ചിലെയിലെ മോഹക്കാഴ്ചകൾ

chile-trip6
SHARE

കലയുടെയും ആദർശങ്ങളുടെയും ജന്മഗേഹമാണു ലാറ്റിനമേരിക്ക. പാബ്ലോ നെരുദയും സാൽവദോർ അലൻഡെയും ഉൾപ്പെടെ പ്രതിഭകൾ പിറവിയെടുത്ത ചിലെ സ്ഥിതി ചെയ്യുന്നത് ലാറ്റിനമേരിക്കയിലാണ്. ഹോളിവുഡ് സിനിമകൾക്കു പശ്ചാത്തലമായപ്പോഴാണ് പ്രകൃതി ഭംഗിയാസ്വദിക്കാൻ വിദേശികൾ ചിലെയിൽ എത്തിയത്. അതിവിശാലമായ ചിലെയുടെ അതിർത്തിക്കുള്ളിൽ കൗതുകമുണർത്തുന്ന കാഴ്ചകൾ കുറേയുണ്ട്. കടൽത്തീരങ്ങൾ, കുന്നിൻ ചെരിവുകൾ, കല്ലു പാകിയ പാടങ്ങൾ, മനോഹരമായ കെട്ടിടങ്ങൾ, സ്വാദിഷ്ഠമായ വിഭവങ്ങൾ... ഏഴു ദിവസം ചിലെയിലൂടെ സഞ്ചരിച്ച് കണ്ടറിഞ്ഞ കാര്യങ്ങൾ വിശദമായി എഴുതാൻ ഒരു മാസികയുടെ താളുകൾ തികയില്ല. 

ക്യാംപർവാൻ ടൂർ

chile-trip11

അഗ്നിപർവതങ്ങളുടെ നാട്ടിൽ ചെന്നിറങ്ങുന്നവരുടെ കണ്ണിൽ ആദ്യം പതിയുന്നതും, ആദ്യം പതിയേണ്ടതും ലാവ പുകയുന്ന അഗ്നിപർവതങ്ങളാണ്. അവിടേക്കായിരുന്നു ഞങ്ങളുടെ ആദ്യ യാത്ര. ബാഗുകൾ കെട്ടിവയ്ക്കാൻ മേൽക്കൂരയിൽ സൗകര്യമുള്ള ‘ക്യാംപർവാനി’ ലാണ് സഞ്ചാരം. ചോക്‌ലേറ്റു കൊണ്ടു നിർമിച്ച മലയാണ് എനിക്കു കാണേണ്ടതെന്ന് യാത്രികരിൽ ചിലർ പറയുന്നതു കേട്ടു. അഗ്നിപർവതം കീഴടക്കാനായി ഇരുമ്പുകൊണ്ടുള്ള ചെരുപ്പുകളും മൗണ്ടൻ ഗിയർ പോലെ പലവിധ ഉപകരണങ്ങളുമായാണ് മറ്റു ചിലർ എത്തിയിട്ടുള്ളത്.

chile-trip13

വില്ലാറിക അഗ്നിപർവതമാണ് പ്യുകോൺ പ്രദേശത്തിന്റെ പ്രത്യേകത. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അങ്ങൂ ദൂരെ തലയെടുപ്പോടെ നിൽക്കുന്ന വില്ലാറികയുടെ മങ്ങിയ രൂപം കാണാം. പണ്ടു കാലത്ത് അഗ്നിപർവതത്തിൽ നിന്ന് ഉരുകിയൊലിച്ച ലാവയുണ്ടാക്കിയ കറുത്ത പാടുകളോടെ കരിഞ്ഞുണങ്ങി നിൽക്കുകയാണ് ആ പർവതം. ചിലെയുടെ പ്രഭാതങ്ങളിൽ പെയ്തിറങ്ങിയ മഞ്ഞിന്റെ കൂടാരം ആ പർവതത്തിനു മീതെ പന്തലിട്ടു തൂങ്ങി നിന്നു. കിതച്ചു വലിഞ്ഞാണ് കുത്തനെയുള്ള മല കയറിയതെങ്കിലും ഈ കാഴ്ചകൾ മനസ്സിൽ സന്തോഷം നിറച്ചു. കുറേ ദൂരം നടന്നപ്പോൾ ഒരിടത്ത് വിശ്രമിക്കാനിരുന്നു. മലയുടെ അടിവാരത്ത് നിരന്നു നിൽക്കുന്ന വീടുകൾ ചൂണ്ടിക്കാട്ടി അതാണ് ‘തടാക ഗ്രാമം’ എന്ന് ഗൈഡ് ഞങ്ങൾക്ക് പറഞ്ഞു തന്നു. ക്യാംപർവാനിൽ കയറാനായി മുടക്കിയ പണം ആ ഒരൊറ്റക്കാഴ്ചയിൽ വസൂലായി. 

chile-trip10

അഗ്നിപർവതത്തിൽ ട്രെക്കിങ് 

മല കയറിയതിന്റെ ക്ഷീണവുമായി ആ രാത്രി അന്തംവിട്ടുറങ്ങി. പിറ്റേന്നു രാവിലെ ആറു മണിക്ക് കുളിച്ച് റെഡിയായി പുറത്തിറങ്ങി. വൽപരേസോയുടെ സമീപത്തേക്കാണ് ആദ്യം പോയത്. അവിടെയുള്ള മണൽക്കൂനകളിൽ കുറേ സമയം ചെലവഴിച്ചു. മണൽക്കാട്ടിൽ നിന്നു പിഷിലമു കടൽത്തീരത്തേക്കാണ് പോയത്. തിരമാലകളുടെ മുകളിൽ അഭ്യാസം കാണിക്കുന്ന സർഫർമാർ സഞ്ചാരികളെ ഉല്ലസിപ്പിക്കുന്ന സ്ഥലമാണ് പിഷിലമു. 

chile-trip8

ക്രൂരതയുടെ സ്മാരകം

നെൽത്യൂമിലെ മ്യൂസിയവും സ്മാരകവും ചിലെയാത്രയിൽ ഒഴിവാക്കാനാവില്ല. രാഷ്ട്രീയ കോളിളക്കങ്ങളുടെ കാലത്ത് ചിലെയൻ ജനത അഭയം തേടിയ കേന്ദ്രങ്ങളാണ് പിൽക്കാലത്ത് മ്യൂസിയവും സ്മാരകവുമായത്. പ്രവേശന കവാടത്തിൽ നിർമിച്ചു വച്ചിട്ടുള്ള ഭീമാകാരമായ പ്രതിമ ആരെയും അദ്ഭുതപ്പെടുത്തും. അവിടെയുള്ള കെട്ടിടങ്ങളുടെ ചുമരു കാണാൻ പറ്റാത്ത വിധം വരച്ചു വച്ചിട്ടുള്ള ചിത്രങ്ങളിൽ സസ്യജാലങ്ങളും മൃഗങ്ങളുമാണ് പ്രതിപാദ്യ വിഷയം.

chile-trip7

മ്യൂസിയം എന്ന ഒറ്റ വാക്കിൽ ആ സ്ഥലത്തെ ചുരുക്കിക്കളയാനാവില്ല. അതൊരു സാമൂഹിക കേന്ദ്രമാണ്. നെൽത്യൂം നിവാസികളുടെ ജീവിതത്തിന്റെ നേർക്കാഴ്ച. ഏകാധിപതിയുടെ ഭരണ കാലത്ത് കൊല്ലപ്പെട്ട നിരവധി ആത്മാക്കളുടെ പ്രതീകമായി പ്രതിമയും ബാക്കി വസ്തുക്കളും നിലകൊള്ളുന്നു. തടാകം, വെള്ളച്ചാട്ടം, അഗ്നിപർവതം തുടങ്ങി ചിലെയ്ക്കു പ്രകൃതി സമ്മാനിച്ച അദ്ഭുതങ്ങളെല്ലാം നെൽത്യൂമിലുണ്ട്. പക്ഷേ, ചിലെയൻ ജനത കൊലക്കളമായാണ് ആ സ്ഥലത്തെ നോക്കിക്കാണുന്നത്. ഏകാധിപത്യത്തിന്റെ വേട്ടയാടലുകൾ അവരുടെ മനസ്സിനെ അത്രമാത്രം വേദനിപ്പിച്ചിട്ടുണ്ട്. ആദർശവാദം, ധീരത, ഓർമകൾ, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് നെൽത്യൂം. 

ബീഗിൾ ഫെറി സർവീസ്

നവരിനോ ദ്വീപിന്റെ തലസ്ഥാനമാണ് പ്യൂർട്ടോ വില്യംസ്. ദക്ഷിണ അമേരിക്കയിലെ മലയോരത്തുള്ള ചെറിയ നഗരമാണിത്. പ്യൂർട്ടോ വില്യംസിൽ നിന്നു പ്യൂർട്ടോ അരീനസിലേക്കുള്ള യാത്രയിൽ ഹിമപാളികളാണ് വിരുന്നൊരുക്കുന്നത്.

chile-trip4

ഹരിതാഭയാർന്ന കുന്നിൻ ചെരുവുകളും കട്ടപിടിച്ച പടുകൂറ്റൻ മഞ്ഞു കഷണങ്ങളും യാത്രക്കാരിലുണ്ടാക്കുന്ന അതിശയം ചെറുതല്ല. കടൽ യാത്രയ്ക്കായി ചിലെയിൽ പ്രത്യേക ഫെറി സർവീസുണ്ട്. ഓസ്ട്രൽ ബ്രൂം ഫെറിയെന്നാണ് ഇതിന്റെ ഔദ്യോഗിക പേര്. മുപ്പത്തിരണ്ടു മണിക്കൂർ നീളുന്ന ഫെറി യാത്ര ആളുകളെ ആവേശത്തിന്റെ മുൾ മുനയിൽ നിർത്തും.  ഫെറി സർവീസുകളുടെ വിവരങ്ങളെല്ലാം ഓ സ്ട്രൽ ബ്രൂം ഫെറിയുടെ വെബ് സൈറ്റിൽ വിശദമായി ചേർത്തിട്ടുണ്ട്. 

chile-trip2

സാന്റിയാഗോ സിറ്റി

chile-trip5

ഈ നഗരത്തിനു വലിയ പുതുമകൾ അവകാശപ്പെടാനില്ല.  വിദേശികളെ പുളകമണിയിക്കുന്നത് ഉൾ നാടുകളിലെ കാഴ്ചകളാണ്. ഓഗസ് ഡെ റമോൺ പാർക്കിലെ മല കയറ്റമാണ് ഇ തിൽ പ്രധാനം. ഒരു കിലോമീറ്റർ മുതൽ പതിനേഴര കിലോമീറ്റർ വരെ കാട്ടുപാതയുണ്ട്.

chile-trip1

യാത്രികർക്ക് താത്പര്യ പ്രകാരം ട്രെക്കിങ്ങിന്റെ ദൂരം തിരഞ്ഞെടുക്കാം. ട്രെക്കിങ്ങിന് മൂന്നു പാതകളുണ്ട്. മലകയറ്റം ആരംഭിക്കുന്നിടം വരെ പൊതു വാഹന സർവീസുണ്ട്. ടാക്സികൾ ഉയർന്ന വാടക വാങ്ങുന്നതിനാ ൽ ഒട്ടുമിക്കയാളുകളും പബ്ലിക് ട്രാൻസ്പോർട്ടിനെയാണ് ആശ്രയിക്കുന്നത്. 

നെരുദയുടെ ജന്മനാട്

തമിഴ്നാട്ടിലെ വാൽപ്പാറയോടു സാമ്യമുള്ള ഒരു സ്ഥലപ്പേര് ചിലെയിലുണ്ട് –  Valparaiso. ‘സോ’  ഒഴിവാക്കിയാൽ വാൽപ്പാറൈ തന്നെ!  ചിലെയിലെ മസ്റ്റ് സീ ഡെസ്റ്റിനേഷനാണ് വൽപരെയ്സോ. വീടുകളെല്ലാം മഴവില്ല് വിരിഞ്ഞതുപോലെ കടുംനിറത്തിലുള്ള ചായം പൂശിയതാണ്. കുന്നിന്റെ ചെരിവിൽ വിടർന്നു നിൽക്കുന്ന പൂക്കൾ പോലെ നാലും അഞ്ചും നിലയിൽ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നു. ചിലെയുടെ സാഹിത്യ പാരമ്പര്യത്തിന്റെ ഇല്ലമായി വൽപരെയ്സോ അറിയപ്പെടുന്നു. ഇവിടെ റസ്റ്ററന്റുകളും ബാറുകളും ഉൾപ്പെടെയുള്ള ആധുനിക സ്ഥാപനങ്ങളുമുണ്ട്. പാബ്ലോ നെരുദയുടെ ജന്മദേശമാണിത്.

chile-trip

വൽപരെയ്സോയിലൂടെ യാത്ര ചെയ്യുന്നവർ ചെന്നെത്തുന്ന കടൽത്തീരം അതിമനോഹരമാണ്. സമുദ്ര സിംഹങ്ങളുടെ പറുദീസയാണ് ഈ തീരം. മത്സ്യ മാർക്കറ്റിനരികിലൂടെ ബീച്ചിലേക്കു നടന്നാൽ അവറ്റയെ കാണാം. അതി ശക്തമായി ചിറകടിച്ചു നീങ്ങുന്ന ഞാറപ്പക്ഷികളാണ് (pelican) ഈ നാടിന്റെ മറ്റൊരു കൗതുകം. 

വൽപരെയ്സോ നഗരത്തിന്റെ പകലുകൾ തിരക്കേറിയതാണ്. നഗരത്തിന് വൃത്തിയുടെ കാര്യത്തിൽ യാതൊരു വ്യവസ്ഥയുമില്ല. വാഹനങ്ങളുടെ ഇരമ്പലും ഹോണടിയുടെ കോലാഹലവും കാൽനടയാത്രക്കാരുടെ ചെവികളെ വല്ലാതെ അലോസരപ്പെടുത്തും. ചെലവേറിയ ഹോട്ടലുകളിൽ മുറിയെടുത്തില്ലെങ്കിൽ വല്ലാതെ കഷ്ടപ്പെടേണ്ടി വരും.

വീഞ്ഞ് വിൽക്കുന്ന ഗ്രാമം

വീ‍ഞ്ഞ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള റോഡുകൾ സാന്റ ക്രൂസിലാണ്. കൊൽഷാഗ്വ താഴ്‌വരയാണ് വൈൻ യാർഡുകളുടെ ആസ്ഥാനം. വാടകയ്ക്ക് കാർ വിളിച്ച് അവിടെ എത്തുന്നതാണ് യാത്രികരെ സംബന്ധിച്ചിടത്തോളം സൗകര്യം. ബൈക്കുകൾ വാടകയ്ക്ക് കിട്ടുന്ന സ്ഥലങ്ങളുണ്ട്. ഹോസ്റ്റൽ ഡെ സെൻട്രോയിൽ നിന്നൊരു ബൈക്ക് വാടകയ്ക്ക് എടുത്താണ് ഞങ്ങൾ പോയത്. ഹെൽമെറ്റ്, ബൈക്ക്, റിപ്പയർ സെറ്റ് എന്നിവ ഉൾപ്പെടെയാണ് വാടക സ്വീകരിക്കുന്നത്.

chile-trip14

താഴ്‌വര ചുറ്റിയെത്താൻ റോഡുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാണിച്ചു. ബൈക്കിൽ എത്തുന്ന അതിഥികളെ വൈൻ വിൽപ്പനക്കാർ വലിയ സന്തോഷത്തോടെ സ്വീകരിച്ചു. ‘നിൽപ്പൻ’ അടിക്കുന്നവർക്ക് ഗ്ലാസിലും അല്ലാത്തവർക്ക് കുപ്പിയിലും വൈൻ വാങ്ങാം. കൂടുതൽ വാങ്ങുന്നവർക്ക് ’പിക്നിക് ബാസ്കറ്റ് ’ എന്ന വിശേഷണത്തോടെ കൂടയിൽ നിറയെ കുപ്പികൾ വാങ്ങാം. രണ്ടു വൈൻ കഴിച്ച ശേഷം മുന്തിരിത്തോട്ടങ്ങളിലൂടെ ഞങ്ങൾ ചുറ്റിക്കറങ്ങി. ആ വഴി മുഴുവൻ കറങ്ങുന്നതിനിടെ ആറ് വൈൻ ഫാക്ടറികൾ കണ്ടു. 

മഞ്ഞുപാളികളുള്ള പൊയ്ക

സെറോ കാസ്റ്റിലോ കുന്നുകളിൽ എത്താനുള്ള വഴി അന്വേഷിച്ചു. മൂന്നു ദിവസം കാട്ടു പാതകളിലൂടെ നടന്ന് മലയുടെ മണ്ടയിലെത്തിയാൽ മഞ്ഞു പൊയ്ക കാണാമെന്നു നാട്ടുകാരിൽ ചിലർ പറഞ്ഞു. അതു വിശ്വസിക്കാൻ  ബുദ്ധിമുട്ടു തോന്നി. അൽപ്പം ബുദ്ധിമുട്ടിയാലും മലയുടെ നെറുകയിലെ കാഴ്ചകൾ നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് വഴികാട്ടിയായി എത്തിയ ആൾ പറഞ്ഞു. കാൽപ്പാടുകൾ പതിഞ്ഞുണ്ടായ കാട്ടുപാതയിലൂടെ ഞങ്ങൾ മല കയറി. പുഴയും കല്ലു നിറഞ്ഞ മേടുകളും അതിമനോഹരമായ കുന്നിൻ ചെരിവുകളും കണ്ടാസ്വദിച്ചായിരുന്നു നടത്തം. പത്തു മണിക്കൂർ നടത്തത്തിനൊടുവിൽ രണ്ടാം ദിവസം രാവിലെ നീലനിറമുള്ള വെള്ളം നിറഞ്ഞു നിൽക്കുന്ന പൊയ്കയുടെ കരയിലെത്തി. ഉരുളൻ കല്ലുകൾ നിറഞ്ഞ പാടത്തിനടുത്താണ് പൊയ്ക. അടിച്ചു പൊട്ടിച്ച ഐസ് കഷണം പോലെ വലിയ മഞ്ഞു പാളികൾ പൊയ്കയുടെ കരയിൽ നിരന്നു കിടപ്പുണ്ടായിരുന്നു. 

ഭൂഗർഭ ജലത്തിന്റെ ചൂട് 

മല കയറിയിറങ്ങിയ ദിവസം ഉച്ചഭക്ഷണത്തിന് ദളിക് റസ്റ്ററന്റിൽ പോയി. കോയ്ഹെയ്ക്കിലാണ് ഈ റസ്റ്ററന്റ് സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നു കിട്ടിയ ഉച്ചയൂണ് ഗംഭീരമായിരുന്നു. പ്രാദേശികമായി തയാറാക്കിയ മസാലക്കൂട്ടുകളാണ് അവരുടെ വിഭവങ്ങളെ സ്വാദിഷ്ഠമാക്കുന്നത്. ‘പാത്തഗോണിയൻ ഡിഷസ് ’ എന്ന വാക്കിന്റെ സ്വാദ് അവിടെ രുചിച്ചറിഞ്ഞു. 

ഭക്ഷണം കഴിച്ച ശേഷം വണ്ടിയിൽ കയറി ‘തെൽമൽ ബാത്ത് ’ നടത്താനുള്ള സ്ഥലത്തേക്കു തിരിച്ചു. പ്രകൃതിദത്തമായ ചൂടുവെള്ളത്തിൽ മുങ്ങിക്കിടന്നു കുളിക്കാനുള്ള കേന്ദ്രങ്ങൾ ചിലെയിലുണ്ടെന്ന് പണ്ടൊരു സുഹൃത്ത് പറഞ്ഞതോർത്തു. ഇക്വിക് എന്ന സ്ഥലത്താണ് തെർമൽ പൂളുകൾ ഉള്ളത്. പുഷുൾഡിസ എന്ന സ്ഥലത്ത് ഞങ്ങളുടെ വാഹനം നിന്നു. കാട്ടു പ്രദേശമാണ് പുഷുൾഡിസ. പ്രകൃതീദത്തമായി താപനില ഉയർത്തിയ കുളങ്ങളിൽ നീരാടാൻ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ എത്തുന്നു. ശൈത്യ കാലത്ത് അവിടെ എത്തുന്നവർക്ക് മഞ്ഞുറഞ്ഞ ജലാശയങ്ങളിൽ നീരാടാം. ‘തെർമൽ സ്പാ’ എന്ന പേരിൽ ആധുനിക സുഖ ചികിത്സ നടത്തുന്ന സ്ഥാപനങ്ങളുടെ ബോർഡുകളും അവിടെ കണ്ടു. രാത്രി അവിടെ താമസിക്കാൻ താത്പര്യമുള്ളവർക്കായി ഈ പ്രദേശത്ത് ക്യാംപുകളുണ്ട്.

പിനോഷെയുടെ ക്രൂരതകൾ

ലാ കാസ്കന എന്ന സ്ഥലത്തുള്ള  പാബ്ലോ നെരുദയുടെ വീട് ചിലെയൻ ഏകാധിപത്യത്തിന്റെ ഇരയാണ്. നെരുദയുടെ കാമുകിയും പിന്നീട് മൂന്നാം ഭാര്യയുമായി മാറിയ മെറ്റിൽഡ ഉറുഷ്യയുടെ പേരിലാണ് ഈ വീട് അറിയപ്പെടുന്നത്. ചുരുളൻ മുടിയിഴകൾ അലസമായി പറത്തിക്കൊണ്ടു നടന്നിരുന്ന മെറ്റിൽഡയുടെ സൗന്ദര്യം പോലെ കാൽപ്പനികമാണ് ആ ഭവനം. 1950ൽ കപ്പലിന്റെ ആകൃതിയിലാണ് ആ വീട് നിർമിച്ചത്. പിൽക്കാലത്ത് ആ വീട്  ‘ബെല്ലാവിസ്റ്റ’ എന്ന കുന്നിൻ ചെരിവിന്റെ ലാൻഡ് മാർക്കായി മാറി. വീടിന്റെ പരിസരത്തു നിന്നാൽ താഴ്‌വരയും കുന്നും കാണാം. 

പിനാഷേയുടെ ഏകാധിപത്യ ഭരണത്തിന്റെ കടന്നാക്രമണത്തിന് ഈ വീടും വിധേയമായി. ആക്രമണത്തിനു ശേഷം കുറച്ചു ദിവസങ്ങളേ നെരുദ ജീവിച്ചിരുന്നുള്ളൂ. നെരുദയുടെ പേരിൽ ആ വീട് അറിയപ്പെടണമെന്ന് അദ്ദേഹത്തിന്റെ പത്നി ആഗ്രഹിച്ചു. അവർ ആ വീട് പുതുക്കിപ്പണിഞ്ഞു. നെരുദയുടെ കയ്യെഴുത്തു പ്രതികളും പുസ്തകങ്ങളും പ്രതീകങ്ങളായി ആ വീടിന്റെ മുക്കിലും മൂലയിലും തെളിഞ്ഞു കാണാം. 

chile-trip15

ഹ്വർക്വെ നാഷനൽ പാർക്ക്

‘‘നിങ്ങൾക്കു നാളത്തേക്കുള്ള പ്രഭാത ഭക്ഷണം തയാർ. ഫ്രെഷ് ബ്രെഡ്ഡാണ്. നല്ല ചൂടുണ്ട്. കൈ പൊള്ളാതെ എടുത്തു വച്ചോളൂ.’’ മുറിയുടെ ഉടമസ്ഥൻ പറഞ്ഞു. ഹ്വർക്വെ നാഷനൽ പാർക്ക് കാണാൻ പോയതിന്റെ തലേ ദിവസത്തെ സംഭവമാണ് പറയുന്നത്. മരംകൊണ്ടു ചുമരുകളും മേൽക്കൂരയും നിർമിച്ച മുറിയിലായിരുന്നു താമസം. വീടിന്റെ ഉടമ ഭക്ഷണവും തയാറാക്കി തന്നു. പ്യൂകോനിന്റെ വടക്കു–കിഴക്കു ഭാഗത്തുള്ള റെഫ്യുജിയോ ടിൻക്വിൽകോയുടെ സമീപത്താണ് ദേശീയോദ്യാനം. ഹരിതാഭയാർന്ന മലയും കാടുമാണ് ഹ്വർക്വെ നാഷനൽ പാർക്ക്. ശുദ്ധ വായു ശ്വസിക്കാനും കാട്ടിലും മലകളിലും നടന്ന് പുതിയ അനുഭവങ്ങൾ സ്വന്തമാക്കാനുമാണ് ആളുകൾ അവിടെ എത്തുന്നത്. 

ചോക്‌ലേറ്റ് ഫെസ്റ്റിവൽ

പ്യൂകോനിൽ വർഷത്തിലൊരിക്കൽ നടത്തുന്ന ചോക്‌ലേറ്റ് മേള മധുരമേറിയ കാഴ്ചയാണ്. ജൂൺ മാസത്തിലാണ് മധുരോത്സവം. അഗ്നിപർവതം, തടാകം എന്നിവയുടെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും പുറം രാജ്യങ്ങളിൽ ചോക്‌ലേറ്റ് ഫെസ്റ്റിവലിന്റെ നാടാണ് പ്യുകോൻ. അവിടെയുള്ള എല്ലാ വീടുകളിലും ചോക്‌ലേറ്റ് ഉണ്ടാക്കുന്നുണ്ട്.

700 കിലോ ചോക്‌ലേറ്റ് ഉപയോഗിച്ച് നിർമിച്ച അഗ്നിപർവതം കണ്ട് ഞങ്ങൾ അമ്പരന്നു. മേളയുടെ അവസാന ദിവസം ‘ചോക്‌ലേറ്റ് അഗ്നി പർവതം’ ഇടിച്ചു പൊളിച്ച് കഷണങ്ങളാക്കി വിതരണം ചെയ്യും. ഭക്ഷണക്കാര്യത്തിൽ വ്യത്യസ്തത പുലർത്തുന്ന ചിലെയൻ ജനത സാൻഡ് വിച്ചുകളുടെ ആരാധകരാണ്. മധുരമുള്ള സാൻഡ് വിച്ചുകളിൽ പലതരം ഫ്ളേവറുകൾ ചേർത്ത് അവർ പരീക്ഷണം നടത്തുന്നു. ചിലെയുടെ വിസ്മയ ഭംഗിയിൽ മനസ്സിനെ മയക്കിയ കാഴ്ചകൾ മാത്രമേ ഇവിടെ കുറിച്ചിട്ടുള്ളൂ. ഇത്രയും അറി‍ഞ്ഞാൽത്തന്നെ ചിലെ കാണാൻ ഹൃദയത്തിൽ ആഗ്രഹം ജനിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA