സുന്ദര കാഴ്ചകൾ കാണാം; ജീവനെടുക്കുന്ന സെൽഫി വേണ്ട

841041146
SHARE

സെൽഫികൾ ചിലർക്കൊക്കെ വലിയ ഹരമാണ്. സെൽഫികൾ എടുക്കാൻ വേണ്ടി മാത്രം യാത്രകൾ പോകുന്നവർ ഒട്ടും കുറവല്ല. സാഹസിക സെൽഫികളോടുള്ള ഭ്രമം മൂലമുണ്ടാകുന്ന നിരവധി അപകടങ്ങളെയും മരണങ്ങളെയും കുറിച്ചുള്ള വാർത്തകൾ ഇന്ന് നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുന്നു. അതിസുന്ദരമായ കാഴ്ചകളാണ് പല സ്ഥലങ്ങളും സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. ഇവിടങ്ങളിൽ അപകടങ്ങൾ നിത്യസംഭവമാകുമ്പോൾ ഉത്തരവാദിത്വപ്പെട്ടവർ ചിലപ്പോൾ അത്തരം സ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിഷേധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ അൽപം സൂക്ഷിച്ചാൽ ഇത്തരം സുന്ദര കാഴ്ചകൾ വീണ്ടും കാണാൻ കഴിയുമെന്ന കാര്യം എപ്പോഴും ഓർക്കുക.

യുഎസിലെ ദേശീയോദ്യാനങ്ങൾ

യുഎസിൽ ഇപ്പോൾ ജനങ്ങൾ ദേശീയോദ്യാനങ്ങൾ സന്ദർശിക്കുന്നത് അവിടുത്തെ കാഴ്ചകൾ കാണാൻ വേണ്ടി മാത്രമല്ല, കരടികൾ പുറകിൽ നിൽക്കുന്ന സെൽഫികൾ എടുക്കാൻ കൂടിയാണ്. ഇതേറെ അപകടം പിടിച്ച കാര്യമാണെന്നുള്ള ബോധവൽക്കരണമൊക്കെ നടത്തിയിട്ടും ആളുകൾ ഇത്തരം സെൽഫികളോടുള്ള താല്പര്യം അവസാനിപ്പിക്കാനുള്ള മട്ടില്ല. കരടികളുടെ കൂട്ടത്തോടൊപ്പം സെൽഫികൾ എടുക്കാൻ വേണ്ടി ജനങ്ങളിപ്പോൾ പാർക്കുകളിലേക്കു ഇടിച്ചു കയറുകയാന്നെന്നാണ് പാർക്കുകളിലെ ജീവനക്കാരും പറയുന്നത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെയെത്തുന്ന സന്ദർശകരെ ആരെയും ഇതുവരെ കരടികളൊന്നും ഉപദ്രവിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. എങ്കിലും മനുഷ്യരുടെ ഈ പ്രവർത്തികൾ കരടികളിൽ  ഭയമുണർത്തുകയും അവർ ആക്രമിക്കാനുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയുകയില്ലെന്നും അധികൃതർ പറയുന്നുണ്ട്. ജനങ്ങളുടെ ഇത്തരം പ്രവർത്തിമൂലം കൊളോറാഡോയിലെ ഒരു ദേശീയോദ്യാനം ഈയടുത്തു സന്ദർശകരെ വിലക്കിയിരുന്നു.

താജ്മഹൽ, ഇന്ത്യ 

താജ്മഹൽ കാണാൻ പോകുന്ന ആരും ആ മനോഹര പ്രണയകുടീരത്തിനു സമീപം നിന്നു ചിത്രങ്ങൾ പകർത്താൻ ഒട്ടും അമാന്തിക്കാറില്ല. താജ് മഹലിന്റെ പശ്ചാത്തലത്തിൽ സെൽഫികൾ എടുക്കാനാണ് ഇപ്പോൾ അവിടെയെത്തുന്ന സന്ദർശകരിലധികവും മുതിരുന്നത്. ഇത്തരം സെൽഫികൾ അപകടങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നു ഈയടുത്തു നടന്ന ഒരു സംഭവം സാക്ഷ്യപ്പെടുത്തുന്നു. താജ്മഹലിന്റെ റോയൽ ഗേറ്റിനു സമീപമുള്ള പടിക്കെട്ടിൽ നിന്നും തെന്നിവീണ് ഒരു ജാപ്പനീസ് സഞ്ചാരി മരണമടഞ്ഞിരുന്നു. അതുകൊണ്ടു സെൽഫികൾ എടുക്കുമ്പോൾ കുറച്ചൊക്കെ കരുതലുണ്ടായിരിക്കാമെന്നാണ് ഇവിടുത്തെ അധികൃതരും സന്ദർശകരെ ഓർമിപ്പിക്കുന്നത്.

695423912

സെൽഫികൾ മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ടു ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ലോകത്തു നടക്കുന്ന സെൽഫി ദുരന്തങ്ങളിൽ 40 ശതമാനവും നടക്കുന്നതു ഇന്ത്യയിലാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. സെൽഫി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ  മുംബൈ പോലീസ് ഈയടുത്തു നഗരത്തിൽ 'നോ സെൽഫി' പ്രഖ്യാപിക്കുകയും അപകടമേഖലകളിൽ  നിന്നു സെൽഫി എടുക്കുന്നവർക്കു പിഴയീടാക്കാനുള്ള നടപടികളെടുക്കുകയും ചെയ്തിരുന്നു.

പാമ്പ്ലോന, സ്പെയിൻ

സാൻ ഫെർമിൻ ഫെസ്റ്റിവൽ സ്പെയിനിലെ വലിയ ആഘോഷങ്ങളിലൊന്നാണ്. കാളകൾക്കൊപ്പം ഓടുക എന്നതാണ് ഈ ആഘോഷത്തിലെ ഏറ്റവും ആകർഷകവും അതേസമയം തന്നെ അപകടകരവുമായ  വിനോദം. ഇതിൽ പങ്കെടുത്ത ഒരു വ്യക്തി കാളകൾക്കൊപ്പം  ഓടുമ്പോൾ സെൽഫി എടുക്കാൻ മുതിർന്നത് അധികൃതർ കാണുകയും ഉടൻ തന്നെ ഈ പ്രവണതയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു.

503661102

ഇതിന്റെ ഭാഗമായി ഇത്തരം പ്രവർത്തികൾ ചെയ്യുന്നവരിൽ നിന്നും 4000 ഡോളർ പിഴയീടാക്കുന്നതിനുള്ള നിയമം പാസാക്കി. പുതിയ നിയമം വന്നതിനുശേഷവും ഇത്തരം കാര്യങ്ങൾ ചെയ്യാൻ കാണികളും പങ്കെടുക്കുന്നവരും തയാറാകുന്നുവെന്നതാണ് ഏറെ രസകരമായ വസ്തുത. ഈയടുത്തു നടന്ന ഇത്തരമൊരു പരിപാടിയിൽ സെൽഫിയെടുക്കാൻ തുനിഞ്ഞ ഒരു സ്പാനിഷ് പൗരനു കാളയുടെ കുത്തേൽക്കുകയും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെടുകയും ചെയ്തിരുന്നു.

മൗണ്ട് ഹുവ, ചൈന

ചൈന മൗണ്ട് ഹുവ മലനിരകളും അവിടെ കാണുന്ന മരപ്പാലവും സഞ്ചാരികളുടെ സെൽഫികളിൽ സ്ഥിരമായി സ്ഥാനം പിടിക്കാറുണ്ട്. 7,087 അടി ഉയരത്തിലാണ് ഈ മരപ്പാലം സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ഏറ്റവും പരിശുദ്ധമായി കണക്കാക്കപ്പെടുന്ന കൊടുമുടികളിൽ ഒന്നായ ഈ മലനിരകൾ ഷാൻസ്കി പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം സഞ്ചാരികൾ സമൂഹമാധ്യമങ്ങളിൽ ഈ മലയുടെയും പാലത്തിന്റെയും ചിത്രങ്ങൾ കണ്ടു ഇവിടം സന്ദർശിക്കാറുണ്ട്. പാലത്തിനു ബലക്ഷയത്തെക്കുറിച്ചു അധികൃതർക്കു ആശങ്കകൾ ഉണ്ടെങ്കിലും ഇവിടെയുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു അവർ ഒരക്ഷരം മിണ്ടുന്നില്ല.

mount-hua-1

പക്ഷേ ഇതുവരെ ഉണ്ടായിട്ടുള്ള അപകടങ്ങളുടെ കണക്കെടുത്താൽ അവ നൂറിന് മുകളിൽ വരുമെന്നാണ് തദ്ദേശീയർ പറയുന്നത്.  സാഹസികതയ്ക്കപ്പുറം ചിത്രങ്ങൾ പകർത്തുക, സെൽഫികൾ എടുക്കുക എന്നതു മാത്രമാണ് ഇവിടെയെത്തുന്ന സഞ്ചാരികളിൽ പലരുടെയും ലക്‌ഷ്യം.  ഈ മരപ്പാലത്തിൽ നിന്നും സെൽഫികളും ചിത്രങ്ങളും പകർത്തുമ്പോൾ, ചെറുതായൊന്നു കാലുതെറ്റിയാൽ ജീവൻ പോലും കിട്ടില്ലെന്ന കാര്യം കൂടി ഓർക്കുന്നത് നന്നായിരിക്കുമെന്നു ഇവിടെയുള്ളവർ ഓര്മിപ്പിക്കുന്നുണ്ട്.

ട്രോൾടങ്ക റോക്ക്, നോർവേ 

സെൽഫികളിലൂടെ പ്രശസ്തമായ മൂന്നിടങ്ങളാണ് നോർവെയിലുള്ളത്. അതിലേറ്റവും പ്രശസ്തമായ ഒന്നാണ് ട്രോൾടങ്ക റോക്ക്. സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയർന്നു നിൽക്കുന്ന പർവതമാണിത്. നീണ്ടു നിൽക്കുന്ന ഒരു പർവത ശിഖിരമാണ് ഇവിടെ നിന്നുള്ള സെൽഫികളിൽ പ്രധാന കഥാപാത്രം. വർഷത്തിൽ 80,000 പേരോളം എത്തുന്ന ഈ പർവതമുകളിൽ നിന്നും ഒരു ഓസ്‌ട്രേലിയൻ സഞ്ചാരി വീണു മരിച്ചത് അടുത്തിടെ വലിയ വാർത്തയായിരുന്നു. സെൽഫി എടുക്കാനുള്ള ശ്രമത്തിനിടയിൽ വീണു മരിച്ചതാണെന്നതായിരുന്നു ആദ്യ നിഗമനം, പക്ഷേ, മറ്റുള്ള സഞ്ചാരികൾ ചിത്രങ്ങൾ പകർത്തുന്ന തിരക്കിനിടയിൽപ്പെട്ടു അപകടം സംഭവിച്ചതാണെന്നാണ് ആ വാർത്തയെ തള്ളിക്കളഞ്ഞുകൊണ്ടു കൊല്ലപ്പെട്ടസമയത്തു അവർക്കൊപ്പമുണ്ടായിരുന്ന അവരുടെ കുടുംബം പ്രതികരിച്ചത്.

491607321

മേൽപറഞ്ഞ എല്ലാ സ്ഥലങ്ങളും കാഴ്ചയ്ക്കു അതിമനോഹരവും ധാരാളം സഞ്ചാരികളെ ആകർഷിക്കുന്നയിടങ്ങളുമാണ്. ചെറിയ അശ്രദ്ധയും ചിത്രങ്ങൾ പകർത്താനുള്ള ശ്രമങ്ങൾ, പ്രത്യേകിച്ച് സെൽഫികൾ എടുക്കാനുള്ള തിരക്ക്, ഇതാണ് ഇവിടെങ്ങളിലെല്ലാം അപകടങ്ങൾക്കു കാരണമാകുന്നത്. അതുകൊണ്ടു തന്നെ അൽപം കരുതൽ സ്വജീവന്റെ കാര്യത്തിൽ കാണിച്ചാൽ, സുന്ദരമായ കാഴ്ചകൾ കണ്ടും വിനോദങ്ങളിലേർപ്പെട്ടും മനസ് നിറച്ചുകൊണ്ടു ഈ മനോഹര സ്ഥലങ്ങളിൽ നിന്നും മടങ്ങാവുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA