റ്‌ ഔട്ട്സ് വന്നിട്ടുണ്ട്. മാൾ ഇല്ല എന്നുള്ള പോരായ്മ ഒന്നുരണ്ടു വർഷത്തിനുള്ളിൽ മാറും. ഞാൻ കൂടുതലും ഡ്രൈവ് ചെയ്യുന്നത് ഇവിടെയാണ്. രാത്രിയിൽ ട്രാഫിക് എല്ലാം ഒഴിഞ്ഞുകഴിയുമ്പോൾ നഗരത്തിലൂടെ ഡ്രൈവ് ചെയ്യുന്നത് വല്ലാത്തൊരു ഫീലാണ്. മഞ്ഞ വെളിച്ചം പൊഴിക്കുന്ന സ്ട്രീറ്റ് ലൈറ്റുകളും മനോഹരമായ റോഡും. നമ്മൾ ശരിക്കും റിലാക്സ്ഡ് ആകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA