sections
MORE

സൻസിബാറിലെ കൃഷിഭൂമിയിൽ

africa-sanbar13
SHARE

(മനുഷ്യന്റെ ജന്മനാട്ടിൽ - 8 )

റിസോർട്ടായി മാറിയ ക്വാറന്റൈൻ കെട്ടിടത്തിനു പിന്നിൽ കാണുന്നത്  ജയിലിനായി പണിത കെട്ടിടമാണ്. വലിയ മുറ്റത്തോടു കൂടിയ, നിറയെ ജനലുകളുള്ള, യൂറോപ്യൻ ശൈലിയിലുള്ള കെട്ടിടമാണിത്. 1892ൽ പണിത ഈ ജയിൽ കെട്ടിടം നാശോന്മുഖമായതാണ്. പിന്നീട് പുതുക്കി നിർമ്മിക്കുകയായിരുന്നു.

africa-sanbar1
സൻസിബാറിലെ കൃഷിത്തോട്ടത്തിൽ

ഉള്ളിൽ വിശാലമായ തുറന്ന നടുമുറ്റമുണ്ട്. ജയിലുകളുടെ പരമ്പരാഗത രൂപമല്ല, മുറികൾക്കുള്ളത്. കാറ്റും വെളിച്ചവും കടക്കുന്ന മുറികളാണ്. അഴികളുമില്ല. ചുറ്റും അലകടൽ ആർത്തിരമ്പുന്ന ഈ ദ്വീപിൽ നിന്ന് ആര്, എങ്ങോട്ട് രക്ഷപ്പെട്ടു പോകാനാണ്! ജയിലിനു പിന്നിൽ ചെങ്കുത്തായ പാറക്കെട്ടാണ്. അതിനു താഴെ കടൽ അലറി വിളിക്കുന്നു.

africa-sanbar3
സൻസിബാറിലെ കൃഷിത്തോട്ടത്തിൽ

1893ൽ ജയിലിനോടനുബന്ധിച്ച് നിരവധി കെട്ടിടങ്ങളുണ്ടായിരുന്നു, ദ്വീപിൽ. രണ്ട് ബംഗ്ലാവുകൾ, പോലീസ് ക്വാർട്ടേഴ്‌സുകൾ, വാട്ടർടാങ്ക്, മുസ്ലീം പള്ളി എന്നിവയാണ് ആദ്യഘട്ടത്തിൽ പണിതത്. എല്ലാ കെട്ടിടങ്ങളും ദ്വീപിനു ചുറ്റുമുള്ള കടലിലെ പവിഴപ്പുറ്റുകൾ ഉപയോഗിച്ച് പണിതതാണെന്നുള്ളതും എടുത്തു പറയണം.ജയിൽ കെട്ടിടത്തിൽ 18 മുറികളാണുണ്ടായിരുന്നത്. വെള്ളം ശുദ്ധീകരിക്കാനുള്ള സൗകര്യവും വലിയ അടുക്കളയുമൊക്കെ ജയിലിന്റെ ഭാഗമായി ഉണ്ടായിരുന്നു.

africa-sanbar
സൻസിബാറിലെ കൃഷിത്തോട്ടത്തിൽ

ജയിൽ പ്രവർത്തനമാരംഭിക്കാൻ തുടങ്ങുന്ന കാലത്തു തന്നെ ഈജിപ്റ്റിൽ കോളറ പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയിൽ പ്ലേഗും പടർന്നുപിടിച്ചു. ഈ രാജ്യങ്ങൾക്കിടയിലെ പ്രധാന തുറമുഖമെന്ന നിലയിൽ അസുഖബാധിതരായ കപ്പൽ യാത്രക്കാരെ  ചികിത്സിക്കാനും അസുഖം പടരാതെ പാർപ്പിക്കാനും ഒരിടം സൻസിബാറിൽ വേണമായിരുന്നു. അല്ലെങ്കിൽ സൻസിബാർ ദ്വീപിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമെന്ന് ബ്രിട്ടീഷുകാർ കണക്കുകൂട്ടി. അതിനു പറ്റിയ സ്ഥലം ചങ്ഗു ദ്വീപാണെന്നും അവർ കണ്ടെത്തി.

africa-sanbar6
സൻസിബാറിലെ കൃഷിത്തോട്ടത്തിൽ

അങ്ങനെ, ജയിലിനായി പണിത കെട്ടിടങ്ങളിൽ പ്ലേഗ്, കോളറ ബാധിതർ നിറഞ്ഞു. ഡോ. സ്പുരിയറിന്റെ നേതൃത്വത്തിൽ ഏഴ് ആശുപത്രി ജീവനക്കാർ ദ്വീപിൽ ചാർജ്ജെടുത്തു. കൂടാതെ കുക്ക്, സ്റ്റുവാർഡ്, ക്ലീനിങ് ജീവനക്കാർ എന്നിവരെയും നിയോഗിച്ചു. ഒരു സമയത്ത് 904 രോഗികളെ വരെ ദ്വീപിൽ പാർപ്പിച്ചിരുന്നത്രെ. ഏതായാലും സൻസിബാർ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളെയെല്ലാം പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെടുത്താൻ ബ്രിട്ടീഷുകാർ കൈക്കൊണ്ട മാർഗ്ഗം ഫലപ്രദമായി. അക്കാലത്ത് ഈ രോഗങ്ങളൊന്നും ആഫ്രിക്കയെ സ്പർശിച്ചില്ല. ചങ്ഗു ദ്വീപിനോട് വിട പറഞ്ഞ് വലിയ ദ്വീപായ സാൻസിബാറിലേക്ക് മടങ്ങി. മടക്കയാത്രയിൽ കടലിനോട് വലിയ പേടി തോന്നിയില്ല. അപ്പോഴേക്കും മഴ ശമിക്കുകയും ചെയ്തിരുന്നു.

വൈകീട്ടാണ് ദാർ എസ് സലാമിലേക്കുള്ള വിമാനം. ഇവിടേക്ക് വന്നത് ഫെറി ബോട്ടിലാണെങ്കിലും വൈകുന്നേരങ്ങളിൽ വേലിയേറ്റം മൂലം ബോട്ടിൽ പോകണ്ട എന്നാണ് സുരേഷിന്റെ  തീരുമാനം. തിരകളിൽ കയറിയിറങ്ങി പോകുന്ന ബോട്ടിൽ ഇരിക്കുക ദുഷ്‌കരമാണത്രേ. എന്നാൽ സത്യത്തിൽ, സൻസിബാറിൽ നിന്ന് ദാർ എസ് സലാമിലേക്ക് വിമാനത്തിൽ പോകാനുള്ള ദൂരവുമില്ല. വെറും 25 മിനിട്ടാണ് വിമാനയാത്രയുടെ ദൈർഘ്യം. 'സീറ്റ് ബെൽറ്റ് ഇട്ടോ, ഊരിക്കോ' എന്ന മട്ട്.

africa-sanbar4

തിരികെ സൻസിബാറിലെത്തിയപ്പോൾ ഡ്രൈവർ സൈമൺ ചോദിച്ചു. 'ഫാം' കാണണ്ടേ എന്ന്. ഫാം എന്നാൽ കൃഷി സ്ഥലം. ഇവിടം സന്ദർശിക്കുന്നവർ ഫാം കാണാതെ മടങ്ങാറില്ലത്രേ. നൂറ്റാണ്ടുകൾക്കു മുമ്പേ സുഗന്ധദ്രവ്യങ്ങൾക്കും പച്ചക്കറികൾക്കും മറ്റും പേരു കേട്ട സ്ഥലമാണല്ലോ സൻസിബാർ. ഇപ്പോഴും ഉൾപ്രദേശങ്ങളിൽ കൃഷി ഭൂമികളാണ് കൂടുതൽ. അതുകൊണ്ടു തന്നെ 'ഫാംടൂറിസ'ത്തിനും നല്ല വളക്കൂറുള്ള മണ്ണാണിത്.

africa-sanbar7
.തെങ്ങോല 'ടൈ' അണിയിക്കുന്നു

ഏതായാലും വിമാനം പുറപ്പെടാൻ നാല് മണിക്കൂർ ബാക്കിയുണ്ട്. ഒരു ഫാം കൂടി കാണാൻ തീരുമാനിച്ചു. ദ്വീപിന്റെ മറ്റൊരു അറ്റത്തേക്കു നീളുന്ന പാതയിലൂടെ കുറേ ദൂരം സഞ്ചരിച്ചപ്പോൾ നിരവധി ഫാമുകളുടെ ബോർഡുകൾ കണ്ടുതുടങ്ങി. ഓരോ ഫാമിനും ഏക്കറു കണക്കിന് വിസ്തീർണ്ണമുണ്ട്.

africa-sanbar8
ക്വാറന്റൈൻ കെട്ടിടത്തിന്റെ പിൻവശം

ഏതോ ഒരു ഫാമിനു മുന്നിൽ സൈമൺ വാൻ നിർത്തി. നാലഞ്ചുപേർ അവിടെ സന്ദർശകരെ കാത്തു നിൽക്കുന്നുണ്ട്. കൂട്ടത്തിലൊരാൾ ഞങ്ങളെ വന്നു സ്വീകരിച്ചു. 'ഒരാൾക്ക് 5 ഡോളറാണ് പ്രവേശന ഫീസ്' - അയാൾ പറഞ്ഞു. ഇതിനുമുമ്പ് പല തവണ പല ഫാമുകളും സന്ദർശിച്ചിട്ടുണ്ട്, സഹയാത്രികനായ സുരേഷ്. ഒരിടത്തും പ്രവേശന ഫീസ് ആവശ്യപ്പെട്ട ചരിത്രമില്ല. മടങ്ങുമ്പോൾ എന്തെങ്കിലും 'ടിപ്പ്' നൽകുകയാണ് പതിവ്. കൂടാതെ, ഫാമിൽ വിളയുന്ന ഫലമൂലങ്ങളെന്തെങ്കിലും പണം കൊടുത്ത് വാങ്ങുകയും ചെയ്യും. സുരേഷ് അയാളോട് ഇക്കാര്യം  ഓർമ്മിപ്പിച്ചു. എന്നാൽ അതൊക്കെ പണ്ടാണെന്നും ഇപ്പോൾ ഗവർമെന്റ് നിർദ്ദേശിച്ചിരിക്കുന്നത് പ്രവേശനഫീസ് ഈടാക്കാനാണെന്നും അയാൾ മറുപടി പറഞ്ഞു.

എങ്കിൽ പണത്തിന് രസീത് നൽകണമെന്നായി സുരേഷ്. ടാൻസാനിയയിലെ പതിവനുസരിച്ച് എല്ലാ രസീതിലും സർക്കാരിന്റെ സീൽ കാണണം.

africa-sanbar11
പ്രിസൺ ഐലൻഡിലെ ജയിൽ 

സീൽ ഇല്ലാത്ത രസീത് നൽകാമെന്നായി അയാൾ. അതു പറ്റില്ലെന്ന് സുരേഷ്. 

തർക്കം ഏറെ നേരം നീണ്ടു. ഒടുവിൽ പണം നൽകി, സീൽ ഇല്ലാത്ത രസീത് വാങ്ങി. 'ഇത് ഞാൻ ടൂറിസം  ഡിപ്പാർട്ടുമെന്റിൽ അയച്ചു കൊടുത്ത് ഒരു തീരുമാനമുണ്ടാക്കും. ഇനി ഒരു ടൂറിസ്റ്റും ഇങ്ങനെ പറ്റിക്കപ്പെടരുത്'- സുരേഷ് പ്രഖ്യാപിച്ചു. അയാൾ അത് തീരെ പ്രതീക്ഷിച്ചില്ല .  സന്ദർശകരെ പറ്റിച്ച് പണം വാങ്ങി, ജീവനക്കാരെല്ലാം കൂടി പങ്കിട്ടെടുക്കുന്നതാവണം, അവിടത്തെ പതിവ്. ഒരു വിദേശി ഇപ്പണി പറ്റിക്കുമെന്ന് അവർ കരുതിയിട്ടുണ്ടാവില്ല.

africa-sanbar12
പ്രിസൺ ഐലൻഡിലെ ജയിൽ 

ഫാം കണ്ട് തിരികെ വരുമ്പോഴേക്കും രസീത് സീൽ വെച്ചു തരാമെന്നൊക്കെ അയാൾ അഭ്യർത്ഥിച്ചെങ്കിലും സുരേഷ് വഴങ്ങിയില്ല. സീലില്ലാത്ത രസീത് എങ്ങനെയും സുരേഷിന്റെ പക്കൽ നിന്നും തിരികെ വാങ്ങുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. ഞങ്ങൾ ഫാമിനുള്ളിലേക്കു നടന്നു. എന്റെ നാടായ കോട്ടയത്തെ ഏതോ പറമ്പിലൂടെ നടക്കുന്ന അതേ പ്രതീതി. ചക്ക, മാങ്ങ, പേരയ്ക്ക, കുരുമുളക്- ഇങ്ങനെ നമ്മുടെ നാട്ടിലെ പറമ്പുകളിൽ വിളയുന്നതെല്ലാം അവിടെ ഉണ്ട്.

'വെൽക്കം ടു ഫാം, ഐ ആം യുവർ ഗൈഡ്' എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഒരു ഊർജ്ജസ്വലനായ പയ്യൻ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. 'ഇനി നിനക്കും കാശ് തരണോ?- അതായിരുന്നു, സുരേഷിന്റെ ആദ്യ ചോദ്യം. 'വേണ്ട.. അതൊക്കെ പ്രവേശനഫീസിൽ പെടുന്നുണ്ട്'- മറുപടി.

ആശ്വാസമായി. ടൂറിസ്റ്റ് കേന്ദ്രമായതു കൊണ്ട് തൊടുന്നതിനും പിടിച്ചതിനുമൊക്കെ കാശ് വാങ്ങിയെടുക്കാൻ കാത്തിരിക്കുകയാണ് സൻസിബാറിലെ ജനത. തങ്ങളുടെ നാട്ടിലെത്തുന്ന വിനോദ സഞ്ചാരിയെ പിഴിഞ്ഞ് കാശു വാങ്ങുന്നതിൽ തെറ്റൊന്നുമില്ലെന്ന്, മറ്റേതൊരു ടൂറിസ്റ്റ് കേന്ദ്രത്തിലെയും ജനങ്ങളെപ്പോലെ , സൻസിബാറുകാരും കരുതുന്നു.

africa-sanbar10
പ്രിസൺ ഐലൻഡിലെ ജയിൽ 

ഫാമിന്റെ കാഴ്ചകളിലേക്ക് കടക്കുന്നതിനു മുമ്പ് ആദ്യം ഒരു ഇളനീർ വെട്ടിത്തന്നു, പയ്യൻ. നല്ല മധുരമുള്ള കരിക്ക്. തുടർന്ന് ഫാമിൽ തന്നെ നിർമ്മിച്ചെടുത്ത, തെങ്ങോല കൊണ്ടു നെയ്ത തൊപ്പി ധരിപ്പിച്ചു. കഴുത്തിൽ തെങ്ങോല കൊണ്ടുള്ള 'ടൈ'യും കെട്ടി. 'ടൈ'യിൽ രണ്ട് ചുവന്ന ചെമ്പരത്തിപ്പൂക്കളും തിരുകി. സ്ത്രീകൾക്ക് ചെമ്പരത്തിപ്പൂമാലയാണ് ഉപഹാരമായി നൽകിയത്. അങ്ങനെ 'തെങ്ങോല വിഭൂഷിത'രായി സംഘം ഫാമിൽ പ്രവേശിച്ചു.

നമ്മുടെ പറമ്പിൽ ഇല്ലാത്ത യാതൊന്നും ആ ഫാമിലുമില്ല എന്ന് ഏറെ താമസിയാതെ ഞങ്ങൾക്ക് ബോധ്യപ്പെട്ടു. സായിപ്പന്മാർക്ക് ഇത്തരം ഫലവൃക്ഷങ്ങളെപ്പറ്റി യാതൊന്നും അറിയാത്തതുകൊണ്ട് നമ്മളും അജ്ഞരാണെന്നാണ് പയ്യന്റെ ധാരണ. എന്നാൽ പത്തുമിനുട്ടു കൊണ്ടു തന്നെ നമ്മുടെ 'വൃക്ഷജ്ഞാനം' പയ്യന് ബോധ്യപ്പെട്ടു. സുരേഷിന്റെ ഭാര്യ സുജയായിരുന്നു, ഫാമിലെ താരം. മലപ്പുറത്ത് വളാഞ്ചേരിയിൽ വലിയ കൃഷിഭൂമിയുള്ള കുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് സുജയ്ക്ക് അറിയാത്ത മരങ്ങളോ ചെടികളോ ഇല്ല. 

ഇതൊന്നുമറിയാതെ പയ്യൻ ഓരോ മരങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങും. 'ഇത് സിസൈജിയം കുമിനി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ജംബോലൻ'.... ഇത്രയും പറയുമ്പോഴേക്കും സുജ വള്ളുവനാടൻ മലയാളത്തിൽ ഇടപെടും. 'ഇത് നമ്മുടെ ഞാവല്..' അതോടെ പയ്യൻ സുല്ലിടും. ഇതിങ്ങനെ പലകുറി ആവർത്തിച്ചപ്പോൾ പയ്യൻ പറഞ്ഞു. 'ഇനി നിങ്ങൾക്ക് അറിയാത്ത മരമോ ചെടിയോ കണ്ടാൽ ചോദിക്ക് ..'

ഒരു മണിക്കൂറിലേറെ ഫാമിലൂടെ ചുറ്റി നടന്നിട്ടും കേരളത്തിൽ ഇല്ലാത്തതൊന്നും അവിടെ കാണാൻ സാധിച്ചില്ല എന്നതാണ് സത്യം.

'ഫാം ടൂറി'നൊടുവിൽ അവിടെത്തന്നെ ഉല്പാദിപ്പിക്കുന്ന പ്രകൃതിദത്ത സോപ്പ്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ വിൽക്കുന്ന ചെറിയൊരു ഷോപ്പിലും കൊണ്ടുപോയി. അവിടെ പൊടിച്ചെടുക്കുന്ന കാപ്പിപ്പൊടി കൊണ്ട് ഉണ്ടാക്കിയ ചൂടുകാപ്പി കുടിച്ച് ഫാമിനോട് വിട പറഞ്ഞു.

അവിടെ നിന്ന് നേരെ സൻസിബാർ എയർപോർട്ടിലേക്ക് തിരിച്ചു. നഗരം പിന്നിട്ട്, ജനവാസകേന്ദ്രങ്ങൾ കടന്ന് എയർപോർട്ടിലെത്തി. ആഫ്രിക്കൻ നാടുകളിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും ആ പകിട്ടൊന്നും എയർപോർട്ടിനില്ല. വെള്ളയും നീലയും പെയിന്റടിച്ച കെട്ടിടം പഴയ സർക്കാർ ആശുപത്രിയെ ഓർമ്മിപ്പിക്കും. 

ചെക്ക് ഇൻ ചെയ്ത് ഉള്ളിൽ കടന്നപ്പോൾ മഴ വീണ്ടും ശക്തിയായി പെയ്തു തുടങ്ങി. അതോടൊപ്പം അറിയിപ്പും വന്നു- 'വിമാനം ഒന്നരമണിക്കൂർ ലേറ്റ്'. കിളിമഞ്ജാരോയിൽ നിന്നു വരുന്ന വിമാനമാണ്. കാലാവസ്ഥ മോശമായതുകൊണ്ട് അവിടെ നിന്നും പുറപ്പെടാൻ വൈകിയത്രേ.

പിറ്റേന്ന് രാവിലെ ഞങ്ങൾക്ക് ദാർ എസ് സലാമിൽ നിന്ന് കിളിമഞ്ജാരോയിലേക്ക് വിമാനത്തിലാണ് പോകേണ്ടത്. ആ യാത്രയും വൈകുമോ എന്ന് ആശങ്ക തോന്നി.വിമാനത്താവളം ചോർന്നൊലിക്കുന്നുണ്ട്. പല തവണ ഇരിപ്പിടം മാറേണ്ടി വന്നു. ഇതിനിടെ ഒരു വിമാനം വന്നു പോയി. അതോടെ ദാർ എസ് സലാമിലേക്കുള്ള  വിമാനത്തിൽ സഞ്ചരിക്കാനുള്ളവർ മാത്രം ലോഞ്ചിൽ അവശേഷിച്ചു. അഞ്ചെട്ടു സീറ്റുകൾ മാത്രമുള്ള ചെറിയ വിമാനങ്ങൾ തമ്പാനൂർ കെഎസ്ആർടിസി സ്റ്റാന്റിലെന്ന പോലെ വരികയും പോവുകയും ചെയ്യുന്നുണ്ടായിരുന്നു. വലിയ ഫാം ഉടമകളും മറ്റും ഉപയോഗിക്കുന്ന വിമാനങ്ങളാണത്. സ്വന്തം ഫാമിനുള്ളിൽ പലർക്കും റൺവേകളുണ്ട്. കൂടാതെ വലിയ വിമാനങ്ങൾക്ക് എത്തിപ്പെടാനാവാത്ത ചില സ്ഥലങ്ങളിലേക്കും ചെറുവിമാന സർവീസുകളുണ്ട്. അവയിൽ കയറാൻ നേരത്തെ ബുക്ക് ചെയ്യുന്ന പതിവൊന്നുമില്ല. സീറ്റുണ്ടെങ്കിൽ കയറി പോകാം.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA