sections
MORE

കാട്ടിലെ താമസം ശരിക്കും ഭയപ്പെടുത്തി; നടി സുബി സുരേഷ്

ctd
SHARE

ചിരിയുടെ മാലപടക്കവുമായി പ്രേക്ഷകരെ രസിപ്പിക്കുന്ന സുബി സുരേഷിനെ അറിയാത്തവരായി ആരുമില്ല. ഏതുകാര്യവും നർമലഹരിയിൽ അവതരിപ്പിക്കുന്ന താരത്തിന് അഭിനയം മാത്രമല്ല യാത്രകളോടും ഇഷ്ടമുണ്ട്. സ്റ്റേജ് ഷോകളുടെ ഭാഗമായി സഞ്ചരിക്കാത്ത ഇടങ്ങൾ ചുരുക്കമാണെന്ന് സുബി പറയുന്നു. യാത്രകളിലൂടെ ‍സഞ്ചരിക്കുന്ന സുബിക്ക് പറയുവാൻ ഒരുപാട് കഥകളുണ്ട്. യാത്രയിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ താരം മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

subi-suresh-trip2

സത്യത്തിൽ എന്റെ യാത്രകൾ കൂടുതലും ഷോയുടെ ഭാഗമായുള്ളതാണ്. നിരന്തരം സഞ്ചരിക്കുന്നതുകൊണ്ടാവാം യാത്രയോട് ചിലപ്പോഴൊക്കെ മടുപ്പ് തോന്നാറുണ്ട്. എന്നിരുന്നാലും യാത്രകളൊക്കെയും അടിച്ചുപൊളിക്കുകയാണ് പതിവ്. ലോകത്തിന്റെ മിക്കയിടത്തേക്കും സഞ്ചരിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. കലാകാരിയായതുകൊണ്ട് ലഭിച്ച ഭാഗ്യമാണത്. ഷോയുടെ ഭാഗമായി യാത്ര പോകുമ്പോൾ സ്ഥലത്തിന്റെ കാഴ്ചകൾ ആസ്വദിക്കാനും സമയം കണ്ടെത്താറുണ്ട്. പുതിയ കാഴ്ചകള്‍ ആസ്വദിക്കാനും അറിയാനും ഇഷ്ടമാണ്. ഒാരോ യാത്രകളും ഒാരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

വത്തിക്കാൻ സിറ്റി

യാത്രചെയ്തതിൽ മനോഹരമായ യാത്രയായി തോന്നിയത് വത്തിക്കാൻ ട്രിപ്പായിരുന്നു. മനസ്സിനെ വല്ലാതെ ആകർഷിച്ചയിടമായിരുന്നു വത്തിക്കാന്‍. ഇത്രയും നാളും ഒറ്റക്കു ജീവിച്ച എനിക്ക് വത്തിക്കാനിലെത്തിയപ്പോഴാണ് ഒപ്പം കൈ പിടിച്ചു നടക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ എന്നു തോന്നിയത്. അത്രയ്ക്കും മനസിനെ ആകർഷിച്ച ഡെസ്റ്റിനേഷനായാണ് എനിക്ക് തോന്നിയത്. ഒറ്റത്തവണ മാത്രമേ വത്തിക്കാനിലേക്ക് പോകാൻ ഭാഗ്യം കിട്ടിയുള്ളൂ. അതും ഷോയുടെ ഭാഗമായിരുന്നു യാത്ര.

subi-suresh-trip4

അവിടെയുള്ള കെട്ടിടങ്ങള്‍ക്കെല്ലാം പഴമയുടെ മുഖമാണ്. പഴയ ക്ലാസിക്കൽ സിനിമകളിൽ കാണുന്ന പോലെയുള്ളവ. ആ കാഴ്ചകളൊക്കെയും ശരിക്കും ആസ്വദിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു വത്തിക്കാനിലേത്. ഒട്ടുമിക്ക ടൂറിസ്റ്റ് സ്പോട്ടുകളും ചുറ്റികറങ്ങി.

ലോകാദ്ഭുതങ്ങൾ തേടി

ലോകാദ്ഭുതങ്ങൾ കാണുകയെന്നത് സഞ്ചാരികളെ സംബന്ധിച്ച് അതിശയകരമാണ്. ലോകാദ്ഭുതങ്ങളിൽ എനിക്ക് അദ്ഭുതമായി തോന്നിയ കാഴ്ചയായിരുന്നു നയാഗ്രാ വെള്ളച്ചാട്ടവും ഗ്രാന്റ് കാന്യനും. അമേരിക്കയിലെ ഷോ കഴിഞ്ഞ് പിഷാരടിയും ജോർജേട്ടനും യൂസഫിക്കയും ഉൾപ്പെടെ മറ്റെല്ലാവരും ഗ്രാന്റ്കാന്യൻ കാഴ്ചകളാസ്വദിക്കാൻ എന്നെയും വിളിച്ചു. വരുന്നില്ലെന്ന് ആദ്യമേ പറഞ്ഞു. അവരുടെ നിർബന്ധത്തിനു വഴങ്ങി ഒപ്പം പോയി. സത്യത്തിൽ പോകാതിരുന്നിരുന്നെങ്കിൽ ആ കാഴ്ച നഷ്ടമായെനേ.

subi-suresh-trip

കണ്ണുകളെ വിശ്വസിക്കാനാകാത്ത വിസ്മയമാണ് ഗ്രാന്റ് കാന്യന്‍.  ലോകത്തെ ഏറ്റവും വലിയ പര്‍വ്വതനിരകളിലൊന്നായ റോക്ക്‌ മൗണ്ടന്‍സ്‌, ഹിമാലയത്തിന്റെ സൗന്ദര്യം ആവാഹിച്ച കൊളറാഡോ നിരകള്‍, സമ്പൂര്‍ണ സമതലങ്ങളും നിരനിരയായ കുന്നുകളും കാടുകള്‍ തിങ്ങിയ പര്‍വതങ്ങള്‍, ഒന്നിനു പുറകെ ഒന്നായി നില്‍ക്കുന്ന കൊടുമുടികൾ – കാഴ്ച ഗംഭീരമാണ്. 

subi-suresh-trip1

എത്രകണ്ടാലും മതിവരില്ല നയാഗ്രാ

പലതവണ നയാഗ്രാ വെള്ളച്ചാട്ടം കണ്ടിട്ടുണ്ട്. പക്ഷേ ആ കാഴ്ച ഒരിക്കലും മതിവരില്ല. നയാഗ്ര വെള്ളച്ചാട്ടവും ആ വെള്ള ചാട്ടത്തിനടുത്തേക്കു പോകാനുള്ള ബോട്ടു യാത്രയുമൊക്കെ ഏറെ ഹരം പിടിപ്പിക്കുന്നതാണ്. എന്നെ ഏറെ ആകർഷിച്ചത് 'മെയിഡ് ഓഫ് ദി മിസ്റ്റ്' എന്ന ബോട്ടുയാത്രയാണ്. സഞ്ചാരികളെ വലിയ ബോട്ടില്‍ വെള്ളച്ചാട്ടത്തിന്റെ തൊട്ടടുത്തേക്ക് കൊണ്ടുപോകുന്ന യാത്രയാണിത്. ശരിക്കും അതിശയിപ്പിക്കും.

subi-suresh-trip5

വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തുമ്പോൾ വസ്ത്രങ്ങൾ നനയാതിരിക്കാനായി ബോട്ടിൽ കയറുന്നവർക്കായി റെയിൻകോട്ടും സംഘാടകർ നല്‍കും. എത്ര തവണ നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാൻ പോയിട്ടുണ്ടെങ്കിലും വിസ്മയിപ്പിക്കുന്ന പ്രകൃതിപ്രതിഭാസം കാഴ്ചയിൽ മടുപ്പു തോന്നിക്കില്ല. അമേരിക്കൻ ഭാഗത്തുനിന്നും കാനഡ ഭാഗത്തുനിന്നും നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്.

കാട്ടിലെ താമസം ശരിക്കും ഭയപ്പെടുത്തി

പല രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും വേറിട്ടൊരു യാത്രാനുഭവമായിരുന്നു ആഫ്രിക്ക സമ്മാനിച്ചത്. ടാൻസാനിയ ട്രിപ്പിൽ‍ വൈൽഡ് സഫാരിക്ക് അവസരം കിട്ടി. കാടും കാട്ടും മൃഗങ്ങളെയും കാണാം എന്ന ആവേശത്തിൽ ഇറങ്ങി തിരിച്ച യാത്രയായിരുന്നു. തമാശകളൊക്കെ പറഞ്ഞ് ചിരിച്ചുല്ലസിക്കുമെങ്കിലും കാട്ടിലെ താമസം ശരിക്കും പേടിപ്പിച്ചു. ഞങ്ങൾ നാലുപേരുണ്ടായിരുന്നു. ആഫ്രിക്കൻയാത്രയുടെ ത്രില്ലിലായിരുന്നു തുടക്കം. പോകുന്ന വഴിയിൽ റോ‍ഡിനിരുവശവും മാവ് പൂത്തുനിൽക്കുന്നു. കണ്ണിമങ്ങയൊക്കെ പറിച്ചെടുത്തു കഴിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര. കുറച്ചു ദൂരം പിന്നിട്ടപ്പോഴെക്കും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു. കാടിനുള്ളിലെ ചെറിയൊരു കുടിൽ.

subi-suresh-trip7

നേരം രാത്രിയായതുകൊണ്ട് അന്നേ ദിവസത്തെ താമസം അവിടെയായിരുന്നു. കെട്ടിടങ്ങൾ ഒന്നുമില്ല. നിലത്തുനിന്നും ഉയരത്തിലുളള ടെന്റ്. ലോക്കില്ല. സിബ്കൊണ്ട് അടക്കാം. അതിലും രസകരം ഒരുമറ പോലുമില്ലാത്ത ബാത്ത്റൂമായിരുന്നു. ഓരോത്തർക്കും ഒാരോ ടെന്റുകൾ ‍‍ഞങ്ങൾ ബുക്ക് ചെയ്തു. അവിടെയാണെങ്കിൽ ശരിക്കും പ്രകാശം പോലുമില്ല. എനിക്കാകെ പേടിയായി. കൂടാതെ അവിടെ വരുന്ന താമസകാർക്ക് സെക്യൂരിറ്റിയായി നിൽക്കുന്നത്. ആ കാട്ടിലെ ആദിവാസികളിലൊരാളാണ്. അവരുടെ വേഷവിധാനങ്ങളുമൊക്കെ കണ്ടിട്ട് പേടി കൂടി. എന്റെ പേടി കാരണം ഷാജോൺ ചേട്ടൻ‌ ഉൾപ്പടെ കൂടെയുള്ളവരും മറ്റു രണ്ടു ഹട്ടുകൾ ഒഴിവാക്കി. എന്റെ ഹട്ടിനു കാവലിരുന്നു. അത്രയ്ക്കും ഞാൻ ഭയന്നുപോയി.

പിറ്റേന്ന് രാവിലെ കാടിന്റെ കാഴ്ചകൾ ആസ്വദിക്കാനായിറങ്ങി. കാര്യങ്ങൾ പറഞ്ഞു നൽകാൻ ഞങ്ങളോടൊപ്പം ഗൈ‍‍ഡും ഉണ്ടായിരുന്നു. കാടിന്റെ നടുക്ക് ഭക്ഷണം കിട്ടാത്തതുകൊണ്ട് കൈയിൽ കരുതിയിരുന്നു. പോകുന്ന വഴി കുറെ മൃഗങ്ങളെ കണ്ടു. കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ വലിയ മരത്തിനു ചുവട്ടിൽ രണ്ടു പെൺ സിംഹങ്ങളും ഒരു ആൺ സിംഹത്തെയും കണ്ടും. സന്തോഷം ഇരട്ടിച്ചു.

എത്ര നേരം ഞങ്ങൾ അവിടെ നിന്നിട്ടും സിംഹം അവിടെ നിന്നും അനങ്ങുന്നില്ല. ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു. പ്രജോദ് ചേട്ടൻ ഉടൻ തന്നെ കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണപൊതിയിൽ ഉണ്ടൻപോരിപോലെ ഒന്നുണ്ടായിരുന്നു അതെടുത്ത് എറിഞ്ഞു. എന്നിട്ടും സിംഹത്തിന് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല. മൃഗങ്ങളെ അങ്ങനെയൊന്നും ചെയ്യാൻ പാടുള്ളതല്ല. എല്ലാവരും പ്രജോദ് ചേട്ടനോട് പറഞ്ഞു. കുറച്ചു കഴിഞ്ഞ് സിംഹം എഴുന്നേറ്റു ഞങ്ങളുടെ വാഹനത്തിനു മുമ്പിൽ ഫോട്ടോ എടുത്തോ എന്നാർത്ഥത്തിൽ പോസ് ചെയ്തു നിന്നു. ഞങ്ങൾ തുരു തുരാ ചിത്രങ്ങൾ എടുത്തു. ഹാപ്പിയായി. ഭയം തോന്നിയെങ്കിലും ശരിക്കും ആസ്വദിച്ച യാത്രയായിരുന്നു.

മറക്കാനാവില്ല ഇൗ യാത്ര

subi-suresh-trip6

ദിലീപും കാവ്യയും ഉൾപ്പടെ ഒട്ടുമിക്ക ആർട്ടിസ്റ്റുകളും പങ്കെടുത്ത ഷോയായിരുന്നു അമേരിക്കയിൽ ഷോ. ആദ്യത്തെ ഷോ കഴിഞ്ഞ് തലേദിവസം ഗ്രാന്റ് കാന്യനും കാഴ്ചകളുമൊക്കെ ആസ്വദിച്ച് വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. പിറ്റേദിവസം മറ്റൊരു സ്ഥലത്തായിരുന്നു പ്രോഗ്രാം. ഫോണിൽ അലാം  വച്ചില്ലെങ്കിൽ ഉണരാൻ പറ്റില്ല. പിറ്റേദിവസം ഞാനൊഴിച്ച് എല്ലാവരും രാവിലെ 8 മണിക്കുതന്നെ എയർപോർട്ടിലെത്തി. യൂസഫിക്ക മാത്രമാണ് എന്നെ തിരക്കിയത്. ഞാൻ എവിടെയും ആക്ടിവായി കാണും. അന്നു എന്നെ മാത്രം കണ്ടില്ല. എന്റെ ഫോണിൽ വിളിക്കുന്നുമുണ്ട്. സത്യത്തിൽ ഞാൻ നല്ല ഉറക്കത്തിലാണ്. 

എപ്പോഴോ കണ്ണുകൾ തുറന്നു. സമയം നോക്കിയപ്പോൾ ഞെട്ടി, എട്ടേമുക്കാൽ. ഫോണിലെ മിസ്കോൾ കണ്ട് തിരികെ വിളിച്ചു എല്ലാവരും എയർപോർട്ടിലുണ്ട്. വേഗം തന്നെ റിസപ്ഷനിൽ നിന്നും ടാക്സി അറേഞ്ച് ചെയ്ത് വരാൻ പറഞ്ഞു. വേഗം റെ‍ഡിയായി ടാക്സിയിൽ കയറാൻ തുടങ്ങിയപ്പോഴാണ് അടുത്ത ഫോൺവിളി എത്തിയത്. പ്രോഗ്രാമിലെ സൗണ്ട് എൻജിനിയറിന്റെ പുത്തൻ െഎഫോൺ റൂമിൽ മറന്നുവച്ച കാര്യം അറിയുന്നത്. വേഗം ഫോണും എടുത്ത് ടാക്സിയിൽ കയറി എയർപോർട്ടിലെത്തി. എന്നെ കണ്ടിട്ടും ആരും മിണ്ടുന്നില്ല. ഫോണിന്റെ ഉടമസ്ഥൻ മാത്രം എന്റെ അരികിലേക്ക് ഒാടിയെത്തി . കാരണം ഫോൺ കിട്ടിയല്ലോ. ഞാൻ താമസിച്ചതുകൊണ്ട് ഒരാൾക്കെങ്കിലും ഗുണമായി. അന്നേ ദിവസം പരിപാടി ഇല്ലാത്തതുകൊണ്ട് ആരും എന്നെ ഒന്നും പറഞ്ഞില്ല. ശരിക്കും ടെൻഷനടിച്ച യാത്രയായിരുന്നു  ഭാഗ്യത്തിനും ഫ്ലൈറ്റും മിസായില്ല.

അനിയനിഷ്ടം മൂന്നാർ

മൂന്നാറിലേക്ക് പലതവണ പോയിട്ടുണ്ട്. അച്ഛനും അമ്മയും അനിയനുമായി ടൂർ പ്ലാൻ ചെയ്യുമ്പോൾ ആദ്യം മൂന്നാറാണ് തിരഞ്ഞെടുക്കുന്നത്. അനിയന് ഏറ്റവും ഇഷ്ടമുള്ളയിടമാണ് മൂന്നാർ. തേയിലത്തോട്ടങ്ങളുടെ ഉൗഷ്മളതയും മഞ്ഞിന്റെ സുഖകരമായ തണുപ്പും. കണ്ണിനേയും മനസിനേയും  ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. കരിമ്പാറ കൂട്ടങ്ങൾക്കിടയിലൂടെ വെള്ളിയാഭരണം പോലെ ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ. കാഴ്ചകൾ ഒരുപാടുണ്ട്. ഇത്തവണ മൂന്നാറിന്റെ നീലവസന്തം കാണാനുള്ള അവസരവും ഒത്തുകിട്ടി. പ്രകൃതിയുടെ വസന്തോത്സവമായ കുറിഞ്ഞിപ്പൂക്കാലത്തിലേക്ക് യാത്രപോകുവാനും സാധിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA