പുൽച്ചാടിയും പുഴുക്കളും പാറ്റകളും കൊറിച്ചൊരു സായാഹ്നം

thai-food
SHARE

സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നാടുകളിലൊന്നാണ് തായ്‌ലാൻഡ്. ഏറ്റവും കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന ഈ രാജ്യം, വ്യത്യസ്തമായ  ഭക്ഷണങ്ങൾ വിളമ്പുന്ന കാര്യത്തിൽ എപ്പോഴും കൗതുകവാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കാര്യം വേറൊന്നുമല്ല..നമ്മളാരും ഇതുവരെ പരീക്ഷിക്കാത്തതും കഴിക്കാത്തതുമായ വിഭവങ്ങൾക്കാണ് ഈ നാട്ടിൽ ഏറ്റവും ഡിമാൻഡ്.  പുഴുക്കളും പുൽച്ചാടികളും പാറ്റകളും തുടങ്ങി നിരവധി ചെറിയ പ്രാണികൾ വിശ്രമവേളകളിൽ കൊറിക്കാനുള്ള വിഭവങ്ങളാകുന്നുണ്ട് ഇവിടെ. ലഹരി നുണയുമ്പോൾ ഈ പുഴുക്കളെക്കാൾ നല്ല ടച്ചിങ്‌സ് വേറെയില്ലെന്നാണ് തായ്‌ലൻഡുകാരുടെ പക്ഷം.

pattaya-food3

തായ്‌ലൻഡിലെ തെരുവോര കടകളിൽ നിരന്നിരിക്കുന്ന വലിയ പാത്രങ്ങളിൽ  മുളകുബജ്ജിയോ മുട്ടബജ്ജിയോ പരിപ്പുവടയോ ഉള്ളിവടയോ ഒന്നും തന്നെ കാണാറില്ല. പകരം നല്ല കറുമുറെ കൊറിക്കാൻ പുൽച്ചാടിയും പുഴുക്കളും പാറ്റകളുമൊക്കെയുണ്ട്. ശരീരത്തിന് ആവശ്യമായ മാംസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് ഈ ഷഡ്പദങ്ങളിലും പുഴുക്കളിലും.

ഉപ്പു ചേർത്ത് നല്ലതുപോലെ വറുത്തുകോരിയ  ഈ ചെറുകടികളാണ് അവിടുത്തെ ജനങ്ങളുടെ വിശ്രമവേളകളെ ആന്ദകരമാക്കുന്നത്. ഇരുപത് ബാത്തിന് ഒരു ചെറിയ പാക്കറ്റ്, വറുത്ത പ്രാണികളെ വാങ്ങാം. പലതരം പ്രാണികൾ വറുത്തെടുത്തതിന് നൂറുബാത്താണ് വില. പാക്കറ്റിലാക്കി തരുന്നതിനു മുന്നോടിയായി ചെറിയൊരു ചടങ്ങുകൂടി ബാക്കിയുണ്ട്, കുരുമുളക് പൊടിയും സോയാസോസും കൊണ്ട് അലംകൃതനായാണ് ഈ പുഴുക്കൾ വാങ്ങുന്നവന്റെ കയ്യിലേക്ക് എത്തുന്നത്.

തായ്‌ലൻഡിലെ ഇത്തരം ഭക്ഷണത്തിലെ പ്രധാനയിനമാണ് പുൽച്ചാടി. ഏകദേശം പത്തുസെന്റീമീറ്ററാണ് ഒരെണ്ണത്തിന്റെ നീളം. ഒറ്റക്കടിക്ക് അകത്താക്കണം, അതാണ് ഇവ കഴിക്കുന്ന രീതി. സാധാരണ വിപണികളിൽ ലഭിക്കാറുള്ള  ഉരുളക്കിഴങ്ങിന്റെ ചിപ്സുകൾ ഇവയ്ക്ക് മുമ്പിൽ തലകുനിച്ചു മാറി നിൽക്കുമെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.  വലിയ ശബ്ദം കൊണ്ട് അലോസരമുണ്ടാക്കുന്ന ചെറു ജീവിയായ ചീവീടും ഇവിടെ കറുമുറെ കൊറിക്കാനുള്ള ഒരു വിഭവമാണ്. മണത്തിലും രുചിയിലും ഏറെ മുമ്പിലാണ് ഈ വിഭവം. 

694509178

കുരുമുളകിന്റെയും ഉപ്പിന്റെയും സോയാസോസിന്റെയും രുചികൂടി ചീവീട് ഫ്രൈക്കൊപ്പം ചേരുമ്പോൾ മികച്ച ഒരു വിഭവമായി അതുമാറുമെന്നാണ് ഇതുരുചിക്കുന്നവരുടെ ഭാഷ്യം. പട്ടുനൂൽ പുഴുവും മുളകളിൽ കാണുന്ന വിരകളും ചെറുഷഡ്പദങ്ങളുമൊക്കെ തെരുവുകളിൽ  വില്പനക്ക് വെച്ചിരിക്കുന്ന ലഘുഭക്ഷണങ്ങളിൽ പ്രധാനികളാണ്. വ്യത്യസ്ത രുചികളിലുള്ള ഇവയെല്ലാം ഏറെ സ്വാദുനിറഞ്ഞാതാണെന്നാണ് ഇവിടെയെത്തി ഈ വിഭവങ്ങൾ രുചിക്കുന്ന വിദേശീയരും സ്വദേശീയരുമൊക്കെ ഒരുപോലെ അഭിപ്രായപ്പെടുന്നത്. 

ഇനി യാത്ര തായ്‌ലൻഡിലേക്കാണെങ്കിൽ, വ്യത്യസ്തമായ രുചി ആസ്വദിക്കാൻ മനസുണ്ടെങ്കിൽ.. ശരീരത്തിനേറ്റവും ഗുണകരമായ പല ജീവകങ്ങളും അടങ്ങിയിരിക്കുന്ന ഇത്തരത്തിലുള്ള ലഘുഭക്ഷണങ്ങൾ വാങ്ങി കൊറിക്കാൻ മറക്കല്ലേ... അപ്പോൾ ഇനി ഓരോ പ്ലേറ്റ് പുൽച്ചാടി ഫ്രൈയ്ക്കും  ചീവീട് ഫ്രൈയ്ക്കും ഓർഡർ കൊടുത്താലോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA