മരണം മണക്കുന്ന ചെർണോബിൽ

ukraine-trip1
SHARE

ഉക്രെയ്ൻ ഡയറി അധ്യായം :5 

1986  ഏപ്രിൽ 26ന് വെളുപ്പിനെ 1.30ന് ലോകത്തെ ഞെട്ടിച്ച ആണവസ്‌ഫോടനം നടന്ന സ്ഥലമാണ് ചെർണോബിൽ. ദുരന്തം നടക്കുമ്പോൾ ഉക്രെയ്ൻ സ്വതന്ത്ര രാജ്യമായിരുന്നില്ല, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. അയൽ രാജ്യമായ ബെലാറസിൽ നിന്ന് വെറും 150 കി.മീ മാത്രം ദൂരെയാണ് ചെർണോബിൽ. വനപ്രദേശമായതിനാലാണ് അക്കാലത്തെ ഏറ്റവും വലിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ മോസ്‌കോയിലെ ഭരണകൂടം ചെർണോബിലിനെ തെരഞ്ഞെടുത്തത്.

റിയാക്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ ആണവദുരന്തം നടന്നിട്ട് 32 വർഷം കഴിഞ്ഞെങ്കിലും ഈ പ്രദേശത്ത് ഇപ്പോഴും ആണവ വികിരണത്തിന് യാതൊരു കുറവുമില്ല. 20,000 വർഷത്തേക്ക് ഇവിടെ മനുഷ്യജീവിതം സാധ്യമല്ല എന്നാണ് ശാസ്ത്രജ്ഞന്മാരുടെ വിധിയെഴുത്ത്. ആണവ നിലയത്തിന് 30 കി.മീ ചുറ്റളവ് 'എക്‌സ്‌ക്ലൂഷൻ സോൺ' ആണ്. അവിടെയാണ് ഏറ്റവും മാരകമായ ആണവ വികിരണമുള്ളത്. അവിടേക്കാണ് ഞങ്ങളുടെ യാത്ര. അതുകൊണ്ടാണ് ഫുൾസ്ലീവ് ഷർട്ടും ഷൂസുമൊക്കെ ധരിക്കണമെന്ന് ട്രാവൽ ഏജൻസിയിൽ നിന്ന് മുന്നറിയിപ്പ് നൽകിയത്. 30 കി.മീ ചുറ്റളവിലുള്ള ഒരു വസ്തുവിലും തൊടാനും പാടില്ലെന്ന് അറിയിച്ചിട്ടുണ്ട്.

ukraine-trip
എക്സ്‌ക്ലൂഷൻ സോണിന്റെ ഗേറ്റിനു സമീപം കിടക്കുന്ന പഴയ മണ്ണുമാന്തി യന്ത്രം 

കീവിൽ വലിയ തിരക്ക് ആരംഭിക്കുന്നതിനു മുമ്പു തന്നെ ഞങ്ങളുടെ വാൻ നഗരാതിർത്തി കടന്നു. ഇനിയുള്ള നൂറു കിലോമീറ്ററിൽ ഏറെയും ഗ്രാമങ്ങളിലൂടെയാണ് യാത്ര. ബാർലി, ഗോതമ്പ്, കരിമ്പ് എന്നിവ സമൃദ്ധമായി വിളയുന്ന പാടങ്ങൾക്കിടയിലൂടെ സുന്ദരമായ റോഡ് നീളുന്നു . പാടങ്ങൾക്കു നടുവിൽ റഷ്യൻ ശൈലിയിൽ നിർമ്മിച്ച വീടുകൾ. മിക്ക വീടുകൾക്കു മുന്നിലും പഴയൊരു റഷ്യൻ ലാഡ കാറുണ്ട്. കൂടാതെ, കൃഷിവിഭവങ്ങൾ കയറ്റി ഇറക്കാനായി ചെറിയൊരു പിക്കപ്പ് ട്രക്കും. വലിയൊരു വിഭാഗം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്ന രാജ്യമാണ് ഉക്രൈയ്ൻ എന്നൊന്നും തോന്നുകയില്ല ഇവിടെ യാത്ര ചെയ്യുമ്പോൾ. 

മെയിൻറോഡ് വിട്ട് ചെർണോബിൽ പ്രദേശത്തേക്ക് വാൻ തിരിഞ്ഞു. ഇനിയുള്ളത് ആണവസ്‌ഫോടനത്തിന്റെ ദുരന്തഫലങ്ങൾ ഏറ്റവുമധികം അനുഭവിച്ച പ്രദേശങ്ങളാണ്. ഇപ്പോഴും കാര്യമായ ജനവാസമില്ല,ഈ മേഖലയിൽ.അല്പദൂരം കൂടി സഞ്ചരിച്ചപ്പോൾ എക്‌സ്‌ക്ലൂഷൻ സോണിന്റെ ഗേറ്റെത്തി. ഇനി 30 കി.മീ അകലെയുള്ള ആണവനിലയം വരെയാണ് ആണവ വികിരണത്തിന്റെ വിഷധൂളികൾ പരന്നു കിടക്കുന്നത്. അവിടെയെങ്ങും ജനവാസവുമില്ല. വൈകുന്നേരം നാലു മണിയോടെ എല്ലാ സന്ദർശകരും ഗേറ്റ് കടന്ന് പുറത്തേക്ക് പോകണമെന്നാണ് നിയമം.

'എല്ലാവരും പാസ്‌പോർട്ടുമായി പുറത്തിറങ്ങുക. പരിശോധനയുണ്ട്. വാൻ ഗേറ്റ് കടന്ന് അപ്പുറത്ത് പാർക്ക് ചെയ്യും-'ഗൈഡ് അറിയിച്ചു. 

എല്ലാ സന്ദർശകരുടെയും പേരടങ്ങുന്ന ലിസ്റ്റ് തലേ ദിവസം തന്നെ ട്രാവൽ ഏജൻസിയിൽ നിന്ന് ഗേറ്റിനരികിലെ ഓഫീസിലെത്തിയിട്ടുണ്ട്. പാസ്‌പോർട്ടും ലിസ്റ്റിലെ പേരുകളും ഒത്തുനോക്കുകയാണ് ഓഫീസർമാരുടെ ദൗത്യം.

ukraine-trip3
ദുഗ:ലോകത്തിൻലെ ഏറ്റവും വലിയ റഡാർ 

ഞങ്ങളെല്ലാവരും പുറത്തിറങ്ങി. എക്‌സ്‌ക്ലൂഷൻ സോണിന്റെ ഓഫീസും കോഫിയും സുവനീറുകളും വിൽക്കുന്ന ഷോപ്പും ടോയ്‌ലറ്റുമാണ് അവിടെയുള്ളത്. ദുരന്തത്തിനു ശേഷം അവശിഷ്ടങ്ങൾ മാറ്റാനുപയോഗിച്ച ഒരു മണ്ണുമാന്തിയന്ത്രവും തൊട്ടടുത്ത് കിടപ്പുണ്ട്.പാസ്‌പോർട്ട് പരിശോധിച്ച് ഞങ്ങളെ നടത്തി, ഗേറ്റ് കടത്തി വിട്ടു. ഗേറ്റിനപ്പുറത്ത് വാൻ പാർക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും കയറിക്കഴിഞ്ഞപ്പോൾ ഗൈഡ് വീണ്ടും നിബന്ധനകൾ ഓർമ്മിപ്പിച്ചു. 'ഇനി തിരികെ ഈ ഗേറ്റിൽ എത്തുന്നതുവരെ ഒരു വസ്തുവിലും തൊടരുത്. ഓരോ സ്ഥലത്തെയും ആണവ വികിരണത്തിന്റെ തോത് അറിയാനായി ഗീഗർ എന്ന ചെറു മെഷീൻ എല്ലാവർക്കും തരുന്നുണ്ട്. പരിധിയിലധികം വികിരണമുള്ള സ്ഥലങ്ങളെത്തുമ്പോൾ  ഗീഗറിൽ അലാറമടിക്കും.ഉടൻ തന്നെ അവിടെനിന്നു  രക്ഷപ്പെടുക .ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുന്നു: ഫുൾസ്ലീവ് ഷർട്ടില്ലാതെ ആർക്കും പ്രധാന സ്ഥലങ്ങളിലൊന്നും പ്രവേശിക്കാനാവില്ല.'

ഒടുവിലത്തെ നിബന്ധന കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. ഫുൾസ്ലീവ് ഷർട്ട് ധരിക്കണമെന്ന് ടൂർ ബുക്ക് ചെയ്തപ്പോൾ മുതൽ കേൾക്കുന്നതാണെങ്കിലും ഞാൻ ധരിച്ചിരിക്കുന്നത് ഹാഫ് സ്ലീവ് ഷർട്ടാണ്! സഹയാത്രികനായ നിയാസാകട്ടെ പതിവില്ലാതെ ഫുൾസ്ലീവ് ധരിച്ചിട്ടുമുണ്ട്. 'നിയാസേ, ഫുൾസ്ലീവ് ഇടാൻ മറന്നു'- ഞാൻ പരിഭ്രാന്തനായി നിയാസിനോടു പറഞ്ഞു. നിയാസും അപ്പോഴാണ് അതു ശ്രദ്ധിച്ചത്. 'ചതിച്ചല്ലോ ചേട്ടായീ ' -നിയാസും (കൊല്ലം ഭാഷയിൽ) സംഭ്രമിച്ചു.

വാൻ ചെർണോബിൽ നഗരത്തെ ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നു. വർഷങ്ങൾക്കു മുമ്പ് സജീവമായ ഒരു ജനപദമായിരുന്നു ഇവിടം. അതിന്റെ ശേഷിപ്പുകൾ എവിടെയും കാണാം. ബസ് സ്റ്റോപ്പുകൾ, വീടുകൾ,ഷോപ്പുകൾ, കോളനികൾ- എല്ലാം ഉപയോഗശൂന്യമായി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണെന്നു മാത്രം.

ഇരുവശത്തും പൈൻമരക്കാടുകളാണ്. കടുത്ത പച്ചനിറമില്ല, ഇലകൾക്ക്. ആണവ വികിരണമേറ്റ് വെള്ളയും ചുവപ്പുമായി മാറിയിരിക്കുകയാണ് ഇലകളുടെ നിറം. വാൻ രു കെട്ടിടത്തിനു മുന്നിൽ നിർത്തി. ചെർണോബിൽ ഏരിയയിലെ ആദ്യ സന്ദർശന സ്ഥലമാണിത്. 'ദുഗ' എന്ന, ലോകത്തിലെ ഏറ്റവും വലിയ  റഡാറാണ് ഈ കെട്ടിടത്തിനു പിന്നിൽ എവിടെയോ ഉള്ളത്. എല്ലാവരും പുറത്തിറങ്ങി. ഓരോരുത്തരുടെയും വസ്ത്രധാരണം ശ്രദ്ധിച്ചുകൊണ്ട് ഗൈഡ്-ഏയ്ഞ്ചൽ- പുറത്തു നിൽപ്പുണ്ട്. ഒടുവിൽ പുറത്തിറങ്ങിയ എന്നെ  കണ്ട് ഏയ്ഞ്ചൽ ചോദിച്ചു: 'ഫുൾസ്ലീവ് ഷർട്ട് ഇല്ലല്ലോ.. ജാക്കറ്റുണ്ടാവും, അല്ലേ?

ukraine-trip5
ദുഗ:ലോകത്തിൻലെ ഏറ്റവും വലിയ റഡാർ 

' 'ഇല്ല'- കുറ്റവാളിയെപ്പോലെ ഞാനൊന്നു പരുങ്ങി. 'അയ്യോ.. ഫുൾ സ്ലീവില്ലാതെ ഒരിടത്തും കയറാൻ പറ്റില്ലല്ലോ.. വൈകുന്നേരം ഞങ്ങൾ തിരിച്ചു വരുന്നതുവരെ ഈ കെട്ടിടത്തിനുള്ളിൽ ഇരിക്കേണ്ടി വരും..'' ഏയ്ഞ്ചൽ പറഞ്ഞു. 'എങ്കിലത് ആണവ ദുരന്തത്തെക്കാൾ വലിയ ദുരന്തമായിരിക്കു'മെന്ന് ഞാൻ മനസ്സിൽ പറഞ്ഞു. ഞങ്ങളുടെ ഗ്രൂപ്പിലെ എല്ലാവരും എന്റെ അവസ്ഥയിൽ ഖിന്നരായിരുന്നു. ഞാനാകട്ടെ, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലും.

പെട്ടെന്നാണ് ഒരു മാലാഖയെപ്പോലെ വാനിൽ എന്റെ തൊട്ടടുത്തിരുന്ന ഫീലിപ്പീൻസുകാരി ഷെനെയ്ൽ മെയേഴ്‌സ് കടന്നു വന്നത്. അവൾ തന്റെ ബാഗ് തുറന്ന് ഒരു ജാക്കറ്റ് എടുത്തു നീട്ടി. നിറയെ പൂക്കളുള്ള, പിങ്ക് നിറമുള്ള ഒരു ലേഡീസ് ജാക്കറ്റ്. 'ഇന്നലെ കീവിലൂടെ മഴയത്തു നടക്കുമ്പോൾ വാങ്ങിയതാണ്. ഇത് പാകമാകുമോ എന്നു നോക്ക്' - ഷെനെയ്ൽ പറഞ്ഞു. മുങ്ങിച്ചാകാൻ തുടങ്ങുന്നവന് കച്ചിത്തുരുമ്പെന്ന പോലെ ഞാൻ ജാക്കറ്റ് ചാടിപ്പിടിച്ച് , ഇട്ടുനോക്കി. പ്രച്ഛന്ന വേഷമത്സരത്തിന് ബ്ലൗസ് ഇട്ടതുപോലെയുണ്ട്! നീളമില്ല എന്നർത്ഥം. ഷെനെയ്‌ലിന് ഉയരം കുറവാണ്. പക്ഷെ ജാക്കറ്റ് ഫുൾസ്ലീവാണ് എന്നുള്ളതുകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു!

അമ്മൂമ്മയുടെ റൗക്കയിട്ടതുപോലെ,ഇറക്കം കുറഞ്ഞ ജാക്കറ്റുമിട്ട്  'പുഷ്പിച്ചു' നിൽക്കുന്ന എന്നെ കണ്ട് സർവരാജ്യക്കാരും ചിരിച്ചു തുടങ്ങി. ഷെനെയ്ൽ ഉടനടി എന്റെ കൂടെ ഒരു ഫോട്ടോയുമെടുത്തു. എന്തായാലും ഫുൾസ്ലീവിൽ കുടുങ്ങി ചെർണോബിൽ സന്ദർശനം മുടങ്ങിയില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു, ഞാൻ. അങ്ങനെ കൂട്ടച്ചിരിയുടെ അകമ്പടിയോടെ ഞങ്ങൾ കെട്ടിടത്തിന്റെ ഗേറ്റ് കടന്നു. മുന്നിൽ വനപ്രദേശമാണ്. 1986വരെ റഷ്യയിലെ ഏറ്റവുമധികം സുരക്ഷാ സന്നാഹങ്ങളുള്ള സ്ഥലമായിരുന്നു ഇത്. ആ സുരക്ഷയുടെ ഓർമകളുണർത്തുന്ന സെക്യൂരിറ്റി ഗാർഡുകളുടെ മുറിയും ദേഹപരിശോധനാ ക്യാബിനുകളുമൊക്കെ ഇപ്പോൾ പൊടിപിടിച്ചും  തകർന്നും കിടപ്പുണ്ട്. മഴവെള്ളം കെട്ടിനിൽക്കുന്ന വനത്തിലൂടെ നടന്ന് മുന്നോട്ടു നീങ്ങുമ്പോൾ ആകാശം മുട്ടെ ഉയരത്തിൽ ആ വിസ്മയം കണ്ടു: ദുഗ!

ദുഗ:ലോകത്തിൻലെ ഏറ്റവും വലിയ റഡാർ 
ദുഗ:ലോകത്തിൻലെ ഏറ്റവും വലിയ റഡാർ 

മുക്കാൽ കിലോമീറ്റർ നീളത്തിൽ, 90 മീറ്റർ ഉയരത്തിൽ കെട്ടിപ്പൊക്കിയ ഒരു ഇരുമ്പ് ചട്ടക്കൂടെന്ന് ഒറ്റ നോട്ടത്തിൽ ദുഗയെ വിശേഷിപ്പിക്കാം. ആയിരക്കണക്കിന് ഇരുമ്പ് ഗോവണികൾ തൂക്കിയിട്ടതുപോലെ ദുഗ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്നു. കണ്ണുകൾക്ക് ഉൾക്കൊള്ളാവുന്നതിലും വലിപ്പമുള്ള ദുഗയുടെ കഥ ഇങ്ങനെയാണ്:

മിസൈൽ ആക്രമണം മുൻകൂട്ടി അറിയുന്നതിനായി രണ്ട് റഡാറുകൾ സ്ഥാപിക്കാൻ സോവിയറ്റ് യൂണിയൻ തീരുമാനിച്ചു. അതിനായി ചെർണോബിലിലും സൈബീരിയയിലും സ്ഥലം കണ്ടെത്തി. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കിയ റഡാറുകൾ 1976  ജൂലായിൽ പ്രവർത്തനക്ഷമമായി.

ukraine-trip7
ദുഗ:ലോകത്തിൻലെ ഏറ്റവും വലിയ റഡാർ 

അതീവ രഹസ്യമായാണ് ഇവ നിർമ്മിച്ചത്. കാട്ടിനുള്ളിൽ ആർക്കും കാണാനാവാത്ത വിധത്തിലായിരുന്നു റഡാറുകൾ. 'ഉപേക്ഷിക്കപ്പെട്ട കളിക്കളം' (Abondoned play ground) എന്നായിരുന്നു, ഇവിടേക്കുള്ള സൂചനാ ബോർഡ്. കനത്ത കാവലുമുണ്ടായിരുന്നു.

10 മെഗാവാട്ട് ശേഷിയുള്ള ദുഗയിൽ ഷോർട്ട്‌വേവ്  റേഡിയോ ബാൻഡാണ് ഉപയോഗിച്ചത്. ദുഗയുടെ വീചികൾ ലോകത്തിന്റെ പല ഭാഗങ്ങളിലെയും റേഡിയോ ശ്രോതാക്കൾക്ക് അലോസരമുണ്ടാക്കി. 'ടക് ടക്' എന്നൊരു ശബ്ദം റോഡിയോകളിൽ നിരന്തര സാന്നിദ്ധ്യമായി. കപ്പലുകൾ തമ്മിലും വിമാനങ്ങൾ തമ്മിലുമുള്ള വാർത്താവിനിമയ ബന്ധത്തെയും ദുഗ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇതു സംബന്ധിച്ച് പരാതികൾ കിട്ടിയപ്പോൾ ബഹുരാഷ്ട്ര മിലിട്ടറി സഖ്യസംഘടനയായ  നാറ്റോ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി. സോവിയറ്റ് യൂണിയനിലെ ഉക്രെയ്‌നിൽ സ്ഥാപിച്ചിരിക്കുന്ന ഒരു 'ഇരുമ്പ് ചട്ടക്കൂടാണ്' പ്രശ്‌നക്കാരനെന്ന് നാറ്റോ താമസിയാതെ കണ്ടെത്തി. അതോടെ റോഡിയോകളിൽ 'ടക് ടക്' ശബ്ദമുണ്ടാക്കുന്ന റഡാറിന് 'റഷ്യൻ മരംകൊത്തി' (Russian wood pecker)  എന്ന് ഇരട്ടപ്പേരും വീണു. 

ukraine-trip4
ഷെനെയ്‌ലിനോടൊപ്പം,പുഷ്പിച്ച ജാക്കറ്റും ധരിച്ച് ലേഖകൻ 

എന്നാൽ  ഉക്രെയിനിലെ റഡാറിന്റെ സാന്നിദ്ധ്യം തള്ളിക്കളഞ്ഞ് പ്രസ്താവനയിറക്കുകയാണ് സോവിയറ്റ് യൂണിയൻ ചെയ്തത് . പക്ഷേ അപ്പോഴേക്കും ലോകം മുഴുവൻ 'ദുഗ'യ്‌ക്കെതിരെ മുറവിളികൾ ഉയർന്നു കഴിഞ്ഞിരുന്നു. ദുഗയുടെ വീചികളെ പ്രതിരോധിക്കാൻ പ്രക്ഷേപണരംഗത്തെ വിദഗ്ദ്ധർ ചേർന്ന് 'റഷ്യൻ വുഡ്‌പെക്കർ ഹണ്ടിങ് ക്ലബ്'എന്ന പേരിൽ സംഘടന പോലും രൂപീകരിച്ചു.!1986ൽ ചെർണോബിൽ ദുരന്തം നടന്നതോടെ ദുഗയുടെ കഷ്ടകാലം തുടങ്ങി. രണ്ടുമൂന്നു വർഷം കൂടി പ്രവർത്തിച്ചെങ്കിലും പിന്നീട് അധികൃതരും ദുഗയെ കൈയ്യൊഴിഞ്ഞു. സോവിയറ്റ് യൂണിയൻ ശിഥിലമായതോടെ ദുഗ ഒരു കാഴ്ചവസ്തു മാത്രമായി.

ദുഗയുടെ മുന്നിൽ നിൽക്കുമ്പോൾ നമുക്ക് പഴയ സോവിയറ്റ് യൂണിയനോട് ബഹുമാനം തോന്നിപ്പോകും. '70 കളിൽ ഇങ്ങനെയൊരു വമ്പൻ റഡാർ രൂപകല്പന ചെയ്ത റഷ്യൻ ശാസ്ത്രജ്ഞന്മാർ എത്ര പ്രതിഭാശാലികളായിരുന്നിരിക്കണം!ദുഗയെ ക്യാമറയുടെ ഫ്രെയിമിനുള്ളിലാക്കാൻ ഞങ്ങളെല്ലാവരും പണിപ്പെടുകയായിരുന്നു. എത്ര പിന്നിലേക്ക് മാറി നിന്ന് ക്ലിക്ക് ചെയ്താലും ദുഗയുടെ ഏതെങ്കിലും ഒരു ഭാഗം ഫ്രെയിമിന് വെളിയിലായിപ്പോകും. അത്രയ്ക്കുണ്ട്, ദുഗയുടെ വലിപ്പം!

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA