കിളിമഞ്ജാരോയുടെ കാലടികളിൽ

african-trip9
SHARE

മനുഷ്യന്റെ ജന്മനാട്ടിൽ -18

ഇന്നും കാലാവസ്ഥ ചതിച്ചു. കിളിമഞ്ജാരോ പർവതം  മേഘങ്ങൾ കൊണ്ട് മൂടിയിരിക്കുകയാണ്. 'ഈ ചതി എന്നോടു വേണ്ടായിരുന്നു' -ഞാൻ കിളിമഞ്ജാരോയോട് പറഞ്ഞു. എത്ര വർഷമായി, ഈ പർവത രാജനെ കാണാൻ നോമ്പു നോറ്റിരിക്കുന്നു! എന്നിട്ട്, കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയിട്ട് ഇങ്ങനെ തിരിശ്ശീലയ്ക്കുള്ളിൽ മറഞ്ഞിരുന്നാലോ! ഇന്ന് വൈകുന്നേരം ഇവിടെ നിന്ന് ദാർ എസ് സലാമിലേക്ക് തിരികെ പറക്കേണ്ടതാണ്. അതിനുള്ളിൽ മേഘങ്ങളുടെ സമ്മേളനം അവസാനിപ്പിച്ച് ദർശനം തന്നില്ലെങ്കിൽ  ഇത്രയും കാലത്തെ എന്റെ കാത്തിരിപ്പ് വെറുതെയാകും.

സത്യത്തിൽ വലിയ നിരാശ തോന്നി. അരൂഷയിൽ നിന്നും മോഷിയിലേക്കുള്ള ദൂരമത്രയും ഞാൻ ഇടതുവശത്തേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു. ഒരു നിമിഷമെങ്കിലും മേഘങ്ങളെ വകഞ്ഞുമാറ്റി, കിളിമഞ്ജാരോ തന്റെ ഹിമശൃംഗം തുറന്നു കാട്ടുമെന്ന് പ്രതീക്ഷിച്ച്.

african-trip
കിളിമഞ്ജാരോയുടെ കാൽച്ചുവട്ടിലെ പ്രവേശന കവാടം

പക്ഷേ, ഒന്നും സംഭവിച്ചില്ല. മേഘങ്ങളുടെ എണ്ണവും വലുപ്പവും കൂടി വന്നതേയുള്ളു. 'നിരാശപ്പെടേണ്ട, ഇവിടുത്തെ കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറാം. ഉച്ചകഴിഞ്ഞ് ഒരുപക്ഷേ വെയിലായിരിക്കും. ഇതിലുമധികം മേഘങ്ങളുള്ള ദിവസം പോലും നാലുമണിയോടെ കിളിമഞ്ജാരോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്' - ജിം പറഞ്ഞു. ജിമ്മിന്റെ വാക്കുകൾ കുറെയൊക്കെ ആശ്വാസം പകർന്നു. 'വൈകീട്ട് ആറുമണിയോടെ എയർപോർട്ടിൽ എത്തിയാൽ മതി. അതിനോടകം എന്തായാലും മാനം തെളിയും'- ഞാൻ പ്രത്യാശയോടെ ചിന്തിച്ചു. അരൂഷയിൽ നിന്ന് മോഷി എന്ന നഗരത്തിലേക്ക് 79 കി.മീ. ആണ് ദൂരം. മോഷി, കിളിമഞ്ജാരോ ശൃംഗത്തിന്റെ കാൽച്ചുവട്ടിലുള്ള നഗരമാണ്. മോഷിയിൽ എവിടെ നിന്നു നോക്കിയാലും തൊട്ടടുത്തെന്ന പോലെ കിളിമഞ്ജാരോ കാണാം. എന്താണ് കിളിമഞ്ജാരോയുടെ പ്രത്യേകത എന്ന് വായനക്കാർ ചിന്തിക്കുന്നുണ്ടാവും. 

കാരണം, ലോകത്തിൽ കിളിമഞ്ജാരോയെക്കാൾ ഉയരമുള്ള നിരവധി പർവതങ്ങളുണ്ടല്ലോ. ഉദാഹരണമായി, എവറസ്റ്റിന് 8848 മീറ്റർ ഉയരമുണ്ട്. ഉയരം വെച്ചു നോക്കുമ്പോൾ കിളിമഞ്ജാരോ അത്ര വമ്പനൊന്നുമല്ല-5895 മീറ്റർ മാത്രം. എന്നാൽ ഒറ്റയ്ക്കു നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരം കൂടിയത് കിളിമഞ്ജാരോയാണ്. അതേ, അതുതന്നെയാണ് ഈ പർവതരാജന്റെ പ്രത്യേകത. എല്ലാ പർവതങ്ങളും മലനിരകളുടെ ഭാഗമാണ്. നൂറുകണക്കിന് കിലോമീറ്റർ നീണ്ടു കിടക്കുന്ന മലകൾക്കിടയിൽ ഏറ്റവുമധികം തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നവനാണ് പർവതരാജൻ. എന്നാൽ ആഫ്രിക്കയിലെ പർവതങ്ങളുടെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. അവയിൽ അധികവും പർവത നിരകളുടെ ഭാഗമല്ല. ലക്ഷക്കണക്കിന് കി.മീ. വ്യാപിച്ചു കിടക്കുന്ന പുൽമൈതാനങ്ങളുടെയും കൃഷിയിടങ്ങളുടെയും നടുവിൽ, ഭൂമിയിൽ നിന്ന് ഉയർന്നു വന്നതുപോലെയാണ് കൊടുമുടി! മഞ്ഞിന്റെ കണിക പോലുമില്ലാത്ത ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, ഈ പർവതങ്ങൾക്ക് മഞ്ഞിന്റെ മേലാപ്പും കാണും.അതാണ് കിളിമഞ്ജാരോയും മൗണ്ട് മേരുവും മൗണ്ട് കെനിയയും ഉൾപ്പെടെയുള്ള പർവത രാജന്മാരെ വ്യത്യസ്തരാക്കുന്നത്. എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്ര സുന്ദരമാണ്, ആഫ്രിക്കയിലെ വൻ കൊടുമുടികളുടെ ദൃശ്യഭംഗി.

african-trip2
കിളിമഞ്ജാരോയുടെ കാൽച്ചുവട്ടിലേക്കുള്ള മൺവഴി

കിളിമഞ്ജാരോയ്ക്കും അരൂഷയ്ക്കും മോഷിയ്ക്കും ഇടയിലുള്ള കൃഷിയിടങ്ങൾക്കു പിന്നിൽ, ശിരസിൽ മഞ്ഞിന്റെ ധവളിമയോടെ, പാറയുടെ കറുപ്പും വൃക്ഷ ജാലങ്ങളുടെ പച്ചപ്പും ഇടചേർന്ന ഉടലുമായി ഉയർന്നു നിൽക്കുന്നു, കിളിമഞ്ജാരോ. മൗണ്ട് മേരുവിന്റെ മുകളിൽ കയറുക എളുപ്പമല്ല. എന്നാൽ കിളിമഞ്ജാരോ 'കീഴടക്കുക' എന്നത് നിരവധി പേർക്ക് സാധ്യമായിട്ടുണ്ട്. പ്രതിവർഷം 25,000 പേർ കൊടുമുടി കയറാൻ എത്തുന്നുണ്ട്. അതിൽ 10,000 പേരെങ്കിലും വിജയിക്കുന്നുമുണ്ട്. 'ഉഹുറു പീക്ക്' എന്നാണ് കിളിമഞ്ജാരോയുടെ ഏറ്റവും ഉയർന്ന കൊടുമുടിയെ വിളിക്കുന്നത്. ഇറ്റലിക്കാരനായ ബ്രൂണോബ്രൂണോസ് എന്ന ഭയങ്കരൻ 5 മണിക്കൂർ 38 മിനിറ്റുകൊണ്ട് ഉഹുറു പീക്ക് കയറി റെക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. കിളിമഞ്ജാരോയുടെ ശരീരത്തിൽ, കൊടുമുടി കയറ്റം തുടങ്ങുന്നതു മുതൽ മേലെ എത്തുന്നതുവരെ പലതരം ഭൂപ്രകൃതികളുണ്ട്.

african-trip3
കിളിമഞ്ജാരോയുടെ കവാടം എത്തുന്നതിനു മുൻപ് ഒരു ഹോട്ടലിനു മുന്നിൽ ശൃംഗത്തിന്റെ ഉയരം എഴുതി വെച്ചിരിക്കുന്നു

കൃഷിയിടങ്ങൾ, മഴക്കാടുകൾ, വെളിമ്പ്രദേശം, മരുഭൂമി, മഞ്ഞുമൂടിയ പ്രദേശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ദുഃഖകരമായ ഒരു കാര്യം 1912 മുതൽ ഇതുവരെയുള്ള കാലഘട്ടമെടുത്താൽ, പർവതത്തിന്റെ ശിരസിലെ മഞ്ഞിന്റെ അളവ് 85 ശതമാനം കുറഞ്ഞു എന്നുള്ളതാണ്. 20 വർഷം കഴിയുമ്പോൾ കിളിമഞ്ജാരോയുടെ തലയിൽ മഞ്ഞ് ഇല്ലാത്ത അവസ്ഥ വരുമെന്ന് ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകുന്നു. 3.6 ലക്ഷം വർഷം വർഷം മുമ്പ് വമ്പൻ പൊട്ടിത്തെറി നടന്ന അഗ്നിപർവതമാണ് പിന്നീട് കിളിമഞ്ജാരോ പർവതമായി രൂപപ്പെട്ടത്.

african-trip5
ഒരു ആഫ്രിക്കൻ ഗ്രാമദൃശ്യം 

ഏറ്റവും ഒടുവിൽ പൊട്ടിത്തെറിച്ചത് 200 വർഷം മുമ്പാണ്. മലകയറിമുക്കാൽ ഭാഗമെത്തുമ്പോൾ 'കിബോ' എന്ന അഗ്നിപർവതമുഖം കാണാമത്രേ. ഇനിയും വേണമെങ്കിൽ പൊട്ടിത്തെറിക്കാം എന്ന അവസ്ഥയിൽ അല്പം 'ചൂടാ'യാണ് കിബോ നിൽക്കുന്നത്.'മഹത്തായ പർവതം' അഥവാ 'ഏറ്റവും വലിയ പർവതം' എന്നാണ് കിളിമഞ്ജാരോ എന്ന വാക്കിന് സ്വാഹിലി ഭാഷയിലെ അർത്ഥം. എല്ലാ കാലത്തും ആഫ്രിക്കക്കാരെ വിസ്മയിപ്പിച്ചിട്ടുള്ള ഈ പർവതരാജനെ ദൈവമായി കരുതി പല ഗോത്രക്കാരും ആരാധിക്കുന്നുണ്ട്. ഏറ്റവും തലപ്പത്ത് മൈനസ് ഏഴു ഡിഗ്രിയാണത്രേ, തണുപ്പ്. രാത്രി കാലങ്ങളിൽ ഇത് മൈനസ് 25 ഡിഗ്രി വരെ താഴാറുമുണ്ട്.

african-trip6
കിളിമഞ്ജാരോയുടെ ബേസ് ക്യാംപിലേക്കുള്ള യാത്രയിലെ ഹരിത ഭംഗി. 

കിളിമഞ്ജാരോയുടെ സാന്നിദ്ധ്യം മൂലം മോഷി നഗരത്തിലും പരിസര പ്രദേശങ്ങളിലും മഴ സർവസാധാരണമാണ്. ഏതു കാലാവസ്ഥയിലും, ദിവസത്തിൽ ഒരിക്കലെങ്കിലും ഈ പ്രദേശങ്ങളിൽ മഴ പെയ്യും. അങ്ങനെ നനഞ്ഞു കുതിർന്ന്, പച്ചപ്പിന്റെ ചേല ചുറ്റി സർവാംഗം സുന്ദരിയായിട്ടാണ് മോഷിയും പരിസരങ്ങളും എപ്പോഴും നിൽക്കുന്നത്.ജിമ്മിന്റെ ലാൻഡ് ക്രൂയിസർ മോഷി നഗരം എത്തുന്നതിനു മുമ്പ് ഇടത്തേക്ക് തിരിഞ്ഞു. കിളിമഞ്ജാരോ ശൃംഗം നടന്നു കയറുന്നവരുടെ ഒരു ബേസ് ക്യാമ്പ് ഉള്ളതായി ഞാൻ കേട്ടിരുന്നു.

african-trip7
കിളിമഞ്ജാരോയുടെ ബേസ് ക്യാംപിലേക്കുള്ള യാത്രയിലെ ഹരിത ഭംഗി. 

അത് കാണണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജിം, വാഹനം അവിടേക്ക് തിരിച്ചത്. ഒന്നാന്തരം ടാർ റോഡ്, ഇരുവശവും കൃഷിഭൂമികൾ, ഇടയ്ക്കിടെ യൂറോപ്യൻ ശൈലിയിലുള്ള വീടുകൾ, അവയ്‌ക്കെല്ലാം ചെടികൾ കൊണ്ടുള്ള വേലികൾ. ദൂരെ കിളിമഞ്ജാരോ പർവതം കോട്ടകെട്ടിയതുപോലെ നിൽക്കുന്നു. കോടമഞ്ഞ് എത്തിനോക്കുന്ന അന്തരീക്ഷം, ചാറ്റമഴ- ആഫ്രിക്കയെ ആരാണ് സ്‌നേഹിച്ചു പോകാത്തത്! കൂറേ ദൂരം ഓടിയപ്പോൾ പല രാജ്യക്കാരായ വിദ്യാർത്ഥികളെ കണ്ടുതുടങ്ങി, തുടർന്ന് ഒരു വലിയ ബോർഡ്-കോളേജ് ഓഫ് ആഫ്രിക്കൻ വൈൽഡ് ലൈഫ് മാനേജ്‌മെന്റ്, രാജ്യാന്തര പ്രശസ്തമായ കോളേജാണിത്.

വന്യമൃഗങ്ങളെപ്പറ്റി പഠിപ്പിക്കുന്ന കോളേജ്. നിരവധി രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ടെങ്കിലും, ഇവിടുത്തെ ആദ്യ ഇന്ത്യൻ വിദ്യാർത്ഥി പ്രശസ്ത സാഹിത്യകാരൻ സക്കറിയയുടെ മകനായിരുന്നു എന്നതാണ് കൗതുകകരം. ഇപ്പോൾ എന്റെ സുഹൃത്ത് സ്മിതയുടെ മകളും അവിടെ പഠിക്കുന്നുണ്ട്.കോളേജ് കഴിഞ്ഞുള്ള ചെറിയ കവലയിൽ ടാർ റോഡ് അവസാനിച്ചു. ഏതാനും കടകളാണ് റോഡിന് ഇരുവശവുമുള്ളത്. നമ്മുടെ ഏതോ മലയോര പ്രദേശത്തെ കവലയെ ഓർമ്മിപ്പിക്കുന്ന 'സീനു'കളാണ് ഇവിടെയുള്ളത്. തടികൊണ്ടുള്ള തട്ടിയിട്ട പലചരക്കുകട, പല വർണ്ണങ്ങളുള്ള ഗ്ലാസ് പതിച്ച ജനലോടുകൂടിയ  ബാർബർ ഷോപ്പ്, ഒരു കുഞ്ഞു തുണിക്കട- ഇവയാണ് കവലയിലെ പ്രധാന സ്ഥാപനങ്ങൾ. എല്ലാ കടകളുടെയും വരാന്തയിൽ, കടന്നുപോകുന്ന സഞ്ചാരികളെ സാകൂതം വീക്ഷിച്ച് കുറെ തൊഴിലില്ലാത്ത ചെറുപ്പക്കാർ കുത്തിയിരിപ്പുണ്ട്. ചില വൃദ്ധർ ബീഡി പുകച്ച് ലോകകാര്യങ്ങൾ പറഞ്ഞ് ഇരിക്കുന്നതും നമ്മുടെ കവലകളെ ഓർമ്മിപ്പിച്ചു.

ഇവിടെ നിന്ന് മൺവഴിയിലൂടെയാണ് കിളിമഞ്ജാരോയുടെ കാൽചുവട്ടിലേക്കുള്ള യാത്ര. ഇനി രണ്ടു കിലോമീറ്റർ കൂടിയേ വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ. തുടർന്നു കാണുന്ന ബേസ് ക്യാമ്പിൽ നിന്ന് പർവതാരോഹണം ആരംഭിക്കുന്നു.

african-trip10
കിളിമഞ്ജാരോയുടെ ബേസ് ക്യാംപിലേക്കുള്ള യാത്രയിലെ ഹരിത ഭംഗി. 

വൃക്ഷലതാദികൾ വളർന്നു നിൽക്കുന്ന കൃഷിയിടങ്ങൾ പിന്നിട്ട് ഒരു കയറ്റം കയറിയപ്പോൾ ആ കവാടം പ്രത്യക്ഷപ്പെട്ടു. നിരവധി വെബ്‌സൈറ്റുകളിലും യാത്രാവിവരണങ്ങളിലും കണ്ടു കൊതിച്ചിട്ടുള്ള ആ കവാടം - കിളിമഞ്ജാരോയുടെ ബേസ് ക്യാമ്പിന്റെ ഗേറ്റ്. കോണാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന കവാടത്തിനുമേൽ എഴുതിയിരിക്കുന്നു: വെൽക്കം- കിളിമഞ്ജാരോ നാഷണൽ പാർക്ക്. കവാടം കടന്നപ്പോൾ ഒരു പാർക്കിങ് ഗ്രൗണ്ട്. അതിനുസമീപം നാഷണൽ പാർക്കിന്റെ ഓഫീസും ടോയ്‌ലറ്റ് കോംപ്ലക്‌സും മറ്റും. എല്ലാം അന്തർദ്ദേശീയ നിലവാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. കാരണം, ലോകമെമ്പാടും നിന്നുള്ളവരാണല്ലോ കിളിമഞ്ജാരോയെ കീഴടക്കാൻ ദിനവും വന്നുകൊണ്ടിരിക്കുന്നത്.മഴക്കാലമായതുകൊണ്ട് പർവതാരോഹകർ കുറവാണെന്ന് ജിം പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരും മലകയറാൻ പോയിട്ടില്ലെന്ന് അവിടുത്തെ ഒരു ഉദ്യോഗസ്ഥനോട് ചോദിച്ച് ജിം സ്ഥിരീകരിക്കുകയും ചെയ്തു. 1640 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം. ഇവിടെ നിന്ന് ശൃംഗത്തിൽ എത്തുന്നതുവരെ പർവതാരോഹണത്തിന് വേണ്ടി വരുന്ന സമയം ഇവിടെ എഴുതിവച്ചിട്ടുണ്ട്. എംവെക്ക ക്യാമ്പ്: 10 കി.മീ (5 മണിക്കൂർ), മില്ലെനിയം ക്യാമ്പ്: 13.5 കി.മീ. (8 മണിക്കൂർ), ബരാഫു ക്യാമ്പ്: 17.5 കി.മീ. (11 മണിക്കൂർ), സ്റ്റെല്ല പോയിന്റ്: 21.5 കി.മീ. (17 മണിക്കൂർ), ഉഹുറു പീക്ക്: 22.5 കി.മീ. (18 മണിക്കൂർ), ചുരുക്കം പറഞ്ഞാൽ, കാലാവസ്ഥ പ്രതികൂലമല്ലെങ്കിൽ ഏതാണ്ട് 60 മണിക്കൂർ കൊണ്ട് കിളിമഞ്ജാരോയുടെ ശൃംഗത്തിൽ കയറി, പർവതരാജനെ 'കീഴടക്കി' എന്ന് ആവേശം കൊള്ളാം എന്നർഥം.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA