ഡോണിന്റെ ലങ്കാവി, കബാലിയുടെ മലേഷ്യ

SHARE

മലേഷ്യയുടെ പശ്ചിമ തീരത്ത് ആൻഡമാൻ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ലങ്കാവി. ഷാരുഖ് ഖാന്റെ ഡോൺ സിനിമയിലെ ക്ലൈമാക്സ് സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ച സ്ഥലം എന്ന നിലയിലാണ് ഇടക്കാലത്ത് ലങ്കാവി ഇന്ത്യയിൽ പ്രശസ്തമായത്. ഇപ്പോൾ ധാരാളം സഞ്ചാരികൾ ഈ ദ്വീപിനെ തേടി വരുന്നു. മലയും പുഴയും കടലും ജൈവവൈവിധ്യവും കൊണ്ട് സമ്പന്നമായ ദ്വീപ്. മലനിരകളിലേക്ക് റോപ്‌വേയിലൂടെയുള്ള സാഹസിക യാത്ര പ്രദാനം ചെയ്യുന്ന സ്കൈക്യാബ്, സമീപം സ്കൈബ്രിഡ്ജ്, സാഹസിക വിനോദങ്ങൾക്ക് പ്രശസ്തമായ സെനാങ് ബീച്ച്, ഭീമൻ പരുന്തു പ്രതിമയുള്ള ഈഗിൾ സ്ക്വയർ, സമുദ്രജീവി വൈവിധ്യം പ്രദർശിപ്പിക്കുന്ന അണ്ടർവാട്ടർ വില്ലേജ്, തൻജുങ് സാങ്ച്വറി തുടങ്ങിയവയാണ് പ്രധാന സന്ദർശന സ്ഥലങ്ങൾ.

മൂന്ന് ദിവസം ലങ്കാവി രണ്ടു ദിവസം ക്വാലാലമ്പൂർ. അതായിരുന്നു പ്ലാൻ. കൊച്ചിയിൽ നിന്നും ക്വാലാലമ്പൂർ വരെ ഏകദേശം നാലേകാൽ മണിക്കൂർ വിമാനയാത്ര. അവിടെ നിന്നും ഒരുമണിക്കൂർ വീണ്ടും വിമാനയാത്ര ചെയ്താൽ ലങ്കാവിയിലെത്താം. ഉച്ചയോടെ വിമാനം ലങ്കാവിയിൽ ലാൻഡ് ചെയ്തു. ചെറിയ വിമാനത്താവളം. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നമ്മുടെ ഊബർ ടാക്സികൾക്ക് സമാനമായി ഇവിടെ ഗ്രാബ് ടാക്‌സികൾ ലഭിക്കും. വിമാനത്താവളത്തിൽ നിന്നും സിം എടുത്തു. ഗ്രാബ് വിളിച്ചു. എയർപോർട്ടിൽ നിന്നും ഏകദേശം 5 കിലോമീറ്റർ ദൂരമേയുള്ളായിരുന്നു ഹോട്ടലിലേക്ക്. 

മുറിയിൽ ചെന്ന് ഒന്ന് ഫ്രഷായി നേരെ സ്കൈക്യാബിൽ കയറാൻ പോകാനായിരുന്നു പദ്ധതി. പക്ഷേ ഹോട്ടൽ റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ ഏപ്രിൽ 1 മുതൽ 14 വരെ റിപ്പയറിങിനായി സ്കൈക്യാബ് അടച്ചിട്ടിരിക്കുകയാണ് എന്ന വാർത്തയാണ് എതിരേറ്റത്. 13ന് തിരിച്ചു പോവുകയുമാണ്. പെട്ടിയുമെടുത്ത് ഇവിടെ വരെ വന്നിട്ട് പ്രധാന ആകർഷണം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടല്ലോ എന്നോർത്ത് ആകെ നിരാശയായി. ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന വിശ്വാസത്തിൽ പിറ്റേന്ന് രാവിലെ സ്കൈക്യാബ് സ്ഥിതി ചെയ്യുന്ന ഓറിയന്റൽ വില്ലേജിലേക്ക് പോകണമെന്ന് തീരുമാനിച്ച് അന്ന് വിശ്രമിച്ചു.

Day 1

പിറ്റേന്ന് രാവിലെ സ്‌കൂട്ടർ വാടകയ്‌ക്കെടുത്തു. 40 റിങ്കറ്റാണ് ദിവസവാടക. ദ്വീപിൽ പൊതുഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ ഇത് വളരെ ലാഭകരമാണ്. നമ്മുടെ സൗകര്യത്തിന് ദ്വീപ് മുഴുവൻ കണ്ടുതീർക്കാം. ഹോട്ടലിൽ നിന്നും 10 കിലോമീറ്ററേയുള്ളൂ സ്കൈക്യാബ് സ്ഥിതി ചെയ്യുന്ന ഓറിയന്റൽ വില്ലേജിലേക്ക്. ഹൈറേഞ്ചിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ സുഖം നൽകുന്ന ഹെയർപിൻ വളവുകളുള്ള സുന്ദരൻ റോഡ്. ഓറിയൻറൽ വില്ലേജിൽ രാവിലെ തിരക്ക് കുറവായിരുന്നു. ഇരുവശവും ഷോപ്പിങ് സെൻററുകൾ നിറഞ്ഞ പാതയിലൂടെ നടന്ന് സ്കൈക്യാബ് ടിക്കറ്റ് കൗണ്ടറിലെത്തി. ക്യൂ ഒന്നും കാണാനില്ല. തിരിച്ചു പോകാൻ ഒരുങ്ങും മുമ്പ്  വെറുതേ കൗണ്ടറിൽ ഒന്നന്വേഷിച്ചു. 'റിപ്പയറിങ് പൂർത്തിയായി. ഇന്ന് ടെസ്റ്റ് റൺ കഴിഞ്ഞ് നാളെ തുറക്കും. രാവിലെ പോര്': കൗണ്ടറിൽ ഇരുന്ന ആൾ പറഞ്ഞു. മനസിൽ ലഡു പൊട്ടി. ദൈവത്തിന് നന്ദി പറഞ്ഞു റിട്ടേൺ അടിച്ചു.

skycab

ഉച്ചയ്ക്ക് ഹോട്ടലിൽ വിശ്രമം. വെയിൽ ആറിയ ശേഷം വൈകുന്നേരം അണ്ടർവാട്ടർ വേൾഡിലേക്ക്. ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സമുദ്രജീവി സമ്പത്തിന്റെ വൈവിധ്യം അതിശയിപ്പിക്കുന്നതാണ്. സ്രാവും നീരാളിയും തിരണ്ടിയും മുതൽ ജെല്ലി ഫിഷ് വരെ നീളുന്ന ജൈവവൈവിധ്യത്തിന്റെ കലവറയാണ് ഇവിടം. ഏകദേശം ഒരു മണിക്കൂർ കാഴ്ചകളുണ്ട് അണ്ടർവാട്ടർ വില്ലേജിൽ. അതിനുശേഷം പുറത്തിറങ്ങി. 

ലങ്കാവിയിലെ പ്രശസ്തമായ സെനാങ് ബീച്ച്. വാട്ടര്‍ ബൈക്ക് സ്കീയിങ്, പാരാഗ്ലൈഡിങ് തുടങ്ങിയ പലവിധ വിനോദോപാധികൾ ഇവിടെയുണ്ട്. തീരത്ത് അഡ്വഞ്ചർ സ്പോർട്സിനു ആളെ കൂട്ടുന്ന നിരവധി ഇടപാടുകാരുണ്ട്. പാരാസെയ്‌ലിംഗ് ചെയ്യാമെന്ന് തോന്നി. വില പേശി 80 റിങ്കറ്റിനു ഇടപാട് ഉറപ്പിച്ചു. ചെറിയ മോട്ടോർ ബോട്ടിൽ തൊട്ടപ്പുറത്തെ മണൽപ്പുറത്തെത്തിച്ചു. പാരചൂട്ട് അണിഞ്ഞു. ബോട്ടുമായി നീണ്ട കയറിൽ ബന്ധിച്ചു. പിന്നെ ഒരു പറക്കലാണ്. സാധാരണ കൂടെ കാറ്റിന്റെ ഗതി നിയന്ത്രിക്കാൻ പരിശീലനം ലഭിച്ച ഒരാൾ കൂടെ കയറും. തനിയെയും പറക്കാം. തനിയെ പറന്നു. സെനാങ് ബീച്ചിന്റെ അതിമനോഹരമായ ആകാശക്കാഴ്ചകൾ.. വീശിയടിക്കുന്ന കാറ്റ്..5 മിനിറ്റ് കറക്കി തിരികെ കൃത്യമായി ലാന്റ് ചെയ്തു. ഒരു പൈലറ്റിന്റെ കൃത്യതയുണ്ട് ഇവരുടെ ലാൻറിങ്ങിന്. അപ്പോഴാണ് ഈ ആകാശക്കാഴ്ചകൾ ക്യാമറയിൽ പകർത്താതിരുന്നാൽ നഷ്ടമാകുമെന്ന് തോന്നിയത്. നാളെ വീണ്ടും ക്യാമറയുമായി പറക്കണമെന്നു ഉറപ്പിച്ചു. അല്പസമയം കൂടെ ബീച്ചിൽ കാഴ്ചകളൊക്കെ കണ്ട് ചുറ്റിത്തിരിഞ്ഞു. തിരികെ ഹോട്ടലിലേക്ക്. അടുത്ത ദിവസം കാത്തിരിക്കുന്ന സ്കൈക്യാബിനെ സ്വപ്നം കണ്ടു ഉറങ്ങി.

Day 2

x-default

അടുത്ത ദിവസം രാവിലെ ഓറിയന്റൽ വില്ലേജിലേക്ക്. ടിക്കറ്റെടുത്തു. സ്കൈക്യാബ് കറങ്ങിയെത്തി. അകത്ത് കയറി. ഒറ്റയ്ക്കാണ്. പതിയെ ക്യാബ് മുകളിലേക്ക് നീങ്ങിത്തുടങ്ങി.. ചങ്കിടിപ്പ് പതിയെ കൂടി.. ഈ വള്ളിയെങ്ങാനും പൊട്ടിയാൽ പൊടിപോലും കിട്ടില്ല.. ഏകദേശം 10 മിനിറ്റ് കൊണ്ട് മുകളിലെത്തി. ഇവിടെ നിന്നും സ്കൈ ബ്രിഡ്ജിലേക്ക് രണ്ടു വഴികളുണ്ട്. ഒന്ന് പടികൾ കയറിയിറങ്ങി മരങ്ങൾ ഇടതൂർന്ന് വളരുന്ന ഇടത്തിലൂടെ, രണ്ട് സ്കൈ ഗ്ലൈഡ് എന്ന ചെറിയ ടോയ് ട്രെയിൻ വഴി. പടികൾ തിരഞ്ഞെടുത്തു. അൽപം ബുദ്ധിമുട്ടിയെങ്കിലും മുകളിൽ കാത്തിരുന്ന കാഴ്ച അത് പരിഹരിക്കുന്നതായിരുന്നു. ഡോൺ സിനിമയിലെ പാലം കൺമുന്നിൽ.. തണുത്ത കാറ്റ് അലയടിക്കുന്നു.

skybridge

ദൂരെ പൊട്ടു പോലെ ദ്വീപസമൂഹങ്ങൾ...ഇവിടെ നിന്നു നോക്കുമ്പോൾ വയനാട് ചുരത്തിന് മുകളിൽ നിന്നും കാണുന്ന 11 കെവി ലൈനുകൾ ഓർമ വന്നു. അതിൽ ചെറിയ ക്യാബിനുകൾ തൂക്കിയിട്ടാൽ സ്കൈ ക്യാബായി! ഈ കാഴ്ചകൾ കാണാൻ വേണ്ടി മാത്രമാണ് ഇവിടെ വരെ വന്നതെന്ന് തോന്നിപ്പോയി. അത്ര മനോഹരം. ആ പ്രകൃതി സൗന്ദര്യം ആവോളം ക്യാമറയിലേക്ക് ആവാഹിച്ചെടുത്തു. തിരികെ മനസ്സ് നിറഞ്ഞു താഴേക്കുള്ള ക്യാബ് പിടിച്ചു. ഉച്ചയ്ക്കു നേരെ ഹോട്ടലിലെത്തി വിശ്രമം. 

skybridge

ഭീമൻ പരുന്തിന്റെ പ്രതിമയുള്ള ഈഗിൾ സ്ക്വയറിലേക്കായിരുന്നു അടുത്ത യാത്ര. ഹോട്ടലിൽ നിന്നും 30 കിലോമീറ്റർ. സ്കൂട്ടർ ഉള്ളത് സൗകര്യമായി. ഗൂഗിളിൽ നാവിഗേഷൻ ഓൺ ചെയ്ത് പോക്കറ്റിലിട്ട് വണ്ടിയെടുത്തു. സുന്ദരമായ റോഡുകൾ. വണ്ടി പറപറന്നു. ഇവിടെ വേഗപരിധി ഒന്നുമില്ലെന്നു തോന്നുന്നു. കടലിനെ അഭിമുഖീകരിച്ച് ചിറകു വിരിച്ചു നിൽക്കുന്ന പരുന്തിന്റെ കൂറ്റൻ പ്രതിമ. ഇവിടെ ചിത്രങ്ങൾ എടുക്കാനും വൈകുന്നേരങ്ങൾ ചെലവഴിക്കാനും ധാരാളം സന്ദർശകർ എത്തുന്നു.

eagle-square

വൈകിട്ട് വീണ്ടും സെനാങ് ബീച്ചിലേക്ക്. പഴയ ഇടപാടുകാരൻ കാത്തുനിൽപ്പുണ്ടായിരുന്നു. അങ്ങനെ രണ്ടാമതും പറന്നു. ഇത്തവണ അൽപം സാഹസികമായി ക്യാമറയുമായി...ദൃശ്യങ്ങൾ പകർത്തിയ സന്തോഷത്തിൽ ലാൻഡ് ചെയ്തു. 

cenang-parasailing

രാത്രി ഉണർന്ന് രാവിലെ മയങ്ങുന്ന മൂങ്ങയെപ്പോലെയാണ് ലങ്കാവി എന്നു തോന്നിപ്പോകും. പൊതുവേ പകലുകൾക്ക് ഒരാലസ്യമാണ്. എന്നാൽ സന്ധ്യ മയങ്ങുന്നതോടെ ഉൽസാഹത്തോടെ നിരത്തുകളും കടകളും സജീവമാകുന്നു. ഡ്യൂട്ടി ഫ്രീ ഐലന്റാണ് ലങ്കാവി. അതുകൊണ്ടുതന്നെ മദ്യത്തിനും മറ്റു സാധനങ്ങൾക്കുമൊക്കെ വില താരതമ്യേന കുറവാണ്. നിരവധി ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ തെരുവിൽ നിരനിരയായി കാണാം. അൽപം ഷോപ്പിങ് നടത്തിയ ശേഷം രാത്രിയോടെ ഹോട്ടലിലേക്ക്. പിറ്റേ ദിവസം ഉച്ചയ്ക്കാണ് ക്വാലാലമ്പൂരിലേക്കുള്ള വിമാനം. അതുകൊണ്ട് അടുത്ത ദിവസം രാവിലെ ഹോട്ടലിൽ തന്നെ ചെലവഴിച്ചു.

കബാലിയുടെ മലേഷ്യ

petronas tower

വൈകിട്ടോടെ മലേഷ്യയിലെ ക്വാലാലമ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ഇവിടെ നിന്നും ഏകദേശം 60 കിലോമീറ്ററുണ്ട് തലസ്ഥാനമായ ക്വാലാലമ്പൂരിലേക്ക്.  വീണ്ടും ഗ്രാബ് ടാക്സി വിളിച്ചു. മനോഹരമായ റോഡുകൾ. ഏകദേശം അരമണിക്കൂർ കൊണ്ട് ഹോട്ടലിലെത്തി. അന്ന് വിശ്രമം. വൈകുന്നേരം നഗരം കാണാനിറങ്ങി. 

ക്വാലാലമ്പൂർ- നാളെയുടെ നഗരം. ബാറ്റ്മാൻ സിനിമയിലെ ഗോഥാം നഗരത്തെ അനുസ്മരിപ്പിക്കും ക്വലാലമ്പൂർ. നഗരാസൂത്രണത്തിൽ നമ്മുടെ നാട് മാതൃകയാക്കേണ്ട പലതുമുണ്ട് ഇവിടെ. മികച്ച ഗതാഗത സംവിധാനങ്ങൾ. നഗരത്തിനകത്ത് തികച്ചും സൗജന്യമായി യാത്രയൊരുക്കുന്ന ബസുകൾ, തുച്ഛമായ തുകയ്ക്ക് നഗരത്തിനകത്ത് യാത്ര ചെയ്യാൻ മോണോ റെയിൽ. നഗരത്തിന് പുറത്തേക്ക് MRT(Mass Rapid Transport) ട്രെയിനുകൾ, ഊബറിന് ബദലായി ഗ്രാബ് ടാക്സികൾ,  പൈതൃക നഗരങ്ങളുടെയും കെട്ടിടങ്ങളുടെയും വിനോദസഞ്ചാര സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്...  അങ്ങനെ നിരവധി മാതൃകകൾ.

malaysia-view

രാത്രിയിൽ മറ്റൊരു മുഖമാണ് നഗരത്തിന്. പണക്കാരന്റെ ആഘോഷങ്ങളും അട്ടഹാസങ്ങളും അലയടിക്കുന്ന തെരുവുകൾ ഒരുവശത്ത്, ദരിദ്രന്റെ നിശബ്ദരോദനം അലയടിക്കുന്ന ഇടത്തെരുവുകൾ മറുവശത്ത്. തലൈവരുടെ കബാലിയിൽ കണ്ട ആകാശക്കാഴ്ചകൾ, ആ തകർപ്പൻ സംഗീതത്തിന്റെ അകമ്പടിയോടെ മനസ്സിലേക്ക് ഒഴുകിവന്നു. ഈ നഗരത്തിൽ എവിടെയോ അതുപോലെ ഒരു അധോലോകം ഉണ്ടാകുമായിരിക്കും.

ക്വലാലമ്പൂരിലെത്തുന്ന ആരും ആദ്യം അന്വേഷിക്കുന്നത് പെട്രോണാസ് ടവർ തന്നെ. രണ്ടാമത് കറങ്ങുന്ന റസ്റ്ററൻറ് സ്ഥിതി ചെയ്യുന്ന KL ടവറും. താമസിക്കുന്ന ഹോട്ടലിന് സമീപമായിരുന്നു ഇരുകെട്ടിടങ്ങളും. വൈകുന്നേരം വീണ്ടും ഫോണിൽ ഗൂഗിൾ പെൺകൊടിയുടെ നിർദേശമനുസരിച്ച് നടക്കാനിറങ്ങി. പെട്രോണാസിൽ കയറുകയാണ് ലക്ഷ്യം. അവിടെയെത്തിയപ്പോഴാണ് തമിഴ്നാട്ടിൽ രജനി പടം ഇറങ്ങുമ്പോൾ തിയറ്റർ ഹൗസ്ഫുള്ളാകുന്നതു പോലെയാണ് പെട്രോണാസ് കാണാൻ ആളുകേറുന്നത് എന്നുമനസ്സിലായത്. ഇന്നത്തെ ഷോ ടിക്കറ്റ് തീർന്നു എന്ന് പറഞ്ഞു കൗണ്ടറിൽ ഇരുന്നയാൾ കൈമലർത്തി. വേണമെങ്കിൽ നാളത്തെ ടിക്കറ്റ് എടുക്കാം. അങ്ങനെ അടുത്ത ദിവസത്തെ ടിക്കറ്റ് എടുത്തു മടങ്ങി.

Day 4

batu cave temple

 രാവിലെ നേരെ ബതു ക്ഷേത്രത്തിലേക്ക് വണ്ടി വിളിച്ചു. മലേഷ്യയിലെ പ്രശസ്തമായ മുരുകക്ഷേത്രമാണ് ബതു. ക്ഷേത്രമെന്നതിലുപരി മലേഷ്യയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ് ബതു കേവ് ടെംപിൾ. കുന്നിനകത്താണ് ക്ഷേത്രം. ഇവിടേക്ക് 272 പടികളും. മുരുകന്റെ പൂർണകായ പ്രതിമയാണ് സന്ദർശകരെ വരവേൽക്കുന്നത്. രാവിലെ തന്നെ സന്ദർശകരുടെ തിരക്ക് തുടങ്ങി. പടികളുടെ വശത്തൂടെ ചെറിയ വെള്ളച്ചാട്ടം കാണാം. പടികൾ കയറി മുകളിലെത്തുമ്പോൾ കുന്നിനകത്ത് ചെറിയ ശ്രീകോവിലുകൾ. ധാരാളം വിശ്വാസികളും സന്ദർശകരും തിക്കിത്തിരക്കുന്നു. മുകളിലേക്ക് നോക്കിയാൽ പാറയും വള്ളിച്ചെടികളും. തിരിച്ചിറങ്ങാൻ എത്തുമ്പോൾ പടികളുടെ മുകളിൽ നിന്നാൽ നഗരത്തിന്റെ വിദൂരക്കാഴ്ചകൾ കാണാം. മറ്റൊരു തമിഴ്നാട്ടിലെത്തിയ പ്രതീതിയാണിവിടെ. മലേഷ്യയിലെ തമിഴ് സമൂഹത്തിന്റെ പരിഛേദം എന്നുപറയാം ബതു ക്ഷേത്രം. 

ഉച്ചക്ക് ഹോട്ടലിൽ എത്തി വിശ്രമം. വൈകിട്ട് വീണ്ടും നഗരക്കാഴ്ചകളിലേക്ക്. മോണോ റെയിലിൽ കയറി സഞ്ചരിച്ചു. അല്ലറ ചില്ലറ ഷോപ്പിങ്. വൈകുന്നേരം തെരുവുകൾ പാട്ടും നൃത്തവുമായി സജീവമാകുന്നു.  ഗായകസംഘങ്ങൾ ചത്വരങ്ങളിൽ ഗാനമേളകൾ സംഘടിപ്പിക്കുന്നു. മസാജ് പാർലറുകൾക്ക് മുന്നിൽ ആളുകളെ മാടിവിളിച്ചുകൊണ്ട് പെൺകൊടികൾ പ്രത്യക്ഷപ്പെടുന്നു. ബാറുകളും പബ്ബുകളും സജീവമാകുന്നു. വൈകിട്ട് 6 മണിക്ക് തുടങ്ങുന്ന ആഘോഷം രാത്രി 2 മണി വരെ നീളും. നഗരക്കാഴ്ചകൾ കണ്ടുകൊണ്ട് തെരുവുകളിലൂടെ അലക്ഷ്യമായി നടന്നു. അങ്ങനെ ആ ദിവസം തീർന്നു.

Day 5

malayasia

രാവിലെ പെട്രോണാസിലേക്ക്. ടവറിന്റെ താഴത്തെ നിലകളിൽ വിശാലമായ ഷോപ്പിങ് മാളാണ്. സ്ഥലത്ത് എത്തിയപ്പോഴേക്കും നീണ്ട നിര തുടങ്ങി. (ഓൺലൈൻ വഴി നേരത്തെ ടിക്കറ്റെടുത്താൽ ക്യൂ ഒഴിവാക്കാം). 88 നിലകളുണ്ട് ടവറിന്. ആദ്യമെത്തിയത് ഇരു ടവറുകളെയും ബന്ധിപ്പിക്കുന്ന സ്കൈ ബ്രിഡ്ജിലേക്കാണ്. ഇവിടെ നിന്നും ചിത്രമെടുക്കാൻ 5 മിനിറ്റുണ്ട്. പിന്നെ നേരെ ഒബ്‌സർവേഷൻ ഡെക്കിലേക്ക്. ഇവിടെ നിന്നാൽ ക്വാലാലമ്പൂർ നഗരത്തിന്റെ പ്രൗഢമായ ആകാശക്കാഴ്ച ആസ്വദിക്കാം. ഒരു വശത്ത് പഴയ നഗരക്കാഴ്ചകൾ, പഴയ വീടുകൾ, കെട്ടിടങ്ങൾ. അതിനെ മറച്ചുകൊണ്ട് നഗരം പടർന്നു പന്തലിച്ചത് എങ്ങനെയെന്ന് ഇവിടെനിന്നുള്ള കാഴ്ചയിൽ വ്യക്തമാകും.ഈ നഗരത്തിൽ വന്നാൽ ഒഴിവാക്കാൻ പാടില്ലാത്ത ഒരു കാഴ്ചാനുഭവം തന്നെയാണ് പെട്രോണാസ് ടവറുകൾ. നഗരത്തിന് പുറത്ത് ജെന്റിങ് ഐലന്റ്, പൈതൃകനഗരമായ മലാക്ക, തീം പാർക്കുകൾ തുടങ്ങിയവയുമുണ്ട്.

പെട്രോണാസ് കൂടി കണ്ടുകഴിഞ്ഞതോടെ തൃപ്തിയായി.  ഇനി ഒന്നും കാണാനില്ല എന്നൊരു നിറവ്. അലസമായി ആ ദിവസം കൂടി ചെലവഴിച്ച ശേഷം അടുത്ത ദിവസം ഉച്ചയോടെ തിരിച്ച് എയർപോർട്ടിലേക്ക്...രാത്രിയോടെ കൊച്ചിയുടെ രാവുകളിലേക്ക് വിമാനം പറന്നിറങ്ങി. ഓരോ യാത്രകളും ഒരായിരം അനുഭവങ്ങളുടെ ഘോഷയാത്രയാണ്. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം..അല്ലേ...

ലങ്കാവി- എങ്ങനെ എത്തിച്ചേരാം?

By Air -ഇന്ത്യയില്‍ നിന്ന് കൊച്ചി, ചെന്നൈ, ബാംഗൂര്‍, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് ക്വലാലംപൂരിലേക്ക്. അവിടെ നിന്ന് ലങ്കാവിയിലേക്ക്.

By Sea - മലേഷ്യന്‍ തീരദേശ പട്ടണങ്ങളായ കൌല കേദ, പെനാങ് എന്നിവിടങ്ങളില്‍ നിന്ന് ലങ്കാവിയിലേക്ക് ഫെറി സര്‍വീസ് ഉണ്ട്.

ക്വാലാലമ്പൂർ- വിമാനത്താവളത്തിൽ നിന്നും ഏകദേശം 60 കിലോമീറ്റർ ദൂരം.

Currency :- മലേഷ്യന്‍ റിങ്കിറ്റ്- ഏകദേശം 17 രൂപയുടെ മൂല്യമുണ്ട് ഒരു മലേഷ്യൻ റിങ്കറ്റിന്.

Where to Stay : സ്റ്റാര്‍ ഹോട്ടലുകള്‍ മുതല്‍ ബജറ്റ് ഹോട്ടലുകള്‍ വരെ ലങ്കാവിയില്‍ ലഭ്യമാണ്. നവംബർ- മാർച്ച് ടൂറിസം സീസൺ‍. Make My Trip, Trivago തുടങ്ങിയ സൈറ്റുകൾ വഴി കുറഞ്ഞ നിരക്കിൽ ഹോട്ടലുകൾ ബുക് ചെയ്യാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA