അരിസോണ ഡിജെ രാത്രിയിലെ ‘പാമ്പുകൾ’

dj11
SHARE

മെക്സിക്കോയിലെ ആചാരമര്യാദകൾ അറിഞ്ഞുള്ള യാത്ര. മലയാളികളുമായി മെക്സിക്കോ സംസ്കാരത്തിനുള്ള സാമ്യം. മെക്സിക്കോയിലെ ക്വിൻസിനാറാ. ഇതായിരുന്നു കഴിഞ്ഞ പ്രവാശ്യം എഴുത്തിനാധാരമായത്. ഇത്തവണ പറയാനുള്ളത്. അവിടുത്തെ ഡിജെ പാർട്ടിയുടെ മറ്റൊരു മുഖത്തെക്കുറിച്ചാണ്.

ശനിയാഴ്ച രാവിലെ കാപ്പി കുടി കഴിഞ്ഞ് ന്യൂസ് നോക്കി കൊണ്ടിരിക്കുമ്പോഴാണ് ഡി.ജെ ഐസക്കിന്റെ കാൾ വന്നത്. "ഹലോ സതീഷ് അല്ലെ? ഇന്നുരാത്രി ഒരു ഡാൻസ് പാർട്ടി ഉണ്ട് അതിന്റെ വിഡിയോ ഒന്നു കവർ ചെയ്യാമോ? മണിക്കൂറിനു നൂറു ഡോളർ തരാം, മൂന്നു മണിക്കൂർ പ്രോഗ്രാമാണ് , പിന്നെ മദ്യപിക്കുമെങ്കിൽ അതും ഫ്രീ, ഭക്ഷണവും ഫ്രീ". മദ്യപിക്കില്ല എന്നു പറഞ്ഞപ്പോൾ അമ്പതു ഡോളർ കൂടുതൽ തരാം എന്ന് ഓഫർ.

അങ്ങനെ രാത്രിയായി. അരിസോണയിലെ ഒരു ഫൈവ്സ്റ്റാർ ഹോട്ടൽ ലോബി. രാത്രി പന്ത്രണ്ടു മണി. ഡോർ തുറന്നു. വലിയൊരു പോസ്റ്റർ കണ്ടു. ബോളിവുഡ് ബ്ലാക്ക് ഔട്ട്. ഹാളിൽ ഡി ജെ യുടെ കളർ ലൈറ്റ് മാത്രം. അതും വളരെ നേരിയ തോതിൽ. സൈഡിൽ ബാർ. വിസ്കി തുടങ്ങിയ മുന്തിയ ഇനം വിദേശ മദ്യം ഒഴിച്ച് വച്ചിരിക്കുന്നു. സെർവ് ചെയ്യാൻ നല്ല വെളുത്ത മദാമകൾ. മറ്റൊരു സൈഡിൽ ചിക്കൻ വിങ്‌സ് പലതരത്തിൽ. സാലഡ്, പെപ്സി, ലെമോണയ്ഡ് തുടങ്ങിയവയും നിരത്തിയിട്ടുണ്ട്.

ഹാളിന്റെ സൈഡിലായി കാമറ ഫിറ്റ് ചെയ്തു. ഓഡിയോ ഇൻപുട്ട് തയാറാക്കി, റെഡിയായി നിന്നു. ഏതാണ്ട് പന്ത്രണ്ടേകാൽ. പരിപാടിയുടെ പേര് ഹോളിവുഡ് ബ്ലാക്കൗട്ട് എന്നാണെങ്കിലും ആദ്യം എത്തിയത് കുറെ ആഫ്രിക്കക്കാർ. എത്തിയ പാടെ അവർ മദ്യം ലക്ഷ്യമാക്കി നീങ്ങി. കുറേ മദ്യം അകത്താക്കി ചില 'പാമ്പുകൾ' ഹാളിലേക്ക് വന്നപ്പോൾ മറ്റു ചില പാമ്പുകൾ ഗ്ലാസിൽ വെള്ളവുമായി തന്നെ ഹാളിലെത്തി. പതുക്കെ ആടാൻ  തുടങ്ങി. ഡിജെയുടെ താളത്തിനൊപ്പം പത്തി വിടർത്തി കുഴഞ്ഞാടി.

ഏതാണ്ട് പന്ത്രണ്ടരമണിയോടെ ഇന്ത്യക്കാരെത്തി. കൂടുതലും പെണ്ണുങ്ങൾ. അവരും മദ്യത്തിന്റെ അടുത്തേക്ക് തന്നെ നീങ്ങി. തിരികെ ഹാളിലെത്തിയ അവരും ഡിജെ പരിപാടിക്കൊപ്പം ആട്ടം തുടങ്ങി. മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമുണ്ട്. സംഗീതത്തിന് ചൂടു കൂടി. ആട്ടത്തിനും. ഏതാണ്ട് പന്ത്രണ്ടേമുക്കാലോടു കൂടി ഹാൾ നിറഞ്ഞു കവിഞ്ഞു. വന്നവർ (ഒറ്റക്കാണ് വന്നതെങ്കിലും) പരസ്പരം പങ്കാളികളെ കണ്ടെത്തി. 

സമയം ഒരു മണിയായപ്പോൾ പെട്ടെന്ന് ഡി ജെ ലൈറ്റ് ഓഫായി ഇപ്പോൾ മ്യൂസിക് മാത്രം. രണ്ടു മിനിട്ടിനു ശേഷം ലൈറ്റ് വന്നപ്പോൾ. പലരും പ്രണയകേളികളിൽ. അവസരം ഒത്തിരി കടന്നു പോകാതിരിക്കാൻ സെക്യൂരിറ്റി പ്രത്യക്ഷമായി. വീണ്ടും ഡാൻസ്. അതിനിടയിൽ രണ്ടുപേർ ഡോലക്കുമായി എത്തി പിന്നീട് അതിന്റെ താളത്തിൽ ഡാൻസ്. പലയിടത്തും മദ്യപിച്ചവർ താഴെ വീഴുന്നുണ്ടായിരുന്നു. അവരെ കൂട്ടുകാരും സെക്യൂരിറ്റി ആൾക്കാരും ചേർന്ന് എടുത്തു മാറ്റി.

രണ്ടുമണിക്ക് വീണ്ടും ലൈറ്റ് പൂർണമായി അണഞ്ഞു. മൂന്നുമിനിട്ടു നേരം. ലൈറ്റ് വന്നതിനൊപ്പം ഡിജെ തെർമോകോൾ (Thermocol) പോലുള്ള സിലിണ്ടർ എല്ലാവർക്കും ഇട്ടു കൊടുത്തു. അത് കുലുക്കിയപ്പോൾ ലൈറ്റ് കത്തി. പിന്നെ അതും പിടിച്ചായി ഡാൻസ്. തിക്കുംതിരക്കിനുമിടയിൽ വിഡിയോ റെക്കോർഡു ചെയ്യാനും ബുദ്ധിമുട്ടായിരുന്നു. ഇടയ്ക്കിടെ ഇരുട്ട് മൂടുന്നുമുണ്ട്. കുറച്ച് കഴിഞ്ഞ് ഷൂട്ട് മതിയാക്കി പുറത്തേക്കിറങ്ങി.

ഈ അടുത്തിടെ കണ്ട മെക്സിക്കൻ ഡാൻസ് നല്ല വെട്ടത്തിലായിരുന്നു. എന്നാൽ അതിലെ പലഭാഗങ്ങളും ആഭാസമായി തോന്നിയ എനിക്ക് ഈ ഡിജെ പാർട്ടിയെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. ആ സംസ്കാരത്തോട് പു‍ച്ഛം തോന്നി. ഹാളിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുന്ന കാറുകളിൽ ഇണക്കുരുവികളെ കണ്ടു. ചില ഇന്ത്യൻ പെൺകൊടികൾ ആഫ്രിക്കൻ ആണുങ്ങൾക്കൊപ്പം പോകുന്നതും കണ്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA