sections
MORE

ഉക്രെയ്‌ൻ യാത്ര; അറിയാം വിസ നിയമവും അൽപം ചരിത്രവും

SHARE

ഉക്രെയ്ൻ ഡയറി - അദ്ധ്യായം 4

കിഴക്കൻ യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളിലൊന്നാണ് ഉക്രെയ്ൻ. വിസ്തീർണത്തിൽ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമെന്നും പറയാം. ആറുലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ജനസംഖ്യ: 4.24 കോടി. 7000 കിലോമീറ്ററുകളിലായി 7 രാജ്യങ്ങളുമായി ഉക്രെയ്ൻ അതിർത്തി പങ്കിടുന്നുണ്ട്.

ജനങ്ങളിൽ 81.9 ശതമാനവും ക്രിസ്ത്യാനികളാണ്. എന്നാൽ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു.

യൂറോപ്പിലെ ഏറ്റവും പാവപ്പെട്ട രാജ്യങ്ങളിലൊന്നുമാണ് ഉക്രെയ്ൻ. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിലും വളരെ പിന്നിലാണ്. എന്നാൽ റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ സൈനികശക്തി ഉക്രെയ്‌നാണ്. റഷ്യയുമായി നിരന്തരം നിലനിൽക്കുന്ന പ്രശ്‌നങ്ങളായിരിക്കാം പ്രതിരോധ മേഖലയിൽ വൻ മുതൽ മുടക്കാൻ ഉക്രെയ്‌നെ പ്രേരിപ്പിക്കുന്നത്.

45,000 വർഷം മുമ്പു തന്നെ ഉക്രെയ്ൻ മേഖലയിൽ മനുഷ്യവാസമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 14-ാം നൂറ്റാണ്ടുവരെ പല സാമ്രാജ്യങ്ങളുടെയും ഭാഗമായിരുന്ന ഉക്രെയ്‌നുവേണ്ടി 1657 മുതൽ 30 വർഷം നീണ്ട യുദ്ധം പോലും നടന്നിട്ടുണ്ട്. റഷ്യ, പോളണ്ട്, തുർക്കി തുടങ്ങിയ രാജ്യങ്ങൾ തമ്മിലാണ് ആ ദീർഘകാലയുദ്ധം നടന്നത്.

കീവ് നഗര ദൃശ്യങ്ങൾ

1921 ലാണ് ഉക്രെയ്ൻ സോവിയറ്റ് യൂണിയന്റെ ഭാഗമാകുന്നത്. 1991 ഓഗസ്റ്റ് 24ന്, സോവിയറ്റ് യൂണിയന്റെ പതനത്തോടെ സ്വതന്ത്ര രാജ്യമാവുകയും ചെയ്തു. അതിനുമുമ്പ്, 1990 ജനുവരി 21ന്, നമ്മുടെ ഡിവൈഎഫ്‌ഐക്കാർ ചെയ്യുന്നതുപോലെ, ഒരു മനുഷ്യച്ചങ്ങല നിർമ്മിച്ച് സ്വാതന്ത്ര്യദാഹം പ്രകടമാക്കുകയും ചെയ്തു, ഉക്രെയ്ൻ ജനത. കീവ് മുതൽ ലിവീവ് വരെ നീണ്ട ആ ചങ്ങലയിൽ 3 ലക്ഷത്തിലേറെപ്പേർ പങ്കെടുത്തു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന കാലത്ത്, റഷ്യ കഴിഞ്ഞാൽ ഏറ്റവും വലിയ സാമ്പത്തികശക്തിയായിരുന്നു ഉക്രെയ്ൻ. കൃഷിയും വ്യവസായവും ചേർന്ന് ഉക്രെയ്‌നിനെ സമ്പൽസമൃദ്ധമാക്കി. എന്നാൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ സാമ്പത്തിക രംഗത്ത് ഉക്രെയ്‌നിന്റെ പതനവും തുടങ്ങി. 1992ൽ ലോകത്തിലെ ഏറ്റവും  പണപ്പെരുപ്പമുള്ള രാജ്യമായി ഉക്രെയ്ൻ മാറി. 1996ൽ പുതിയ കറൻസിയായ റൈനിയ അവതരിപ്പിക്കപ്പെട്ടതോടെയാണ് പണപ്പെരുപ്പം നിയന്ത്രിക്കാനായത്.

ഉക്രെയ്‌നിന്റെ ഭൂമിയുടെ 42 ദശലക്ഷം ഹെക്ടർ കൃഷിഭൂമിയാണ്. ബാർലി, ഗോതമ്പ്, ചോളം എന്നിവയാണ് പ്രധാനകൃഷികൾ. കരിമ്പ്, സൂര്യകാന്തി എന്നിവ വ്യവസായികാടിസ്ഥാനത്തിലും കൃഷി ചെയ്യുന്നു. സൂര്യകാന്തി എണ്ണ ലോകത്തിലേറ്റവുമധികം കയറ്റുമതിചെയ്യുന്ന രാജ്യം ഉക്രെയ്‌നാണ്. ബാർലി, ഗോതമ്പ്, സോയാബീൻ, ചോളം എന്നിവയുടെ കയറ്റുമതിയിലും ആഗോളതലത്തിൽ ആദ്യത്തെ ആറ് സ്ഥാനങ്ങളിലൊന്ന് ഉക്രെയ്‌നാണ്. രാജ്യവരുമാനത്തിന്റെ 12 ശതമാനത്തോളം കൃഷിയുടെ സംഭാവനയാണ്.

ഐ.ടി. വ്യവസായം, ഷിപ്പ് നിർമ്മാണം, റോക്കറ്റ് നിർമ്മാണം, എയർക്രാഫ്റ്റ് നിർമ്മാണം എന്നീ മേഖലകളിലും ഉക്രെയ്ൻ മുന്നേറുന്നുണ്ട്. റഷ്യ, ഇന്ത്യ, യു.എസ് എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം ഐ.ടി വിദഗ്ദ്ധരുള്ള രാജ്യം ഉക്രെയ്ൻ ആണ്. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായ ആന്റണോവ് നിർമിച്ച ഖ്യാതിയും ഉക്രെയ്‌നുള്ളതാണ്. റോക്കറ്റ് അനുബന്ധ ഘടകങ്ങളുടെയും  ലോകത്തിലെ തന്നെ ഏറ്റവും വലിയ നിർമ്മാതാക്കളിലൊന്നാണ് ഉക്രെയ്ൻ എന്നതും എടുത്തു പറയണം.

കീവ് നഗര ദൃശ്യങ്ങൾ

ഇന്ത്യയിൽ നിന്നും നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ ഉക്രെയ്‌നിലുണ്ട്. ഇവിടെ മെഡിക്കൽ വിദ്യാഭ്യാസം താരതമ്യേന ചെലവു കുറഞ്ഞതാണ്. (ഇതിനിടെ ഒരു കാര്യം പറയാൻ മറന്നു. ഈ പരമ്പരയുടെ തുടക്കത്തിൽ ഇന്ത്യക്കാർക്ക് ഉക്രെയ്‌നിൽ വിസ ഓൺ അറൈവൽ ആണെന്ന് പറഞ്ഞിരുന്നല്ലോ. 2019 ജനുവരി 1 മുതൽ ആ സംവിധാനം ഉക്രെയ്ൻ അവസാനിപ്പിച്ചു. ഇനി മുതൽ ഇന്ത്യയിലെ ഉക്രെയ്ൻ എംബസിയിൽ അപേക്ഷിച്ച്, വിസ സമ്പാദിച്ചു വേണം ഉക്രെയ്‌നിലെത്താൻ. ഉക്രെയ്ൻ വഴി പലരും യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറുന്നുണ്ടത്രേ. അത് തടയാനാണ് വിസ നിയമം കർശനമാക്കിയത്.)

ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവ് യൂറോപ്പിലെ ഏഴാമത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. 30 ലക്ഷത്തിനു മേൽ ജനസംഖ്യയുണ്ട്. കിഴക്കൻ യൂറോപ്പിലെ ഏറ്റവും പഴയ നഗരങ്ങളിലൊന്നായ കീവ് അഞ്ചാം നൂറ്റാണ്ടു മുതൽ തന്നെ വലിയ വാണിജ്യകേന്ദ്രമായിരുന്നു. 1240 ൽ മംഗോളിയൻ അക്രമണത്തിൽ പരിപൂർണമായും തകർന്ന ശേഷം പുനർജനിച്ച കീവ് നഗരമാണ് ഇപ്പോഴുള്ളത്.

1917ലെ സോവിയറ്റ് യുണിയന്റെ വ്യവസായ വിപ്ലവത്തിൽ ഏറ്റവുമധികം ഗുണഫലം അനുഭവിച്ച നഗരം കീവ് ആണ്. വമ്പൻ വ്യവസായ ശാലകൾ ഈ നഗര പ്രാന്തങ്ങളിൽ ഉയർന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനിയുടെ നാസിപ്പട കീവ് നഗരം പിടിച്ചെടുത്ത് 6 ലക്ഷം സൈനികരെ ബന്ദികളാക്കി. ഇവർ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വന്നില്ല. തുടർന്ന് നാസിപ്പട നഗരത്തിൽ താമസമാക്കി. നിരവധി കെട്ടിടങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു. 34,000 ത്തിലേറെ ജൂതന്മാരെ തെരഞ്ഞു പിടിച്ച് വധിക്കുകയായിരന്നു നാസിപ്പടയുടെ അടുത്ത നടപടി.

യുദ്ധാനന്തരം സോവിയറ്റ് യൂണിയനിലെ ഏറ്റവും പ്രധാനപ്പെട്ട തലസ്ഥാന നഗരമായി കീവ് മാറി. ഉക്രെയ്ൻ സ്വതന്ത്രരാജ്യമായി മാറിയ ശേഷവും കീവിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല.

ukraine-trip6
ചെർണോബിൽ ടൂർ വാനിനു മുന്നിൽ

ഉക്രെയ്ൻ ജനതയിൽ 82.2 ശതമാനവും തദ്ദേശീയരാണ്. 13 ശതമാനം റഷ്യക്കാരുമുണ്ട്. ഉക്രെനിയൻ ഭാഷയ്‌ക്കൊപ്പം റഷ്യൻ ഭാഷയും വ്യാപകമായി സംസാരിക്കപ്പെടുന്നുണ്ട്. 10-ാം നൂറ്റാണ്ടു മുതൽ ഈ പ്രദേശത്ത് താമസമാക്കിയ ജൂതന്മാർ ജനസംഖ്യയുടെ ഒരു ശതമാനത്തോളമുണ്ട്. നാസിപ്പട കൊന്നൊടുക്കിയിരുന്നില്ലെങ്കിൽ ജൂതന്മാരുടെ സംഖ്യ ഇനിയും വർദ്ധിച്ചേനെ. ഇപ്പോൾ 20,000 ജൂതന്മാരാണ് കീവിൽ മാത്രമുള്ളത്. രണ്ട് വലിയ സിനഗോഗുകളും നഗരത്തിലുണ്ട്.

1907 മുതൽ 1914 വരെയുള്ള കാലഘട്ടത്തിൽ നിർമിക്കപ്പെട്ട കെട്ടിടങ്ങളിൽ 70 ശതമാനവും കീവിൽ ഇപ്പോഴും കേടുപാടുകൂടാതെ പരിരക്ഷിക്കപ്പെടുന്നുണ്ട്. ഇവ ഏകദേശം ആയിരത്തോളം വരും. ഇവയിൽ പലതും ഇപ്പോൾ യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളാണ്. കൂടാതെ നൈപർ നദിയുടെ തീരത്തെ കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുന്ന മദർലാന്റ് പ്രതിമ പോലെയുള്ള ആധുനിക നിർമിതികളും കീവിൽ കാണാം. ഓപ്പെറ ഹൗസ്, കൊട്ടാരങ്ങൾ, പള്ളികൾ, പപ്പറ്റ് തിയേറ്റർ, ചത്വരങ്ങൾ, പ്രതിമകൾ- ഇങ്ങനെ നമ്മളെ 15-ാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോകുന്ന നിർമിതികളാൽ സമ്പന്നമാണ് കീവ് നഗരം. പഴമയും പുതുമയും കൈകോർക്കുന്ന തെരുവുകൾ ഭംഗിയായി ചിട്ടയോടെ സംവിധാനം ചെയ്തിരിക്കുന്നു. ചെർണോബിൽ ടൂറിനായി രാവിലെ 7.30ന് യുഷ്‌നി റെയിൽവേ ടെർമിനലിനു മുന്നിലെത്തണമെന്നാണല്ലോ ട്രാവൽ ഏജൻസിയിൽ നിന്ന് അറിയിച്ചിരിക്കുന്നത്. തലേന്നു രാത്രി എവിടെയാണ് യുഷ്‌നി എന്നു നോക്കി മനസ്സിലാക്കി ഞങ്ങളുടെ ഹോട്ടലിൽ നിന്ന് അരമണിക്കൂർ മതി, ടാക്‌സിയിൽ.

കീവിലെ രണ്ടാം ദിവസം രാവിലെ 6.30ന് റെഡിയായി, ഊബർ വിളിച്ച് യുഷ്‌നിയിലേക്ക് പുറപ്പെട്ടു. നഗരം മയക്കത്തിലാണ്. ഒരു തിരക്കുമില്ലാതെ 20 മിനിറ്റു കൊണ്ട് യുഷ്‌നിയിലെത്തി.

പ്രധാന റെയിൽവേ ടെർമിനൽ കെട്ടിടത്തിനു മുന്നിൽ, അല്പം മാറി ചെർണോബിൽ ടൂർ എന്നെഴുതിയ രണ്ട് മിനി ബസ്സുകൾ കിടക്കുന്നുണ്ട്. ബസ്സുകൾക്കു സമീപം ടൂർ ബുക്ക് ചെയ്തവർ ക്യൂ നിൽക്കുന്നു. ബുക്കിങ് പേപ്പർ കാണിച്ച്, ബാക്കി പണവും അടച്ച് ബസ്സിനുള്ളിലേക്ക് കയറ്റുന്ന ജോലിയിലാണ് ഇരു ബസ്സുകളുടെയും ഡ്രൈവർമാർ. ഞങ്ങൾ മൊത്തത്തിലൊന്ന് കണ്ണോടിച്ചു.  ഇന്ത്യക്കാരാരുമില്ല ടൂർ സംഘത്തിൽ. ചൈന, ജപ്പാൻ, യുഎസ്. ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘാംഗങ്ങളെന്ന് പിന്നീട് പരിചയപ്പെട്ടപ്പോൾ മനസ്സിലായി.

കീവ് നഗര ദൃശ്യങ്ങൾ 

ആദ്യ ബസ്സിൽ തന്നെ ഞങ്ങളെ കയറ്റി. മുന്നിലെ സീറ്റുകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. തൊട്ടടുത്തിരുന്നത് ഷെനെയ്ൽ മെയേഴ്‌സ് എന്ന ഫിലിപ്പീൻസുകാരിയാണ്. സദാ പ്രസന്നവദനയായ, വായ് നിറയെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഷെനെയ്ൽ യു.എസ് ലാണ് സ്ഥിരതാമസം. ഒരു എൻ ജി ഓ യിലാണ് ജോലി. അമേരിക്കൻ പൗരയാണെങ്കിലും യൂറോപ്പിനോടാണ് താൽപര്യം.

ഏതെങ്കിലും യൂറോപ്യൻ രാജ്യത്തെ എൻജിഒയിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. (ഇപ്പോൾ യൂറോപ്യൻ രാജ്യമായ മസഡോണിയയിലേക്ക് താമസം മാറ്റിക്കഴിഞ്ഞു, ഷെനെയ്ൻ) മറ്റൊരാൾ ബ്രസീലുകാരനായ കെയ്ത്ത് ആണ്. അന്നാട്ടിലെ അറിയപ്പെടുന്ന സഞ്ചാരിയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും 5 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്.

നിരന്തരം സഞ്ചരിച്ച്, ട്രാവൽ വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന 'വ്‌ളോഗർ' ആണ് കക്ഷി. ഞങ്ങൾ ഇന്ത്യക്കാരാണന്നു പറഞ്ഞപ്പോൾ കെയ്ത്ത് പറഞ്ഞു: 'എന്റെ അച്ഛൻ ഇന്ത്യയിലായിരുന്നു ജോലി, ജെറ്റ് എയർവേയ്‌സിൽ. ഈയിടെ ബ്രസീലിലേക്ക് ട്രാൻസ്ഫറായി'. കെയ്ത്തിന് കേരളത്തെപ്പറ്റിയും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. 'അച്ഛൻ ഇന്ത്യയിൽ ജോലി ചെയ്യുമ്പോൾ അമ്മയെ കേരളത്തിൽ, വർക്കലയിൽ ആയുർവദേ ചികിത്സയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്'. - കെയ്ത്ത് പറഞ്ഞു.

50 രാജ്യങ്ങൾ സന്ദർശിച്ചെങ്കിലും ഇതുവരെ കെയ്ത്ത് ഇന്ത്യയിലെത്തിയിട്ടില്ല. അടുത്ത ട്രിപ്പ് ഇന്ത്യയിലേക്കാകണം എന്നാണ് അവന്റെ മോഹം ഞാൻ നൂറോളം രാജ്യങ്ങൾ സന്ദർശിച്ചെന്നും കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് റോഡുമാർഗ്ഗം സഞ്ചരിച്ചെന്നും കേട്ടപ്പോൾ കെയ്ത്തിന്റെ 'കിളിപോയി'. എന്നെ ചേർത്തു നിർത്തി ബ്രസീലിയൻ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞ് ഒരു വീഡിയോ പോസ്റ്റു ചെയ്തു, കെയ്ത്ത്. വൈകുന്നേരം തന്റെ ഫേസ്ബുക്ക് പേജ് കാട്ടി അവൻ പറഞ്ഞു : 'കണ്ടോ, നിങ്ങളെപ്പറ്റിയുള്ള വീഡിയോ 50,000 പേർ കണ്ടു കഴിഞ്ഞു....'

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA