കാണണോ അവതാറിലെ പാണ്ടോറ എന്ന അദ്ഭുതലോകം

avathar
SHARE

ജെയിംസ് കാമറോൺ എന്ന സംവിധായകന്റെ  നീണ്ട കാത്തിരിപ്പിന്റെ ഫലമാണ്  അവതാർ എന്ന സിനിമ. ടൈറ്റാനിക്കിനും മുൻപ് എഴുതി തീർന്ന അവതാറിന്റെ കഥയ്ക്ക് പൂർണത ലഭിക്കണമെങ്കിൽ സാങ്കേതിക വിദ്യകൾ ഇനിയും വളരണമെന്നു മനസിലാക്കി ജെയിംസ് കാമറോൺ എന്ന  സംവിധായകൻ കാത്തിരുന്നത് പതിനഞ്ചിൽ അധികം വർഷങ്ങളാണ്.  നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ 2009 ലാണ് അവതാർ വെള്ളിത്തിരയിലെത്തുന്നത്. സംവിധായകൻ മനസിലുദ്ദേശിച്ച പൂര്‍ണതയുടെ മികവ് ചിത്രത്തിന് ലഭിച്ചോ എന്നറിയില്ലെങ്കിലും ലോകസിനിമയിൽ തന്നെ വലിയ ചരിത്രമായി അവതാർ മാറി. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവതാറിന്‌ ഇപ്പോഴും അനവധി ആരാധകരുണ്ട്. അവതാറിലെ വിസ്മയങ്ങളിലൊന്നായിരുന്നു പണ്ടോറ എന്ന സാങ്കല്പിക ലോകം.

animal-kingdom-pandora

ഏറെ സവിശേഷതകളുള്ള പാണ്ടോറയിലെ അത്ഭുതങ്ങൾ ചിത്രം കണ്ടവരെ ഏറെ ആകർഷിച്ചു. പാണ്ടോറയിലെ വിസ്മയകാഴ്ച്ചകൾ വീണ്ടും കാണാൻ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർക്കൊരു സന്തോഷ വാർത്ത. പാണ്ടോറയെ കാണാൻ ഇനിയും ആസ്വാദകർക്ക് അവസരമുണ്ട്. അമേരിക്കയിലെ ഫ്ളോറിഡയിലുള്ള ഡിസ്നി വേൾഡ് എന്ന ലോകോത്തര പാർക്കിൽ ജെയിംസ് കാമറോൺ എന്ന സംവിധായകൻ  സ്വപ്നം കാണുകയും ആ സ്വപ്നത്തിനു മനസ്സിൽ രൂപം നൽകുകയും ഒടുവിൽ വളർത്തി വലുതാക്കുകയും ചെയ്ത പണ്ടോറ എന്ന വിസ്മയം ജനിപ്പിക്കുന്ന സാങ്കൽപിക ലോകമുണ്ട്. സിനിമയിൽ കണ്ട ആ അദ്ഭുത ലോകത്തെ അടുത്തറിയാനുള്ള അവസരമാണ് ഡിസ്‌നി വേൾഡിലെ പണ്ടോറ.

കൗതുക കാഴ്ചകളുടെ അദ്ഭുത ലോകമാണ് പണ്ടോറ. സാങ്കേതികവിദ്യകളുടെയും ഗ്രാഫിക്സുകളുടെയും സഹായത്തോടെ നിര്‍മിച്ചെടുത്ത ആ അദ്ഭുതലോകത്തിന്റെ പുനഃസൃഷ്ടി എന്നത് ഏറെ ശ്രമകരമായ ഒന്നായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാവായ ജോന്‍ ലാന്‍ഡ്വയും ഡിസ്‌നിയുടെ കലാസാങ്കേതിക വിദഗ്ധനായ ജോ റോഹ്‌ദെയുമാണ് ഈ ആശയത്തിനു പിന്നില്‍. അവരുടെ മേൽനോട്ടത്തിൽ  2014 ൽ ആരംഭിച്ച ഈ സ്വപ്നപദ്ധതി 2017 ലാണ് പൂർത്തീകരിച്ചതും  ജനങ്ങൾക്ക് തുറന്നുകൊടുത്തതും.

animal-kingdom-pandora-1

പന്ത്രണ്ട് ഏക്കറിലായാണ് ഡിസ്നി വേൾഡിനുള്ളിലെ  ഈ പാർക്ക് നിർമിച്ചിരിക്കുന്നത്. ശരിക്കും സിനിമയിൽ കാണിച്ചിരിക്കുന്ന പണ്ടോറ എന്ന സാങ്കല്പിക ഗ്രഹത്തിനുള്ളിലേക്കു കടന്ന അനുഭൂതി തന്നെയാണ് സന്ദർശകർക്ക് ഡിസ്നി  വേൾഡിലെ പണ്ടോറ പാർക്കും സമ്മാനിക്കുന്നത്. അവതാർ എന്ന ചിത്രത്തിൽ കാണികളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് കൗതുകമേറെയുണർത്തുന്ന  മോറാ പർവ്വതനിരകളും ഒഴുകുന്ന മലനിരകളുമൊക്കെയാണ്.

animal-kingdom-pandora-2

അതെല്ലാം അതേപടി തന്നെ ഈ അത്ഭുതലോകത്തിൽ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്.   മലനിരകൾക്കെല്ലാം യഥാർത്ഥ വലുപ്പത്തെക്കാളും വലുപ്പം തോന്നിപ്പിക്കുന്നതിനുള്ള വിദ്യകളുമെല്ലാം ഇവിടെ പരീക്ഷിച്ചിട്ടുണ്ട്. സ്റ്റീലുകൊണ്ടുള്ള തൂണുകളുടെ സഹായത്തോടെയാണ് സിനിമയിൽ കാണിച്ചിട്ടുള്ള മലനിരകൾ പോലെ ഇവയെ ഉയർത്തിയിരിക്കുന്നത്‌. ഈ മലനിരകളിൽ വിവിധ തരത്തിലും നിറങ്ങളിലുമുള്ള  സസ്യജാലങ്ങളെയും  പുനഃസൃഷ്ടിച്ചിട്ടുണ്ട്‌. ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും അകമ്പടിയോടെയുള്ള ഇവിടുത്തെ കാഴ്ചകൾ ഏറെ രസകരമാണ്.

കാഴ്ചകൾക്ക് അപ്പുറം ഇവിടെയെത്തുന്നവരെ ആകർഷിക്കുന്ന ഒന്നാണ് അവതാർ ഫ്ലൈറ്റിലെ യാത്ര. ഏറെ രസകരമായ ഈ യാത്ര പണ്ടോറയിലെത്തുന്ന സഞ്ചാരികളിൽ കൗതുകമുണർത്തും. പണ്ടോറ എന്ന വർണലോകവും വിവിധ നിറത്തിലുള്ള സസ്യങ്ങളെയും കണ്ടുകൊണ്ടു നാവി നദിയിലൂടെയുള്ള യാത്രയും   ഇവിടെയെത്തുന്ന സഞ്ചാരികൾക്കായി ഡിസ്നി വേൾഡിൽ  ഒരുക്കിയിട്ടുണ്ട്. പണ്ടോറയെ അനുഭവിച്ചറിയാൻ  ഏറെ സഹായിക്കുന്നതാണ് ഈ യാത്രകൾ.

അവതാർ എന്ന സിനിമ സമ്മാനിച്ച അദ്ഭുതലോകം തന്നെയാണ് ജെയിംസ് കാമറോണും സഹപ്രവർത്തകരും ചേർന്ന് ഡിസ്നി വേൾഡിലെ പണ്ടോറയിലും കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. താൻ ഭാവനയിൽ കണ്ട ആ വിസ്മയലോകം മറ്റുള്ളവർക്കുകൂടി അനുഭവവേദ്യമാക്കുക എന്ന  വലിയ ചിന്തയാണ് പണ്ടോറയിലൂടെ ജെയിംസ് കാമറോൺ സാക്ഷാത്കരിച്ചിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA