മനുഷ്യന്റെ ജൻമനാട്ടിൽ

513447241
SHARE

അധ്യായം 1, ടാൻസാനിയയിലേക്ക്...

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് ടാൻസാനിയ. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ജാരോ, അടിമക്കച്ചവടത്തിലൂടെ കുപ്രസിദ്ധമായ സൻസിബാർ ദ്വീപ്, ഭൂമിയിലെ  ഏറ്റവും വലിയ ഗർത്തമായ ഗോരങ്ഗോരോയിലെ മൃഗ ജാലങ്ങൾ- ഇങ്ങനെ സഞ്ചാരിയുടെ മനം നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമാണ് ടാൻസാനിയ...

ഒരു മഴ പെയ്തു തോർന്ന വൈകുന്നേരമാണ് ഞാൻ അരൂഷയിലെത്തിയത്. മുട്ടത്തുവർക്കിയുടെ നോവലുകളിലെ മലയോര പട്ടണം പോലൊരു സ്ഥലം. ‘അരൂഷ ക്രൗൺ’ ഹോട്ടലിൽ എന്നെ ഉപേക്ഷിച്ചിട്ട് ഗൈഡും ഏഴടിക്കാരനുമായ ജിം യാത്ര പറഞ്ഞു പോയി. ഞാൻ തണുത്ത വെള്ളത്തിൽ ഒരുഗ്രൻ കുളി പാസാക്കിയിട്ട് ജനൽ കർട്ടൻ മാറ്റി. മഴയിൽ നനഞ്ഞു സുന്ദരിയായി നിൽക്കുകയാണ് അരൂഷ. സാന്ധ്യസൂര്യന്റെ രശ്മികൾ സ്വർണപ്രഭയോടെ ഒഴുകി വീഴുന്നു. തൊട്ടുമുന്നിലെ ഒരു സ്റ്റേഡിയമാണ് ജനലിലൂടെ ആദ്യം കണ്ടത്. കോട്ടയത്തെ നെഹ്രുസ്റ്റേഡിയം പോലെ, ഇടത്തരം വലിപ്പമുള്ള ഒരു കളിക്കളം. പിന്നെ കണ്ണൊന്നു പാളിയെത്തിയത് ആ അഭൗമദൃശ്യത്തിലേക്കായിരുന്നു-മൗണ്ട് മേരു!

സ്റ്റേഡിയത്തിനു പിന്നിൽ, ഏറെയൊന്നും ദൂരെയല്ലാതെ, ആകാശം മുട്ടെ ഉയരത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടി. സൂര്യരശ്മികൾ ഉമ്മ വെക്കുന്ന ശിരസിൽ തൂർന്നു വീണു കിടക്കുന്ന മഞ്ഞുപാളികൾ. അവയെ തൊട്ടുരുമ്മി കടന്നുപോകുന്ന വെൺമേഘങ്ങൾ. ഞാൻ കണ്ണുകൾ ആവുന്നത്ര വലിച്ചു തുറന്ന് പ്രകൃതിയുടെ ആ അനന്യസുന്ദര ദൃശ്യം ആവാഹിച്ചെടുത്തു. മൂന്നോ നാലോ മിനിറ്റ്. അപ്പോഴേക്കും മേഘങ്ങളുടെ സംസ്ഥാന സമ്മേളനം ആരംഭിച്ചു. എല്ലാം മറഞ്ഞു. സൂര്യനും മേരുവും സാന്ധ്യശോഭയുമെല്ലാം ഇരുട്ടിനു വഴിമാറി.

African-Safaris4
അരൂഷയിലെ സ്റ്റേഡിയം

ഞാൻ ഫോണെടുത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന് വാട്‌സാപ്പ് മെസേജ് അയച്ചു: ‘സക്കറിയ സർ... ഞാൻ അരൂഷയിലെ ഒരു ഹോട്ടൽ മുറിയുടെ ജനാല കർട്ടൻ നീക്കി ഇപ്പോൾ ആ ദൃശ്യം കണ്ടു. ഇതേ നഗരത്തിലെ മറ്റേതോ ഹോട്ടൽ മുറിയിലിരുന്ന് ഏതാനും വർഷങ്ങൾക്കു മുമ്പ് സാർ കണ്ട അതേ മേരു പർവതം. സാറിന്റെ ‘ആഫ്രിക്കൻ യാത്ര’ എന്ന പുസ്തകത്തിൽ ഞാൻ വായിച്ചു മോഹിച്ച അതേ മേരുപർവതം. എനിക്ക് സാറിനെ ഓർക്കാതിരിക്കാനായില്ല’.

മറുപടി വന്നത് രാത്രിയിലാണ്.

African-Safaris5
അരൂഷ  നഗരം

‘ബൈജു, ഞാനൊരു വിവാഹച്ചടങ്ങിലായിരുന്നു. എന്തൊരു കാഴ്ചയാണത്, അല്ലേ? ആഫ്രിക്ക ഏതൊരു സഞ്ചാരിക്കും മറക്കാനാവാത്ത കാഴ്ചകൾ സമ്മാനിക്കും. എന്തായാലും ഗൊരങ്‌ഗൊരോ കാണാൻ മറക്കണ്ട....!’

African-Safaris6
അരൂഷ  നഗരം

സത്യം! 12 ദിവസങ്ങൾ നീണ്ട ആഫ്രിക്കൻ യാത്ര എത്രയെത്ര അവിസ്മരണീയമായ മുഹൂർത്തങ്ങളും കാഴ്ചകളുമാണ് പകർന്നു തന്നത്! ഇരുണ്ട ഭൂഖണ്ഡമെന്ന് കുഞ്ഞുന്നാളിലേ സ്‌കൂളിൽ പഠിപ്പിക്കുന്നതു മൂലം അന്ധകാരത്തിന്റെ ഗുഹ എന്നൊരു സങ്കല്പമാണ് മലയാളികൾക്ക് ആഫ്രിക്കയെക്കുറിച്ചുള്ളത്. എന്നാൽ ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള കേരളത്തിന്റെ ‘ഹരിതാഭ’ യൊന്നും ആഫ്രിക്കൻ പച്ചപ്പിന്റെ അയലത്തു പോലും വരില്ല എന്ന് ഈ യാത്രയിൽ ബോധ്യപ്പെട്ടു. എന്തൊരു പ്രകൃതിയാണ് ആഫ്രിക്കൻ ഭുഖണ്ഡത്തിൽ പ്രപഞ്ചശക്തി ഒരുക്കി വെച്ചിരിക്കുന്നത്! എന്തൊക്കെ അത്ഭുതദൃശ്യങ്ങൾ കാട്ടിയാണ് ആഫ്രിക്ക നമ്മെ ഓരോ നിമിഷവും മോഹിപ്പിക്കുന്നത്!

യാത്രാ വിവരണങ്ങളുടെ സ്ഥിരം ശൈലിയിൽ തന്നെ ആരംഭിക്കാം, അല്ലേ? ആദ്യം പറയേണ്ടത് ആഫ്രിക്കയിലേക്ക് ഒരു യാത്ര എന്ന ചിന്ത എങ്ങനെ തലയിലുദിച്ചു എന്നാണല്ലോ.

African-Safaris8
അരൂഷ  നഗരം

അയൽവാസികളായ സുരേഷും സുജയുമാണ് അതിനു കാരണക്കാർ എന്നു പറയേണ്ടി വരും. വർഷങ്ങളായി ടാൻസാനിയയിൽ ജീവിച്ചിരുന്ന സുരേഷിന്റെ കുടുംബം അടുത്ത കാലത്താണ് മകൾ ശ്രുതിയുടെ പഠനത്തിനായി നാട്ടിൽ സ്ഥിരതാമസമാക്കിയത്. സുരേഷ് മൂന്നുമാസത്തിലൊരിക്കൽ ടാൻസാനിയ-കൊച്ചി ട്രിപ്പടിക്കുന്നു. സുജയും സുരേഷും പറഞ്ഞു കേട്ട കഥകളിൽ നിന്നാണ് ടാൻസാനിയ ഒരു മോഹമായി മനസ്സിൽ കയറിക്കൂടിയത്. കിളിമഞ്ജാരോ പർവതം, ഗോരങ്ഗോരോ ഗർത്തത്തിലെ ആഫ്രിക്കൻ സഫാരി, അടിമക്കച്ചവടം നടന്നിരുന്ന സൻസിബാർ ദ്വീപ് - ഇത്രയുമൊക്കെ കേട്ടപ്പോൾത്തന്നെ ഞാൻ മനസ്സുകൊണ്ട് ടാൻസാനിയയിലെത്തി.

അവധിക്കാലത്ത് സുജയും ശ്രുതിയും ടാൻസാനിയയിലേക്ക് പോകുന്നുണ്ട്. രണ്ടാഴ്ച അവർ അവിടെയുണ്ടാവും. ആ സമയത്ത് എത്തിയാൽ സുരേഷിന്റെ ഫ്‌ളാറ്റിൽ താമസിക്കാം. ആഹാരവും താമസവും ഫ്രീ! അവധി ദിവസങ്ങളിൽ സുരേഷ് ചില സ്ഥലങ്ങളിലേക്കു കൂടെ വരാമെന്ന പ്രലോഭനം കൂടിയായപ്പോൾ ഞാൻ നിലംപരിശായി.

African-Safaris-1
അരൂഷ നഗരം

പോകാൻ തീരുമാനിച്ചു. പതിവുപോലെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കു ചെയ്യാൻ സൈറ്റുകൾ പരതി. ‘കുട്ടിമാമാ, ഞാൻ ഞെട്ടി മാമാ’ എന്നു പറഞ്ഞതുപോലെയായി എന്റെ അവസ്ഥ. കൊച്ചി-ദുബായ്-വഴി ടാൻസാനിയയുടെ തലസ്ഥാനമായ ദാർ-എസ്-സലാമിലേക്ക് മടക്കയാത്ര ടിക്കറ്റിന് 80,000 രൂപ!

മേഘജാലം വന്ന് മൗണ്ട് മേരുവിനെ മൂടിയതുപോലെ, ഫ്‌ളൈറ്റ് ടിക്കറ്റ് എന്ന കാർമേഘം വന്നെന്റെ സ്വപ്നങ്ങളെയും മൂടി. അന്നു രാത്രി മിണ്ടാതെ പോയി കിടന്നുറങ്ങി.

വെളുപ്പിനെ മൂന്നു മണി. ‘ഉണരൂ, ഉണരൂ....’ - ആരോ സ്വപ്നത്തിൽ മന്ത്രിച്ചു. ‘മുംബൈയിൽ നിന്ന് ടിക്കറ്റ് നോക്ക്.. എഴുന്നേൽക്ക്..’

African-Safaris
അരൂഷ നഗരം

ഞാൻ ചാടി എഴുന്നേറ്റ് ലാപ്‌ടോപ്പ് തുറന്നു പരതാൻ തുടങ്ങി. എല്ലാ ഫ്‌ളൈറ്റുകളുടെയും വിവരങ്ങൾ തരുന്ന സ്‌കൈസ്‌കാനർ ഡോട്ട്‌കോമിൽ അതാ കിടക്കുന്നു, കെനിയ എയർവേയ്‌സ്. മുംബൈ-ദാർ എസ് സലാം മടക്കയാത്രാ ടിക്കറ്റ് വെറും 26,000 രൂപയ്ക്ക്. ഇടയ്ക്ക് രണ്ടുമണിക്കൂർ കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിൽ വിമാനമൊന്ന് നിർത്തും. എന്നിട്ട് അടുത്ത വിമാനത്തിൽ മാറിക്കയറണം. അതിനിപ്പോ എന്താ! 60,000 രൂപ ലാഭം കിട്ടുന്ന ഏർപ്പാടല്ലേ, നെയ്‌റോബിയിൽനിന്ന് നടന്നു പോകണമെന്നു പറഞ്ഞാൽപ്പോലും ഞാൻ  സമ്മതിക്കും!

എല്ലാ ആഫ്രിക്കൻ ഗോത്രദൈവങ്ങളെയും മനസ്സാ സ്മരിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു.

പിറ്റേന്ന് രാവിലെ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു. എങ്കിൽ ഇനി യാത്രാ പരിപാടി പ്ലാൻ ചെയ്യാമെന്ന് സുരേഷ്. അങ്ങനെ നീണ്ട ചർച്ചയിൽ ഉരുത്തിരിഞ്ഞു വന്ന യാത്രാപദ്ധതി ഇങ്ങനെ: രണ്ടുദിവസം സൻസിബാറിൽ, 4 ദിവസം കിളിമഞ്ജാരോ- ഗോരങ്‌ഗൊരോ, രണ്ടുദിവസം എക്‌സ്ട്രാ കിടക്കട്ടെ. അത് വന്നിട്ട് പ്ലാൻ ചെയ്യാം.

African-Safaris10
അരൂഷ  നഗരം

ദാർ എസ് സലാമിൽനിന്ന് സൻസിബാറിലേക്ക് ഫെറിയിൽ പോകാം. തിരികെ ഫ്‌ളൈറ്റിൽ വരാം. അതുപോലെ കിളമഞ്ജാരോയിലേക്ക് ദാർ എസ് സലാമിൽ നിന്ന് വിമാനമാർഗ്ഗം പോകുന്നതാണ് എളുപ്പം. കാരണം, മഴക്കാലമാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

സുരേഷിന്റെ നിർദേശപ്രകാരം സൻസിബാർ - ദാർ എസ് സലാം റിട്ടേൺ ടിക്കറ്റും ദാർ എസ് സലാം - കിളിമഞ്ജാരോ- ദാർ എസ് സലാം ടിക്കറ്റും ബുക്കു ചെയ്തു കഴിഞ്ഞപ്പോൾ ബാങ്കിൽ മിനിമം ബാലൻസ് പോലും ഇല്ലാതായി എന്ന് പറഞ്ഞാൽ മതിയല്ലോ. കാരണം, കൊല്ലുന്ന കാശാണ് ആഫ്രിക്കയിലെ ആഭ്യന്തര വിമാനസർവീസുകാർ ഈടാക്കുന്നത്. എന്നെപ്പോലെ, എംസിആർ  മുണ്ട് മുറുക്കിയുടുത്ത് യാത്ര ചെയ്യുന്നവരുടെ ബജറ്റ് ഇവന്മാർ താളം തെറ്റിക്കും.

ഇനി ബുക്ക് ചെയ്യാനുള്ളത് ആഫ്രിക്കൻ സഫാരിയാണ്. ഗോരങ്ഗോരോ ഗർത്തത്തിൽ ഒരു ദിവസം നീളുന്ന വന്യമൃഗ സന്ദർശനം. രണ്ടുദിവസം ഹോട്ടൽ താമസവും സഫാരിയും കൂടി 25,000 രൂപ!

African-Safaris11
മൗണ്ട് മേരു.പിറ്റേ ദിവസത്തെ യാത്രയിൽ ഹൈവേയിൽ നിന്നുള്ള ദൃശ്യം.

‘പ്രഭാകരാ’ എന്ന് നാടോടിക്കാറ്റിൽ തിലകൻ വിളിക്കുന്ന സ്റ്റൈലിൽ ഞാനും നീട്ടി വിളിച്ചു പോയി- ‘സുരേഷേ...’

African-Safaris9
അരൂഷ  നഗരം

സുരേഷ് ചിരിച്ചു. ആഫ്രിക്കൻ സഫാരിക്ക് പോകണമെങ്കിൽ ഇത്രയും കാശ് മുടക്കാതെ ഒരു രക്ഷയുമില്ല. ആഫ്രിക്കൻ സഫാരി ചില കമ്പനികൾ കുത്തകയാക്കി വെച്ചിരിക്കുകയാണ്. (കമ്പനികൾ അധികവും ഇന്ത്യക്കാരുടേതു തന്നെ!) അവർ നിശ്ചയിച്ചിരിക്കുന്ന നിരക്കിന് സർക്കാർ മൗനാനുവാദം നൽകിയിരിക്കുകയാണ്.

അവിടെയും ഞാൻ സുല്ലിട്ടു. അങ്ങനെ ആഫ്രിക്കൻ സഫാരിയും ബുക്ക് ചെയ്തു.

ഇനി വീസ? വേണ്ട. ഇന്ത്യക്കാർക്ക് ടാൻസാനിയയിൽ വീസ ഓൺ അറൈവലാണ്. അവിടെ വിമാനത്താവളത്തിൽ 50 യുഎസ് ഡോളർ കൊടുത്താൽ വീസ റെഡി.

എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നു കരുതിയപ്പോൾ സുരേഷ് വീണ്ടും വിളിച്ചു. 'യെല്ലോ ഫീവർ വാക്‌സിൻ എടുത്തോ?'

‘ഇല്ല’ എന്ന് ഞാൻ .

‘എന്നാൽ വേഗം പോയി എടുക്ക്. ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ മഞ്ഞപ്പനി പ്രതിരോധ കുത്തിവെപ്പ് എടുക്കണം. ആ സർട്ടിഫിക്കറ്റ് കാണിച്ചില്ലെങ്കിൽ അവിടുന്ന് അടുത്ത ഫ്‌ളൈറ്റിൽ കയറ്റി തിരിച്ച് ഇന്ത്യയിലേക്ക് വിടും. ഇന്ത്യയിലെത്തുമ്പോൾ, കുത്തിവെയ്പ് എടുക്കാത്തയാളെ ഇന്ത്യയിലിറക്കില്ലെന്ന് കൊച്ചിയിലെ വിമാനത്താവളക്കാരും പറയും.’ - സുരേഷ് പേടിപ്പിച്ചു.

അങ്ങനെ ആഫ്രിക്കയ്ക്കും ഇന്ത്യയ്ക്കും വേണ്ടാത്തവനായി ജീവിക്കാൻ ഞാൻ ഒരുക്കമല്ലല്ലോ. എവിടെ കുത്തും ഈ പ്രതിരോധ മരുന്ന് എന്നന്വേഷിച്ചു. കൊച്ചിയിൽ പോർട്ട്ട്രസ്റ്റിന്റെ ആശുപത്രിയാണ് ഇതിന്റെ കേന്ദ്രം എന്നറിഞ്ഞു. രാവിലെ 8.30ന് പോർട്ട്ട്രസ്റ്റ് ആശുപത്രിയിൽ ഹാജരായി റജിസ്റ്റർ ചെയ്തു. 10.30 ന് ഇൻജക്‌ഷനും കഴിഞ്ഞ് ആജീവനാന്തം മഞ്ഞപ്പനി പിടിപെടാത്തവനെന്ന് ഇന്ത്യാ ഗവൺമെന്റ് ചാപ്പ കുത്തിയ മഞ്ഞക്കാർഡും വാങ്ങി ഉല്ലാസചിത്തനായി ആശുപത്രിയുടെ പടിയിറങ്ങി.

കൊച്ചിയിൽനിന്ന് നിറകൊണ്ട പാതിരാ നേരത്ത് മുംബൈ വിമാനത്തിൽ കയറി. വെളുപ്പിനെ 6.30 നാണ് മുംബൈയിൽ നിന്നുള്ള ദാർ എസ് സലാം ഫ്‌ളൈറ്റ്.

രാത്രിയുടെ അന്ത്യയാമത്തിൽ മുംബൈ എയർപോർട്ടിലെ കെനിയ എയർവേയ്‌സിന്റെ ചെക്ക് ഇൻ കൗണ്ടറിലെത്തി. നീണ്ട ക്യൂവാണ്. പിന്നിൽ സ്ഥാനം പിടിച്ചു. ഒരു മണിക്കൂർ കഴിഞ്ഞു. ക്യൂ അനങ്ങുന്നില്ല. ഒന്നര മണിക്കൂറായി. ഒന്നും സംഭവിക്കുന്നില്ല.

എന്തോ പന്തികേടുണ്ട്. പെട്ടെന്ന് കെനിയ എയർവേയ്‌സിന്റെ ഉദ്യോഗസ്ഥൻ ക്യൂവിൽ നിൽക്കുന്നവരെ സമീപിച്ച് ക്ഷമ പറഞ്ഞു. വിമാനത്തിന് യന്ത്രത്തകരാർ. ഇന്നു വിമാനം പൊങ്ങില്ല, പോകില്ല. 

എന്തായാലും എയർ ഇന്ത്യ പോലെയൊന്നുമല്ല കെനിയ എയർവേയ്‌സ് എന്നു ബോധ്യപ്പെട്ടു. ഞൊടിയിടയിൽ എസി ബസ്സുകൾ വന്ന് യാത്രക്കാരെ കയറ്റി, എയർപോർട്ടിനു സമീപമുള്ള ഹയാത്ത് ഹോട്ടലിലെത്തിച്ചു. ഹയാത്തിന്റെ പതുപതുത്ത മെത്തയിൽ മലർന്നു കിടന്ന് ഞാൻ വീണ്ടും കിളിമഞ്ജാരോ സ്വപ്നം കണ്ടു.

പിറ്റേന്ന് വൈകുന്നേരം വരെ ഉണ്ടും ഉറങ്ങിയും ഹയാത്തിൽ ഭേഷാ വസിച്ചു. പിറ്റേന്ന് രാത്രി വീണ്ടും എയർപോർട്ടിലേക്ക്. ഒരു ദിവസം വൈകി, പിറ്റേന്ന് രാവിലെ 6.30ന് കെനിയ എയർവെയ്‌സ് വിമാനം മുംബൈയിൽ നിന്ന് പറന്നുപൊങ്ങി...

(തുടരും)

ബൈജു എൻ നായർ 

ഓട്ടോമൊബൈൽ ജേർണലിസ്റ്റ് ,യാത്രികൻ.ഇന്ത്യയിൽ നിന്ന് 27 രാജ്യങ്ങളും 27000 കിലോമീറ്ററും താണ്ടി റോഡ് മാർഗം ആദ്യമായി ലണ്ടനിലെത്തിയ വ്യക്തി.97 രാജ്യങ്ങൾ സന്ദർശിച്ചു.ലണ്ടനിലേക്കൊരു റോഡ് യാത്ര,ദേശാടനം,ഉല്ലാസ യാത്രകൾ,സിൽക്ക് റൂട്ട് എന്നീ യാത്രാ വിവരണ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA