കുറഞ്ഞ ചെലവിൽ യാത്ര പ്ലാൻ ചെയ്യാം; സിംഗപ്പൂരിലെ വിസ്മയ കാഴ്ചകൾ കാണാം

Singapore-trip
SHARE

അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചില രാജ്യങ്ങളുണ്ട്. സൗന്ദര്യം കൊണ്ടും മനോഹരമായ കാഴ്ചകൾ കൊണ്ടുമാണ് ഈ രാജ്യങ്ങൾ സഞ്ചാരികളെ തന്നിലേക്കാകര്‍ഷിക്കുന്നത്.  അവിശ്വസനീയമായ നിരവധി കാഴ്ചകൾ, വ്യത്യസ്തമായ സംസ്കാരം, രുചികരമായ ഭക്ഷണം ഇത്രയുമാണ് സിംഗപ്പൂർ എന്ന രാജ്യത്തെ സഞ്ചാരികൾക്കിടയിൽ പ്രിയപ്പെട്ടതാക്കുന്നത്. ഉയരം കൂടിയ കെട്ടിടങ്ങൾ, ദ്വീപുകൾ, ചെറിയ ചെറിയ തെരുവുകൾ തുടങ്ങിയവയൊക്കെ സിംഗപ്പൂരിലെ ആകർഷക കാഴ്ചകളാണ്. ചെറിയ ചെലവിൽ സന്ദർശിച്ചു മടങ്ങാൻ കഴിയുന്ന മനോഹരമായ ഒരു ഏഷ്യൻ രാജ്യം എന്നപേരുള്ളതു കൊണ്ടുതന്നെ സിംഗപ്പൂർ കാണാൻ വർഷം മുഴുവൻ ധാരാളം സഞ്ചാരികളെത്താറുണ്ട്. ലയൺ സിറ്റി എന്നൊരു പേരുകൂടി സിംഗപ്പൂരിനുണ്ട്. അണിഞ്ഞൊരുങ്ങി നിൽക്കുന്ന ക്ഷേത്രങ്ങൾ ഇവിടുത്തെ നഗരങ്ങൾക്ക് മോടി കൂട്ടുന്നു.

കൊതിയൂറുന്ന വിഭവങ്ങൾ വിളമ്പുന്ന നിരവധി റസ്റ്ററന്റുകൾ, പലതരം വിഭവങ്ങൾ- ചിക്കൻ റൈസ്, ചില്ലി ക്രാബ്, ഫിഷ് ഹെഡ് കറി, ഓയിസ്റ്റർ ഓംലെറ്റ്, പോർക്ക് റിബ്‌സ്- തുടങ്ങിയവയെല്ലാം ഭക്ഷണപ്രിയരായ സഞ്ചാരികൾക്കിടയിൽ ഈ നാടിനെ പ്രിയപ്പെട്ടതാക്കുന്നു. കുറഞ്ഞ ചെലവിൽ ഭക്ഷണം ലഭിക്കുന്ന സ്ഥിരം ഭക്ഷ്യമേളകളും ഇവിടുത്തെ നഗരങ്ങളിൽ കാണാം. വൃത്തിയും വെടിപ്പും നല്ല ഭക്ഷണവും ഇത്തരം ഭക്ഷ്യമേളകൾ സഞ്ചാരികൾക്കു വാഗ്ദാനം ചെയ്യുന്നു. 

-Singapore-Chinatown-food-street
ചൈനടൗണിലെ സ്ട്രീറ്റ് ഫൂ‍ഡ്

ഇന്ത്യയിൽനിന്നു സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിനു മാത്രമുള്ള ചെലവ്- 20,000 രൂപ മുതൽ 25,000 രൂപ വരെയാണ്. ഒരു ദിവസത്തേക്കുള്ള ചെലവ് ഏകദേശം 3,000 മുതൽ 3,500 രൂപ വരെയാകും. ബുദ്ധിപരമായി നീങ്ങിയാൽ ചെലവ് നല്ലതുപോലെ കുറയ്ക്കാം. 

വിസ്മയം ജനിപ്പിക്കുന്ന നിരവധി സുന്ദരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ ആ രാജ്യത്തെ അത്യാകര്‍ഷകവും സഞ്ചാരികളിൽ കൗതുകം വളർത്തുന്നതുമായ കാര്യങ്ങൾ എന്തൊക്കെയെന്നറിയേണ്ടേ?

ഉയരമേറിയ ഇൻഡോർ വെള്ളച്ചാട്ടം 

സിംഗപ്പൂരിലെ കാഴ്ചകളിൽ അതിമനോഹരം എന്ന് തന്നെ പറയാൻ കഴിയുന്ന ഒന്നാണ് കൃത്രിമമായി തയാറാക്കിയിരിക്കുന്ന ഇൻഡോർ വെള്ളച്ചാട്ടം. ലോകത്തിലെ തന്നെ ഏറ്റവുമുയരത്തിലുള്ള, മനുഷ്യ നിർമിത  ഇൻഡോർ വെള്ളച്ചാട്ടം എന്ന ബഹുമതി ഇതിനു സ്വന്തമാണ്. 35 മീറ്റർ ഉയരത്തിൽ നിന്നാണ്  വെള്ളം താഴേയ്ക്ക് പതിക്കുന്നത്. കൃത്രിമമായി തയാറാക്കിയിരിക്കുന്ന, ലോകത്തെമ്പാടുമുള്ള അഞ്ചു ലക്ഷത്തോളം ചെടികൾ കൊണ്ടു സമ്പന്നമായ ഒരു പൂന്തോട്ടത്തിനു നടുവിലായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 

അറുപത്തിമൂന്ന് ദ്വീപുകളുടെ സംഗമം 

singapore
സിംഗപ്പൂർ

സിംഗപ്പൂർ എന്ന കൊച്ചുരാജ്യത്തെ ചുറ്റിപ്പറ്റി 63 കൊച്ചുദ്വീപുകളുണ്ട്. ഇതിലെ ഏറ്റവും വലുപ്പം കൂടിയ ദ്വീപാണ് സെന്റോസ. സിംഗപ്പൂരിലെ ഈ കൊച്ചു ദ്വീപുകളിലേക്കുള്ള സന്ദർശനം ഏറെ രസകരമാണ്. 

പച്ചപ്പ്‌ നിറഞ്ഞ, ലോകത്തിലെ അപൂർവ നഗരങ്ങളിലൊന്ന് 

സിംഗപ്പൂരിലെ നഗര കാഴ്ചകളുടെ ആകാശദൃശ്യങ്ങൾ പകർത്തുകയാണെങ്കിൽ അതിൽ മുഴുവൻ തെളിഞ്ഞു കാണുക പച്ച നിറത്തിന്റെ സമൃദ്ധിയായിരിക്കും. ആ രാജ്യത്തിൻറെ ഏകദേശം പകുതിയിലധികം ഭാഗവും സസ്യതരുലതാദികളാൽ സമ്പന്നമാണ്. എവിടെ തിരിഞ്ഞു നോക്കിയാലും പാർക്കുകളും പൂന്തോട്ടങ്ങളും കാണാൻ കഴിയുന്ന രാജ്യമെന്ന പ്രത്യേകതയും സിംഗപ്പൂരിനു സ്വന്തമാണ്.

നഗര രാഷ്ട്രം

ലോകത്തു അതിജീവിച്ചുകൊണ്ടിരിക്കുന്ന നഗര രാഷ്ട്രങ്ങളിൽ ഒരെണ്ണം സിംഗപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. മലേഷ്യയിൽ നിന്നും 1965 ലാണ് ഈ നഗര രാഷ്ട്രം സ്വാതന്ത്ര്യം പ്രാപിച്ചത്. ലോകത്തുള്ള മറ്റു രണ്ടെണ്ണത്തിൽ ഒരെണ്ണം വത്തിക്കാൻ സിറ്റിയും മറ്റൊന്ന് മൊണോക്കോയുമാണ്. 

അദ്ഭുതപ്പെടുത്തുന്ന ആഘോഷങ്ങൾ

തങ്ങളുടെ രാജ്യത്തിലെത്തുന്ന അതിഥികളെ യാതൊരു തരത്തിലും മുഷിപ്പിക്കുകയില്ലെന്നതാണ് സിംഗപ്പൂർ സഞ്ചരികൾക്കായി നൽകുന്ന വാഗ്ദാനം. അതുകൊണ്ടു തന്നെയാകണം ധാരാളം സാംസ്‌കാരിക, കായിക, കലാ പരിപാടികൾ തുടർച്ചയായി ഇവിടെ സംഘടിപ്പിക്കപ്പെടാറുണ്ട്. അതിനൊരു പ്രധാന ഉദാഹരണമാണ് 'ദി ഗ്രേറ്റ് സിംഗപ്പൂർ സെയിൽ'. സാധാരണയായി ഈ ഷോപ്പിംഗ് ഉത്സവം സംഘടിപ്പിക്കപ്പെടാറ് ജൂൺ മാസത്തിലാണ്. അതുപോലെ തന്നെ ജൂലൈ മാസത്തിൽ ഒരു ഫുഡ് ഫെസ്റ്റിവലും ഇവിടെ നടക്കാറുണ്ട്. 

singapore

രാത്രിയിൽ വന്യകാഴ്ചകളൊരുക്കുന്ന മൃഗശാല 

രാത്രിയിൽ സഫാരി ഒരുക്കിയിരിക്കുന്ന ലോകത്തിലെ ആദ്യത്തെ മൃഗശാല എന്ന ബഹുമതിയുണ്ട് സിംഗപ്പൂരിന്. സന്ധ്യ മയങ്ങുന്നതോടെ ഇവിടെ സഫാരിയ്ക്കായി ആളുകൾ എത്തിത്തുടങ്ങും. മൃഗശാലയുടെ വാതിലുകൾ അപ്പോൾ തുറക്കുന്നു. ആ സഫാരി സഞ്ചാരികൾക്കു സമ്മാനിക്കുന്നതോ, ഇതുവരെ കാണാത്ത കൗതുക കാഴ്ചകൾ. പല ജീവികളുടെയും രാത്രിയിലെ ഇരതേടലുകൾക്കും വിശ്രമത്തിനുമൊക്കെ സാക്ഷിയാകാൻ സഞ്ചാരികൾക്കു കഴിയും. 1994 ലാണ് ഈ മൃഗശാല പ്രവർത്തനം ആരംഭിച്ചത്. ഒരു മൃഗശാല എന്നതിനുപരി വന്യജീവികളുടെ ഒരു പാർക്ക് എന്നാണ് പൊതുവേ ഇതറിയപ്പെടുന്നത്.

സിംഗ്‌ളിഷ് ഭാഷ

സിംഗപ്പൂരിലെ ജനങ്ങളുടെ സംസാര ഭാഷ യഥാർഥത്തിൽ ഇംഗ്ലീഷ് അല്ല എന്നാണ് പറയപ്പെടുന്നത്. അവിടുത്തെ ഭാഷ അറിയപ്പെടുന്നത് സിംഗ്‌ളിഷ് എന്നാണെത്ര. എല്ലാ വാചകങ്ങളുടെയും അവസാനം 'ലേഹ്', 'ലാഹ്‌' എന്നൊക്കെ ചേർക്കുന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. സിംഗപ്പൂരിലെ വിവിധ സംസ്കാരങ്ങളുടെ കൂടിച്ചേരലുകളുടെ ഫലമായി ഇംഗ്ലീഷ് ഭാഷയ്ക്കു ലഭിച്ച പരിണാമമാണ് സിംഗ്‌ളിഷ്.

എഫ് വൺ നൈറ്റ് റേസ്

ലോകചരിത്രത്തിൽ തന്നെ രാത്രിയിൽ ഫോർമുല വൺ നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതി സിംഗപ്പൂരിന് സ്വന്തമാണ്. ഫോർമുല വൺ സിംഗപ്പൂർ എയർ ലൈൻസ് സിംഗപ്പൂർ ഗ്രാൻഡ് പ്രിക്സ് എന്നറിയപ്പെടുന്ന ഈ ഗ്രാൻഡ് പ്രിക്സ് ആ രാജ്യത്തിലെ സുപ്രധാന പരിപാടികളിലൊന്നാണ്. 2008 മുതൽ ഫോർമുല വൺ കാണാനെത്തുന്ന എല്ലാ പ്രായത്തിലുള്ളവർക്കും ആരാധകർക്കും കൺസേർട്ടുകളും വിനോദങ്ങളും റേസുകളുമൊക്കെ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടാറുണ്ട്.

യുനെസ്കോയുടെ ദേശീയ പൈതൃക പട്ടികയിൽ ഇടം

യുനെസ്കോയുടെ ദേശീയ പൈതൃക പട്ടികയിൽ സ്ഥാനമുള്ള 150 വർഷത്തിലധികം പഴക്കമുള്ള  സസ്യോദ്യാനങ്ങൾ സിംഗപ്പൂരിന്റെ പ്രത്യേകതയാണ്.  സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ദേശീയ ഓർക്കിഡ് ഉദ്യാനം, വിവിധ വർഗങ്ങളിൽ ഉൾപ്പെട്ട, ഇതുവരെ കാണാത്ത തരം ഓർക്കിഡുകൾ ഈ ഉദ്യാനത്തിന്റെ പ്രത്യേകതയാണ്. വളരെ പ്രധാനപ്പെട്ട സസ്യങ്ങളുടെ പട്ടികയിലാണ് ഈ ഓർക്കിഡുകളെ ഉൾപ്പെടുത്തിയിരിക്കുന്നത്.  ആയിരക്കണക്കിലധികം വരുന്ന പല വർഗങ്ങളിൽപ്പെട്ട ഓർക്കിഡ് പുഷ്പങ്ങളുടെ ഈ ഉദ്യാനം സഞ്ചാരികൾക്കു സമ്മാനിക്കുന്ന കൗതുകം ചില്ലറയല്ല.

സിംഗപ്പൂർ യാത്ര: ചെലവ് കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കാം

ഭക്ഷണത്തിനായി വലിയ റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും ആശ്രയിക്കാതിരിക്കുക. ചെലവ് വളരെ കൂടാനിടയുണ്ട്. രുചിയൂറുന്ന വിഭവങ്ങൾ വിളമ്പുന്ന ധാരാളം ചെറിയ കടകൾ ഇവിടെയുണ്ട്. കുറഞ്ഞ വിലയിൽ സ്വാദിഷ്ടമായ ഭക്ഷണം ഇവിടങ്ങളിൽ നിന്നു ലഭിക്കും.

ഇ ഇസഡ്- ലിങ്ക് കാർഡ് വാങ്ങുന്നതു സമയ ലാഭത്തിനൊപ്പം ഏറെ ഉപകാരപ്രദവുമാണ്. സിംഗപ്പൂരിലെ പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ സ്മാർട്ട് കാർഡ് ഇ- പേയ്‌മെന്റ് രീതി സന്ദർശകർക്കു വളരെ സൗകര്യമാണ്, ചെലവും കുറവുമാണ്.

ഷോപ്പിങ് മാളുകളിൽ നിന്നും ഷോപ്പിങ് ഒഴിവാക്കിയാൽ കീശ കാലിയാകാതിരിക്കും. ലിറ്റിൽ ഇന്ത്യ, ചൈന ടൗൺ എന്നിവിടങ്ങളിൽ നിന്നും വിലപേശി സാധനങ്ങൾ വാങ്ങാവുന്നതാണ്. കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്നതു തന്നെയാണ് ഇത്തരം മാർക്കറ്റുകളുടെ പ്രത്യേകത. 

കുപ്പിവെള്ളത്തിനു പണം മുടക്കുന്നതിനു പകരം പൊതുടാപ്പുകളെ ആശ്രയിക്കാവുന്നതാണ്. നഗരങ്ങളിൽ  ഇത്തരത്തിൽ ലഭിക്കുന്ന ശുദ്ധജലം വളരെ സുരക്ഷിതമാണ് വിശ്വസിച്ചു കുടിക്കാം. കുപ്പിവെള്ളത്തിന്റെ കാശ് ലാഭിക്കാം.

പുകവലിക്കുന്നതും മദ്യപിക്കുന്നതും ഒഴിവാക്കുന്നതു ചെലവ് ചുരുക്കാൻ മികച്ചൊരു മാർഗമാണ്. കാരണം ഭീമമായ ഒരു തുക തന്നെ ഇവയുടെ മേൽ നികുതിയായി ചുമത്തിയിട്ടുണ്ട്.

താമസത്തിലും ചെലവ് ചുരുക്കണമെന്നുണ്ടെങ്കിൽ വലിയ ഹോട്ടലുകളെ ഉപേക്ഷിച്ചു, ലിറ്റിൽ ഇന്ത്യ, ചൈന ടൗൺ എന്നീ ഭാഗങ്ങളിലേക്കെത്തിയാൽ മതി. കുറഞ്ഞ ചെലവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഇത്തരം ഭാഗങ്ങളിൽ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA