Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തുദിവസമെങ്കിലും വേണം ഇവിടുത്തെ കാഴ്ചകൾ കണ്ടുതീർക്കാൻ

singapore1

തനിമയുള്ള നാട്ടിൻ പുറങ്ങളും ആഘോഷ രാവുകളുടെ നഗരവുമാണ് സിംഗപ്പൂരിനെ സ്വർഗമാക്കി മാറ്റുന്നത്.

ഉല്ലാസ യാത്രയുടെ പറുദീസ എന്ന പദവിക്കു യോഗ്യതയുള്ള ഒരു രാജ്യമുണ്ടെങ്കിൽ അതു സിംഗപ്പൂരാണ്. തനിമയുള്ള നാട്ടിൻപുറങ്ങളും ആഘോഷ രാവുകളുടെ നഗരവുമാണ് സിംഗപ്പൂരിനെ യാത്രികരുടെ സ്വർഗമാക്കി മാറ്റുന്നത്. സിംഗപ്പൂരിലെ എല്ലാ ഡെസ്റ്റിനേഷനുകളും കാണാൻ പത്തു ദിവസമെങ്കിലും വേണം. പ്രധാന ടൂറിസം കേന്ദ്രങ്ങളിലൂടെയുള്ള ഓട്ട പ്രദക്ഷിണത്തിന് അഞ്ചു ദിവസം മതിയാകും. കേബിൾ കാർ യാത്ര, ഇൻഡോർ തീം പാർക്ക്, നൈറ്റ് സഫാരി, യൂണിവേഴ്സൽ സ്റ്റുഡിയോ, സിംഗപ്പൂർ സിറ്റി ടൂർ, ഓർക്കിഡ് ഗാർഡൻ, ലിറ്റിൽ ഇന്ത്യ – തായ്‌ലൻഡിൽ പോകുന്നതിനെക്കാൾ പണം ചെലവാകുമെങ്കിലും സിംഗപ്പൂർ യാത്രയിൽ കാഴ്ചകൾ കൂടുതലുണ്ട്.

നാഷനൽ മോസ്ക്, ലേക് ഗാർഡൻസ്, ദേശീയ സ്മാരകം, സ്വാതന്ത്ര്യ ചത്വരം എന്നിവിടങ്ങളിലൂടെയാണ് സഞ്ചാരം. ഇതിൽ, കൊമേഴ്സ്യൽ സെന്റർ കൗതുക ലോകമാണ്. അംബര ചുംബിയായ കെട്ടിടങ്ങളുടെ നിരയെ ക്യാമറയിൽ പകർത്താനുള്ള മത്സരവും ഇടതടവില്ലാത്ത സെൽഫികളും ഈ യാത്രയ്ക്കു സുഖം പകരുന്നു. ദീപാലങ്കാര പ്രഭയിൽ വെട്ടിത്തിളങ്ങുന്ന ഷോപ്പിങ് മാളുകളും ബോർ‍ഡുകളും കട്ടൗട്ടുകളും നഗരത്തെ സർക്കസ് കൂടാരം പോലെ മനോഹരമാക്കുന്നു.

സിംഗപ്പൂരിന്റെ സൈറ്റ് സീയിങ് ട്രിപ്പ് കൃത്യമായി തരം തിരിക്കാം. കേബിൾ കാർ, സ്നോ വേൾഡ് എന്നിവിടങ്ങളാണ് പ്രധാനം. ഈ യാത്രയിലാണ് ഇൻഡോർ തീം പാർക്ക് സന്ദർശനം. അവിടെയുള്ള സ്നോ വേൾ‍ഡ് കുട്ടികളുടെ ഫേവറിറ്റ് സ്ഥലമാണ്.  വൈകിട്ട് നഗരത്തിലെത്തിയാൽ കാസിനോകളിൽ കയറാം.

സിംഗപ്പൂരിന്റെ രാത്രികൾ അദ്ഭുതകരമാണ്. പച്ചപ്പണിഞ്ഞ പാടങ്ങൾക്കരികിലൂടെ സായാഹ്ന സൂര്യനെ കണ്ടുള്ള യാത്ര... ആവേശകരമായ രാത്രി സഫാരിയാണ് രണ്ടാം ദിനത്തിന്റെ ഹൈലൈറ്റ്.

പലതരം റൈഡുകളും തീം ബെയ്സ്ഡ് വിനോദങ്ങളുമുള്ള യൂണിവേഴ്സൽ സ്റ്റുഡിയോ സിംഗപ്പൂരിലാണ്. കുട്ടികളോടൊപ്പം സിംഗപ്പൂരിലെത്തുന്നവർ ഏറ്റവുമധികം സമയം ചെലവഴിക്കാറുള്ളത് ഇവിടെയാണ്. അതു കഴിഞ്ഞാൽ സിംഗപ്പൂർ സിറ്റി ടൂർ ആരംഭിക്കുന്നു. ഓർക്കിഡ് ഗാർഡൻ, സെന്റോസ ഐലൻഡ് എന്നിവയാണ് ഈ പകലിന്റെ ബാക്കി നിൽക്കുന്ന കാഴ്ച. നഗരത്തിലൂടെയുള്ള പ്രദക്ഷിണം ആഡംബരം നിറഞ്ഞ ഉല്ലാസ കേന്ദ്രങ്ങൾക്കു മുന്നിലെത്തിച്ചേരുന്നു.

singapore

അണ്ടർ വാട്ടർ വേൾഡ്, ഡോൾഫിൻ ലഗൂ ൺ, പാർലമെന്റ് ഹൗസ്, സുപ്രീംകോടതി. സിറ്റി ഹാൾ, ചൈന ടൗൺ, മെർലിയൻ പാർക്, എസ്പ്ലനേഡ് തിയേറ്റർ, റാഫിൾസ് ലാൻഡിങ് സൈറ്റ് എന്നീ കൗതുകങ്ങളാണ് ഇനി ആസ്വദിക്കാനുള്ളത്. ഇംബിയ കുന്നിലാണ് സെന്റോസ ദ്വീപ്. വെള്ളത്തിനടിയിലെ ലോകം പുറത്തു നിന്ന് ആസ്വദിക്കാൻ സൗകര്യമൊരുക്കിയിട്ടുള്ള സ്ഥലമാണിത്. ഡോൾഫിൻ ലഗൂൺ, കടലിന്റെ സംഗീതം കേൾക്കാനുള്ള സ്ഥലം, മൾട്ടി മീഡിയ ഷോ തുടങ്ങിയ നേരംപോക്കുകളാണ് പിന്നീട് കാണാനുള്ളത്. ഇത്രയും കഴിഞ്ഞാൽ ലിറ്റിൽ ഇന്ത്യയിലേക്കു നീങ്ങുന്നു. ഇന്ത്യയിൽ കിട്ടുന്ന എല്ലാ ഉൽപന്നങ്ങളും സിംഗപ്പൂരിൽ വിൽപനയ്ക്കു വച്ചിട്ടുള്ള സ്ഥലമാണ് ലിറ്റിൽ ഇന്ത്യ. സിലോസോ ബീച്ചിൽ ഒരുക്കിയിട്ടുള്ള ലേസർ ഷോകളും വാട്ടർ ജെറ്റ് പ്രകടനങ്ങളും ഇരുന്നു കാണാനായി ഗാലറിയുണ്ട്. ഒരു ദിനം ഇത്രയും സ്ഥലങ്ങളിലൂടെ കറങ്ങിക്കഴിയുമ്പോൾ മറ്റേതോ ലോകത്തു ചെന്നു പെട്ടതു പോലെ തോന്നും.

ലോകത്തെ ഏറ്റവും വലിയ പക്ഷി സങ്കേതം ജുറോങ്ങിലാണെന്ന് സിംഗപ്പൂർ ടൂറിസം വിഭാഗം പറയുന്നു. 380 ഇനം പക്ഷികളും തത്തകളും കാടിന്റെ താഴ്‌വരയിലൊരു വെള്ളച്ചാട്ടവുമുണ്ട്. ക്യാമറാ പ്രേമികളുടെ ലെൻസിനെ സംതൃപ്തമാക്കും വിധം ഈ കാടിനുള്ളിൽ മലമുഴക്കി വേഴാമ്പലുകളുണ്ട്. ഫ്ളെമിംഗോ തടാകം, പെൻഗ്വിൻ തീരം എന്നിവയാണ് ടൂറിസ്റ്റുകൾ നിറയുന്ന മറ്റു പ്രദേശങ്ങൾ.

*സിംഗപ്പൂരിലെ  ടൂറിസം  സീസൺ ജൂ ലൈ മുതൽ സെപ്റ്റംബർ വരെയാണ്. സിംഗപ്പൂർ ഫെസ്റ്റിവൽ സീസൺ കൂടിയാണ് ഈ സമയം.

* ടൂറിസത്തിന് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് സിംഗപ്പൂർ. താമസത്തിന് ബജറ്റ് ഹോട്ടലുകളുണ്ട്. 100 സിംഗപ്പൂർ ഡോളറാണ് മുറി വാടക.

*ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിഭവങ്ങളെല്ലാം സിംഗപ്പൂരിൽ ലഭ്യമാണ്. ചില്ലി ക്രാബ്, മുട്ടയും തേങ്ങയും ഉപയോഗിച്ചുണ്ടാക്കുന്ന കയ എന്ന ജാം, ന്യൂഡിൽസിനൊപ്പം മധുരവും പുളിയുമുള്ള സൂപ്പ് ചേർത്തുണ്ടാക്കുന്ന മിസിയാം തുടങ്ങിയവയാണ് സിംഗപ്പൂർ സ്പെഷൽ വിഭവങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.