sections
MORE

വിസ എന്ന കിട്ടാക്കനി 

ukraine
SHARE

ഉക്രെയ്ൻ ഡയറി :അദ്ധ്യായം 1

കൊച്ചി-ലണ്ടൻ റോഡ് യാത്രയുടെ ഭാഗമായി കസാഖ്സ്ഥാനിലെത്തിയപ്പോൾ അവിടുത്തെ മലയാളികളെല്ലാവരും ചേർന്ന് ഞങ്ങൾക്കൊരു സ്വീകരണം നൽകി. യൂറോപ്യൻ നഗരങ്ങളെ തോൽപ്പിക്കുന്ന രീതിയിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന അൽമാട്ടി എന്ന സിറ്റിയിലെ ഒരു റെസ്റ്റോറന്റിൽ രാത്രി നടന്ന സൽക്കാരത്തിലും സ്വീകരണത്തിലും നിറമനസ്സോടെ ഞങ്ങളും - ഞാനും ലാൽജോസും സുരേഷ് ജോസഫും-പങ്കുകൊണ്ടു. കുതിരയിറച്ചി പോലെയുള്ള അപൂർവയിനം ഭക്ഷണ പദാർത്ഥങ്ങളാണ് അവിടെ ഞങ്ങളെ കാത്തിരുന്നത്.

അവിടെ വെച്ചാണ് ശിവകുമാറിനെ പരിചയപ്പെട്ടത്. സൺ ഫാർമ എന്ന പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ റഷ്യയുടെയും പഴയ റഷ്യൻ രാജ്യങ്ങളുടെയുമൊക്കെ തലവനായിരുന്നു ശിവകുമാർ. കുതിരയിറച്ചിയും ലെപ്പഷ്‌ക്ക എന്നറിയപ്പെടുന്ന ഉസ്‌ബെക്ക് ബ്രെഡും കൂടി ഞാൻ വെട്ടിവിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ ശിവകുമാർ പറഞ്ഞു : 'പഴയ റഷ്യൻ രാജ്യങ്ങളിൽ ഏറ്റവും സുന്ദരമാണ് ഉക്രെയ്ൻ.'

Ukraine-trip
കീവിലെ ഷുലിയാനി ഇന്റർനാഷണൽ എയർപോർട്ട് 

എന്റെ മനസ്സിലൊരു ലഡു പൊട്ടി. ഞാൻ കുതിരയെ അതിന്റെ പാട്ടിനുവിട്ടിട്ട് ശിവകുമാറിൽ നിന്ന് ഉക്രെയ്നെക്കുറിച്ചുള്ള മാക്‌സിമം വിവരങ്ങൾ ചോർത്തിയെടുത്തു. ജോലിയുടെ ആവശ്യങ്ങൾക്കായി മാസത്തിലൊരിക്കൽ ഉക്രെയ്ൻ സന്ദർശിക്കാറുള്ളതുകൊണ്ട് ശിവകുമാറിന് സ്ഥലങ്ങളൊക്കെ മനഃപാഠമാണ്.

അന്ന് എന്റെ ഭാവി യാത്രകളുടെ പുസ്തകത്തിൽ ഞാൻ എഴുതിച്ചേർത്ത പേരാണ് ഉക്രെയ്ൻ. പക്ഷേ ആ യാത്ര സഫലമാകാൻ നാലുവർഷം വേണ്ടി വന്നു. കഴിഞ്ഞ ഓഗസ്റ്റിൽ പുതിയൊരു രാജ്യത്തിനുവേണ്ടി തെരച്ചിൽ തുടരുമ്പോഴാണ് ആ വാർത്ത കണ്ണിൽ പെട്ടത്- ഉക്രെയ്‌നിൽ ഇന്ത്യക്കാർക്ക് 'വിസ ഓൺ അറൈവലാ'ക്കിയിരിക്കുന്നു. മേരെ പ്യാരേ ദേശ്‌വാസിയോം കോ പ്രധാനമന്ത്രിജീ ചെയ്ത ഒരുപകാരം. മോദിജി സന്ദർശിച്ച രാജ്യങ്ങളിൽ പലതിലും ഇപ്പോൾ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ ലഭിക്കുന്നുണ്ട്.എന്നാൽ ഇക്കുറി ഉക്രെയ്ൻ തന്നെ-ഞാൻ ഉറപ്പിച്ചു. മൂന്നു മാസം മുൻപ് നടത്തിയ ഉസ്‌ബെക്കിസ്ഥാൻ യാത്രയിലെ കൂട്ടുകാരൻ നിയാസിനെ വിവരമറിയിച്ചു. 'ഞാനുമുണ്ട്' എന്ന് നിയാസ്.

Ukraine-trip1
ഉക്രെയ്ൻ -വിവിധ ജീവിത ദൃശ്യങ്ങൾ 

പിന്നെ ലാഭകരമായ 'ഫ്‌ളൈറ്റ് ഓപ്ഷനുകൾ' തെരഞ്ഞു. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ളത് ഡെൽഹിയിൽ നിന്നുള്ള ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈനാണ്. അതിന് മടക്കയാത്രയടക്കം 50,000 രൂപയിലധികമാണ് നിരക്ക്. കൊച്ചി-ഡൽഹി ടിക്കറ്റ് കൂടിയാകുമ്പോൾ ഇത് 70,000 കടക്കും. 

തെരച്ചിലിനൊടുവിൽ ലാഭകരമെന്നു കണ്ടെത്തിയത് കൊച്ചിയിൽ നിന്നുള്ള ഫ്‌ളൈ ദുബായ് വിമാനമാണ്. കൊച്ചി-ദുബായ്-കീവ് : 24,000രൂപ. തിരികെ എയർ അറേബ്യ. അതിനും ഏതാണ്ട് ഇതേ നിരക്കു തന്നെ. അങ്ങനെ 48,000 രൂപയ്ക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്തു.തുടർന്ന് വിസയെക്കുറിച്ചുള്ള അന്വേഷണമായി. ഇതിനാണ് ഏറ്റവുമധികം സമയം ചെലവാക്കേണ്ടി വന്നത്. കാരണം, ഇൻർനെറ്റിൽ നിന്ന് ഉക്രെയ്ൻ വിസ സംബന്ധിച്ചു ലഭിക്കുന്ന വിവരങ്ങളെല്ലാം ആശയക്കുഴപ്പമുണ്ടാക്കുന്നവയാണ്. കൊച്ചിയിലെ ചില ട്രാവൽ ഏജന്റുമാരോടു ചോദിച്ചപ്പോൾ അവർക്കും കൃത്യമായി ധാരണ ഇല്ലെന്നു മനസ്സിലായി.

ഒടുവിൽ, അന്വേഷിച്ചും പഠിച്ചും മനസ്സലാക്കിയത് ഇത്രയും കാര്യങ്ങളാണ്.

1. വിസ, ഓൺ അറൈവൽ തന്നെ.

2. ഉക്രെയ്ൻ സർക്കാരിന്റെ വെബ്‌സൈറ്റിലെ ഒരു ഓൺലൈൻ ഫോം പൂരിപ്പിച്ച്, അതിന്റെ പ്രിന്റുമെടുത്തുകൊണ്ട് പോയാൽ സമയം ലാഭിക്കാം. അല്ലെങ്കിൽ കീവ് എയർപോർട്ടിൽ വെച്ച് അത് ഓൺ ലൈനായിത്തന്നെ പൂരിപ്പിക്കേണ്ടി വരും. എയർപോർട്ടിൽ ആകെ നാല് കമ്പ്യൂട്ടറുകളേ ഉള്ളൂ. ഇന്റർനെറ്റ് സ്ലോയാണ്. നാലു കമ്പ്യൂട്ടറുകളുടെ മുമ്പിലും ക്യൂ ഉണ്ടാകും അവിടെ വെച്ച് ഓൺ ലൈൻ പൂരിപ്പിക്കാൻ മുതിരാതിരിക്കുന്നതാണ് നല്ലത്.

3. എത്ര ദിവസം ഉക്രെയ്‌നിൽ കഴിയുന്നുണ്ടോ; അത്രയും ദിവസത്തെ ഹോട്ടൽ ബുക്ക് ചെയ്തതിന്റെ രേഖകളും മടക്കയാത്ര ടിക്കറ്റും വേണം.

Ukraine-trip2
ഉക്രെയ്ൻ -വിവിധ ജീവിത ദൃശ്യങ്ങൾ 

4. ഉക്രെയ്‌നിൽ ചെലവാക്കാൻ ആവശ്യത്തിനുള്ള പണം കൈയിൽ വേണം.

5. 15 ദിവസത്തേക്കാണ് ടൂറിസ്റ്റ് വിസ ലഭിക്കുക.

6. ഏതാണ്ട് നൂറു ഡോളറാണ് വിസ ഫീസ്. അത് എയർപോർട്ടിലാണ് അടക്കേണ്ടത്.

ഞാനും നിയാസും ഓൺ ലൈൻ ഫോം പൂരിപ്പിച്ച് പ്രിന്റെടുത്ത്, ഓഗസ്റ്റ് 5-ാം തീയതി വെളുപ്പിനെ

ഫ്‌ളൈ ദുബായ് വിമാനത്തിൽ കയറി ദുബായ്ക്ക് യാത്രയായി. രാവിലെ 5.25ന് ദുബായിലെത്തി. 9.20ന് കീവിലേക്കുള്ള വിമാനം ഉയർന്നുപൊങ്ങി. 5.50 മണിക്കൂർ പറന്ന്, ഉച്ചയ്ക്ക് 2.10ന് ഫ്‌ളൈ ദുബായ് വിമാനം കീവിലെ ഷുലിയാനി ഇന്റർനാഷണൽ എയർപോർട്ടിന്റെ റൺവേ ചുംബിച്ചു. 

നേരെ വിസ ഓൺ അറൈവൽ കൗണ്ടർ നോക്കി നടന്നു. അത്ര വലിയ എയർപോർട്ടൊന്നുമല്ല, ഷുലിയാനി. ഒരു രാജ്യതലസ്ഥാനത്തെ പ്രധാനപ്പെട്ട എയർപോർട്ടിനു ചേർന്ന പ്രൗഢിയുമില്ല.

കീവ് യാത്രയ്ക്കു മുമ്പ് വായിച്ചറിഞ്ഞതെല്ലാം  വളരെ ശരിയായിരുന്നു. വിസ ഓൺ അറൈവൽ കൗണ്ടറിനു മുന്നിൽ നാല് കമ്പ്യൂട്ടറുകൾ. അതിനു ചുറ്റും മിനിമം 100 പേരെങ്കിലും നിൽപ്പുണ്ട്. നേരത്തെ ഓൺലൈനിൽ ഫോം പൂരിപ്പിക്കണം എന്നറിയാത്ത ഹതഭാഗ്യരാണ് ആ കൂടി നിൽക്കുന്നവർ. ഞങ്ങൾ എത്ര ഭാഗ്യവാന്മാർ! നേരത്തെ ഫോമൊക്കെ പൂരിപ്പിച്ച് ഗമയിലാണല്ലോ വന്നിരിക്കുന്നത്. ഒരു ഇമിഗ്രേഷൻ ഓഫീസർ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. 'ഫോം പൂരിപ്പിച്ചിട്ടുള്ളവർ ഫോമും 100 ഡോളറും പാസ്‌പോർട്ടും ഹോട്ടൽ ബുക്കിങ് പേപ്പറുകളും തരിക'- അയാൾ മുറി ഇംഗ്ലീഷിൽ പറഞ്ഞു. ഞങ്ങൾ പേപ്പറുകളെല്ലാം ക്രമീകരിച്ച്, അയാളെ ഏൽപിച്ചു.

ഇതിനിടെ ഒരു ഭാഗത്ത്, നേരത്തെ രേഖകൾ ഏല്പിച്ചവർക്ക് വിസ ഒട്ടിച്ച് പാസ്‌പോർട്ട് തിരികെ കൊടുക്കുന്നുമുണ്ട്. പേര് ഉറക്കെ വിളിച്ചാണ് ഈ പരിപാടി.

പാസ്‌പോർട്ടും രേഖകളും കൊണ്ടുപോയതുകൊണ്ട് ഇനി ഏറിയാൽ ഒരു മണിക്കൂർ. 4 മണിക്കെങ്കിലും എയർപോർട്ടിനു പുറത്തിറങ്ങാം- ഞങ്ങൾ കണക്കുകൂട്ടി.ഇതിനിടെ ദുബായിൽ നിന്നുള്ള മറ്റൊരു ഫ്‌ളൈറ്റിൽ ഒരു മലയാളി കുടുംബം വന്നിറങ്ങി. വിസ ഓൺ അറൈവൽ എന്നു കേട്ട്, ടിക്കറ്റുമെടുത്ത് ചാടിപ്പുറപ്പെട്ടവരാണ്. അച്ഛനും അമ്മയും ടീനേജുകാരായ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ഒരു പത്തുവയസുകാരനും അടങ്ങുന്നതാണ് കുടുംബം.

വിസ ഓൺ അറൈവലിന് ഹോട്ടൽ ബുക്കിങ് വേണമെന്നും ഓൺലൈൻ ഫോം പൂരിപ്പിക്കണമെന്നും മറ്റും കേട്ടപ്പോൾ ഗൃഹനാഥൻ ആകെ അസ്വസ്ഥനായി. അടുത്ത ഫ്‌ളൈറ്റിന് തിരികെ പോകാമെന്നായി അദ്ദേഹം. പക്ഷേ, ടീനേജുകാരായ മക്കൾ സമ്മതിക്കുന്നില്ല. 'ഞങ്ങൾ ഈ സിസ്റ്റത്തിലിരുന്ന് ഫോം പൂരിപ്പിച്ചോളാം...'- അവർ അലമുറയിട്ടു.

 കുറേ നേരം കാത്തുനിന്നപ്പോൾ അവർക്ക് ഒരു കമ്പ്യൂട്ടറിനു മുന്നിൽ ഇരിക്കാനുള്ള 'ഭാഗ്യം' ലഭിച്ചു. ഇതിനിടെ ഫോണിലൂടെ ഹോട്ടൽ ബുക്കിങും നടത്തി. വിവിധ വെബ്‌സൈറ്റുകളിൽ വായിച്ചതുപോലെ, നെറ്റ് ഭയങ്കര സ്ലോ. ഫോം ഫിൽ ചെയ്തു വരുമ്പോൾ 'കണക്ഷൻ ലോസ്റ്റ്' ആകുന്നു.എന്നിട്ടും കുട്ടികൾ ശ്രമം കൈവിടുന്നില്ല. അച്ഛനാകട്ടെ, ഇടയ്ക്കിടെ 'നമുക്ക് തിരിച്ചു പോകാം' എന്നു പറഞ്ഞ് അവരുടെ സ്വാസ്ഥ്യം കെടുത്തുന്നുമുണ്ട്. 

അല്പനേരം കഴിഞ്ഞപ്പോൾ, ഓൺലൈനിൽ ഉക്രെയ്ൻ വിസ ഫോം ഫിൽ ചെയ്തു പരിചയമുള്ള നിയാസ് ആ ദൗത്യം ഏറ്റെടുത്തു. നീണ്ട മൂന്നു മണിക്കൂർ! അഞ്ചു പേരുടെയും ഫോം നിയാസ് പൂരിപ്പിച്ചു.

അപ്പോൾ സമയം 5 മണി. എന്നിട്ടും ഞങ്ങളുടെ പാസ്‌പോർട്ട് തിരികെ ലഭിക്കുന്നില്ല. ഇടയ്ക്ക് ഒരു ഓഫീസർ പുറത്തുവരുമ്പോൾ ഇതേക്കുറിച്ച് ചോദിച്ചു .'വെയ്റ്റ്' എന്നു മാത്രം മറുപടി.ഉച്ചക്ക് വിമാനത്തിൽ നിന്ന് എന്തോ കഴിച്ച ശേഷം പച്ചവെള്ളം കുടിച്ചിട്ടില്ല. തൊണ്ട വരളുന്നു. 'എന്തായാലും ഇനി വൈകില്ല. പാസ്‌പോർട്ട് ഉടൻ കിട്ടും'- നിയാസ് സ്വയം സമാധാനിപ്പിച്ചു.ഞങ്ങൾക്ക് ശേഷം വന്നവരിൽ വലിയൊരു വിഭാഗത്തിനും വിസ കിട്ടി. ഞങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നറിയില്ലല്ലോ.സന്ധ്യയായി, ആറുമണി. ഓഫീസറോട് വീണ്ടും ചോദിച്ചു. 'വെയ്റ്റ്' എന്ന് വീണ്ടും മറുപടി.

ഏഴുമണി, എട്ടുമണി, സമയം അങ്ങനെ കടന്നുപോകുന്നു. ഇതിനിടെ പലതവണ ഓഫീസർമാർ പുറത്തുവരുന്നു, പേരുകൾ വായിക്കുന്നു, പാസ്‌പോർട്ട് കൊടുക്കുന്നു.... ഞങ്ങളുടെ മാത്രമില്ല!

അല്പം  വെള്ളം കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചു. വിസ ഓൺ അറൈവൽ ഹാളിൽ നിന്ന് മറ്റൊരിടത്തേക്കും പോകാൻ വഴിയില്ല. ഷോപ്പുകളൊന്നും ഈ ഏരിയയിലില്ല .ഒടുവിൽ ഒരു ഓഫീസറോടു തന്നെ ചോദിച്ചു- 'കുറച്ച് വെള്ളം തരാമോ?'.ഉടൻ വന്നു, ഘനഗംഭീരമായ ശബ്ദത്തിൽ മറുപടി- 'ഇത് ഹോട്ടലല്ല...''നീയൊക്കെ വെള്ളമിറക്കാതെ ചാക്വേ ഉള്ളൂ എന്ന് മനസ്സിൽ പ് രാകിയിട്ട് മിണ്ടാതിരുന്നു.രാത്രി ഒമ്പതുമണി. ഞങ്ങൾക്കു ശേഷം വന്ന, ഞങ്ങൾ ഫോം ഫിൽ ചെയ്തു കൊടുത്ത മലയാളി കുടുംബത്തിനും കിട്ടി, വിസ! അവർ ഫോൺ നമ്പരും തന്ന് യാത്ര പറഞ്ഞു ോയി. 'വിസ കിട്ടിയാൽ പുറത്തു വച്ചു കാണാം' എന്ന് ഞങ്ങൾ പിറുപിറുത്തു.

Ukraine-trip5
ഉക്രെയ്ൻ -വിവിധ ജീവിത ദൃശ്യങ്ങൾ

രാത്രി 10 മണി. 'ഞങ്ങൾക്ക് വിസ തരുന്നതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ടെങ്കിൽ പറയുക, ഞങ്ങൾ തിരിച്ചു പൊയ്‌ക്കോളാം'' - ഞാൻ ഒരു ഓഫീസറോടു പറഞ്ഞു. 'വെയ്റ്റ്' -സ്ഥിരം മറുപടി തിരിച്ചുകിട്ടി.11 മണിക്ക് നിയാസിന് വിസകിട്ടി. പിന്നെ ഞാനും അഞ്ചാറുപേരും മാത്രം അവശേഷിക്കുന്നു. 12 മണിക്ക് ആ 'അഞ്ചാറു പേർക്കും' വിസ കിട്ടി.ഞാൻ തനിച്ചായി. വിശപ്പും ദാഹവും ദേഷ്യവും നിരാശയും എന്നെ പിടികൂടി. ഒരു ഇമിഗ്രെഷൻ ഓഫീസറെ കൊലപ്പെടുത്തിയിട്ട് ശിഷ്ടകാലം ഉക്രെയ്‌നിലെ ജയിലിൽ കഴിയാൻ ഞാൻ തീരുമാനമെടുത്ത നിമിഷത്തിൽ, ആരോ എന്റെ പേര് ഉറക്കെ വിളിക്കുന്നതു കേട്ടു.

വിസ റെഡി. 

ഞാൻ സമയം നോക്കി- അർദ്ധരാത്രി ഒരു മണി. കീവിൽ വന്നിറങ്ങിയിട്ട് 12 മണിക്കൂറോളമാകുന്നു. 'എന്താണ് എന്റെ വിസ തരാൻ മാത്രം ഇത്രയും വൈകിയത്?' -പാസ്‌പോർട്ട് ഏറ്റുവാങ്ങുമ്പോൾ ഞാൻ ഓഫീസറോട് ചോദിച്ചു. 'ഗോ!' -ഉത്തരം കിട്ടി.'മിണ്ടാതെ പോടാ ഉവ്വേ' എന്നർത്ഥം. 'നീയൊക്കെ എന്നെങ്കിലും ഇന്ത്യയിൽ വരു'മെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ നടന്നു.നിയാസ് പ്രതീക്ഷകളെല്ലാം നശിച്ച്, എന്നെ തിരിച്ചു കയറ്റി വിട്ടെന്നു കരുതി നിൽക്കുകയായിരുന്നു.ഇന്ന് രാത്രി താമസിക്കാൻ ഹോട്ടൽ ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. ഇത്രയും വൈകിയ സ്ഥിതിക്ക് ഇനി ആ മുറി കിട്ടുമോ എന്നുള്ള ആശങ്കയോടെ ഞങ്ങൾ എയർപോർട്ടിനു പുറത്തിറങ്ങി. അത് മറ്റൊരു ദുരന്തത്തിലേക്കുള്ള യാത്രയായിരുന്നു എന്ന് ഞങ്ങൾ അപ്പോൾ അറിയുന്നില്ലല്ലോ!

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA