1300 അടി ഉയരത്തിൽ കണ്ണാടി ലോഡ്ജ്, പ്രവേശനം സാഹസികർക്ക് മാത്രം

576564020
SHARE

മലയിടുക്കുകളെ തട്ടി തെറിച്ചു വരുന്ന ഇളംവെയിൽ, കണ്ണാരംപൊത്തി ഉറക്കമുണർത്തുമ്പോൾ പച്ചപുതച്ച  മലകളും തടാകങ്ങളും താഴ‍‍‍‍‍‍‍‍വരകളും തെളിഞ്ഞു കാണുന്ന പ്രഭാതങ്ങൾ എത്ര മനോഹരങ്ങളായിരിക്കുമല്ലേ...? മലഞ്ചെരിവുകളും തടാകങ്ങളും കണികണ്ടുകൊണ്ട് ഒരു ദിനം ആരംഭിക്കുക എന്നത് പ്രകൃതിയെ  സ്നേഹിക്കുന്ന ചിലരുടെയെങ്കിലും സ്വപ്നമായിരിക്കും. സാഹസികത ഇഷ്ടപെടുന്ന, യാത്രകളെ സ്നേഹിക്കുന്നവർക്ക്‌ ഇനി ഇത്തരത്തിലുള്ള പ്രഭാതങ്ങൾ കൈയ്യെത്തും ദൂരത്താണ്. പ്രഭാതങ്ങൾ മാത്രമല്ല, ഒരു ദിനത്തിന്റെ എല്ലാ സ്പന്ദനങ്ങളും.. വെയിലും മഴയും കാറ്റും പ്രദോഷങ്ങളുമെല്ലാം ഇനി അടുത്തു തൊട്ടുമറിയണമെങ്കിൽ  അതിനുള്ള അവസരമൊരുക്കും  കിഴുക്കാം തൂക്കായ മലഞ്ചെരുവുകളിൽ തൂക്കിയിട്ടിരിക്കുന്ന  സ്ഫടിക നിർമിത കമ്പാർട്ടുമെന്റുകളിലെ താമസം.

പെറുവിലെ സേക്രഡ് പർവതനിരകളിലാണ്  സ്ഫടികനിര്‍മിതമായ ഈ ലോഡ്ജുകൾ  സ്ഥിതി ചെയ്യുന്നത്. ആരെയും ആകർഷിക്കുന്ന ഭൂപ്രകൃതിയാണ് ഈ ഗിരിനിരകളുടെ വലിയ സവിശേഷത. സുന്ദരമായ കാഴ്ചകൾക്ക് യാതൊരു കുറവുമില്ലാത്ത മലയടിവാരങ്ങളും മേഘക്കൂട്ടങ്ങളെ ചുംബിക്കാൻ തയ്യാറായി നിൽക്കുന്ന കൊടുമുടി ശൃംഗങ്ങളും സമ്മാനിക്കുന്ന അനുഭൂതി അവർണീയം തന്നെയാണ്. പാദങ്ങളാൽ ഭൂമിയെ തൊടാതെ..ഗഗനനീലിമകളെ സ്പർശിക്കാതെ.. ഭൂമിക്കും ആകാശത്തിനുമിടയിലെ കാഴ്ചകൾ ഒന്നുംതന്നെ നഷ്ടപ്പെടാതെ...ഈ കണ്ണാടി ലോഡ്ജുകളിൽ താമസിക്കുക എന്നത് ജീവിതത്തിൽ ലഭിക്കാവുന്ന അസുലഭമായ മുഹൂർത്തങ്ങളിലൊന്നായിരിക്കും.

peru

അല്പം സാഹസികരാണെങ്കിൽ മാത്രമേ ഈ കണ്ണാടി ലോഡ്ജുകളിലേക്ക് എത്തിപ്പെടാൻ  സാധിക്കുകയുള്ളു. 400 മീറ്റർ കുത്തനെയുള്ള മല കയറിയാൽ  താമസസ്ഥലത്തേക്ക് എത്തിച്ചേരാം. എട്ട് അടി നീളമുള്ള 24 ലോഡ്‌ജുകളാണ് അതിഥികൾക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. ചെറുതാണെങ്കിലും സൗകര്യങ്ങളുടെ കാര്യത്തിൽ ഈ കണ്ണാടി ലോഡ്ജുകൾ ആരെയും അമ്പരപ്പിക്കും. നാല് ബെഡുകളും, ഭക്ഷണം കഴിക്കാനിരിക്കാനുള്ള ഒരു പ്രത്യേകയിടവും ബാത്റൂമുമെല്ലാം ഇതിനുള്ളിൽ അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. 

വളരെ വിചിത്രമെങ്കിലും ഇത്ര മനോഹരമായ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വെല്ലുവിളികൾ ധാരാളമുണ്ടായിരുന്നുവെങ്കിലും സുഗമമായി അതിനെ അതിജീവിക്കാനും ഇത്രയും മനോഹരമായ ഒരു ആശയത്തെ പ്രാവർത്തികമാക്കാൻ സാധിച്ചതിലും ഏറെ സന്തോഷത്തിലാണ് ഈ ലോഡ്ജിന്റെ അമരക്കാർ.  മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് അവർ പ്രതീക്ഷിക്കുന്നതിലും മികച്ച ദൃശ്യാനുഭൂതി സമ്മാനിക്കാൻ സാധിക്കുന്നതിൽ ഏറെ ആഹ്ളാദവും അഭിമാനവുമുണ്ടെന്ന് കണ്ണാടി ലോഡ്ജിന്റെ മാനേജർ നതാലിയ റോഡ്രിഗസ് പറഞ്ഞു.

ഏറെ ശ്രമകരമായിരുന്നു ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ. നിർമാണ വസ്തുക്കൾ മുകളിലേക്ക് എത്തിക്കുന്നതിൽ തുടങ്ങി കനത്ത കാറ്റും മഴയും അവ അതിജീവിക്കുമോ എന്നുള്ളതിൽ വരെ പ്രതിസന്ധികളെ നേരിടേണ്ടി വന്നു. എയ്റോസ്പേസ് അലുമിനിയവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളികാർബണേറ്റുമായിരുന്നു നിര്‍മാണസാമഗ്രികൾ. അതിഥികളെ യാതൊരു കുഴപ്പവുമില്ലാതെ സംരക്ഷിക്കുക എന്നതിനാണ് പ്രഥമപരിഗണന നൽകിയതെന്നും നതാലിയ കൂട്ടിച്ചേർത്തു.

peru

പ്രകൃതിയെ അടുത്തറിയുവാനും  അനുഭവിക്കാനും മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടിവിടെ. പകലിലെ ചൂടും വെളിച്ചവും ആസ്വദിക്കുന്നതിനൊപ്പം രാത്രിയുടെ സുഖവും ആകാശത്തെ നോക്കിയുള്ള ഉറക്കവും പകരുന്നതു ഒരിക്കലും മറക്കാൻ കഴിയാത്ത മികച്ച അനുഭവങ്ങളായിരിക്കും. അവധി ദിനങ്ങൾ പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കണ്ണാടി ലോഡ്ജുകൾ സംശയലേശമെന്യേ തെരഞ്ഞെടുക്കാം. ഒരു രാത്രി ഇവിടെ ചെലവിടാൻ 400 ഡോളർ മാത്രമാണ് ചെലവ്. രണ്ടു നേരത്തെ ഭക്ഷണം ഉൾപ്പെടെ എല്ലാചെലവുകളും ഇതിലടങ്ങിയിരിക്കുന്നു. പകലുകൾ ചെലവഴിക്കാൻ വരുന്നവർക്ക് ഉച്ചഭക്ഷണമുൾപ്പെടെ 237 ഡോളറാണ് ചെലവ് വരുക. പെറുവിലെ ഈ മലനിരകൾ പ്രകൃതി തന്റെ മനോഹാരിത കൊണ്ട് അദ്ഭുതങ്ങൾ തീർത്തയിടമാണ്. ആ അദ്ഭുതങ്ങളെ അതിസാഹസികമായി അനുഭവിച്ചറിയാനുള്ള അവസരമാണ് കണ്ണാടി ലോഡ്ജ് നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA