ജീപ്പ് ഓടിച്ച് അമേരിക്ക കണ്ടു കണ്ട്

american-trip7
SHARE

രണ്ട് വർഷം മുൻപാണ് അങ്കമാലി സ്വദേശി റിയ അമേരിക്കയിലെത്തിയത്. ന്യൂയോർക്കിൽ വിമാനമിറങ്ങി നാലാം നാൾ സഞ്ജുവിനോടു റിയ ചോദിച്ചു, ‘‘നമുക്ക് എല്ലാ ആഴ്ചയും എവിടേക്കെങ്കിലും യാത്ര പോയാലോ?’’

american-trip5

രണ്ടാമതൊന്നാലോചിക്കാതെ സഞ്ജു സമ്മതം മൂളി. അന്നു തുടങ്ങിയ വാരാന്ത്യ യാത്ര രണ്ടു മാസം പിന്നിടുമ്പോൾ ദമ്പതികൾ കണ്ടു തീർത്ത സംസ്ഥാനങ്ങളുടെ എണ്ണം ഒൻപതു കടന്നു. മഞ്ഞു നിറഞ്ഞതും പൂക്കൾ വിരിഞ്ഞതും കാർമേഘം മൂടിയതുമായ സ്ഥലങ്ങളിൽ നിന്നു പകർത്തിയ വിഡിയോ കൾ യു ട്യൂബിൽ അപ്‍ലോഡ് ചെയ്യാൻ അവർ തീരുമാനിച്ചു. ഈ സമയത്ത് റിയയ്ക്കൊരു കൺഫ്യൂഷൻ, ആൽബത്തിന് എന്തു പേരിടും? കുറേ ദിവസത്തെ ആലോചനയ്ക്കൊടുവിൽ രണ്ടാളും കൂടി സ്വന്തം യാത്രയ്ക്ക് ലേബലൊട്ടിച്ചു– ‘ട്രിപ്പ് കപ്പിൾ’. ഇതേ ദൃശ്യങ്ങൾ ഫേസ് ബുക്കിലും പോസ്റ്റ് ചെയ്തു. ‘കാന്താ ഞാനും വരാം’ എന്നാണ് പേജിന്റെ പേര്. ഓൺലൈനിലെ രണ്ടു പ്ളാറ്റ് ഫോമുകളിലായി സഞ്ജുവും റിയയും നിരത്തിയ വിഡിയോകൾ വൈറലായി. 

ഫ്ളാഷ് ബാക്ക്

ട്രിപ്പ് കപ്പിളിന്റെ യാത്രകളെക്കുറിച്ച് കൂടുതലറിയാൻ ന്യൂയോർക്കിലുള്ള റിയയോടു സംസാരിച്ചപ്പോൾ ലൈവ് ട്വിസ്റ്റുകളോടുകൂടിയ ഒരു പ്രണയകഥയാണ് ആദ്യം പറഞ്ഞത്. 

american-trip3

നാലാം ക്ലാസ് വരെ റിയ ടോണി ചെന്നൈയിലാണ് പഠിച്ചത്. അതിനു ശേഷം അങ്കമാലിയിലെ വിദ്യാധിരാജാ വിദ്യാഭവനിൽ ചേർത്തു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തിയ റിയയുടെ ക്ലാസിൽ സഞ്ജു എന്നൊരു പയ്യനുണ്ടായിരുന്നു. സഞ്ജുവും റിയയും നല്ല കൂട്ടുകാരായി. പത്താം ക്ലാസ്സു കഴിഞ്ഞപ്പോൾ എൻജിനീയറിങ് പഠിക്കാനായിരുന്നു സഞ്ജുവിന്റെ തീരുമാനം. എംബിഎ സ്വപ്നം കണ്ട് റിയ ആ വഴിക്കു തിരിഞ്ഞു. വർഷങ്ങൾക്കു ശേഷം ബാങ്കിൽ ജോലി കിട്ടിയ സമയത്ത് റിയ എറണാകുളത്തൊരു സിനിമ കാണാൻ പോയി.  ചിത്രം പ്രാഞ്ചിയേട്ടൻ. അമേരിക്കയിൽ നിന്ന് അവധിക്കെത്തിയ സഞ്ജുവും ഇതേ സിനിമ കാണാൻ വന്നിരുന്നു. തീർത്തും യാദൃച്ഛികമായ കണ്ടുമുട്ടൽ. പ്രാഞ്ചിയേട്ടന്റെ ജീവിതത്തിലേക്ക് പത്മശ്രീ കടന്നു ചെന്നതിനേക്കാൾ വേഗത്തിൽ സഞ്ജുവിന്റെ മനസ്സിൽ റിയ കയറിക്കൂടി. പിന്നീടുള്ള ദിവസങ്ങളിൽ അമേരിക്കയിൽ നിന്ന് അങ്കമാലിയിലേക്ക് ഫേസ്ബുക്ക് മെസഞ്ചറിലൂടെ പ്രണയമൊഴുകി. 

ടോണി ചേറ്റുപുഴയുടെയും ഷെറിയുടെയും മകളാണ് റിയ. ഹരിദാസും നിർമലയുമാണ് സഞ്ജുവിന്റെ മാതാപിതാക്കൾ. റിയയെ സഞ്ജു വിവാഹം കഴിക്കുന്നതിന് ചില്ലറ തടസ്സങ്ങൾ സ്വാഭാവികം. ഒടുവിൽ, ഇരു കുടുംബങ്ങളും മക്കളുടെ സന്തോഷത്തിൽ പങ്കുചേരാൻ തീരുമാനിച്ചു. അങ്ങനെ റിയ സഞ്ജു വിന്റെ ഭാര്യയായി. 

വിവാഹത്തിനു പിറ്റേന്നാൾ സഞ്ജുവിന് അമ്മാവനൊരു സമ്മാനം നൽകി. ‘‘ഹണിമൂൺ ആഘോഷിക്കാൻ മാലദ്വീപാണ് നല്ലത്’’ അമ്മാവന്റെ സ്നേഹ പ്രകടനം. കൂടെ മാലദ്വീപിലേക്കൊരു വിമാന ടിക്കറ്റും. കടലോളം പ്രണയവുമായി കടൽ കടന്ന് സഞ്ജുവും റിയയും മാലദ്വീപിലെത്തി. ആഘോഷത്തി ര‌മാലകളുടെ തീരത്ത് ഒരാഴ്ച ചുറ്റി നടന്നു. നിലാവു പെയ്യുന്ന കടലോരവും ദ്വീപിന്റെ ശാന്തതയും അവരുടെ മധുവിധി മനോഹരമാക്കി. 

american-trip6

അച്ഛന്റെ കൈ പിടിച്ച് കുട്ടിക്കാലത്ത് തേക്കടിയിൽ പോയപ്പോൾ മുതൽ യാത്രകളെ ഇഷ്ടപ്പെട്ടു തുടങ്ങിയ റിയയുടെ സ്വപ്നങ്ങൾ അതോടെ അതിരു കടന്നു. 

ന്യൂയോർക്ക്

സഞ്ജു അമേരിക്കയിലെത്തിയ ഉടനെ റിയയുടെ വീസ ശരി യാക്കി. എംബിഎ വിദ്യാർഥിയായി റിയ ന്യൂയോർക്കിലെ ലോങ് ഐലൻ‍ഡിൽ എത്തി. കുടുംബ ജീവിതം ആരംഭിച്ചു എന്നതിനെക്കാൾ യാത്ര തുടങ്ങി എന്നു പറയുന്നതാവും നല്ലത്. 

ഫ്ളാഷ് ബാക്ക് ഇവിടെ അവസാനിക്കുന്നു. ബാക്കിയുള്ള വിശേഷങ്ങൾ റിയ പറയട്ടെ. ‘‘മഞ്ഞു പെയ്യുന്ന ഡിസംബറിലാണ് ന്യൂയോർക്കിലെത്തിയത്. ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങൾക്കു താഴെ വലിയൊരു നഗരം. തോളോടു തോൾ ചേർന്നു നടക്കുന്നവരുടെ പ്രളയം. ആരും ആരുടേയും തിരക്കുകളെക്കുറിച്ച് അന്വേഷിക്കുന്നില്ല. എല്ലാവരും അവനവന്റെ തിരക്കുമായി പായുന്നു. ഫാസ്റ്റ് ലൈഫ്...ലോങ് ഐലൻഡിലെ ന്യൂഹൈഡ് പാർക്കിലുള്ള വീട്ടിലേക്ക് സഞ്ജു എന്നെ കൂട്ടിക്കൊണ്ടു പോയി. അദ്ഭുത ലോകത്തെത്തിയതുപോലെ സന്തോഷം തോന്നി. 

ആദ്യത്തെ ഞായറാഴ്ച ന്യൂയോർക്ക് നഗരം കാണാനിറങ്ങി. പുതുമകളുടെയും ഫാഷന്റെയും ലോകമാണു ന്യൂയോർക്ക്. എവിടേക്കു തിരിച്ചു പിടിച്ചാലും ക്യാമറയിൽ പതിയുന്നത് ഗംഭീര ഫ്രെയ്മുകളാണ്. പരസ്യചിത്രങ്ങൾ പോലെ എല്ലാം മനോഹരം. ഫ്രീഡം ടവറിലെത്തിയപ്പോഴാണ് ന്യൂയോർക്ക് നഗരത്തിന്റെ വലുപ്പം മനസ്സിലായത്. നഗരത്തിന്റെ മുക്കും മൂലയും കാണാൻ ഒരു മാസം പോരാ.

american-trip1

കാഴ്ചകളുടെ പറുദീസയാണ് ന്യൂയോർക്ക്. എല്ലാ പ്രദേശങ്ങളും കെട്ടിടങ്ങളും ഡെസ്റ്റിനേഷനുകളാണ്. ടൈം സ്ക്വയർ, സെൻട്രൽ പാർക്ക്, മ്യൂസിയം ഓഫ് ആർട്, ബൊട്ടാണിക്കൽ ഗാർഡൻ, ഗ്രൗണ്ട് സീറോ, സ്റ്റാച്യു ഓഫ് ലിബർട്ടി, റോക്ക് ഓബ്സർവേറ്ററി പോയിന്റ്...ഇതെല്ലാം പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ചിലതു മാത്രം.

അമേരിക്കയിലെ റോഡ് യാത്രകൾ

സഞ്ജു സോഫ്റ്റ് വെയർ എൻജിനീയറാണ്. കണക്ടിക്കട്ടിലാണ് ജോലി ചെയ്യുന്നത്. രാവിലെ എട്ടരയ്ക്കു പോയാൽ വൈകിട്ട് അഞ്ചു മണിക്കേ തിരിച്ചു വരൂ. ഈ സമയം ഞാൻ അമേരിക്കയെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചു. അതോടെ അമേരിക്ക മുഴുവൻ കാണാൻ ആഗ്രഹം തോന്നി. ശനി, ഞായർ ദിവസങ്ങളിൽ യാത്രയ്ക്കായി നീക്കി വയ്ക്കാമെന്ന് സഞ്ജുവിനോടു പറഞ്ഞു. റോഡ് മൂവികളിൽ കാണുന്നതു പോലെ ജീപ്പോടിച്ച് അമേരിക്ക ചുറ്റാമെന്ന് സഞ്ജുവിന്റെ തീരുമാനം. 

മഞ്ഞുറയുന്ന കാനഡയുടെ അതിർത്തിയിലേക്കായിരുന്നു ദീർഘദൂര ഡ്രൈവ്. മെയ്ൻ എന്നാണ് ആ സ്ഥലത്തിന്റെ പേര്. അർക്കാഡിയ നാഷനൽ പാർക്കാണ് അവിടെ ഏറ്റവും ഇഷ്ടപ്പെട്ടത്. അർക്കാഡിയയിലെ സൂര്യോദയം പ്രശസ്തമാണ്. പ്രഭാതത്തിന്റെ ദൈർഘ്യം സഞ്ചാരികളുടെ ക്യാമറകൾക്ക് വിരുന്നൊരുക്കുന്നു. കുന്നും മലകളുമാണു ഭൂപ്രകൃതി. മഴപോലെ മഞ്ഞു പെയ്യുന്ന കാഴ്ചയാസ്വദിച്ച് മെയ്നിലെ റോഡുകളിലൂടെ ഞങ്ങൾ സഞ്ചരിച്ചു. കേപ് എലിസബത്ത് ലൈറ്റ് ഹൗസ് അവിടെയാണ്. മലഞ്ചെരിവുകളും ൈലറ്റ് ഹൗസും കണ്ടപ്പോൾ മുതൽ മുടക്ക് വസൂലായി.

മെയ്നിലേക്കു പോകുന്നവർ നിർബന്ധമായും വിന്റേജ് കാർ ഷോ കാണണം. ക്ലാസിക് കാലഘട്ടത്തിന്റെ നേർക്കാഴ്ചയാണ് അവിടെയുള്ളത്. ഓഡിയും ബെൻസും റോൾസ് റോയ്സും കാഡിലാക് നിരകളും ചേർന്നൊരു മാസ്മരിക ലോകം. കാലിഫോർണിയയാണ് ഇതു പോലെ അദ്ഭുതങ്ങൾ കാത്തു സൂക്ഷിച്ചിട്ടുള്ള മറ്റൊരു സംസ്ഥാനം. 

എവിടെ നോക്കിയാലും മലയാളികളെ കാണുന്ന സ്ഥലമാണ് ന്യൂജഴ്സി. ഞങ്ങൾ ന്യൂജഴ്സി മുഴുവൻ സഞ്ചരിച്ചു. ഒട്ടുമിക്ക സ്ഥാപനങ്ങളും നടത്തുന്നതു മലയാളികളാണ്. മുണ്ടുടുത്ത ആളുകൾ റോഡിലൂടെ പോകുന്നതു കാണാം. അറ്റ്ലാന്റിക് സിറ്റിയാണ് ന്യൂജഴ്സിയുടെ ആകർഷണം. ഗ്രേറ്റ് വാട്ടർ ഫാൾ സാണ് മറ്റൊരു ടൂറിസം സ്പോട്ട്. ഡെലവേർ വാട്ടർ ഗ്യാപ് കാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. 

പെൻസിൽവാനിയ എന്നു കേൾക്കുമ്പോൾ ഇപ്പോഴും പേടി യാണ്. ‘ദി പിന്നക്കിൾ’ എന്ന മല കാണാനാണ് അവിടെ പോയത്. കുന്നിന്റെ നെറുകയില്‍ എത്തണമെങ്കിൽ അര മണിക്കൂർ നടക്കണം. ഏകദേശം ഒന്നര കിലോമീറ്റർ മലയുടെ മുകളിൽ നിന്നാൽ 360 ഡിഗ്രി വിഷ്വൽ കണ്ടാസ്വദിക്കാം, ക്യാമറയിൽ പകർത്താം. 

രാത്രി ഒൻപതു കഴിയുമ്പോഴേ സൂര്യൻ അസ്തമിക്കുകയുള്ളൂ എന്നതാണ് പിന്നക്കിളിന്റെ പ്രത്യേകത. ആളുകളെല്ലാം പോയി ക്കഴിഞ്ഞാണ് ഞങ്ങൾ മലയിറങ്ങിയത്. മടക്ക യാത്രയിൽ ഒരു കല്ലിന്റെയടുത്തേക്ക് കാലെടുത്തു വച്ചപ്പോൾ സഞ്ജു എന്നെ പുറകോട്ട് വലിച്ചു. ചുരുണ്ടു കിടന്ന പാമ്പിന്റെ മുകളിൽ ചവി ട്ടാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. 

സാൻഫ്രാൻസിസ്കോ

യാത്ര ചെയ്യുന്ന സ്ഥലങ്ങളുടെ ദൃശ്യങ്ങൾ വിഡിയോ ക്യാമറയിൽ പകർത്താറുണ്ട്. എല്ലാവർക്കും കണ്ടാസ്വദിക്കാനായി അവയെല്ലാം യു ട്യൂബിൽ അപ്‍ലോഡ് ചെയ്യുന്നുണ്ട്. ഇതു വരെ 19 വിഡിയോകൾ യു ട്യൂബിലിട്ടു. ട്രിപ്പ് കപ്പിൾ എന്നു ടൈപ്പ് ചെയ്താൽ അവ കാണാം. അമേരിക്കയിൽ പോകാതെ ആളുകൾക്ക് അമേരിക്ക കാണിച്ചു കൊടുക്കാനുള്ള അവസരം കിട്ടി. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്. 

american-trip

ഏറ്റവുമൊടുവിൽ ഞങ്ങൾ സന്ദർശിച്ചത് സാൻഫ്രാൻസിസ്കോയാണ്. അവിടെയൊരു കെട്ടിടത്തിനുള്ളിൽ കയറി പുറത്തിറങ്ങിയപ്പോഴേക്കും ഞങ്ങളുടെ കാർ കൊള്ളയടിക്കപ്പെട്ടു. പണവും പാസ്പോർട്ടും വച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടു. പുതിയ പാസ്പോർട്ടിന് അപേക്ഷ കൊടുത്തിട്ടുണ്ട്. അമേരിക്കയിൽ ഇത്തരം മോഷണങ്ങൾ പതിവാണ്. കരുതലോടെയാണ് പുതിയ യാത്രകൾ. സാൻഫ്രാൻസിസ്കോയിലുള്ള ബിഗ്സർ എന്ന പാത കടക്കാൻ ആറു മണിക്കൂർ വേണം. ശരവേഗത്തിൽ പായുന്ന വാഹനങ്ങളും വിസ്തൃതമായ റോഡും ആളൊഴിഞ്ഞ പറമ്പുകളും ബിഗ്സർ യാത്ര വ്യത്യ സ്തമാക്കുന്നു. അവിടെ മഞ്ഞു കാലത്ത് കാലാവസ്ഥ ഊട്ടിയിലേതു പോലെയാണ്. ബീച്ചുകൾ, മലകൾ, നഗരം എന്നിവ യെല്ലാമുള്ള നഗരമാണ് സാൻഫ്രാൻസിസ്കോ. അവിടെയെത്താൻ ന്യൂയോർക്കിൽ നിന്ന് ആറു മണിക്കൂർ വിമാനത്തിലിരിക്കണം. അത്ര നേരം യാത്രയുണ്ടെങ്കിലും ദൃശ്യങ്ങൾ കാണുമ്പോൾ ക്ഷീണം മാറും. അത്രയ്ക്കു മനോഹരമാണ് സാൻഫ്രാൻസിസ്കോ. അവിടെയൊരു വെള്ളച്ചാട്ടമുണ്ട്. മിക്കയാളുകളും വെള്ളച്ചാട്ടം കണ്ടതിനു ശേഷം യാത്ര അവസാനിപ്പിക്കും. ‍ഞങ്ങൾ ആ പാതയുടെ അറ്റം വരെ വണ്ടിയോടിച്ചു. 

ഓരോ സ്ഥലങ്ങളിലും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങൾക്കൊ പ്പം അറിയപ്പെടാത്ത പ്രദേശങ്ങളിലൂടെയും ഞങ്ങൾ പോകാറുണ്ട്. അമേരിക്കയിലെ നിരവധി ഗ്രാമങ്ങളെ ക്യാമറയിൽ പകർത്താൻ ഈ യാത്രകൾ സഹായകമായി.

യാത്ര ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലെയും സ്പെഷൽ വിഭവങ്ങൾ വാങ്ങിക്കഴിക്കാറുണ്ട്. ന്യൂയോർക്കിലെ വിഭവങ്ങളാണ് ഇതിലേറ്റവും സ്വാദിഷ്ഠം. ഫലാഫൽ എന്നൊരു വെജിറ്റേറിയൻ ഐറ്റമുണ്ട്. ചോറും കട്‍ലറ്റും സോസും ഉൾപ്പെടുന്നതാണ് ഫാലാഫൽ. അഫ്ഗാൻ വിഭവമാണിത്. കൈതച്ചക്ക ഉപയോഗിച്ചുണ്ടാക്കുന്ന പിറ്റ്സയാണ് രുചിക രമായ മറ്റൊന്ന്. കൊളംബിയൻ മീൽസ് എന്ന വിശിഷ്ടമായ ഊണാണ് വേറൊരു വിഭവം. അരി പോലുള്ള ധാന്യവും ബീൻസ് പോലെയൊരു പയറു കൊണ്ടുണ്ടാക്കിയ കറിയും ഉൾപ്പെടുന്നതാണ് കൊളംബിയൻ മീൽസ്. 

ട്രിപ്പ് കപ്പിൾ

അമേരിക്കയിലെ മലയാളികളുടെ കുടിയേറ്റ ചരിത്രത്തിന് നാല്‍പ്പതു വർഷത്തിലേറെ പഴക്കമുണ്ട്. വൈറ്റ് ഹൗസ് മുതൽ സ്ട്രീറ്റ് ഷോപ്പുകൾ വരെ എല്ലായിടത്തും മലയാളികളുടെ സാന്നിധ്യം പ്രകടം. 51 സംസ്ഥാനങ്ങളും സന്ദർശിച്ച നിരവധി യാളുകൾ ഇക്കൂട്ടത്തിലുണ്ട്. അവരിൽ ഇളംതലമുറക്കാരിയാണ് ഞാൻ. ന്യൂയോർക്ക്, ന്യൂജഴ്സി, കണക്ടിക്കട്ട്, ന്യൂഹാംഷ യർ, മസാച്യുസെറ്റ്സ്, കാനഡ, കാലിഫോർണിയ, പെൻസിൽ വാനിയ എന്നീ സംസ്ഥാനങ്ങൾ ഈ ചുരുങ്ങിയ കാലത്തിനിടെ സന്ദർശിച്ചു. അതൊരു വലിയ നേട്ടമായി സ്വയം വിലയി രുത്തുന്നു. 

അമേരിക്കയിലെ എട്ടു സംസ്ഥാനങ്ങളിലുള്ള മികച്ച ടൂറിസം കേന്ദ്രങ്ങൾ ക്യാമറയിൽ പകർത്തി, വിവരണം സഹിതം യു ട്യൂബിൽ അപ് ലോഡ് ചെയ്തു. ഓൺലൈനിൽ അതിനു കിട്ടിയ പ്രതികരണം വലിയ പ്രോത്സാഹനമായി. അമേരിക്ക വൻകരയുടെ എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കാനുള്ള അടങ്ങാത്ത ആഗ്രഹം മനസ്സിൽ മുളയിടാനുള്ള ഒരേയൊരു കാരണം അതാണ്, അതു മാത്രമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA