sections
MORE

പ്രേതത്തെ കണ്ടു, നടി വീണാ നായർ പറയുന്നു

veena-nair-trip10
SHARE

ഇത്തിരി കുശുമ്പും അസൂയയുമെല്ലാമുള്ള തട്ടീം മുട്ടീം  സീരിയലിലെ കോകിലയെ മലയാളികൾക്കെല്ലാം വളരെ ഇഷ്ടമാണ്. സ്വന്തം വീട്ടിലും അയലത്തുമെല്ലാം അത്തരത്തിലുള്ള സഹോദരികളെ നമുക്കെളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്നതാണ്. സീരിയലുകളിലും സിനിമയിലുമെല്ലാം നിറഞ്ഞു നിൽക്കുമ്പോഴും തന്റെ സ്വകാര്യ ഇഷ്ടമെന്നും യാത്രകളാണെന്നാണ് വീണ നായർ പറയുന്നത്. യാത്രകളെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടു തന്നെ സിനിമയുടെയും സീരിയലിന്റെയും ഇടവേളകളിൽ ധാരാളം യാത്രകൾ നടത്താറുണ്ട് വീണ. ആ യാത്രാനുഭവങ്ങളും അവ സമ്മാനിച്ച മധുരതരമായ ഓര്മകളും നൽകുന്ന പുത്തനുണർവിനെക്കുറിച്ച്   മലയാളികളുടെ പ്രിയപ്പെട്ട കോകിലാക്ഷി  വാചാലയായി.

ദുബായ് യാത്രയിൽ ഏറ്റവും ആകർഷിച്ചത്  പ്രണയത്തെ താഴിട്ടു  ബന്ധിച്ച പ്രോമിസിങ് ബ്രിഡ്‌ജായിരുന്നു. താഴുകൾ വിൽക്കുന്ന ഒരു കടയാണോ അതെന്നു ആശങ്ക ഉയർത്തും അവിടുത്തെ കാഴ്ചകൾ. പ്രണയമെന്നത് ഇവിടെ ഒരു വാഗ്ദാനമാണ്. പ്രണയിക്കുന്ന ആളുടെ പേരെഴുതി താഴിട്ടു പൂട്ടി, തടാകത്തിലേക്ക് താക്കോൽ വലിച്ചെറിഞ്ഞു കളഞ്ഞാൽ ആ പ്രണയം എന്നും ഭദ്രമായിരിക്കുമെന്നാണ് വിശ്വാസം.

ഭർത്താവിനും ഏറ്റവുമടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ആ യാത്ര, യാത്രയിലെ ഏറ്റവും രസകരമായ കാര്യം,  താഴും താക്കോലും എടുക്കാൻ മറന്നതായിരുന്നു. ആ താഴിന്റെ പേരിൽ  പ്രണയം നിറഞ്ഞു നിൽക്കുന്ന അവിടെവെച്ചു വഴക്കുണ്ടാക്കിയ ആദ്യ ദമ്പതികൾ ഞാനും കണ്ണേട്ടനുമായിരിക്കും. ഇന്നോർക്കുമ്പോൾ ചിരിയുണർത്തുന്നുണ്ട്  പ്രോമിസ് ബ്രിഡ്ജിലെ ആ വഴക്കും പ്രണയത്തെ താഴിട്ടുപൂട്ടിയ ഓർമയും.

veena-nair-trip-9
സുഹൃത്തുക്കളോടൊപ്പം

ഞങ്ങളുടെ ദുബായ് യാത്രയിൽ എന്നെ ആകർഷിച്ച മനോഹരമായ മറ്റൊരിടമായിരുന്നു അൽ-ഖ്വനീജ്. ഏറെ മനോഹരമാണിവിടം. ജനവാസം കൂടുതലുള്ള, നിറയെ ഫാമുകളൊക്കെയുള്ള ഒരു സ്ഥലമാണിത്. രാത്രി കാഴ്ചകളാണ് അവിടെ ഏറ്റവും ആകര്‍ഷകമായിട്ടുള്ളത്. റെസ്റ്റോറന്റിനോട് അനുബന്ധിച്ച് ഒരു തടാകമുണ്ട്. അവിടുത്തെ സന്ദർശനവും ഭക്ഷണവുമൊക്കെ  വളരെ ചിലവേറിയതാണെങ്കിലും രാത്രിയിൽ ഏറെ ഹൃദ്യമാണ് കാഴ്ചകൾ. പിന്നീട് ഞങ്ങൾ സന്ദർശിച്ച മറ്റൊരിടം അൽ-ക്വാദ്ര തടാകം ആണ്.

veena-nair-trip4
promise bridge

മരുഭൂമിക്ക് നടുവിൽ മനുഷ്യൻ സൃഷ്‌ടിച്ച ആ തടാക കാഴ്ചകൾ ആരിലും കൗതുകമുണർത്തും. പത്ത് ഹെക്ടറിലാണ് ഈ തടാകം നിർമിച്ചിട്ടുള്ളത്. വിവിധ വർഗങ്ങളിൽപ്പെട്ട നൂറിലധികം പക്ഷികൾ ഈ തടാകത്തിനു ചുറ്റുമായി വസിക്കുന്നുണ്ട്. അതിൽ ഏറെ ഭംഗിയുള്ള അരയന്നങ്ങളുമുണ്ട്. ആദ്യകാലങ്ങളിൽ ഈ തടാകക്കരയിൽ ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. അന്ന് അവിടെ ടെന്റ് കെട്ടി താമസിക്കുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയുമൊക്കെ ചെയ്തിരുന്നു.

veena-nair-trip5

വളരെ രസകരമായിരുന്നു ആ ദിവസങ്ങൾ. ഇന്നിപ്പോൾ അത്തരം കാര്യങ്ങളൊന്നും അനുവദനീയമല്ല. അവിടെ നിന്നും തിരികെ പോരുമ്പോൾ ഞങ്ങൾക്ക് വഴിതെറ്റി. കുറെ ദൂരം യാത്ര ചെയ്താണ് പിന്നീട് തിരികെ എത്തിയത്. വഴിതെറ്റിയുള്ള യാത്രയിൽ ഏറെ കൗതുകമുണർത്തിയ ഒരു കാഴ്ചയായിരുന്നു അവിടെ ഒരു മാനിനെ കണ്ടത്. ആ മരുഭൂമിയിൽ മാനോ? എന്ന് ഞാൻ ചിന്തിക്കുകയും അത്ഭുതംകൂറുകയും ചെയ്തു. 

 ജെബേൽ അൽ-ജയ്‌സ്

ജെബേൽ അൽ-ജയ്‌സ് ആയിരുന്നു ഞങ്ങളുടെ അടുത്ത യാത്രാലക്ഷ്യം. യു എ ഇ യിലെ ഏറ്റവും ഉയരം കൂടിയയിടമാണിത്. ഞങ്ങൾ താമസിക്കുന്ന സ്ഥലത്തു നിന്നും രാത്രിയോടെ പുറപ്പെട്ട്, ഒരു മണിയോടെ   ഞങ്ങൾ ആ മലനിരകൾക്കു സമീപമെത്തി. അവിടെ ടെന്റ് കെട്ടി താമസിച്ചു. രാവിലെ ഉദയം കണ്ടു. ആ കാഴ്ച ഏറെ മനോഹരവും ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ഒന്നുമാണ്.

veena-nair-trip6

രണ്ടു മലകൾക്കിടയിൽ നിന്നും സൂര്യൻ ഉദിച്ചുയരുന്ന കാഴ്ച, വിസ്മയം ജനിപ്പിക്കുമെന്നു പറയേണ്ടതില്ലലോ. അവിടെ വെച്ച് ഞങ്ങൾക്കൊരു അനുഭവമുണ്ടായി. രാത്രിയിൽ ഒട്ടും വെളിച്ചമില്ലാത്ത സ്ഥലമാണത്. നമ്മുടെ കൈയിലുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. അവിടെ മലനിരകൾക്കുതാഴെ  വലിയ കൊക്ക പോലെയുള്ള ഒരു ഭാഗമുണ്ട്. എന്റെ ഒരു കസിൻ അവിടെ ഒരു വെളുത്തരൂപത്തെ കണ്ടു ഭയന്ന് താഴെ വീണു. ചെറിയ പരിക്കുകൾ പറ്റി. പിറ്റേന്ന് യാത്ര അവസാനിച്ചത് ആശുപത്രിയിലായിരുന്നു. 

veena-nair-trip7

പ്രണയമാണ് കുട്ടിക്കാനം യാത്ര

ഏറെ ആസ്വദിച്ച ഒന്നായിരുന്നു ആ ദുബായ് യാത്ര. എങ്കിലും നമ്മുടെ നാടിന്റെ ഒരു സുഖവും ആ പച്ചപ്പും ശീതളിമയും കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞാനും ഭർത്താവും എപ്പോഴും പോകുന്നതു ഒരേ സ്ഥലത്തേക്ക് തന്നെയാണ്. കുട്ടിക്കാനമാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. ട്രെക്കിങ് ആണ് അവിടെ ഏറ്റവും രസകരം. ഭ്രമരം ചിത്രീകരിച്ച റോഡിലൂടെയാണ് ട്രെക്കിങ്‌. അവിടുത്തെ ഡാമും ട്രെക്കിങുമൊക്കെ എത്ര തവണ പോയാലും പിന്നെയും പിന്നെയും എന്നെ ഹരം പിടിപ്പിക്കും. 

veena-nair-trip8

ഈയടുത്തു കാലത്ത് ഒരു മൂകാംബിക യാത്ര നടത്തി. വളരെ അപകടം പിടിച്ച ഒരു യാത്രയായിരുന്നു അത്. അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പമായിരുന്നു ആ യാത്ര. ഉച്ചക്കാണ് യാത്ര തിരിച്ചത്. വെളുപ്പിന് നാലുമണിയോടെ അവിടെ എത്തിചേർന്നു. ഒരു മണിക്കൂർ വിശ്രമിച്ചതിനുശേഷം ക്ഷേത്രത്തിൽ തൊഴുതു. ഉച്ചക്കുശേഷം മൂകാംബികയിൽ നിന്നും  മൈസൂർ വഴി പഴനിയിലേക്ക് യാത്ര പുറപ്പെട്ടു.

സത്യമംഗലം കാടുകളിലൂടെയുള്ള ആ യാത്ര, അർധരാത്രിയിലായിരുന്നു. പോകുന്ന വഴിയിൽ ആനയും മുള്ളൻപന്നിയും മാനുമടക്കമുള്ള ജീവികളെ കണ്ടു. ഏറെ ഭയപ്പെടുത്തിയ യാത്രയായിരുന്നു അതെന്നു പറയാതെ വയ്യ. 

ഏറ്റവും പ്രിയപ്പെട്ടത് കുടുംബത്തോടൊപ്പമുള്ള യാത്ര

കുടുംബത്തോടൊപ്പമുള്ള യാത്രകളാണ് എനിക്ക് ഏറെ പ്രിയങ്കരം. ഷോ യുടെ ഭാഗമായി ഞാൻ നിരവധി സ്ഥലങ്ങള്‍ സന്ദർശിച്ചിട്ടുണ്ടെങ്കിലും  കുടുംബമൊന്നിച്ചുള്ള യാത്രയുടെ സുഖം ഒന്നുവേറെയാണ്. ഷോയുടെ ഭാഗമായി പലതവണ അമേരിക്കയിൽ പോയിട്ടുണ്ട്.

veena-nair-trip
കുടുംബത്തോടൊപ്പം

എനിക്ക് പ്രിയപ്പെട്ട ഒട്ടനവധിയിടങ്ങളുണ്ട്. ഇനി ഒരിക്കൽ ഭർത്താവിന്റെ കൂടെ അമേരിക്കയിൽ പോകണമെന്ന ആഗ്രഹം ബാക്കിയുണ്ട്. പിന്നെ എന്നും സ്വപ്നം കാണുന്നതും ആഗ്രഹിക്കുന്നതും സ്വിറ്റസർലാൻഡിൽ പോകണമെന്നാണ്. യാത്രകളെക്കുറിച്ചും ഇനി സന്ദർശിക്കാനുള്ള സ്ഥലങ്ങളെക്കുറിച്ചും വീണ നായർ പറഞ്ഞു നിർത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA