ഹണിമൂൺ ഇവിടെയായിരിക്കണം; ഷംന കാസിം

shamna-kasim-travel
SHARE

മോഡലായും നർത്തകിയായും അഭിനേത്രിയായും പ്രേക്ഷകരുടെ ഹൃദയം കവർന്ന മലയാളിയായ തെന്നിന്ത്യന്‍ താരസുന്ദരിയാണ് ഷംന കാസിം. നിഷ്കളങ്കമായ ചിരിയില്‍ കുസൃതി നിറഞ്ഞ ഷംനയുടെ സംസാരം ആരെയും ആകർഷിക്കും. തനി കണ്ണൂര്‍ക്കാരിയാണ്. അഭിനയത്തോടൊപ്പം യാത്രകളും ഇഷ്ടമാണ് താരത്തിന്. തിരക്കിട്ട ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോഴും കുറച്ചു ദിവസങ്ങൾ കുടുംബത്തിനായി മാറ്റി വയ്ക്കും. ഒഴിവുസമയം കുടുംബവുമൊത്ത് അടിച്ചുപൊളിച്ചൊരു ട്രിപ്പ് അതു നിർബന്ധമാണ്. ഒാരോ വർഷവും  ഒരോ സ്ഥലങ്ങളാണ് യാത്രയുടെ ലിസ്റ്റിൽ ഇടംപിടിക്കുന്നത്.  ഷംന കാസിമിന്റെ പ്രിയപ്പെട്ട യാത്രകളും വിസ്മയകാഴ്ചകളും  മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

shamna-kasim-travel6

"യാത്രകൾ ഒരുപാട് ഇഷ്ടമാണ്. എന്നും കരുതി യാത്രയിലൂടെ ജീവിക്കുന്ന ഒരാളല്ല ഞാന്‍. ഷൂട്ടും ലൊക്കേഷനുമൊക്കെയായി ജീവിത ചക്രം കറങ്ങികൊണ്ടിരിക്കുമ്പോൾ ഇടയ്ക്കൊരു ബ്രേക്ക് വേണമെന്നു തോന്നും. ശാന്ത സുന്ദരമായ ലോകത്തിലെ ഏതെങ്കിലും ഒരിടം കണ്ടെത്തും നേരെ അങ്ങോട്ടേക്ക് യാത്ര തിരിക്കും. ഒറ്റക്കല്ല, എന്റെ മമ്മിയും ചേച്ചിമാരുമൊക്കെയുണ്ടാകും. എല്ലാവരുമൊത്തൊരുമിച്ചുള്ള യാത്ര അതാണ് എനിക്ക് എന്നും പ്രിയപ്പെട്ടത്. എന്റെ മിക്ക യാത്രകളും ഫാമിലിയോടൊപ്പമാണ്. ആ യാത്രയുടെ സുഖമൊന്നുവേറയാണ്." ഷംന പറയുന്നു.

"സുഹൃത്തുക്കളൊടൊപ്പമുള്ള യാത്രകൾ കുറവാണ്. ചിലസമയങ്ങളിൽ മനസ്സിന് വല്ലാത്ത മടുപ്പു തോന്നുമ്പോൾ അടുത്ത കൂട്ടുകാർക്കൊപ്പം പെട്ടെന്നൊരു യാത്ര പ്ലാൻ ചെയ്ത് പോകാറുണ്ട്. യാത്രയുടെ തുടക്കം മുതൽ വീട്ടിൽ എത്തിച്ചേരുന്നിടം വരെ മമ്മി ഫോണിൽ വിളിച്ചുകൊണ്ടിരിക്കും. മമ്മിയുെട പെറ്റാണ് ഞാൻ. ഞാൻ കൂട്ടുകാരോടൊത്ത് യാത്ര പോകുന്നത് കക്ഷിക്ക് ഭയങ്കര പേടിയാണ്. ഒരേ പ്രയത്തിലുള്ളവരല്ലേ ഒന്നും ശ്രദ്ധിക്കില്ല എന്നൊക്കെ നൂറു പരാതികളാണ്. എന്നോടുള്ള ഇഷ്ടകൂടുതൽ കൊണ്ടാണ്. ഞാൻ തിരിച്ചെത്തുന്നിടം വരെ മമ്മിക്ക് ടെന്‍ഷനാണ്."

shamna-kasim-travel1

ഏറ്റവും പ്രിയപ്പെട്ടത് കണ്ണൂർ

കണ്ണൂരിൽ ജനിച്ചു വളർന്നതുവൊണ്ടാവാം. ഇഷ്ടപ്പെട്ട സ്ഥലം ഏതെന്ന് ആരു ചോദിച്ചാലും എനിക്ക് ഉത്തരം ഒന്നേയുള്ളൂ കണ്ണൂർ. അന്നാട്ടിലെ സംസ്കാരവും കാഴ്ചകളും രുചിയുമൊക്കെ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്ത് ഞാൻ പഠിച്ചുകൊണ്ടിരുന്ന സ്കൂൾ പയ്യാമ്പലം ബീച്ചിനടുത്തായിരുന്നു. കഷ്ടിച്ച് നടക്കാനുള്ള ദൂരമേയുള്ളൂ. കൂട്ടാകാർ ഒരുമിച്ച് പലതവണപോയിട്ടുണ്ട്. എത്ര തവണ പോയാലും മടുക്കില്ല. കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടമാണ്. ഏറ്റവും ഇഷ്ടം ഉദയാസ്തമയ കാഴ്ചകളാണ്. അസ്തമയ കാഴ്ചകൾ കാണാൻ മാത്രമായി കടൽതീരത്ത് പോകാറുണ്ട്. പയ്യാമ്പലം ബീച്ചുപോലെ മുഴപ്പിലങ്ങാട് ബീച്ചും എനിക്ക് ഇഷ്ടമാണ്. കടൽകാറ്റേറ്റ് ബീച്ചിന്റെ സൗന്ദര്യം നുകർന്ന് സായാഹ്നം ആസ്വദിക്കാനാണേറെയിഷ്ടം.

shamna-kasim-travel3

ഹണിമൂൺ ട്രിപ്പ് ഇവിടെയായിരിക്കണം

ഷൂട്ടിന്റെ ഭാഗമായും അല്ലാതെയും ഒരുപാട് രാജ്യങ്ങളിൽ പോയിട്ടുണ്ട്. മനസ്സിനെ അത്രയധികം ആകർഷിച്ച ഇടം ചെക്കോസ്ലോവാക്കിയ ആണ്. പാർത്ഥിപനൊടൊപ്പമുള്ള സിനിമയുടെ ഷൂട്ടിന്റെ ഭാഗമായാണ് ചെക്കോസ്ലോവാക്കിയിലെത്തിയത്. കുറച്ചു ഭാഗത്തിന്റെ ഷൂട്ട് ഒാസ്ട്രിയയിലായിരുന്നു. ഒാസ്ട്രിയയിൽ നിന്നും ചെക്കോസ്ലോവാക്കിയയിലെത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് റൂമിലെ ജനാലയുടെ കർട്ടൺ മാറ്റിയപ്പോഴാണ് ശരിക്കും അദ്ഭുതപ്പെട്ടത്. എത്ര മനോഹരമാണ്. ചെക്കോസ്ലോവാക്യക്ക് ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നോ എന്ന് ചിന്തിച്ച നിമിഷമായിരുന്നു.  പ്രകൃതിയുെട സൗന്ദര്യം കണ്ണുകൾക്ക് പോലും വിശ്വസിക്കാനായില്ല. അത്രക്ക് ഭംഗിയായിരുന്നു. ഷൂട്ടു കഴിഞ്ഞത് കൊണ്ട് കൂടുതൽ ചുറ്റികാണാൻ സാധിച്ചില്ല. അന്നു ഞാൻ തീരുമാനിച്ചു എല്ലാവരും പറയുന്നപോലെ വിവാഹത്തിനു ശേഷം ഭർത്താവിനോടൊപ്പം ഇവിടെ വരണം. ഹണിമൂൺ ഇവിടെയാക്കണം. അത്രക്കും മനസ്സിനെ ആകർഷിച്ചയിടമായിരുന്നു ചെക്കോസ്ലോവാക്കിയ.

shamna-kasim-travel4

സീ ഫൂഡിയാണ് ഞാൻ

എവിടെ യാത്ര പോയാലും അവിടുത്തെ സ്പെഷൽ വിഭവങ്ങളുടെ രുചിയറിയാറുണ്ട്. എനിക്കേറ്റവും ഇഷ്ടം കടൽ സമ്പത്തിന്റെ രുചികൂട്ടാണ്. ചെമ്മീന്‍ റോസ്റ്റും ഫ്രൈയും, കല്ലുമേക്കായ അങ്ങനെ നീണ്ടലിസ്റ്റാണ്. മലേഷ്യൻ ട്രിപ്പ് പോയപ്പോൾ വ്യത്യസ്ത രുചിനിറച്ച ഒരുപാട് സീ ഫൂ‍‍ഡ് കഴിച്ചു. അടിപൊളി സ്വാദായിരുന്നു. അതുപോലെ കോഴിക്കോട് എത്തിയാൽ കല്ലുമേക്കായ കഴിക്കാതിരിക്കില്ല. തലശ്ശേരി വിഭവങ്ങൾ മിക്കതും എനിക്ക് ഇഷ്ടമാണ്. 

shamna-kasim-travel5

ഒന്നൊന്നര ഷോപ്പിങ്ങാണ്

ഷോപ്പിങ് ഒരുപാട് ഇഷ്ടമാണ്. എവിടെ യാത്ര പോയാലും ആ സ്ഥലങ്ങളെക്കുറിച്ചുള്ള ഒാര്‍മകൾ സൂക്ഷിക്കാൻ പറ്റിയ സാധനങ്ങൾ വാങ്ങും. ഗോവക്ക് പോയപ്പോൾ ഷെല്ലിൽ തീർത്ത കുറെ രൂപങ്ങളും ഷോ ഐറ്റംസും വാങ്ങികൂട്ടി. ആന്റിക് കളക്ഷനോടും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജയ്പൂർ പോകുമ്പോൾ അവിടുത്തെ സ്റ്റെലിലുള്ള ആഭരണങ്ങൾ വാങ്ങും. എന്റെ  ഷോപ്പിങ് ഡെസ്റ്റിനേഷൻ ദുബായ് ആണ്. എനിക്കുള്ള വെസ്റ്റേൺ വസ്ത്രങ്ങൾ ഉൾപ്പെടെ മിക്ക സാധനങ്ങളും ദുബായിൽ നിന്നാണ് വാങ്ങുന്നത്. എന്റെ കിച്ചണിലേക്കുള്ള സാധനങ്ങൾ വരെ ഇവിടുന്നാണ് വാങ്ങുന്നത്. ഷോപ്പിങ്ങിനായി ഞാൻ തെരഞ്ഞെടുക്കുന്നത് ദുബായ് സിറ്റിയാണ്.

യാത്രകൾ ഇഷ്ടമാണെങ്കിലും ബഹളങ്ങളൊന്നുമില്ലാത്ത സ്വഛമായ ഒരിടമാണ് എനിക്കേറ്റവും ഇഷ്ടം. ഇന്ത്യക്ക് പുറത്ത് ഒരുപാട് ഇടങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഏറ്റവും ക്ലീൻ സിറ്റി സിംഗപൂർ ആണ്. അവിടെ എല്ലായിടങ്ങളും നീറ്റാണ്. ആരെയും ആകർഷിക്കുന്ന സൗന്ദര്യം. സിംഗപൂരിലെ കാഴ്ചകളോടും ഒരു പ്രത്യേക ഇഷ്ടം തോന്നി. ചെക്കോസ്ലോവാക്കിയ പോലെ മനസ്സിനെ കുളിരണിയിപ്പിക്കുന്ന കാഴ്ചകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഇടങ്ങളിലേക്ക് ഇനീം യാത്ര പോകണമെന്നും നറുപുഞ്ചിരിയോടെ ഷംന പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA