'എന്റെ യാത്ര'; 65 രാജ്യങ്ങളിലേക്ക് ഒറ്റക്ക് സഞ്ചരിച്ച അഞ്ജലി തോമസ്

anjali-thomas1
SHARE

അറുപത്തഞ്ചോളം രാജ്യങ്ങളിലേക്ക് ഒറ്റക്ക് സഞ്ചരിച്ച യാത്രാപ്രേമിയാണ് അഞ്ജലി തോമസ്. ഒറ്റയ്ക്ക് ഉലകം ചുറ്റുന്ന സ്ത്രീ എന്ന പേരിലാണ് അഞ്ജലിയെ ലോകം അറിയുന്നത്. പലരും യാത്ര ചെയ്യാൻ മടിച്ചു നിൽക്കുന്ന കാട്ടിലും മലകളിലും ചുറ്റിക്കറങ്ങി ആ ദൃശ്യങ്ങൾ  സ്വന്തം ക്യാമറയിൽ പകർത്തും അഞ്ജലി. ജീവൻ പണയം വച്ച് നടത്തുന്ന സാഹസിക യാത്രകളും അഞ്ജലിയുടെ യാത്രാപുസ്തകത്തിലുണ്ട്. വ്യത്യസ്ത യാത്രകളിലൂടെ യുവതി പരിചയപ്പെട്ടതും പഠിച്ചതും പലതരത്തിലുള്ള കാഴ്ചകളും അനുഭവങ്ങളുമാണ്.

എൽഎൽബി കഴിഞ്ഞപ്പോൾ മാധ്യമ പ്രവർത്തനത്തോടായി കമ്പം. നേരേ ബംഗളൂരുവിലേക്കു വണ്ടി കയറി. അതായിരുന്നു അഞ്ജലിയുടെ ജീവിതയാത്രയിലെ വഴിത്തിരിവ്. "ഇന്നു ഞാൻ ചെയ്യുന്ന ഒാരോ യാത്രകളും ആ ജോലിയുടെ വേരുകൾ പോലെ എന്നിലേക്ക് വന്നതായിരിക്കാം. യാത്രയും എഴുത്തും ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഓരോ യാത്രകളും നൽകുന്ന ധൈര്യമാണ് അടുത്ത യാത്രയ്ക്കുള്ള വഴി തെളിക്കുന്നത്. ആവശ്യമില്ലാത്ത തോന്നലുകൾ അന്നു തന്നെ തിരുത്തിയാണ് ഞാൻ യാത്ര തുടങ്ങിയത്. സുഹൃത്തുക്കളുടേയും വീട്ടിലുള്ളവരുടേയും പിന്തുണയുണ്ടെങ്കിൽ ലോകത്തെവിടേയും ആരെയും പേടിക്കേണ്ടതുമില്ല. പെണ്ണുങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്താൽ ആരും പിടിച്ചുകൊണ്ടു പോകില്ല." എന്ന് അഞ്ജലി തോമസ് വ്യക്തമാക്കുന്നു.

മനോരമ ഓൺലൈനിന്റെ 'ട്രാവല്‍ വിത്ത് അഞ്ജലി' (Travel with Anjaly) എന്ന സീരീസിലൂടെ തന്റെയൊപ്പം യാത്ര ചെയ്യാൻ അ‍ജ്‍‍‍‍ഞലി വായനക്കാരെ സ്വാഗതം ചെയ്യുകയാണ്. "ഞാൻ കണ്ട ലോകങ്ങൾ, ഞാൻ പോയ യാത്രകൾ, ഞാൻ കേട്ട ശബ്ദങ്ങൾ, എന്റെ യാത്രാനുഭവങ്ങൾ എല്ലാം പ്രിയ വായനക്കാർക്കായി പങ്കുവയ്ക്കുന്നു. ഒറ്റയ്ക്കുള്ള എന്റെ യാത്രകളിൽ സാഹസികത നിറഞ്ഞ സഞ്ചാരങ്ങളുൾപ്പടെ  ജീവിതത്തിനോടുള്ള കാഴ്ചപ്പാടുകളെ പോലും മാറ്റി മറിക്കാൻ സഹായിച്ച യാത്രകളുമുണ്ട്." അഞ്ജലി പറയുന്നു.

"നീ ഭാഗ്യവതിയാണോ?"

anjali-thomas
അഞ്ജലി തോമസ്

ഭാഗ്യം കൊണ്ടും ഒന്നും ചെയ്യാനാവില്ല, അതിയായ ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കിൽ മാത്രമേ ഭാഗ്യം നമ്മെ തേടി എത്തുള്ളൂ. സ്വന്തം ആത്മാവിനെ കൂട്ടുപിടിച്ച് യാതൊരു പരിചയവുമില്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ടതും കേട്ടതുമെല്ലാം എഴുതിവയ്ക്കാൻ മറക്കാറില്ല. ഒഴിവു സമയം കണ്ടെത്തിയാണ് പോയ സ്ഥലങ്ങളെക്കുറിച്ചും അവിടുത്തെ ദൃശ്യഭംഗിയെക്കുറിച്ചും എഴുതിവയ്ക്കുന്നത്. പലപ്പോഴും ചിന്തിക്കാറുണ്ട് എന്തിനു ഞാൻ ഇങ്ങനെ ചെയ്യുന്നുവെന്ന്. ഉത്തരം ഒന്നേ ഉള്ളൂ യാത്രകളെ ഞാൻ അത്രമാത്രം പ്രണയിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്താൽ മാത്രമേ നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാവൂ. രാത്രിയലുള്ള പാർട്ടികൾ പോലും ഞാൻ ഒഴിവാക്കാറില്ല. പരിപാടികൾ ആസ്വദിക്കുന്നതു കൊണ്ട് രാവിലെ എഴുന്നേൽക്കുമ്പോൾ ഏറ്റവും മനോഹരവും പുതുമയുള്ളതുമായ  ലോകത്തെ വരവേൽക്കാൻ സാധിക്കും.

ഞാൻ ബോർഡിങ് സ്‌കൂളിലും ജോലി സ്ഥലത്തുമൊക്കെ കൃത്യമായ നിയമങ്ങൾ വച്ച് ജീവിച്ച ഒരു പെൺകുട്ടിയാണ്. കൃത്യമായി പ്ലാനിങ്ങില്ലാത്ത യാത്രയാണ് എന്നെ സംബന്ധിച്ച് കൂടുതൽ ആസ്വാദ്യകരം. പുതിയ സ്ഥലങ്ങൾ തേടി പോകുമ്പോഴും കണ്ടു മുട്ടുന്ന ഓരോ ആളുകളും ഓരോ പാഠങ്ങളാണ്. പരിചയപ്പെടുന്നവരിൽ നിന്നും പഠിക്കാനും അറിയാനും ഒരുപാട് കാര്യങ്ങളുണ്ട്.

ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ അത്ര എളുപ്പമാണോ?

തീർച്ചയായും. ഒറ്റയ്ക്കു യാത്ര ചെയ്താൽ ആരെങ്കിലും ആക്രമിക്കുമെന്നാണ് പലരും ഭയപ്പെടുന്നത്. ഒരുപക്ഷേ അതിൽ കുറെ ശരിയുണ്ടെങ്കിലും അതുമാത്രമല്ല ശരി. ഒറ്റയ്ക്കുള്ള യാത്രകളിൽ ഞാൻ  മനസിലാക്കിയത് യാത്രകളിൽ പലപ്പോഴും സഹായിക്കുന്നവരാണ് കൂടുതലും. ഒരു സഞ്ചാരി എന്ന നിലയിൽ നല്ലതും മോശവുമായ അനുഭവങ്ങളിലൂടെ എനിക്ക് സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്.

യാത്രയിലെ നല്ല നിമിഷങ്ങൾ ഞാൻ ഇന്നും ഒാർക്കുന്നുണ്ട്.  ചിലപ്പോൾ അതൊരു പുഷ്പമാകാം, അല്ലെങ്കിൽ ഒരു കോഫിയ്ക്കുള്ള ക്ഷണമാകാം, ചിലപ്പോൾ തിരക്കിനിടയിൽ ഭാരമുള്ള ബാഗ് പിടിച്ചതുമാകാം, എന്തായാലും അതൊക്കെയും ഞാൻ ഓർത്തിരിക്കാറുണ്ട്. തുർക്കിയിലാണെങ്കിലും ഉഗാണ്ടയിലാണെങ്കിലും ഓസ്‌ട്രേലിയയിൽ ആണെങ്കിലും എന്റെ മനസ്സും ചിന്തയും  ഒരേ പോലെയാണ്. ഏതു രാജ്യാമായാലും തുറന്ന മനസുണ്ടെങ്കിൽ അവർക്കു നമ്മളെയും നമ്മൾക്ക് അവരെയും മനസിലാക്കാനാകും. എവിടെയാണോ എത്തിച്ചരുന്നത് അവിടുത്തെ അനുഭവവുമായി ഒത്തുചേരാനുള്ള മനസുണ്ടെങ്കിൽ ഏത് സാഹചര്യത്തെയും അതിജീവിക്കാം.

ഞാനെന്തുകൊണ്ട് ഒറ്റയ്ക്ക് പോകുന്നു?

എല്ലാവരോടും വളരെ സ്നേഹത്തിൽ സംസാരിക്കുന്ന ഒരാളാണ് ഞാൻ. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യണം. ഒറ്റയ്ക്ക് പോകുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആനന്ദം കൊണ്ട് തന്നെയാണ് സോളോ യാത്രകൾ ഞാൻ തിരഞ്ഞെടുക്കുന്നത്. പുതിയ ആൾക്കാരെ കാണുക, അവരുടെ അനുഭവങ്ങളറിയുക, അത് മറ്റൊരാളോട് പറയുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന വൈകാരിക അനുഭവങ്ങളെ കാണുക, ഇതൊക്കെ വളരെ രസകരമായ അനുഭവമാണ്.

എന്റെ യാത്ര

യാത്രയോടുള്ള പ്രണയമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ഓരോ യാത്രകളും നൽകുന്ന ധൈര്യമാണ് അടുത്ത യാത്രയ്ക്കുള്ള വഴി തെളിക്കുന്നത്. യാത്രയിൽ എനിക്ക് രസകരമായ കുറേ അനുഭവങ്ങളുണ്ട്. അതുപോലെ, ഭയപ്പെടുത്തിയ കുറേ സംഭവങ്ങളും. സത്യത്തിൽ അറിയാത്ത സ്ഥലങ്ങളിലേക്ക് ഒറ്റക്ക് യാത്ര ചെയ്യാൻ എല്ലാവർക്കും ഭയമാണ്.

ധൈര്യമാണ് വേണ്ടത്. ആഫ്രിക്കയിലോ കൊറിയയിലോ പോയിട്ട് പോലും എന്നെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ല. ഞാൻ വഞ്ചിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്തിട്ടുണ്ട്, അത് പാപുവ ന്യൂ ഗിനിയയിൽ വച്ചായിരുന്നു.  അതെ സമയം അപരിചിതർ എനിക്ക് സംരക്ഷണം നൽകുകയും ചെയ്തിട്ടുണ്ട്. കൊമോദ് ദ്വീപിൽ വച്ച് അവിടുത്തെ ഒരു ഡ്രാഗൺ പിന്നാലെ വന്നിട്ടുണ്ട്, ഇങ്ങനെ പലതരം അനുഭവങ്ങളിൽ നിന്നൊക്കെ രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ട്. എല്ലാം ഓരോ അനുഭവങ്ങളാണ്, അതുകൊണ്ട് തന്നെ സോളോ യാത്രയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്.

എന്റെ പ്രിയ രാജ്യങ്ങൾ

പ്രത്യേകിച്ച് ഒരു രാജ്യത്തോട് ഇഷ്ടം കൂടുതൽ എന്നു പറയാനാകില്ല. ഓരോ രാജ്യത്തിനും അതിന്റെതായ സവിശേഷതകൾ ഉണ്ട്. ഒാരോ രാജ്യക്കാരുടെ ആദരം, സ്നേഹം , ദയ, വഞ്ചന എന്നിങ്ങനെ എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്. പലയിടങ്ങളിലും വീട്ടിൽ നിൽക്കുന്ന അതേ സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്.  ഏറ്റവും പ്രിയപ്പെട്ടയാത്രയായി തോന്നിയത് ആഫ്രിക്കയിലേതാണ്. കണ്ടു മുട്ടുന്ന ഓരോ ആളുകളും ഓരോ പാഠങ്ങളാണ്. പാപുവ ന്യൂഗിനിയയിലൊക്കെ നടത്തിയ യാത്ര സമ്മാനിച്ച അനുഭവ പാഠങ്ങൾ ചില്ലറ ധൈര്യമല്ല ജീവിതത്തിൽ പകർന്നു നൽകിയിട്ടുള്ളത്.  പട്ടിണിയും ദാരിദ്ര്യവും കൈമുതലായുള്ള മനുഷ്യരുടെ ലോകമാണ് പാപുവ ന്യൂ ഗിനിയ. ഒരിക്കലും  പല ജീവിത വിചാരങ്ങളെയും തെറ്റാണെന്ന് തിരിച്ചറിവ് നൽകിയ ഇടങ്ങളാണ് ന്യൂ ഗിനിയായും പാപ്പുവായുമൊക്കെ.

അടുത്തലക്കം വായിക്കാം: 'നല്ല സ്റ്റോറി പറയുന്ന ഞാനെങ്ങനെ ഒരു മോശം ഫോട്ടോഗ്രഫറായി'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA