നമിതയ്ക്കിഷ്ടം രാത്രിയിലെ നയാഗ്ര

namitha-pramod-new
SHARE

സ്കൂളിൽ പഠിക്കുന്ന കാലം മുതൽ  മലയാളികൾക്ക് സുപരിചിതയാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രം ഇറങ്ങുന്നതിനു മുൻപ് തന്നെ  സീരിയലിലൂടെ നമിത കുടുംബ പ്രേക്ഷകരെ കയ്യിലെടുത്തിരുന്നു. ട്രാഫിക്കിലെ റിയ എന്ന കഥാപാത്രവും അതിനു ശേഷമിറങ്ങിയ പുതിയ തീരങ്ങളിലെ നായികാകഥാപാത്രവുമൊക്കെ നമിതയെ പതുക്കെ പതുക്കെ മലയാള സിനിമയിലെ മുൻനിര നായികമാരുടെ നിരയിലേക്കുയർത്തി. സൗണ്ട് തോമയും പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും വിക്രമാദിത്യനും അമർ അക്ബർ അന്തോണിയുമൊക്കെ പുതിയ വിജയചരിത്രം കുറിച്ചപ്പോൾ നമിത മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി. സിനിമയും യാത്രകളുമാണ് നമിതയുടെയും ഇഷ്ടങ്ങൾ. സിനിമയുടെയും ഷോകളുടെയും ഭാഗമായി നിരവധി യാത്രകൾ ചെയ്തിട്ടുള്ള നമിതയ്ക്ക് താൻ നടത്തിയ യാത്രകളെക്കുറിച്ചു പറയുമ്പോൾ നൂറുനാവാണ്.

നയാഗ്രയുടെ സൗന്ദര്യത്തിൽ മതിമറന്ന്– നമിത

636366692
നയാഗ്രാ വെള്ളച്ചാട്ടം

ഇന്ത്യക്ക് പുറത്തു യാത്ര പോയിട്ടുള്ളതിൽ ഏറ്റവും ഇഷ്ടവും താല്പര്യവും തോന്നിയിട്ടുള്ള സ്ഥലം കാനഡയാണ്. നയാഗ്ര വെള്ളച്ചാട്ടവും ആ വെള്ള ചാട്ടത്തിനടുത്തേക്കു പോകാനുള്ള ബോട്ട് യാത്രയുമൊക്കെ ഏറെ ഹരം പിടിപ്പിക്കുന്നതാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളുടെ പട്ടികയിൽ സ്ഥാനമുണ്ട് നയാഗ്രയ്ക്ക്. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആരെയും ആകർഷിക്കും. 

namitha-pramod4
കാഴ്ചകളിൽ നമിത പ്രമോദ്

കുത്തിയൊലിച്ചു താഴേക്ക് വീഴുന്ന ജലം ചിതറിത്തെറിക്കുന്നതും ആ കുളിരും തണുപ്പുമൊക്കെ സമ്മാനിക്കുന്ന സുഖവും  വാക്കുകളിൽ വർണിക്കുന്നതിനുമപ്പുറമാണ്. പകൽ കാഴ്ചകൾക്ക് പുറമെ, നയാഗ്രയുടെ രാത്രിക്കാഴ്ചയാണ് കൂടുതൽ ഭംഗി.  പകലിനേക്കാളും അതിസുന്ദരിയാണ് രാത്രിയിൽ നയാഗ്ര വെള്ളച്ചാട്ടം. അതും മികച്ച അനുഭവമായിരുന്നു. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും നയാഗ്ര വെള്ളച്ചാട്ടം കാണുവാൻ കഴിയുന്നതാണ്. നിരവധി കാഴ്ചകളുള്ള,  തിരക്കേറിയ നഗരമാണ് കാനഡയിലെ ടൊറോന്റോ. കാനഡ സന്ദർശനത്തിൽ എനിക്കേറ്റവുമിഷ്ടം തോന്നിയ ഒരു മെട്രോപൊളിറ്റൻ സിറ്റിയാണത്. 

കടലുകടന്ന കാഴ്ചകൾ

namitha-pramod2
നമിത പ്രമോദ്

കാനഡയിൽ നിന്നും അധികം ദൂരയല്ല ലോകത്തിലെ വലിയ സാമ്പത്തിക ശക്തികളിലൊന്നായ അമേരിക്കയുടെ സ്ഥാനം.  പലതവണ എനിക്ക് പോകാൻ സാധിച്ചിട്ടുള്ള ഒരു സ്ഥലമാണത്. ചില ഷോകൾക്ക് വേണ്ടിയായിരുന്നു ആ യാത്രകളിലധികവും. യാത്രകളിൽ കൂട്ട് എനിക്ക് എപ്പോഴും അച്ഛനാണ്. അമേരിക്കയിലെ നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഗ്രാൻഡ് ടീറ്റൊൺ ദേശീയോദ്യാനം, ഗോൾഡൻ ഗേറ്റ് പാലം തുടങ്ങി സഞ്ചാരികൾ ഏറെയെത്തുന്ന ഇടങ്ങളിലൊക്കെ പോയിട്ടുണ്ട്.  അമേരിക്കൻ കാഴ്ചകളിൽ എനിക്കേറ്റവും കൗതുകം തോന്നിയതായിരുന്നു ഗ്രാൻഡ് ടീറ്റൊണിലെ ദേശീയോദ്യാനം.

namitha-pramod3
ഗ്രാന്റ് കാന്യൻ കാഴ്ചകള്‍

തടാകങ്ങളും മലകളുമെല്ലാം നിറഞ്ഞ ഇവിടുത്തെ മനോഹരമായ പ്രകൃതി സഞ്ചാരികൾക്കു പുത്തനുണർവ് സമ്മാനിക്കും. എഞ്ചിനീയറിംഗ് വൈദഗ്ദ്യത്തിന്റെ ഏറ്റവും വലിയൊരു ഉദാഹരണമാണ് ഗോൾഡൻ ഗേറ്റ് പാലം. പസഫിക് സമുദ്രത്തിനു കുറുകെയുള്ള ഈ മനോഹരമായ പാലത്തിനു ആത്മഹത്യാമുനമ്പ് എന്ന പേരുമുണ്ട്. എങ്കിലും ലോകത്തിലെ ഏറ്റവും സുന്ദരമായ നിർമിതിയുടെ കൂട്ടത്തിൽ ഈ പാലവുമുണ്ട്. മനോഹരമായ ആ കാഴ്ചകൾ കടന്നു ഞങ്ങൾ സ്വാമി വിവേകാന്ദന്റെ വിഖ്യാതമായ പ്രസംഗത്തിന് വേദിയായ ചിക്കാഗോ നഗരത്തിലെ കാഴ്ചകൾ കണ്ടു. മികച്ച കാലാവസ്ഥയും സുന്ദരമായ പ്രകൃതിയും അനേകം കാഴ്ചകളും കൊണ്ട് സഞ്ചാരികളെ സ്വീകരിക്കുന്ന അമേരിക്കയിലെ മറ്റൊരു നഗരമാണ്  അറ്റ്ലാന്റാ. അമേരിക്കയിലെ പല സ്ഥലങ്ങളും ഏറെ മനോഹരങ്ങളാണ്. അമേരിക്കൻ യാത്രയിൽ എന്റെ മനസു കവർന്ന മനോഹര കാഴ്ചകൾ സമ്മാനിച്ച ഒരിടമായിരുന്നു അറ്റ്ലാന്റാ. 

namitha-pramod6

അമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള  യാത്രയിൽ ഒരിക്കലും നഷ്ടം തോന്നാത്ത ഒരു സന്ദർശനമായിരുന്നു സാൻഫ്രാൻസിസ്‌കോയിൽ നിന്നും സ്വാതന്ത്ര്യം നേടിയ  അൽക്യാട്രസ്  എന്ന ദ്വീപിലേക്കുള്ള യാത്ര. ഒരു ലൈറ്റ്ഹൗസും സൈന്യത്തിന്റെ  കോട്ടയും ജയിലുമുൾപ്പെടുന്നതാണ് ഈ സ്ഥലം. ഇന്നിവിടം വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. ഫെറിയിൽ കയറി വേണം ഈ ദ്വീപിലേക്കെത്താൻ. മാസങ്ങൾക്കു മുൻപ് പേര് റജിസ്റ്റർ ചെയ്താൽ മാത്രമേ  സന്ദര്‍ശനത്തിനുള്ള  അനുമതി ലഭിക്കുകയുള്ളു. അകത്തൊന്നും കയറി വിശദമായി കാണാൻ സാധിച്ചില്ലെങ്കിലും ഈ മനോഹര ദ്വീപും ഇതിന്റെ ചരിത്രവും അടുത്തറിയാൻ കഴിഞ്ഞു എന്നതുതന്നെ എന്നെ സംബന്ധിച്ചു വലിയ കാര്യമാണ്.

ശരിക്കും ഞെട്ടിച്ചു  ഗ്രാൻഡ് കാന്യൻ എന്ന മഹാദ്ഭുതം

അമേരിക്കയിലെ അരിസോണയില്‍ നിലകൊള്ളുന്ന പ്രകൃതിയുടെ വിസ്മയമായ  ഗ്രാൻഡ് കാന്യൻ കാഴ്ചകൾ എന്നെയും അദ്ഭുതപ്പെടുത്തി. 446 കി. മീ. നീളത്തില്‍ കൊളറാഡോ നദിയുടെ ഇരു കരകളിലുമായി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ വിനോദസഞ്ചാര കേന്ദ്രം ശില്പഭംഗിയാര്‍ന്ന മലനിരകളുടെയും, അഗാധഗര്‍ത്തങ്ങളുടെയും ഒരു വന്‍ സമുച്ചയം ആണ്. അദ്ഭുതങ്ങളെ പേറുന്ന ഗ്രാന്‍ഡ് കാന്യന്‍, സമ്മാനിച്ച കാഴ്ചകൾ വിസ്മരിക്കാനാവില്ല.

namitha-pramod111
ഗ്രാന്റ് കാന്യൻ കാഴ്ചകളിൽ നമിത പ്രമോദ്

മഞ്ഞണിഞ്ഞ മാമലകളോ പച്ചപുതച്ച മഴക്കാടുകളോ അല്ല, മറിച്ചു വിവിധ വര്‍ണങ്ങളുള്ള സുന്ദരമായ പാറകളുടെ അടുക്കുകള്‍ ചേര്‍ത്ത് വച്ച ഒരു കലാസൃഷ്ടിയാണ്. ആരെയും ആ കാഴ്ചയിൽ‌ ലയിച്ചുപോകും.ഗ്രാൻഡ് കാന്യനെ ഭൂമിയിലെ മഹാദ്ഭുതം എന്നു തന്നെ പറയാം.

കോഴിക്കോടിന്റെ രുചിയിൽ ലയിച്ച യാത്ര

ഇന്ത്യക്കു പുറത്തു മാത്രമല്ല, ഷൂട്ടിങ്ങിനായി നമ്മുടെ നാട്ടിലും പലയിടങ്ങളിൽ പോകേണ്ടി വരാറുണ്ട്. ആ യാത്രകളെല്ലാം നന്നായി ആസ്വദിക്കുന്ന കൂട്ടത്തിലാണ് ഞാൻ. കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞാൻ യാത്ര ചെയ്തിട്ടുണ്ട്. ആ യാത്രയിൽ, കാഴ്ചകളിലൂടെയും ഭക്ഷണത്തിലൂടെയും മനസ്സിൽ കയറിപ്പറ്റിയ നാടാണ് കോഴിക്കോട്. അവിടുത്തെ നാടൻ പലഹാരങ്ങൾ മുതൽ ബിരിയാണി വരെ എല്ലാം ഇഷ്ടമാണ്.  മരക്കുടിലുകളിൽ താമസിക്കാനുള്ള അപൂർവ ഭാഗ്യം സമ്മാനിച്ച നാടാണ് വയനാട്. കഴിഞ്ഞ ദിവസം അതിരപ്പിള്ളി-വാഴച്ചാൽ പോയിരുന്നു. കാടും വെള്ളച്ചാട്ടവുമൊക്കെ സമ്മാനിക്കുന്ന കുളിർമയും സുഖവുമൊക്കെ എത്ര വർണിച്ചാലും മതിയാകില്ല. യാത്രയിൽ അങ്ങനെയുള്ള ഇടങ്ങൾ തിരഞ്ഞെടുക്കാനാണ്  ഞാൻ കൂടുതലും ശ്രമിക്കാറ്.

യാത്രകളെ കുറിച്ച് ഇനിയുമേറെ പറയാനുണ്ട് നമിതയ്ക്ക്. ഇനിയും പൂർത്തിയാക്കാത്ത, ഒരുപാട് ആഗ്രഹിക്കുന്ന യാത്രകൾ.   ദിലീപിനൊപ്പമുള്ള ഡിങ്കൻ ആണ് അടുത്ത ചിത്രം. അത് പൂർത്തിയായതിനു ശേഷം യാത്രകൾ  തുടരാനുള്ള തയ്യാറെടുപ്പിലാണ് മലയാളത്തിന്റെ പ്രിയ നായിക നമിത പ്രമോദ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA