sections
MORE

ഞാനൊരു നല്ല ഫോട്ടോഗ്രാഫറല്ല, പക്ഷേ മനോഹരമായി കഥ പറയും

anjaly-thomas-main
SHARE

ആയിരക്കണക്കിനു ലൈക്കുകളും നിരവധി ഫോളവർമാരെയും ലഭിക്കുന്ന തരത്തിലുള്ള മനോഹരമായ ചിത്രങ്ങളെടുക്കുന്ന കാര്യത്തിൽ ഞാനൊരു തികഞ്ഞ പരാജയമാണ് – തുറന്നു സമ്മതിക്കാം. ഫൊട്ടോഗ്രാഫി എന്ന സൂത്രം പഠിക്കാനും അതിനായുള്ള ക്ഷമ ആര്‍ജ്ജിക്കാനുമുള്ള നിരവധി ശ്രമങ്ങൾക്കു ശേഷവും ഇന്നും ഞാൻ ഒരു ചുവടു പോലും മുന്നോട്ടുവയ്ക്കാത്ത ഒരാളാണ്. വന്യജീവികളുടെ ചിത്രമെടുക്കലും കാമറയുടെ സ്പീഡും ഐഎസ്ഒയും പോലെയുള്ള കാര്യങ്ങൾ ഞാന്‍ ഏതാണ്ട് പൂർണമായും ഉപേക്ഷിച്ച മട്ടാണ്. കാമറയിലുള്ള സ്വയമേവയുള്ള ക്രമീകരണങ്ങളിലും പിന്നെ മിക്കപ്പോഴും എന്നെ കൈവിടുന്ന ഭാഗ്യത്തിലുമാണ് ഞാൻ ആശ്വാസം കണ്ടെത്തുന്നത്. സ്വന്തം ചിത്രങ്ങളെടുക്കുന്ന കാര്യത്തിലാണെങ്കിൽ നിർഭാഗ്യം വിടാതെ പിന്തുടരുന്ന ഒരു ഘടകമാണ്. 

anjaly-thomas3

"സർ ദയവു ചെയ്തു എന്‍റെ ഒരു ഫോട്ടോ എടുത്തു തരാമോ?" ഇതൊരു പതിവു ചോദ്യമാണ് തീർച്ചയായും എന്നാകും ഉത്തരം. ഇതു കേട്ടയുടൻ കാമറ കൈമാറി ഫോട്ടോയ്ക്കായി ഞാൻ പോസു ചെയ്യും. കാമറാ കൈകാര്യം ചെയ്യുന്ന വ്യക്തി ഇരുന്ന്, ചരിഞ്ഞ് ലെൻസുമായി കിന്നാരം പറഞ്ഞ്, വ്യൂ ഫൈൻഡറിലൂടെ കാഴ്ച ഉറപ്പിച്ച് ക്ലിക് ചെയ്യുമ്പോൾ ഞാൻ മികച്ച പോസിൽ നിലകൊളളും. കാതിന് ഇമ്പമായി ക്ലിക്കിന്‍റെ സ്വരം വരുമ്പോൾ ഇത്തവണ മികച്ച ഒരു ഫോട്ടോ ഉറപ്പാണെന്ന ഉത്തമവിശ്വാസത്തിൽ ഞാൻ ഒന്നു കൂടി ചിരിക്കും, വർധിച്ച പ്രതീക്ഷയുമായി അന്തിമ ഫലം പരിശോധിക്കുമ്പോൾ ആ ചിരി താനെ മായും. എന്നെ തന്നെ തുറിച്ചു നോക്കുന്ന 20 ഫോട്ടോകളിൽ ഒന്നുപോലും നല്ലതുണ്ടാകില്ല. മോശം ചിത്രങ്ങളുടെ രാജകുമാരിയാണ് ഞാൻ – അതുകൊണ്ടു തന്നെ ഞാനുൾപ്പെടെ ആരും കാണാനാഗ്രഹിക്കാത്ത നിരവധി ഫോട്ടോകളാണ് എന്‍റെ ശേഖരത്തിലുള്ളത്.  ഇതിൽ കൂടുതൽ എന്തെങ്കിലും സംഭവിക്കാനുണ്ടോയെന്നു ചോദിച്ചാല്‍ ഇല്ലെന്നാകും ഉത്തരം. എന്നാൽ ഈ കഥയ്ക്കു മറ്റൊരു വശം കൂടിയുണ്ട് – എന്നെ കേൾക്കാൻ ഇഷ്ടമുള്ളവർ ഏറെയാണ്. അതുകൊണ്ടു തന്നെ മനോഹരമായി കഥ പറയുന്നതിലാണ് ഞാനിപ്പോൾ ശ്രദ്ധിക്കുന്നത്. അതാണ് എന്‍റെ ശക്തി എന്നു ഞാൻ തിരിച്ചറിയുന്നു. 

കോഴിയിറച്ചി മൊരിഞ്ഞു കൊണ്ടിരിക്കെ ഒരു ക്യാംപ് ഫയറിനു ചുറ്റുമിരുന്ന് ഞാൻ നടത്തിയ യാത്രകളുടെ ഫോട്ടോകൾ കാണണമെന്നു ആരും ആഗ്രഹിക്കില്ല, ഒരർഥത്തിൽ അതൊരു ഭാഗ്യമാണ്. അവർ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചു എനിക്കു പറയാനുള്ളത് കേള്‍ക്കാനാണ്, എനിക്കും താൽപര്യം അതുതന്നെ (ദുരന്തമായി തീർന്ന ഫോട്ടോകളെ കുറിച്ചു ആരും ചോദിക്കാത്തതു സമ്മാനിക്കുന്ന ആഹ്ലാദം ചെറുതല്ല).ഗ്രില്ലിൽ ചിക്കൻ അങ്ങിനെ പാകമാകുമ്പോൾ എന്‍റെ യാത്രാ വിവരണം കൂടുതൽ തീവ്രവും വർണാഭവും ഒരു പരിധിയോളം ജീവനുള്ളതുമാകുന്നു. അഭിപ്രായങ്ങളും നിർദേശങ്ങളും അംഗീകാരവുമായി ചുറ്റുമുള്ളവർ ആ കഥ പറയലിൽ പങ്കാളികളാകുന്നു. എന്നെക്കുറിച്ചു എനിക്കു തന്നെയുള്ള എല്ലാവിധ ആശങ്കകളെയും അകറ്റി കഥ പറയാനുള്ള എന്‍റെ ഇഷ്ടം ഇരട്ടിയാക്കുന്നത് ഇത്തരത്തിലുള്ള നിമിഷങ്ങളാണ്. ഒരു പ്രദേശത്തെ മികച്ച ഫോട്ടോകളാണ് എന്‍റെ കാമറയിലോ ഫോണിലോ ഉള്ളതെന്നു സങ്കൽപ്പിച്ചാൽ തന്നെ അവയ്ക്കു ചുറ്റുമിരുന്ന് സീനറിയെ പുകഴ്ത്തുന്നതു പോലുള്ള വ്യായാമങ്ങളല്ലാതെ എന്താണ് നടക്കാനുള്ളത് – അതും എന്തുകൊണ്ടാണ് ആ ഫോട്ടോ എന്‍റെ കാമറയിലെത്തിയത് എന്ന പ്രാഥമിക അറിവു പോലുമില്ലാതെ. 

anjaly-thomas1

കാമറയിൽ പിടിച്ചെടുക്കാനാകാത്ത, ഞാൻ കടന്നുപോയിട്ടുള്ള അനുഭവങ്ങളാണ് എന്‍റെ യാത്രാവിവരണങ്ങളുടെ കാതൽ. ഒരു യാത്രയിലെ ഏതെങ്കിലുമൊരു നിമിഷം ഒപ്പിയെടുക്കാനാകാത്തതിൽ എനിക്കു ദുഖമുണ്ടോയെന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. എന്തുകൊണ്ടെന്നാൽ ഓരോ നിമഷവും ഓർമ്മയിലൂടെ എനിക്കു പുനസൃഷ്ടിക്കാനാകും. ഉദാഹരണത്തിന് താൻസാനിയയിൽ ഞാനാദ്യം കയറിയ മലയായ ഉഹുരു കൊടുമുടിയുടെ ഒരു ഫോട്ടോ പോലും എന്‍റെ കൈവശമില്ല. ഒരു പർവ്വതാരോഹകനെ സംബന്ധിച്ചിടത്തോളം  ഒന്നാമതായി 5,895 മീറ്റർ ഉയരമുള്ള മലമുകളിൽ, മഞ്ഞിനും ഹിമവാതത്തിനുമിടയിൽ സുരക്ഷിതമായും ഉണർന്നും (അതുവഴി ജീവനോടെയും) ഇരിക്കുക എന്നതാണ് പരമപ്രധാനം. ആ കൊടുമുടിയുടെ മുകളിലുള്ള എന്‍റെ ഒരു ഫോട്ടോ കാണാൻ ഞാനും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അത്തരത്തിലൊരു ഫോട്ടോയില്ലെന്നത് ആ ദൗത്യം സമ്മാനിച്ച രോമാഞ്ചവും ആവേശവും തെല്ലും ചോർത്തിക്കളയുന്നില്ല.  

ആ കൊടുമുടിയും അത് ചവിട്ടിക്കയറിയതുമെല്ലാം ഞാൻ നന്നായി ഓർക്കുന്നുണ്ട്. ഹിമവാതത്തിനിടയിലൂടെയുളള ആവേശമേറിയ ഇഴഞ്ഞു നീങ്ങൽ മുതൽ പരിപൂർണമായ ഏകാന്ത. അസാധാരണമായ മ‍ഞ്ഞ്, സുഖകരമല്ലാത്ത തലവേദന, കമ്പിളിനൂൽത്തുണി കൊണ്ടുണ്ടാക്കിയ വസ്ത്രത്തിനിടയിലൂടെ നോക്കുന്ന എന്‍റെ ഗൈഡ് സിറാജ് ജിയുടെ കണ്ണുകൾ, വിശപ്പും പിന്നീടു ആഗ്രഹ സഫലീകരണം സമ്മാനിച്ച ആനന്ദവും വരെ എല്ലാം. അതൊരിക്കലും ഒരു ഫോട്ടോയിൽ പകർത്താൻ എനിക്കു കഴിയുമായിരുന്നില്ല – എന്നോളം മോശം ഫോട്ടോഗ്രാഫർ വേറെ കാണില്ലെന്നതു നേരത്തെ പറഞ്ഞതാണല്ലോ?. ഫോട്ടോഗ്രാഫർമാർ ഒരുപക്ഷേ എന്നോടു ശക്തമായി വിയോജിക്കുമായിരിക്കാം. ആയിരം വാക്കുകള്‍ക്കു പകരമാകും ഒരു ഫോട്ടോയെന്നാകും അവർക്കു പറയാനുള്ളത്. അവർ പറയുന്നതും ശരിയായിരിക്കാം – തുറന്നു സമ്മതിക്കുന്നതിൽ എനിക്കു യാതൊരുവിധ മടിയുമില്ല. എനിക്കു പറയാനുള്ളത് മനോഹരമായി പറയാൻ സഹായിക്കുന്ന ഒരു ഫോട്ടോയെടുക്കാൻ എനിക്കു കഴിയാത്തതിനാൽ പകരം ഞാൻ ആയിരം വാക്കുകൾ ഉപയോഗിക്കുന്നു – അത്രമാത്രം. കാഴ്ചയും സംസാരവും തമ്മിലുള്ള വ്യത്യാസം അതുപോലെ തന്നെ നിലനിർത്തുന്നതാകും കൂടുതൽ ഭംഗിയും നീതിയുമെന്നാണ് ഞാൻ കരുതുന്നത്. 

ഇതൊക്കെയാണെങ്കിലും അതൊരു വിശ്വസനീയമല്ലാത്ത വാദമാണ് - കഥ പറയുന്നവർ ഭൂമിയിൽ പെട്ടെന്നു പൊട്ടിമുളയ്ക്കുന്നവരല്ല, അനുഭവങ്ങളുടെ കരുത്താണ് അവരുടെ വാക്കുകളെ, വിവരണത്തെ പ്രിയങ്കരമാക്കുന്നത്. ഇക്കാര്യത്തിൽ ഏതായാലും ഞാൻ സത്യസന്ധമായ നിലപാടു തന്നെ സ്വീകരിക്കാം. എന്‍റെ വിവരണങ്ങൾ സാധൂകരിക്കാൻ ഫോട്ടോകൾ കൂടി പ്രസാധകർ ആവശ്യപ്പെടുമ്പോഴാണ് നല്ലൊരു ഫോട്ടോ കൈവശമില്ലല്ലോയെന്നതിൽ ഞാൻ ദുഖിതയാകുന്നത്. അപ്പോൾ സ്വാഭാവികമായ ഒരു ചമ്മലോടെ അത്ര മികച്ചതല്ലാത്ത ഒരു ഫോട്ടോയാകും ഞാൻ അവർക്കു നൽകുക. അവരുടെ മുഖത്തു നോക്കാൻ പോലും ഞാൻ ശ്രമിക്കാറില്ല, കാരണം അവർക്കു പറയാനുള്ളത് എനിക്കറിയാം  – നിങ്ങൾ ആ സ്ഥലം സന്ദർശിച്ച വ്യക്കിയല്ലേ?, തീർച്ചയായും മികച്ചൊരു ഫോട്ടോ എടുക്കാൻ പറ്റുമായിരുന്നു. ഒരു സ്ഥലത്തെ ചിത്രം വാക്കുകളിൽ നിന്നും സ്വയം വരച്ചെടുക്കാൻ കേൾവിക്കാരോടു ആവശ്യപ്പെടുന്നത് മാനസികമായി വലിയൊരു വ്യായാമമാണെന്നും കാഴ്ചയാണ് ഇന്ന് കൂടുതൽ ചിലവാകുന്നതെന്നുമുള്ള വാദത്തോടു യോജിക്കുന്നില്ലെങ്കിലും അടുത്ത തവണ തീർച്ചയായും ശ്രമിക്കാമെന്ന വാഗ്ദാനം നൽകാൻ ഞാൻ നിർബന്ധിതയാകുന്നു.

ചിന്തകളെയും അനുഭവങ്ങളെയും നിമിഷങ്ങളെയും ഞാൻ ഹൃദയത്തോടു ചേർത്താണ് വച്ചിരിക്കുന്നതെന്നും അനുഭവങ്ങളിൽ മുഴുകുന്നതിനാൽ ഫോട്ടോയെടുക്കാൻ ഞാൻ ശ്രമിക്കാറില്ലെന്നും അഥവാ എടുത്താൽ തന്നെ മികവിന്‍റെ കാര്യത്തിലവ വളരെ പിന്നിലായിരിക്കുമെന്നും ഏതു രീതിയിലാണ് ഞാൻ പറഞ്ഞു മനസിലാക്കുക? ഒരിക്കലും ഒരു ഫോട്ടോയെടുക്കാതെ ഒരു സ്ഥലത്തു നിന്നും തിരിച്ചു വന്നതിൽ ഞാൻ ദുഖിച്ചിട്ടില്ല. ഞാൻ ഫോട്ടോ എടുക്കാറില്ലെന്നല്ല ഇതിന്‍റെ അർത്ഥം. കാഴ്ചകളാണ് ഞാൻ കാമറയിൽ പകർത്തുക, അനുഭവങ്ങളല്ല – ഇവ തമ്മിൽ വലിയൊരു അന്തരമുണ്ട്.

താൻസാനിയയിലെ സെറെൻഗെറ്റി ദേശീയ പാർക്കിൽ ആദ്യമായി സന്ദർശനം നടത്തിയപ്പോൾ പ്രകൃതി ഭംഗി അതിന്‍റെ അത്യുന്നതങ്ങളിൽ ആസ്വദിക്കാനാണ് പോകുന്നതെന്നു എന്നോടുതന്നെ പലതവണ പറഞ്ഞു ഞാൻ ഉറപ്പുവരുത്തി. എന്നാൽ പിന്നിടെപ്പോഴാ ഫെയസ്ബുക്കിലും ( വർഷങ്ങൾക്കു ശേഷം ഇൻസ്റ്റാഗ്രാമിലും) പോസ്റ്റു ചെയ്യാൻ കഴിയുന്ന സുന്ദരമായ ഫോട്ടോകളെ കുറിച്ചുള്ള ചിന്ത എന്നെ ആവേശം കൊള്ളിച്ചു. ഭാഗ്യത്താൽ എന്‍റെ കാമറ കേടുവരികയും ആ സന്ദർശനത്തിൽ ചില വിലപ്പെട്ട പാഠങ്ങൾ പഠിക്കാൻ എനിക്കു സാധിക്കുകയും ചെയ്തു. 

anjaly-thomas4

നിരീക്ഷിക്കാനും ശ്രദ്ധിക്കാനും അനുഭവങ്ങളിലൂടെ കടന്നു പോകാനും ഞാൻ പഠിച്ചു. സെറെൻഗെറ്റിയുമായി ബന്ധപ്പെട്ട എന്‍റെ ഓർമ്മകൾ ഞാൻ ശേഖരിച്ച അവശ്യ വിവരങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു മാസായ് കുട്ടിയുടെ ഫോട്ടോ ( മോശം ഫോട്ടോയാണെങ്കിൽ പോലും) ഇന്നു ഞാൻ കാണുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റുള്ളതെല്ലാം ഓർത്തെടുക്കാൻ എനിക്കു സാധിക്കും. എനിക്ക് ആചാരസംബന്ധമായി ഒരു മാസായ് ഭർത്താവിനെപ്പോലും ലഭിച്ചു. ആ കഥ പിന്നീടൊരിക്കൽ ഞാൻ നിങ്ങളോടു പറയാം. 

തെറ്റായതോ അല്ലെങ്കിൽ നൈമിഷികമായതോയായ ഒരു ഫോട്ടോയുമായി ബന്ധപ്പെട്ടല്ല, എന്നതാണ് എൻറെ ഓർമ്മകളുടെ ശക്തി. ഒരു ഫോട്ടോയിൽ നോക്കി എന്നോടു തന്നെ "അഭിനന്ദനങ്ങൾ, നിങ്ങൾ നല്ലപോലെ ചിത്രം പകർത്തിയിട്ടുണ്ട്. ദൂരക്കാഴ്ചയെയും വ്യാപ്തിയെയും കുറിച്ചു നല്ലൊരു ചിത്രം സമ്മാനിക്കുന്ന പ്രകൃതി ദൃശ്യങ്ങളാണ് ഇപ്പോഴത്തെ ട്രെൻഡെന്നതിനാൽ ഇൻസ്റ്റാഗ്രാമിൽ ഇതേറെ ശ്രദ്ധിക്കപ്പെടും  " എന്നു പറയാൻ എളുപ്പമാണ്. എന്നാൽ അതിനു പിന്നിലെ കഥയെവിടെയാണ്? വഴിയിൽ എന്തു സംഭവിച്ചു? ഞാൻ എങ്ങനെയാണ് അവിടെയെത്തിയത്? ഞാന്‍ ഉദ്ദേശിച്ചതു നിങ്ങൾക്കു മനസിലായിക്കാണുമല്ലോ? – ചിന്തകളാണ് ഓർമ്മകളെ നിർവചിക്കുന്നത്.

പുതിയ അത്യാധുനിക കാമറകളുമായി ചാടിവീണു കാണുന്നതെല്ലാം ഫ്രെയിമിലാക്കുന്ന പുതിയ ഫോട്ടോഗ്രാഫർമാരെ ഞാൻ കണ്ടിട്ടുണ്ട്.  ആകാംക്ഷ മൂലം ഒരിക്കൽ ഞാൻ ഇത്തരത്തിലുള്ള ഒരു ഫോട്ടോഗ്രാഫറോടു ഒരു മരത്തിന്‍റെ അയാളെടുത്ത ഫോട്ടോകളെല്ലാം വച്ചു എന്തു ചെയ്യുമെന്നു ചോദിച്ചിരുന്നു. ഏതാകും മികച്ച ഫ്രെയിം എന്നറിയാത്തതിനാലാണ് അനേകം ഫോട്ടോകളെടുക്കുന്നതെന്നതായിരുന്നു അയാളുടെ മറുപടി. നിങ്ങൾ വന്ന വഴി നിങ്ങൾക്കു ഓർമ്മയുണ്ടോ എന്ന എന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനു മറുപടിയായി അയാൾ കാമറ എനിക്കു നേരെ ഏതാണ്ടു വീശി. ഞാൻ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് അതാണ് ആ സംഭവം തെളിയിക്കുന്നത്. ഒരു ഫോട്ടോയെന്നാൽ ആയിരം വാക്കുകൾക്കു തുല്യമാണ്. ആയിരം വാക്കുകളാണ് ഒരു കഥയെ മനോഹരമാക്കുന്നത്. എന്നാൽ ആയിരം ഫോട്ടോകൾ ചേർത്തുവച്ചാൽ അതൊരു നല്ല കഥയാകില്ല. ലോകത്തിലെ മറ്റുള്ളവരെപ്പോലെ മികച്ച ഫോട്ടോകൾ എടുക്കാനും അച്ചടക്കമില്ലാത്ത എന്‍റെ മുടി മനോഹരമാക്കാനും മുഖത്തെ പാടുകൾ മായ്ക്കാനുമൊക്കെ ഫോട്ടോ എഡിറ്റിങ് വിദ്യകൾ ഉപയോഗിക്കാനും എനിക്കും ഒരുനാൾ കഴിയുമെന്നു തന്നെയാണ് എന്‍റെ വിശ്വാസം. പക്ഷേ അതു സംഭവിക്കുന്നതുവരെ എന്‍റെ യാത്രകൾ സമ്മാനിച്ച മുറിപ്പാടുകൾ നോക്കി ഞാൻ കഥ പറയുന്നതു തുടരും.

എന്‍റെ കൈവശമുള്ള വാച്ച് വേണമെന്നതിനാൽ എന്നെ കടിച്ച മോർസ്ബൈ തുറമുഖത്തിലെ വാളേന്തിയ കുട്ടി, ഡോവോസ്– ക്ലോസ്റ്റേഴ്സിൽ സ്കൈ സ്ലോപ്പിലൂടെ ഞാൻ ഉരുണ്ടിറങ്ങിയപ്പോള്‍ കാൽമുട്ടിനേറ്റ പരിക്ക്, കെനിയയിലെ ഒരു അനാഥാലയത്തിൽവച്ച് എൻറെ കൈകളിൽ കിടന്നു എച്ച്ഐവി ബാധിതയായ കുഞ്ഞു മരിച്ചപ്പോളുണ്ടായ ഹൃദയം നുറുങ്ങുന്ന വേദന ..... കഥകൾ ഇനിയുമേറെയുണ്ട് പറയാൻ – ഒരു ക്യാംപ് ഫയറിനു ചുറ്റുമിരുന്നു മാത്രമാകണമില്ല അവ പറയുന്നതെന്നു മാത്രം. 

anjaly-thomas
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA