സൂപ്പർതാരങ്ങളുടെ ഹൃദയം കവർന്ന മാലദ്വീപ്

pataudi-family-holiday
SHARE

മാലയിൽ മുത്തുകൾ കോർത്തിട്ടതുപോലെയുള്ള പവിഴദ്വീപുകൾ, എത്തുന്ന സഞ്ചാരികളുടെ ഹൃദയത്തെ കവരുന്ന ഈ ദ്വീപുകൾക്ക് പേര്... മാലദ്വീപുകൾ. അതിസുന്ദരമായതുകൊണ്ടു തന്നെ, അവിടുത്തെ കാഴ്ചകൾ കാണാൻ എത്തുന്ന സഞ്ചാരികൾ ലക്ഷക്കണക്കിനാണ്, അതിൽ പ്രശസ്തരും അപ്രശസ്തരും ധാരാളം. മാലദ്വീപിന്റെ സൗന്ദര്യത്തിൽ മനം നിറഞ്ഞ് ആഘോഷിക്കുകയാണ് ഒരു താരകുടുംബം. സെയ്‌ഫ് അലി ഖാനും  ഭാര്യ കരീന കപൂറും മകൻ തൈമൂറും  സഹോദരിയും നടിയുമായ സോഹ അലി ഖാനും ഭർത്താവ് കുനാൽ കെമ്മുവും മകൾ ഇനായ നൗമിയുമെല്ലാം ഒരുമിച്ചാണ് മാലദ്വീപിലെത്തിയിരിക്കുന്നത്. കുടുംബവുമൊന്നിച്ചുള്ള രസകരമായ നിരവധി ചിത്രങ്ങളാണ് സോഹ അലി ഖാൻ പങ്കുവെച്ചിരിക്കുന്നത്. ഒരുമിച്ചു കൂടിയതിന്റെ സന്തോഷം എല്ലാ മുഖങ്ങളിലും പ്രകടമാണ്. യാത്രയും ബീച്ചും കടൽ കാഴ്ചകളുമൊക്കെ കുഞ്ഞുങ്ങളും ആസ്വദിക്കുന്ന ചിത്രങ്ങൾ ഏറെ രസകരമാണ്. 

പട്ടൗഡി കുടുംബത്തിന്റെ, പ്രത്യേകിച്ച് സെയ്‌ഫിന്റെയും കരീനയുടെയും തൈമൂറിന്റെയുമൊന്നും ചിത്രങ്ങൾ അധികമൊന്നുംആരാധകർക്കായി പങ്കുവെയ്ക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ സോഹ അലി ഖാനും ഭർത്താവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  ബീച്ചുകളിലും പൂളിലുമൊക്കെ കുട്ടികളൊന്നിച്ചു കളിക്കുന്ന ചിത്രങ്ങളും സെയ്‌ഫും കരീനയും കൈകൾ കോർത്തുപിടിച്ചുകൊണ്ടു മണൽപ്പരപ്പിൽ മുട്ടുകുത്തി ചേർന്നിരിക്കുന്നതും സെയ്‌ഫിന്റെ വിരലിൽ പിടിച്ചു നിൽക്കുന്ന കുഞ്ഞു തിമൂറിന്റെ ചിത്രവുമൊക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 

അറബിക്കടലിലാണ് മാലദ്വീപിൻറെ സ്ഥാനം. രണ്ടായിരത്തോളം വരുന്ന കൊച്ചുകൊച്ചു ദ്വീപുകൾ ചേർന്നതാണ് ആ മനോഹര ദ്വീപ് രാഷ്ട്രം. പക്ഷേ, ഇത്രയധികം ദ്വീപുകളുണ്ടെങ്കിലും അതിൽ  ജനവാസമുള്ളവ വെറും 250 എണ്ണം മാത്രമേയുള്ളു. കുറ്റിക്കാടുകളും പൂക്കളും നിറഞ്ഞ, കുന്നുകളോ മലകളോ, വലിയ മരങ്ങളോ ഇല്ലാത്ത നാടാണ് മാലദ്വീപ്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗം. ധാരാളം ബീച്ച് റിസോർട്ടുകൾ ഇവിടെയുണ്ട്. 

View this post on Instagram

First times 🌊

A post shared by Soha (@sakpataudi) on

എല്ലാ ആഢംബര സൗകര്യങ്ങളും നൽകുന്നവയാണ് ഓരോ ബീച്ച് റിസോർട്ടുകളും. കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടുകൾ  ഓരോ യാത്രികനും മനോഹരമായ മുഹൂർത്തങ്ങൾ സമ്മാനിക്കും. ധാരാളം സഞ്ചാരികൾ, അതിൽ തന്നെ സിനിമാതാരങ്ങളടക്കമുള്ള  നിരവധി പ്രശസ്തർ മാലദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനായി ഇവിടെ എത്തിച്ചേരാറുണ്ട്. പലതരം ജലകേളികൾ,  സ്‌നോർക്ലിങ്, സെയ്‌ലിംഗ്, അണ്ടർവാട്ടർ ഡൈവിംഗ് എന്നിവയിലൊക്കെ ഏർപ്പെടാനുള്ള സൗകര്യങ്ങൾ മാലദ്വീപിലെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. പവിഴപ്പുറ്റുകൾ നിറഞ്ഞതാണ് ഇവിടുത്തെ ഭൂരിപക്ഷം ദ്വീപുകളും ആ കാഴ്ചകളും അതിമനോഹരമാണ്.

സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയുമൊക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ കാലാവസ്ഥയോടും പ്രകൃതിയോടും സാദൃശ്യമുള്ള ഇവിടെ ധാരാളം തെങ്ങും വാഴയും ചേമ്പും മാവും മത്തങ്ങയുമൊക്കെ കാണാം. മൽസ്യബന്ധനമാണ് ഇവിടുത്തെ മറ്റൊരു പ്രധാന വരുമാന മാർഗം.  ചൂരയാണ് പ്രധാന മൽസ്യം. ഇവിടുത്തെ മിക്കവിഭവങ്ങളും  ചൂര ചേർത്താണ് തയാറാക്കുന്നത്. 

ഇന്ത്യക്കാർക്ക് വളരെ എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയുന്ന ഒരു രാജ്യമാണ് മാലദ്വീപ്. മുപ്പതുദിവസത്തേക്കു സൗജന്യ വിസ അനുവദിക്കുന്നതുകൊണ്ടു തന്നെ തടസങ്ങളൊന്നുമില്ലാതെ സന്ദർശിച്ചു മടങ്ങാൻ കഴിയും. സുന്ദരമായ കടലുകാണാനും കടലിന്റെ അഗാധതയെ അറിയാനും ഓരോ യാത്രികനെയും ഏറെ സഹായിക്കും മാലദ്വീപിലെ കാഴ്ചകൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA